ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനം.

 
Onam Carnival

ഓണം വന്നോണം വന്നോണം വന്നേ...!

തിരുപ്പതി ക്ഷേത്രത്തിലും ചിങ്ങത്തിൽ ഓണോത്സവമുണ്ട്. ദക്ഷിണേന്ത്യയിലെ ജനങ്ങളെല്ലാം ഓണം ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഗുജറാത്തില്‍ ദീപാവലി ആഘോഷിക്കുന്നത് മഹാബലി തമ്പുരാന്‍റെ ഓര്‍മയ്ക്കായിട്ടാണ്

VK SANJU

വിജയ് ചൗക്ക് | സുധീര്‍ നാഥ്

ചിങ്ങമാസം വന്നാല്‍ മലയാളിക്ക് ഓണമാണ്. ചിങ്ങത്തിലെ അത്തം തുടങ്ങി പത്താം നാളിലാണല്ലോ തിരുവോണം. കേരളത്തിന്‍റെ ഉത്സവമെന്നു കേള്‍ക്കുമ്പോള്‍ തൃക്കാക്കരയപ്പനും പൂക്കളവും തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും സദ്യയുമൊക്കെ മനസില്‍ ഓടിയെത്തുക സ്വാഭാവികമാണ്. ഓണത്തിന് എറണാകുളം തൃക്കാക്കരയില്‍ 28 ദിവസത്തെ ആര്‍ഭാടമായ ഉത്സവം നടന്നിരുന്നുവെന്നാണ് ചരിത്രം. ഇപ്പോള്‍ പ്രവാസ ലോകത്ത് ഓണാഘോഷങ്ങള്‍ ഏറെ നാളത്തേക്കു നീളും. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഓണാഘോഷം കര്‍ക്കടകത്തിലേ തുടങ്ങി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ ചെറുകിട കാറ്ററിങ് യൂണിറ്റുകള്‍ വരെ ഓണ സദ്യകള്‍ ഒരുക്കുന്നുണ്ട്. ഓരോ സംഘടനകളും വാശിയിലാണ് അവരുടെ പ്രദേശത്തും സദ്യ ഒരുക്കുന്നത്.

പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ വീടുകളില്‍ എത്തുകയും ഓണം ആഘോഷിക്കുകയും ചെയ്യുക എന്നത് വലിയ ആഗ്രഹമാണ്. എന്നാല്‍, ഇന്ത്യയ്ക്ക് അകത്തുള്ളവര്‍ക്കു പോലും കേരളത്തിലെത്തി ഓണം ആഘോഷിക്കാന്‍ പറ്റുന്ന സാഹചര്യം ഇന്ന് യാത്രാ രംഗത്തില്ല. ഭീമമായ യാത്രക്കൂലി. കേരളത്തോട് തൊട്ടു കിടക്കുന്ന ചെന്നൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും പോലും കേരളത്തിലേക്ക് വൻ തുക ബസ് യാത്രയ്ക്കു പോലും നല്‍കേണ്ടി വരുന്നു. ട്രെയ്നുകളില്‍ ടിക്കറ്റ് ലഭ്യമാകുന്നില്ല. വിമാനക്കൂലി ഇരട്ടിയായി. അതുകൊണ്ടു തന്നെ രാജ്യത്തിനകത്തും ഇന്ത്യയ്ക്കു പുറത്തും മലയാളികളുള്ള എല്ലായിടങ്ങളിലും ഓണാഘോഷം ഗംഭീരമായി നടക്കും.

മഹാബലിയുടേത് ക്ഷേമ രാഷ്‌ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗലോകത്തു പോലുമില്ലാത്ത സമൃദ്ധിയും ഐശ്വര്യവും ആമോദത്തോടെയുള്ള ജനങ്ങളുടെ ജീവിതവും ദേവന്മാര്‍ക്കു പോലും അസൂയ ഉളവാക്കി. മഹാബലിയുടെ സദ്ഭരണത്തിൽ അദ്ദേഹത്തെ അനുഗ്രഹിച്ച് ഉചിതമായ സ്ഥാനം കൊടുക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിച്ചു. അതനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് ചക്രവര്‍ത്തിക്ക് മോക്ഷം കൊടുത്ത് യാത്രയാക്കിയെന്ന് ഒരു കഥ. എന്നാല്‍ മറ്റൊരു കഥ, മഹാബലിയുടെ ഭരണത്തില്‍ അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെക്കൊണ്ട് വാമനാവതാരം എടുപ്പിച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ്. തന്‍റെ നാട്ടുകാരെ കാണുന്നതിന് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയില്‍ വരാനുള്ള അനുഗ്രഹം കൊടുത്തെന്നാണ് വിശ്വാസം.

ചരിത്രപ്രാധാന്യവും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന തൃക്കാക്കര എറണാകുളത്തു നിന്നും 10 കിലോമീറ്റര്‍ വടക്കു മാറിയാണ്. കേരളത്തിലെ പ്രധാന വാമന ക്ഷേത്രം അവിടെയാണ്. വാമന പ്രതിഷ്ഠ നടത്തിയത് കപില മഹര്‍ഷിയാണെന്നും പരശുരാമനാണെന്നും ഭിന്ന അഭിപ്രായമുണ്ട്. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന് ആറാമത്തെ അവതാരമായ പരശുരാമന്‍ ക്ഷേത്രം പണിതു എന്ന് ചിലര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തോടു ചേര്‍ന്നുള്ള കപില തീർഥക്കുളം കപില മഹര്‍ഷിയെ അനുകൂലിക്കുന്ന ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അക്കാലത്ത് ക്ഷേത്രത്തിലേക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിച്ചിരുന്ന സ്ഥലം പൂക്കാട്ടുപടിയായും സദ്യയ്ക്കു വേണ്ട നെല്ലു കുത്തിയ ഉമി ഇട്ടിരുന്ന ഉമിച്ചിറ ക്രമേണ ഉണിച്ചിറയായും രാജാക്കന്മാരുടെയും മറ്റും ആനകളെ തളച്ചിരുന്ന കളഭശേരി പിന്നീട് കളമശേരി എന്നും പേരുകളിൽ സ്ഥിതി ചെയ്യുന്നത് ഐതിഹ്യത്തിന്‍റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

തൃക്കാക്കര ക്ഷേത്രത്തില്‍ നാട്ടു രാജാക്കന്മാര്‍ 28 ദിവസത്തെ ഉത്സവത്തില്‍ അവസാന 10 ദിവസമാണ് ഓണം കെങ്കേമമായി കൊണ്ടാടിയിരുന്നത്. അതായത്, നമ്മള്‍ ഇപ്പോഴുള്ളതു പോലെ ചിങ്ങത്തിലെ അത്തം മുതല്‍ 10 ദിവസം. 64 ഗ്രാമത്തലവന്മാരുടെ വക ഓരോ ഗജവീരന്മാരും, പെരുമാളിന്‍റെ വക ഒരു ഗജവീരനും ചേര്‍ത്ത് 65 ഗജവീരന്മാര്‍ ക്ഷേത്ര ആറാട്ടിന് എഴുന്നെള്ളിയിരുന്നു. പ്രജകള്‍ക്ക് ക്ഷേത്രത്തില്‍ സദ്യയും ഒരുക്കിയിരുന്നു. അവസാന 3 ദിവസങ്ങളില്‍ അതിവിപുലമായ ഓണസദ്യ. ഓരോ വര്‍ഷവും തൃക്കാക്കാരയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു, അതുമൂലം പലപ്പോഴും സൗഹൃദ അന്തരീക്ഷം നശിച്ച് വഴക്കും മറ്റും തുടങ്ങി. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനാണ് പ്രജകള്‍ക്ക് സ്വന്തം വീട്ടുമുറ്റത്തു തന്നെ 10 ദിവസം പൂക്കളമൊരുക്കി തൃക്കാക്കരയപ്പനെ വച്ച് ഓണം ആഘോഷിക്കാന്‍ പെരുമാള്‍ അനുമതി കൊടുത്തത്.

