ഡൽഹിയിലെ 'ലിറ്റിൽ ടിബറ്റ്' മജ്നു കാ ടില

 
Lifestyle

ലവ് സ്റ്റോറിയല്ല, സൂഫി സന്യാസിയുടെ കഥ; ഡൽഹിയിലെ 'ലിറ്റിൽ ടിബറ്റ്' മജ്നു കാ ടിലയ്ക്ക് ആ പേര് ലഭിച്ചത് എങ്ങനെയെന്നറിയാം

ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാംപസിന് സമീപം യമുനാ നദിക്കരയിൽ സ്ഥിതിചെയ്യുന്ന മജ്നു കാ ടില 'ലിറ്റിൽ ടിബറ്റ്' എന്നാണ് അറിയപ്പെടുന്നത്

Sarath Nath MS

ഡൽഹിയിലെ പ്രമുഖ ടിബറ്റൻ കേന്ദ്രമായ മജ്നു കാ ടിലയ്ക്ക് 500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുണ്ട്. ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാംപസിന് സമീപം യമുനാ നദിക്കരയിൽ സ്ഥിതിചെയ്യുന്ന മജ്നു കാ ടില 'ലിറ്റിൽ ടിബറ്റ്' എന്നാണ് അറിയപ്പെടുന്നത്. ഇന്ന് ഡൽഹിനിവാസികളുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ് ഇവിടം.

ന്യൂ അരുണ നഗർ കോളനി എന്നാണ് മജ്നു കാ ടിലയുടെ ഔദ്യോഗിക പേര്. 1959ലെ ടിബറ്റൻ പ്രക്ഷോഭത്തിനും ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പ്രവാസത്തിനും പിന്നാലെയാണ് ഇവിടം ടിബറ്റൻ അഭയാർഥി കേന്ദ്രമായി വളർന്നത്. ഇടുങ്ങിയ വഴികളിലെ കഫേകൾ, കുറഞ്ഞ വിലയിലുള്ള വസ്ത്രങ്ങൾ, ടിബറ്റൻ ഭക്ഷണവിഭവങ്ങളായ മോമോസ് എന്നിവയ്ക്കൊപ്പം കൊറിയൻ ബാർബിക്യൂവും പാൻകേക്കുകളും ഇവിടത്തെ പ്രത്യേകതകളാണ്.

ലൈലാ–മജ്നു പ്രണയകഥയുമായി ഈ പ്രദേശത്തിന്‍റെ പേരിന് ബന്ധമില്ലെന്നതാണ് ശ്രദ്ധേയം. ബ്രിജ് കിഷൻ ചന്ദിവാലയുടെ ‘ദില്ലി കി ഖോജ്’ എന്ന പുസ്തകത്തിൽ പറയുന്ന ചരിത്രമനുസരിച്ച്, സിക്കന്ദർ ലോധിയുടെ ഭരണകാലമായ 1505ലാണ് ഈ കഥയുടെ തുടക്കം. 'മജ്നു' എന്നറിയപ്പെട്ടിരുന്ന സൂഫി സന്യാസിയായ അബ്ദുള്ളയും സിഖ് മതസ്ഥാപകനായ ഗുരു നാനാക്കും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന്‍റെ പേരിന്‍റെ ഉത്ഭവമെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്.

ഇറാനിൽ നിന്നോ ഇറാഖിൽ നിന്നോ എത്തിയതായി കരുതപ്പെടുന്ന അബ്ദുള്ള യമുനാ നദിക്കരയിലെ ഒരു കുന്നിൻപുറത്ത് ഏകാന്തജീവിതം നയിച്ചുവരികയായിരുന്നു. യമുനാ നദി കടക്കാൻ അബ്ദുള്ള ആളുകളെ സൗജന്യമായി സഹായിച്ചിരുന്നു. ആഴത്തിലുള്ള ധ്യാനത്തിലും ദൈവസ്നേഹത്തിലും മുഴുകിയിരുന്ന അദ്ദേഹത്തെ നാട്ടുകാർ ‘മജ്നു’ എന്ന പേരിലാണ് വിളിച്ചിരുന്നത്. ഇതിനിടെ തന്‍റെ യാത്രകളുടെ ഭാഗമായി ഡൽഹിയിലെത്തിയ ഗുരു നാനാക്ക് അബ്ദുള്ളയെ കണ്ടുമുട്ടി. തുടർന്ന് ഏതാനും നാളുകൾ അബ്ദുള്ളയോടൊപ്പം ഗുരു നാനാക്ക് താമസിക്കുകയും ചെയ്തു.

ആത്മീയ ജീവിതവും സജീവമായ ജീവിതരീതിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകണമെന്ന ഗുരു നാനാക്കിന്‍റെ ഉപദേശങ്ങളിൽ ആകൃഷ്ടനായ അബ്ദുള്ള അദ്ദേഹത്തിന്‍റെ ശിഷ്യനായി. പിന്നീട് ഈ സ്ഥലം വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും കേന്ദ്രമായി മാറി. അബ്ദുള്ളയുടെ ഭക്തിയിൽ സംതൃപ്തനായ ഗുരു നാനാക്ക് കുന്നിൻപുറത്തിന് അദ്ദേഹത്തിന്‍റെ പേരിടാനുള്ള ആഗ്രഹത്തിന് സമ്മതം നൽകിയതോടെയാണ് ‘മജ്നു കാ ടില’ എന്ന പേര് ഉണ്ടായതെന്നാണ് ചരിത്രം.