ബിലോങ്ങിങ്, പുസ്തക പ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും | കേംബ്രേഡ്ജിലെ വാഴ്സിറ്റി റെസ്റ്ററന്റ്.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് "Belonging: A Journey of Love" പ്രകാശന ചടങ്ങിൽ, രാജീവ്-സോണിയ ദമ്പതികൾ ആദ്യം കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ വാഴ്സിറ്റി റസ്റ്ററന്റ് സന്ദർശിച്ച അനുഭവം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചു. അന്നത്തെ പെൺസുഹൃത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ "അവർ ഇപ്പോൾ സുഹൃത്താണ്" എന്ന് മറുപടി നൽകി. സോണിയ നാലു തവണ അർബുദത്തെ അതിജീവിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ അത് ലഘൂകരിച്ചാണ് എഴുതിയതെന്നും രാഹുൽ പറഞ്ഞു. 1991-ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം സുരക്ഷാ കാരണങ്ങളാൽ രാഹുലിനെ ഹാർവഡിൽനിന്ന് മറ്റൊരു അമെരിക്കൻ കോളെജിലേക്ക് മറ്റൊരു പേരിൽ മാറ്റിയതായി സോണിയ വെളിപ്പെടുത്തി; പ്രിയങ്ക ഗാന്ധി വാദ്രയും ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡൽഹി: സ്വകാര്യ ജീവിതത്തിലേക്കുള്ള അപൂർവ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് 'Belonging: A Journey of Love' പ്രകാശന ചടങ്ങിലാണ്, ഗേൾ ഫ്രണ്ടിനൊപ്പം കേംബ്രിഡ്ജിലെ ഒരു റസ്റ്ററന്റിൽ പോയ കഥ അദ്ദേഹം പറഞ്ഞത്. ഗേൾ ഫ്രണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ''അവൾ ഇപ്പോൾ എന്റെ ഫ്രണ്ടാണ്'' എന്നായിരുന്നു മറുപടി.
മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയയും വിദ്യാർഥികളായിരിക്കെ ആദ്യമായി കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ വാഴ്സിറ്റി റസ്റ്ററന്റ് സന്ദർശിക്കാൻ ആഗ്രഹിച്ചതിനെക്കുറിച്ചാണ് രാഹുൽ ഓർത്തെടുത്തത്. സർവകലാശാലാ നഗരത്തിൽ താമസിച്ചിരുന്ന കാലത്തെ ആ സന്ദർശനത്തിനിടെ, മാതാപിതാക്കളെക്കുറിച്ച് ജീവനക്കാരനോട് യാദൃച്ഛികമായി പറഞ്ഞപ്പോൾ, അയാളവരെ തിരിച്ചറിഞ്ഞത് തന്നെ അമ്പരപ്പിച്ചതും രാഹുൽ വിശദീകരിച്ചു. ദശകങ്ങൾക്കു മുൻപ് ഇരുവരും പതിവായി എത്തിയിരുന്ന സ്ഥലമായിരുന്നു അത്.
"എന്റെ മാതാപിതാക്കളെക്കുറിച്ച് ഒരുപാട് മിത്തുകളുണ്ടായിരുന്നു. അതിലെ ഒരു വലിയ കഥ, വാഴ്സിറ്റി റസ്റ്ററന്റിൽ അവർ കണ്ടുമുട്ടിയതായിരുന്നു. വർഷങ്ങൾക്കു ശേഷം കേംബ്രിഡ്ജിൽ എത്തിയപ്പോൾ ഞാൻ എന്റെ ഗേൾ ഫ്രണ്ടിനോടു പറഞ്ഞു, 'നമുക്ക് വാഴ്സിറ്റി റസ്റ്ററന്റിൽ പോകാം.' എന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത് എവിടെയാണെന്ന് കാണണമെന്നുണ്ടായിരുന്നു," രാഹുൽ ഗാന്ധി പറഞ്ഞു.
"ഞാൻ ഇരുന്നു. അവർ മെനു കൊണ്ടുവന്നു. ഞാൻ പറഞ്ഞു, 'എന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത് ഈ റസ്റ്ററന്റിലാണ്.' അയാൾ എന്നെ ഒന്നു നോക്കിയിട്ടു പറഞ്ഞു, 'ഓ, അവരോ, എനിക്കറിയാം അവരെ.' ഞാൻ ചോദിച്ചു, 'നിങ്ങൾക്ക് അവരെക്കുറിച്ച് എന്തറിയാം?' അയാൾ പറഞ്ഞു, 'ഓ, ആ രണ്ടുപേർ. നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം,'" രാഹുൽ പറഞ്ഞു.
പതിറ്റാണ്ടുകളായി അമ്മ നേരിട്ട സ്വകാര്യ ആരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും രാഹുൽ സംസാരിച്ചു. ഓർമക്കുറിപ്പിൽ അത് ലഘൂകരിച്ചാണ് എഴുതിയിരിക്കുന്നതെങ്കിലും, സോണിയ നാലു തവണ അർബുദത്തെ അതിജീവിച്ചയാളാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
"ഈ പുസ്തകത്തിൽ നിങ്ങൾ വായിക്കുന്നത്, അച്ഛൻ മരിക്കുന്നതിനു മുൻപുള്ള എന്റെ അമ്മയെക്കുറിച്ചാണ്. രണ്ടു തവണ അർബുദത്തെ അതിജീവിച്ചു, മൂന്നു തവണ അർബുദം വന്നു എന്നൊക്കെയാണ് അമ്മ എഴുതിയിരിക്കുന്നത്, അല്ലേ? പക്ഷേ, അമ്മ നാലു തവണ അർബുദത്തെ അതിജീവിച്ചയാളാണ്. എല്ലാം അമ്മ ലഘൂകരിച്ചാണ് പറയുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും അമ്മ ഭയപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ പോലും പിന്മാറുന്നതും... ഈ പ്രസംഗം നടത്താൻ ആഗ്രഹിച്ചതിന്റെ കാരണം, അമ്മേ, അച്ഛൻ അമ്മയെ സ്നേഹിച്ചിരുന്നു, പക്ഷേ അമ്മയെക്കുറിച്ച് അച്ഛൻ എത്രമാത്രം അഭിമാനിക്കുമായിരുന്നെന്ന് പറഞ്ഞറിയിക്കാനാവില്ല," സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും സന്നിഹിതയായിരുന്ന ചടങ്ങിൽ രാഹുൽ പറഞ്ഞു.
1991-ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷമുള്ള കഠിന വർഷങ്ങളെക്കുറിച്ച് സോണിയ ഗാന്ധിയും സംസാരിച്ചു. സുരക്ഷാ ആശങ്കകൾ മൂലം രാഹുലിനെ ഹാർവാഡ് സർവകലാശാലയിൽനിന്ന് മറ്റൊരു അമെരിക്കൻ കോളെജിലേക്ക് മറ്റൊരു പേരിൽ മാറ്റേണ്ടിവന്നതിനെക്കുറിച്ച് അവർ വിശദീകരിച്ചു.
"അവരുടെ അച്ഛൻ കൊല്ലപ്പെട്ട് ഏതാനും മാസങ്ങൾക്കു ശേഷം, രാഹുലിന് വിദേശത്ത് കോളെജിൽ പോകേണ്ടിവന്നു. ഹാർവാഡിൽ അവർ ഒരു സുരക്ഷയും സ്വീകരിച്ചില്ല, കാരണം അത് മറ്റുള്ളവരെ അപകടത്തിലാക്കുമായിരുന്നു," സോണിയ പറഞ്ഞു. "അങ്ങനെ ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടത്തെ സുരക്ഷാ സംവിധാനവുമായി ചേർന്ന്, കൂടുതലും അമെരിക്കൻ കുട്ടികൾ പഠിക്കുന്ന മറ്റൊരു കോളെജിലേക്ക്, മറ്റൊരു പേരിൽ രാഹുലിനെ അയയ്ക്കാൻ ക്രമീകരിച്ചു. അവന്റെ യഥാർഥ പേര് മറച്ചുവച്ചിരുന്നു. കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ കഴിയാത്തതിനാൽ ആശയവിനിമയം നടത്താനോ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കാൻ പോലുമോ അവന് ഒരുപാട് ബുദ്ധിമുട്ടായിരുന്നിരിക്കണം", സോണിയ പറഞ്ഞു.
At the launch of Sonia Gandhi's memoir "Belonging: A Journey of Love", Rahul Gandhi recounted visiting Cambridge's Varsity Restaurant, where his parents first met, with his then-girlfriend, who he said is "a friend now". He also said his mother is a four-time cancer survivor, while Sonia Gandhi described how security concerns after Rajiv Gandhi's 1991 assassination led to Rahul being moved from Harvard to another US college under an assumed name.