കാല്‍ക്കരെ (തൃക്കാക്കര) നാടുവാഴിയുടെ കുടുംബത്തില്‍ പുരുഷ പ്രജകളില്ലാതെ വന്നപ്പോള്‍ തൃക്കാക്കര ക്ഷേത്ര മേല്‍ശാന്തി തല്‍സ്ഥാനത്ത് അവരോധിക്കപ്പെട്ടു. മേല്‍ശാന്തി ഇടപ്പള്ളി (ഇരിങ്ങല്ലൂര്‍) സ്വരൂപം ഉണ്ടാക്കി രാജാവായി ഭരണം ആരംഭിച്ചു. പെരുമ്പടപ്പ് (കൊച്ചി രാജ്യം) സ്വരൂപത്തിലെ തമ്പുരാട്ടിയെ വിവാഹം ചെയ്ത ഇടപ്പള്ളി രാജാവ് തന്‍റെ അധീനതയിലെ കൊച്ചിയും പുതുവയ്പും പെരുമ്പടപ്പ് സ്വരൂപത്തിന് ദാനമായി നല്‍കി. ഇത് ചില അനന്തരവകാശികള്‍ക്ക് രസിച്ചില്ല. അവര്‍ കൊച്ചി രാജ്യത്തിന്‍റെ ശത്രുക്കളായിരുന്ന സാമൂതിരിയുടെ സഹായത്താല്‍ മാപ്പിള ഭടന്മാരെ കൂട്ടി ഇടപ്പള്ളി രാജാവിനെ ആക്രമിച്ചു. എഡി 1503ല്‍ പോർച്ചുഗീസ് കപ്പിത്താന്‍ അല്‍ബുക്കറുടെയും 1504ല്‍ പച്ചിക്കോയുടെയും നേതൃത്വത്തിൽ രാജ്യം ആക്രമിച്ചെങ്കിലും പരാജയപ്പെടുത്താനായില്ല. തൃക്കാക്കരയപ്പന്‍റെ സമ്പത്തും സഹായവുമാണ് ഇടപ്പള്ളി രാജാവിന്‍റെ വിജയ രഹസ്യം എന്ന് കരുതിയ കൊച്ചി രാജാവ് 1536ല്‍ പോർച്ചുഗീസ് പടയാളിയായ മാര്‍ട്ടിന്‍ ഡിസൂസയ്ക്ക് എല്ലാ ഒത്താശയും കൊടുത്ത് ഇടപ്പള്ളി രാജ്യം ആക്രമിപ്പിച്ചു. ഐശ്വര്യപൂര്‍ണവും അതിസമ്പന്നവുമായ തൃക്കാക്കര ക്ഷേത്രം അവര്‍ കൊള്ളയടിച്ച് നാമാവശേഷമാക്കി. 1790ല്‍ ടിപ്പുവിന്‍റെ ആക്രമണം ജനങ്ങളെ കൂടുതലായി പലായനത്തിന് പ്രേരിപ്പിച്ചു. 1820ല്‍ ബ്രിട്ടീഷുകാര്‍ ഇടപ്പള്ളി രാജ്യം കൊച്ചി രാജാവിന്‍റെ സംരക്ഷണയിലാക്കി. തങ്ങളുടെ നാശത്തിന് കാരണക്കാരായ കൊച്ചി രാജാക്കന്മാരുടെ കീഴില്‍ കഴിയാന്‍ ഇടപ്പള്ളി തമ്പുരാന്‍ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം 1825ല്‍ തൃക്കാക്കര ക്ഷേത്രം ഉള്‍പ്പെട്ട രാജ്യത്തെ തിരുവിതാംകൂര്‍ രാജഭരണത്തിന് കീഴിലാക്കി.

കൊച്ചി രാജാവ് തൃപ്പൂണിത്തുറയിലെ കൊട്ടാരത്തില്‍ നിന്ന് തൃക്കാക്കര ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത് വഞ്ചിയിലായിരുന്നു. ഉത്സവത്തിന് രാജാവ് കൊടുത്തു വിട്ട സാധനങ്ങള്‍ വഞ്ചിയില്‍ ഇടപ്പള്ളി തോട്ടില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള ചെറിയ തോട് വഴി എത്തിയിരുന്നത് കണ്ടവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടപ്പള്ളി വരെ തൃപ്പൂണിത്തുറയില്‍ നിന്ന് തുകലന്‍ കുത്തിയ തോട് വഴി വരുന്ന രാജാവിന്‍റെ വള്ളം, അവിടുന്ന് ചെറിയ തോട്ടിലേക്കു കയറും. പരുത്തേലി വഴി ഉണിച്ചിറ, തൈക്കാവ് വഴി തൃക്കാക്കര ക്ഷേത്രത്തില്‍ വരെ വഞ്ചി പോകുന്ന ആഴമുള്ള തോടുണ്ടായിരുന്നു. ഉണിച്ചിറയില്‍ നിന്നും തൈക്കാവ് നിന്നും അര കിലോമീറ്റര്‍ ഉള്ളിലേക്കു പോയാല്‍ ഇപ്പോഴും ഈ തോടിന്‍റെ ചെറിയ രൂപം കാണാം. ക്ഷേത്രത്തിന് മുമ്പേ തോട് ചെറിയ കനാലായി അവസാനിക്കുന്നതും കാണാം. കൈയേറ്റത്തിൽ തോട് ചെറിയ കനാലായി..!

