ചാൾസ് ശോഭരാജിന് നേപ്പാളിൽ ഭാര്യയുണ്ടായിരുന്നോ; ഒരു ക്രിമിനൽ ലൗ സ്റ്റോറി 
Lifestyle

ചാൾസ് ശോഭരാജിന് നേപ്പാളിൽ ഭാര്യയുണ്ടായിരുന്നോ; ഒരു ക്രിമിനൽ ലൗ സ്റ്റോറി

നിഹിതയും ചാൾസും പരിചയപ്പെടുമ്പോൾ നിഹിതയ്ക്ക് 20 വയസ്സായിരുന്നു ചാൾസിന് 66 വയസ്സും.

നീതു ചന്ദ്രൻ

കുറ്റകൃത്യ ചരിത്രത്തിലെ ദീർഘമായൊരു അധ്യായമാണ് ബിക്കിനി കില്ലർ എന്നു കുപ്രസിദ്ധനായ ചാൾസ് ശോഭരാജ്. ലോകത്തങ്ങോളമിങ്ങോളമുള്ള ജയിലുകളിലെല്ലാം ഇടം പിടിച്ച അന്താരാഷ്ട്ര വാറന്‍റുള്ള ഫ്രഞ്ച് കുറ്റവാളി. ശോഭരാജിന്‍റെ ജീവിതത്തിലെ രണ്ടു സ്ത്രീകളെ കുറിച്ച് പലർക്കും അറിയാം. ചാന്‍റൽ കമ്പാഗ്നനും മേരി ആൻഡ്രീ ലെക്ലർക്കും. പക്ഷേ ഇവർ രണ്ടു പേരുമല്ലാതെ മറ്റൊരു പ്രണയം കൂടി ചാൾസിനുണ്ടായിരുന്നു. നേപ്പാൾ സ്വദേശിയായ നിഹിത ബിശ്വാസ്.

അമേരിക്കൻ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് നേപ്പാൾ ജയിലിൽ കഴിയുന്നതിനിടെയാണ് ചാൾസ് ബംഗാളി ബിസിനസുകാരന്‍റെയും നേപ്പാളിലെ പേരു കേട്ട അഭിഭാഷകയുടെയും മകളായ നിഹിതയെ പരിചയപ്പെട്ടത്. നിഹിതയുടെ അമ്മ അഭിഭാഷക മാത്രമല്ല മനുഷ്യാവകാശ പ്രവർത്തക കൂടിയായിരുന്നു. അതു കൊണ്ട് നേപ്പാളിലെ സുപ്രീം കോടതിയിൽ ഒന്നിലധികം തവണ ചാൾസിനു വേണ്ടി ഹാജരായിട്ടുണ്ട്. എന്നിട്ടും ചാൾസിനെ കുറ്റവിമുക്തനാക്കാൻ അവർക്ക് സാധിച്ചില്ല. അതു മാത്രമല്ല കേസിൽ 20 വർഷത്തെ തടവ് ചാൾസിനെ ശിക്ഷിക്കുകയും ചെയ്തു. അക്കാലത്ത് 20 വയസുള്ള നിഹിതയും അമ്മയ്ക്കൊപ്പം ചാൾസിനെ കാണാനായി വരാറുണ്ടായിരുന്നു. ഫ്രഞ്ച് ഭാഷയിൽ നിപുണയായിരുന്നതിനാൽ നിഹിതയാണ് ചാൾസിനെ സന്ദർശിക്കുന്ന ഫ്രഞ്ച് വക്കീലിനും തിരിച്ചു തർജമയ്ക്ക് സഹായിച്ചിരുന്നത്.

നിഹിതയും ചാൾസും പരിചയപ്പെടുമ്പോൾ നിഹിതയ്ക്ക് 20 വയസ്സായിരുന്നു ചാൾസിന് 66 വയസ്സും. പിന്നീട് നിഹിതയുടെ അമ്മയും ശോഭരാജിന്‍റെ അഭിഭാഷകനുമെല്ലാം നേപ്പാൾ വിട്ടു പോന്നിട്ടും നിഹിത ഇടയ്ക്കിടെ ജയിലിലെ സന്ദർശകയായി. ഇരുവരും തമ്മിലുള്ള അടുപ്പം ശക്തമായത് പെട്ടെന്നായിരുന്നു. 2008 ഒക്റ്റോബർ 9ന് കാഠ്മണ്ഡുവിലെ ജയിലിൽ വച്ച് ഇരുവരും വിവാഹിതരായി. ചാൾസ് നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിച്ചവരിൽ ഒരാളാണ് നിഹിതയും. അദ്ദേഹം ഇതു വരെ എങ്ങനെയായിരുന്നുവെന്ന് എനിക്കറിയില്ല. ഇപ്പോഴെങ്ങനെയാണെന്നുള്ളതാണ് പ്രധാനം. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. അദ്ദേഹം സ്വന്തം കുടുംബത്തെ പരിരക്ഷിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഞങ്ങൾ തമ്മിൽ ഒരു നല്ല ബന്ധമുണ്ട് എന്നാണ് നിഹിത ഈ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നത്. നിഹിതയോട് ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നിയിരുന്നുവെന്നാണ് ചാൾസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

2017ലാണ് ഇരുവരെയും ഒരുമിച്ച് കാണുന്നത്. അന്ന് കാഠ്മണ്ഡുവിലെ ഒരു ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുകയായിരുന്നു ചാൾസ്. 2020ൽ ബിഗ് ബോസ്സിന്‍റെ അഞ്ചാമത്തെ സീസണിൽ നിഹിത മത്സരാർഥിയായിരുന്നു. പക്ഷേ ആദ്യ ദിവസങ്ങളിൽ തന്നെ പുറത്തായി. പിന്നീട് 2022 ഡിസംബർ 21 ന് നേപ്പാൾ സുപ്രീം കോടതി ചാൾസിനെ സ്വതന്ത്രനാക്കാൻ ഉത്തരവിട്ടപ്പോഴാണ് വീണ്ടും നിഹിത പ്രത്യക്ഷപ്പെട്ടത്. അന്ന് വിമാനത്തിൽ കയറ്റി ചാൾസിനെ നാടു കടത്തി. പിന്നീട് നിഹിതയെക്കുറിച്ച് യാതൊരു അറിവും ഇല്ല.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു

ഇന്ത്യയ്ക്ക് ഇന്ധനം ഉറപ്പുനൽകി റഷ്യ