ഒരു കിലോ തേയിലയ്ക്ക് ഒമ്പത് കോടി രൂപ; വിളവെടുപ്പ് നിരോധിച്ച് ചൈന

 
Lifestyle

ഒരു കിലോ തേയിലയ്ക്ക് ഒമ്പത് കോടി രൂപ; വിളവെടുപ്പ് നിരോധിച്ച് ചൈന

വുയി പർവത നിരകളിൽ ഈ തേയിലയുടെ ആറ് ചെടികൾ മാത്രമാണ് ഉള്ളത്

നീതു ചന്ദ്രൻ

ബീജിങ്: ഒരു കിലോഗ്രാം തേയിലയ്ക്ക് 9 കോടി രൂപ കൊടുക്കണമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ... എന്നാലത് സത്യമാണ്. ഡോ ഹോങ് പാവോ എന്ന ഊലോങ് തേയിലയുടെ വിലയാണിത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചായയെന്നാണ് ഡാ ഹോങ് പാവോയെ വിശേഷിപ്പിക്കുന്നത്. രുചി കൊണ്ട് മാത്രമല്ല, അപൂർവത കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം കൊണ്ടും സമൃദ്ധമാണ് ഈ ചായ. പക്ഷേ ഈ തേയിലയുടെ വിളവെടുപ്പ് ചൈന പൂർണമായും നിരോധിച്ചിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഈ ചായ ഇനി ആർക്കും കിട്ടുമെന്ന് തോന്നുന്നില്ല.

ചൈനയിലെ ഫ്യുജിയാൻ പ്രവിശ്യയിലെ വുയി പർവത നിരകളിലാണ് ഈ തേയില കാണപ്പെട്ടിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തേയില ഇവിടെയാണ് കൃഷി ചെയ്യുന്നത്. ഗ്രീൻ ടീക്കും കട്ടൻചായയ്ക്കും നടുവിൽ നിൽക്കുന്ന ഒരു ഇനമാണിത്. വുയി പർവത നിരകളിൽ ഈ തേയിലയുടെ ആറ് ചെടികൾ മാത്രമാണ് ഉള്ളത്. ഇവയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതു കൊണ്ടു തന്നെ ഇവയെ രാജ്യത്തിന്‍റെ സമ്പത്ത് ആയാണ് കണക്കാക്കുന്നത്. ആറു ചെടികൾ മാത്രമുള്ളതിനാലാണ് അവയുടെ വില കുതിച്ചുയർന്നത്.

ഈ ചെടികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി 2006ലാണ് ചൈന ഇവയുടെ വിളവെടുപ്പ് നിരോധിച്ചത്. ഇവയിപ്പോൾ ചൈനയുടെ സാംസ്കാരിക പൈത‌ൃകത്തിന്‍റെ ഭാഗമാണ്. 142 കോടി രൂപയ്ക്ക് ഈ ചെടികൾ സർക്കാൻ ഇൻഷ്വർ ചെയ്തിട്ടുണ്ട്.

വലിയ ചുവന്ന മേലാങ്കി എന്നാണ് ഡാ ഹോങ് പോയുടെ അർഥം. ഒരു ചൈനീസ് നാടോടിക്കഥയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. ഒരിക്കൽ ഒരു പണ്ഡിതൻ വുയി പർവത നിരകളിലൂടെ നടക്കുന്നതിനിടെ അസുഖ ബാധിതനായി. അടുത്തുള്ള ക്ഷേത്രത്തിലെ പുരോഹിതൻ പർവതത്തിലെ പാറകളിൽ വളർന്നു നിന്നിരുന്ന ചെടിയിൽ നിന്ന് തേയില നുള്ളിയെടുത്ത് ചായയുണ്ടാക്കി പണ്ഡിതന് നൽകി. അയാളുടെ അസുഖം പെട്ടെന്ന് മാറി. പിന്നീട് ഒരിക്കൽ രാജാവിന് അസുഖം വന്നപ്പോൾ പണ്ഡിതൻ പർവത നിരയിൽ നിന്ന് തേയില ശേഖരിച്ച് ചായയുണ്ടാക്കി രാജാവിനും കൊടുത്തു. അദ്ദേഹത്തിന്‍റെ അസുഖവും മാറി. അസുഖം മാറിയതിന്‍റെ സന്തോഷത്തിൽ രാജാവ് പണ്ഡിതനെ ഒരു ചുവന്ന മേലാങ്കി അണിയിച്ചു. പണ്ഡിതൻ പർവതത്തിലെത്തി തനിക്കു ലഭിച്ച മേലാങ്കി തേയിലച്ചെടികളെ പുതപ്പിച്ചു എന്നാണ് നാടോടിക്കഥയിൽ ഉള്ളത്.

കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച പൊലീസുകാരൻ കൊല്ലപ്പെട്ടു

''ഇതുവരെ ആരും ചെയ്യാത്ത കാര‍്യമാണ് അവൻ ചെയ്യുന്നത്, അസാധ‍്യ പ്രതിഭ''; വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത‍്യൻ താരം

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ നിർണായക യോഗം ബുധനാഴ്ച; പുതിയ ജനറൽ സെക്രട്ടറി, സിഇഒ നിയമനം ചർച്ച ചെയ്യും

ആത്മഹത്യ കുറിപ്പ് എഴുതിവച്ച് വീടുവിട്ട് 17കാരൻ; സുരക്ഷിതമായി തിരികെയെത്തിച്ച് സിഐഎസ്എഫ്

'റിപ്പോർട്ടർ എന്തിനാണ് സമരവേദിയിൽ പോയത്'; സിജെപി പ്രതിഷേധത്തിനിടെ മാധ‍്യമപ്രവർത്തകന് നേരെയുണ്ടായ ആക്രമണത്തിൽ കല‍്യാൺ ബാനർജി