വിഷ്ണു ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തോളം ചുറ്റളവുള്ള കുളങ്ങളുണ്ടാകും. തൃക്കാക്കരയിലും വലിയ കുളമുണ്ടായിരുന്നു. ദാനോദക പെയ്ക എന്ന കുളം ഇപ്പോഴുമുണ്ട്. പണ്ട് ക്ഷേത്ര ചുറ്റുമതിലിന്‍റെ വലുപ്പം ഉണ്ടായിരുന്ന കുളം ചുരുങ്ങി ചുരുങ്ങി ഹോട്ടലിലെ നീന്തല്‍ കുളത്തിന്‍റെ വലിപ്പമായി. പൂജയ്ക്ക് താമര എടുക്കുന്നതിനായി ഒരു ചെറു വഞ്ചി കുളത്തില്‍ ഉണ്ടായിരുന്നതായി കൊച്ചി ചരിത്ര രേഖകളില്‍ കാണാം. തൃക്കാക്കരയില്‍ താമസിക്കുന്നവര്‍ തന്നെ കുളവും കൈയേറി.

ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ പത്തോളം വലിയ കുളങ്ങളും ഉണ്ടായിരുന്നു. കുതിരയെ കുളിപ്പിക്കാന്‍, ആനയെ കുളിപ്പിക്കാന്‍, നമ്പൂതിരിമാര്‍ക്കും മുന്തിയ ജാതിക്കാര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും കുളിക്കാന്‍ വ്യത്യസ്ത കുളങ്ങൾ. ഇപ്പോള്‍ ഈ കുളങ്ങള്‍ക്ക് മുകളില്‍ വീടുകള്‍ പണിതിരിക്കുന്നു. നിയമം ശരിയായ ദിശയില്‍ ആണെങ്കില്‍ ഇതൊക്കെ ക്ഷേത്രത്തിന് എന്നു വേണമെങ്കിലും തിരിച്ചുപിടിക്കാം.

മറ്റു പല പ്രദേശങ്ങളിലും ഓണത്തിന് സമാനമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. മാദേവന്‍ തിരുപ്പതി (ആന്ധ്രാ പ്രദേശ്) തൃക്കാക്കരപ്പന് തുല്യനാണ്. കേരളത്തിലെ തിരുപ്പതിയാണ് തൃക്കാക്കര എന്നാണ് അറിയുന്നത് തന്നെ. തിരുപ്പതി ക്ഷേത്രത്തിലും ചിങ്ങത്തിൽ ഓണോത്സവമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണേന്ത്യയിലെ ജനങ്ങളെല്ലാം ഓണം ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഗുജറാത്തില്‍ ദീപാവലി ആഘോഷിക്കുന്നത് മഹാബലി തമ്പുരാന്‍റെ ഓര്‍മയ്ക്കായിട്ടാണ്. നമ്മളെ പോലെ മഹാബലിയുടെ നല്ല നാളുകളുടെ ഓര്‍മയ്ക്കായാണ് ആശ്വിന മാസത്തിലെ 3 ദിവസം അവിടെ ദീപാവലി ആഘോഷം.

മഹാബലി അസീറിയയിലെ രാജാവോ രാജാക്കന്മാരോ ആണെന്നാണ് മറ്റൊരു വിശ്വാസം. അവിടേയും പൊയ്പ്പോയ നല്ല നാളുകളുടെ ഓര്‍മയ്ക്ക്, വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന രാജാവിനെ സ്വീകരിക്കാൻഓണം ആഘോഷിക്കുന്നു. പുരാണത്തിലെ മഹാബലി കേരളീയനാകാന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന്‍റെ മകന്‍ ബാണന്‍ രാജ്യം വാണിരുന്നത് ഇന്നത്തെ അസമിലാണ്. തിരുനല്‍വേലിയിലെ മണപ്പട ദേശത്ത് 1,300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീബലി എന്ന രാജാവ് ഭരിച്ചിരുന്നതായും, കമ്പം കൂടല്ലുര്‍ ദേശത്ത് മാവേലി രാജവംശം 10ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്നതായും അവരുടെ ദേശം കോട്ടയത്തെ കാഞ്ഞിരപ്പള്ളി വരെ ഉണ്ടായിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്