മേഘാലയയിലെ പ്രശസ്തമായ ഡബിൾ ഡക്കർ ലിവിങ് റൂട്ട് ബ്രിഡ്ജ്
ഷില്ലോങ്: 2027ൽ സന്ദർശിക്കേണ്ട ലോകത്തെ 20 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ മേഘാലയ ഇടംപിടിച്ചു. ബിബിസി പുറത്തിറക്കിയ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രമാണ് മേഘാലയ. ഹോംസ്റ്റേകൾ, തദ്ദേശീയ പാരമ്പര്യങ്ങൾ, പ്രകൃതിയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന മേഘാലയയുടെ സമൂഹാധിഷ്ഠിത ടൂറിസം മാതൃകയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.
യുനെസ്കോ അംഗീകരിച്ച നോക്രെക് ബയോസ്ഫിയർ റിസർവ്, മൗഫ്ലാങിലെ പുണ്യവനങ്ങൾ, നവംബറിൽ നടക്കുന്ന ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ തുടങ്ങിയവയാണ് മേഘാലയയിലെ പ്രധാന ആകർഷണങ്ങൾ. പരമ്പരാഗത മലനാടൻ ഭക്ഷണവിഭവങ്ങൾ, സജീവമായ റോക്ക് സംഗീതം, 1,000 വർഷം പഴക്കമുള്ള ലിർനായി കറുത്ത മൺപാത്ര നിർമാണം എന്നിവയും പട്ടികയിൽ പരാമർശിക്കുന്നു.
നോങ്രിയാത്തിലെ പ്രശസ്തമായ ഇരട്ട വേരുപാലത്തിലേക്കുള്ള ട്രക്കിങ്ങും പ്രധാന ആകർഷണമായി ബിബിസി ചൂണ്ടിക്കാട്ടുന്നു. ഖാസി ഗ്രാമീണർ തലമുറകളായി റബ്ബർ അത്തിമരങ്ങളുടെ വേരുകൾ വളർത്തിയെടുത്ത് ആഴമേറിയ മലയിടുക്കുകൾക്കും അരുവികൾക്കും കുറുകെ നിർമിച്ച പാതകളാണ് ഈ പാലങ്ങൾ.
നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവനുള്ള വേരുപാലങ്ങൾ, പുണ്യവനങ്ങൾ, പ്രകൃതിയുമായി ഇണങ്ങി പരമ്പരാഗത ജീവിതരീതികൾ സംരക്ഷിച്ചുപോരുന്ന തദ്ദേശീയ സമൂഹങ്ങൾ എന്നിവയെക്കുറിച്ചും ബിബിസി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2027 മാർച്ചിൽ നടക്കുന്ന 39-ാമത് ദേശീയ ഗെയിംസിന് മുന്നോടിയായി സമൂഹാധിഷ്ഠിത ടൂറിസം വികസിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളായ മൗസിൻറാം, ചിറാപുഞ്ചി എന്നിവയും മേഘാലയയിലാണ്.
മഴക്കാലത്തിനു തൊട്ടുപിന്നാലെ, മെയ് മാസത്തിൽ അതിന്റെ പൂർണ പ്രൗഢിയിൽ നിൽക്കുന്ന നോഹ്കാലികായ് വെള്ളച്ചാട്ടം. മേഘാലയയിലെ ചിറാപുഞ്ചിയിൽ നിന്നുള്ള മനോഹര കാഴ്ച
ഫ്രാൻസിലെ ബർഗണ്ടി, ഇറ്റലിയിലെ സാർഡീനിയ, ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച്, മഡഗാസ്കർ തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പമാണ് മേഘാലയയും പട്ടികയിൽ ഇടംപിടിച്ചതെന്ന് മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ പറഞ്ഞു.
ആഗോളതലത്തിൽ ലഭിച്ച ഈ അംഗീകാരം സംസ്ഥാനത്തിന് വലിയ ആദരവാണെന്നും മേഘാലയയുടെ പ്രകൃതിഭംഗി, സംസ്കാരം, പൈതൃകം, സവിശേഷമായ അനുഭവങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണിതെന്നും സാങ്മ എക്സിൽ കുറിച്ചു. ലോകം മേഘാലയയെ ശ്രദ്ധിച്ചുതുടങ്ങിയെന്നും സന്ദർശകരെ സ്വാഗതം ചെയ്യാൻ സംസ്ഥാനം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്തിന്റെ പ്രകൃതിയും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങൾക്കും ടൂറിസത്തിന്റെ പ്രയോജനം ലഭിക്കുന്നതിനായി 1,000 ഹോംസ്റ്റേകൾ ആരംഭിക്കാനും നിലവിലുള്ളവ നവീകരിക്കാനും സർക്കാർ പിന്തുണ നൽകുന്നുണ്ട്.
സുസ്ഥിരവും പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനം ഉറപ്പാക്കുന്നതുമായ വിനോദസഞ്ചാര അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടൂറിസം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ മേഘാലയ തുടരുന്നതിനിടെയാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.