ദീപാവലി ആഘോഷിച്ചാൽ ദുരന്തം ഉറപ്പ്; പെൺ ശാപത്തെ ഭയന്നു ജീവിക്കുന്ന ഗ്രാമം

 
Lifestyle

ദീപാവലി ആഘോഷിച്ചാൽ ദുരന്തം ഉറപ്പ്; പെൺ ശാപത്തെ ഭയന്നു ജീവിക്കുന്ന ഗ്രാമം

ആഘോഷങ്ങൾക്കു ശ്രമിച്ചാൽ തീപിടിത്തമോ അപ്രതീക്ഷിത മരണങ്ങളോ ഉണ്ടാകും.

നീതു ചന്ദ്രൻ

ഹാമിർപുർ: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുകയാണ്. പക്ഷേ ഇന്ത്യയിൽ 100 വർഷമായി ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറി ജീവിക്കുന്ന ഒരു ഗ്രാമമുണ്ട്. ഹിമാചൽപ്രദേശിലെ സമ്മോ ഗ്രാമത്തിലുള്ളവരാണ് ദീപാവലി ആഘോഷിക്കാൻ ഭയക്കുന്നത്. ദീപാവലി ആഘോഷിച്ചാൽ ഏതെങ്കിലും വിധത്തിലുള്ള അപകടമോ ദുരന്തമോ ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം. വർഷങ്ങളോളമായി തുടർന്നു വരുന്ന വിശ്വാസമാണ്, 72 വർഷത്തിനിടെ താൻ ഒരിക്കൽ പോലും ദീപാവലി ആഘോഷിച്ചിട്ടില്ലെന്ന് ഗ്രാമത്തിലെ മുതിർന്നയാളായ സാവിത്രി ദേവി പറയുന്നു. ആഘോഷങ്ങൾക്കു ശ്രമിച്ചാൽ തീപിടിത്തമോ അപ്രതീക്ഷിത മരണങ്ങളോ ഉണ്ടാകും.

പണ്ടൊരിക്കൽ ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ഒരു യുവതി ദീപാവലി ആഘോഷിക്കുന്നതിനായി സ്വന്തം വീട്ടിലേക്ക് പോയി. പക്ഷേ അധികം വൈകാതെ അവരുടെ ഭർത്താവ് മരണപ്പെട്ടു. ആ ദുഃഖം സഹിക്കാനാകാതെ ഗർഭിണിയായ ആ സ്ത്രീ ഭർത്താവിന്‍റെ ചിതയിൽ ചാടി സതി അനുഷ്ഠിച്ചു.മരിക്കുന്നതിനു മുൻപ് ഇവിടെ ഒരിക്കലും ദീപാവലി ആഘോഷിക്കാൻ സാധിക്കാതെ പോകട്ടെ എന്നവർ ശപിച്ചു. ഇന്നും ആ ശാപത്തെ ഭയന്നാണ് ഗ്രാമത്തിലുള്ളവർ ജീവിക്കുന്നത്.

ദീപാവലി ദിവസത്തിൽ ഇവിടെ ആരും പ്രത്യേകമായി യാതൊരു ഭക്ഷണവും പാചകം ചെയ്യാറില്ല. പടക്കം പൊട്ടിക്കുകയോ ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയോ ചെയ്യില്ല. ആരെങ്കിലും ഏതെങ്കിലും വിധത്തിൽ ആഘോഷത്തിനു ശ്രമിച്ചാൽ അപകടം ഉറപ്പാണെന്ന് ഗ്രാമീണർ പറയുന്നു. ഗ്രാമത്തിൽ നിന്ന് മാറി താമസിച്ചാലും ശാപത്തിൽ നിന്ന് രക്ഷയുണ്ടാകില്ല. ഗ്രാമത്തിൽ നിന്ന് മാറി താമസിച്ചിരുന്ന ഒരു കുടുംബം ദീപാവലി ദിവസം ഗ്രാമത്തിലെ ഒരു കുടുംബം ചില വിശേഷപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു.

അന്നവരുടെ വീടിന് തീ പിടിച്ചു. സതി അനുഷ്ഠിച്ചവരെ മാത്രമാണ് ഇവിടെയുള്ളവർ ആരാധിക്കുന്നത്. സതിക്കു മുന്നിൽ മാത്രമേ വിളക്കു തെളിയിക്കാറുള്ളൂ. എല്ലാവരും ദീപാവലി ആഘോഷിക്കുമ്പോൾ ആഘോഷിക്കാൻ ആഗ്രഹം തോന്നും. പക്ഷേ ഗ്രാമത്തിൽ അന്നാരും ദീപങ്ങൾ തെളിയിക്കാറില്ല. പലപ്പോഴും ഗ്രാമത്തിലുള്ളവർ സമീപത്തുള്ള ഗ്രാമങ്ങളിൽ ചെന്നാണ് ദീപാവലി ആഘോഷങ്ങൾ കാണാറുള്ളത്. ‌ശാപം ഇല്ലാതാക്കാനായി പല യാഗങ്ങളും യജ്ഞങ്ങളും പൂജകളും നടത്തി. ‌പക്ഷേ ഫലമുണ്ടായില്ല.ഇപ്പോഴും ശാപം ശക്തമായി തുടരുന്നുവെന്നാണ് ഇവർ പറയുന്നത്.