പരിണീതി ചോപ്ര

 
Lifestyle

പ്രസവശേഷമുള്ള ശരീരഭാരത്തെ പരിഹസിക്കുന്നത് തികച്ചും വിവരമില്ലായ്മ: പരിണീതി ചോപ്ര

മകൻ ജനിച്ചതിന് പിന്നാലെ ഓൺലൈൻ പരിഹാസങ്ങൾക്ക് ഇരയായ സഹതാരം കത്രീന കൈഫിനെ പിന്തുണച്ചാണ് പരിണീതിയുടെ പ്രതികരണം

Sarath Nath MS

പ്രസവശേഷം ശരീരഭാരം കൂടുന്നതിന്‍റെ പേരിൽ വനിതാ താരങ്ങളെ വിമർശിക്കുന്നവർ തികച്ചും വിവരമില്ലാത്തവരാണെന്നും, അവർ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരായിരിക്കാമെന്നും നടി പരിണീതി ചോപ്ര. മകൻ ജനിച്ചതിന് പിന്നാലെ ഓൺലൈൻ പരിഹാസങ്ങൾക്ക് ഇരയായ സഹതാരം കത്രീന കൈഫിനെ പിന്തുണച്ചാണ് പരിണീതിയുടെ പ്രതികരണം.

കഴിഞ്ഞ നവംബറിൽ കത്രീന കൈഫ് ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന് പിന്നാലെ കത്രീനയുടെ ശരീരഭാരത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പരിഹാസം ഉയർന്നിരുന്നു. നടൻ സൽമാൻ ഖാനും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

വനിതാ താരങ്ങൾ അവരുടെ രൂപഭാവത്തിന്‍റെ പേരിൽ നേരിടുന്ന കടുത്ത വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം പരാമർശങ്ങൾ തനിക്ക് "തികച്ചും വിവരമില്ലായ്മ" ആയാണ് തോന്നുന്നതെന്ന് പരിണീതി പറഞ്ഞു.

"ഒരാളുടെ പ്രസവശേഷമുള്ള ശരീരത്തെക്കുറിച്ച് കമന്‍റ് ചെയ്യുന്നത് എനിക്ക് വിവരമില്ലായ്മയായാണ് തോന്നുന്നത്. നിങ്ങൾ മുടി വെട്ടിയാൽ അത് ചെറുതാകും. അവധിക്ക് പോയാൽ ശരീരത്തിന് ടാൻ ഉണ്ടാകും. ജിമ്മിൽ പോയാൽ മസിലുകൾ ഉണ്ടാകും. നിങ്ങൾ ശരീരത്തിൽ ചെയ്ത കാര്യങ്ങളുടെ അടയാളങ്ങൾ അവശേഷിക്കും, അതെല്ലാം നമ്മൾ ആഘോഷിക്കുകയും ചെയ്യുന്നു""- വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പരിണീതി പറഞ്ഞു.

"എന്നാൽ ഒരു മനുഷ്യജീവനെ, ഒരു കുഞ്ഞിനെ, ജനിപ്പിച്ചതിന്‍റെ അടയാളം ശരീരത്തിൽ കാണുമ്പോൾ അത് ആഘോഷിക്കപ്പെടുന്നില്ല. അതെങ്ങനെ നെഗറ്റീവാകും? ഒരു സ്ത്രീയുടെ ശരീരത്തിൽ സ്ട്രെച്ച് മാർക്ക് കണ്ടാൽ, 'ദൈവമേ, നിങ്ങൾക്ക് സ്ട്രെച്ച് മാർക്ക്! നിങ്ങൾ ഒരു കുഞ്ഞിന് ജന്മം നൽകിയോ? അത് എത്ര അത്ഭുതകരമാണ്. കുഞ്ഞിന് സുഖമാണോ?' എന്നായിരിക്കും ഞാൻ ചോദിക്കുക. അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്''- പരിണീതി പറഞ്ഞു.

കഴിഞ്ഞ ഒക്റ്റോബറിൽ ആൺകുഞ്ഞിന് ജന്മം നൽകിയ പരിണീതി സമൂഹ മാധ്യമങ്ങളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ടെന്നും, അതുവഴി ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കുകയാണെന്നും പറഞ്ഞു.

"ഞാൻ സമൂഹ മാധ്യമങ്ങളിൽ അധികം സമയം ചെലവഴിക്കാത്തതിനാൽ ഇത്തരം ട്രോളുകളൊന്നും വായിക്കാറില്ല. എനിക്കെതിരെയോ മറ്റുള്ളവർക്കെതിരെയോ നടക്കുന്ന ട്രോളിങ്ങിനെക്കുറിച്ച് പോലും പലപ്പോഴും അറിയില്ല. അതെല്ലാം എനിക്ക് അപ്രസക്തമായ കാര്യങ്ങളാണ്. സമയം പാഴാക്കുന്നതാണത്''- പരിണീതി പറഞ്ഞു.

സിനിമാ വ്യവസായത്തിൽ അമ്മമാരോട് ആരും വിവേചനം കാണിക്കുന്നില്ലെന്നും പരിണീതി പറഞ്ഞു. സീരീസിൽ അഭിനയിക്കുമ്പോൾ താൻ ഗർഭിണിയായിരുന്നെന്നും നിർമാതാക്കളിൽ നിന്ന് പൂർണ പിന്തുണയും പ്രൊഫഷണലിസവും ലഭിച്ചെന്നും അവർ വ്യക്തമാക്കി.

ബോളിവുഡിലെ പ്രമുഖ താരമായ പരിണീതി നടി പ്രിയങ്ക ചോപ്രയുടെ ബന്ധു കൂടിയാണ്. പ്രമുഖ രാഷ്ട്രീയ നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദയാണ് പരിണീതിയുടെ ഭർത്താവ്. ലേഡീസ് വേഴ്സസ് റിക്കി ഭായി, ശുദ്ധ് ദേശി റൊമാൻസ്, കേസരി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പരിണീതി അഭിനയിച്ചിട്ടുണ്ട്.

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാൻ മമ്മൂട്ടിയും

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

ബാറ്റർമാരെ വിറപ്പിച്ച ആ ബൗൺസറുകൾ ഇനിയില്ല; ഇംഗ്ലണ്ട് 'സ്പീഡ് ഗൺ' മാർക്ക് വുഡ് വിരമിച്ചു

അന്നദാനത്തിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരി മരിച്ചു|Video

ബഹിരാകാശത്ത് പാക്കിസ്ഥാനും ചൈനയും കൈകോർക്കുന്നു; ചൈനീസ് ബഹിരാകാശ നിലയിലേക്ക് പാക് സഞ്ചാരി എത്തും, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ?