എല്ലാ മാസവും 75,000 രൂപയ്ക്ക് ട്രിപ്പ്
ബെംഗളൂരുവിലെ ജീവിതച്ചെലവിനെക്കുറിച്ചുള്ള വിശദമായ കണക്ക് പങ്കുവച്ച് സോഫ്റ്റ്വെയർ എൻജിനീയർ ദമ്പതികൾ. മുതിർന്ന സോഫ്റ്റ്വെയർ എൻജിനീയർമാരായ ശുഭി ഖണ്ഡേൽവാളും ഭർത്താവും ചേർന്ന് പ്രതിമാസം ഏകദേശം 1.73 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് യാത്രകൾക്കായി മാത്രം പ്രതിമാസം 75,000 രൂപ ചെലവഴിക്കുന്നു എന്നതാണ്. വർഷത്തിൽ ഏകദേശം ഒൻപത് ലക്ഷം രൂപയാണ് ഇരുവരും യാത്രകൾക്കായി മാറ്റിവയ്ക്കുന്നത്.
വാടകയും മെയിന്റനൻസ് ചാർജും ഉൾപ്പെടെ 60,000 രൂപയാണ് പ്രതിമാസം വീടിനായി ചെലവാക്കുന്നത്. പലചരക്ക് സാധനങ്ങൾ വാങ്ങാൻ 13,000 മുതൽ 14,000 രൂപ വരെയും വീട്ടുജോലികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 8,000 രൂപയുമാണ് ചെലവ്. വാരാന്ത്യ വിനോദങ്ങൾക്കായി 10,000 രൂപയും പെട്രോൾ, ക്യാബ് യാത്രകൾക്കായി 3,500 രൂപയും ഷോപ്പിങ് ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾക്കായി 3,000 രൂപയും മാറ്റിവയ്ക്കും.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ശുഭി തങ്ങളുടെ പ്രതിമാസ ചെലവുകളുടെ കണക്ക് പുറത്തുവിട്ടത്. ഉയർന്ന വാടകയ്ക്ക് പിന്നിൽ താമസിക്കുന്ന സ്ഥലവും സൊസൈറ്റിയുടെ സൗകര്യങ്ങളുമാണെന്ന് അവർ വിശദീകരിച്ചു. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ വാങ്ങുന്നതിനാലാണ് പലചരക്ക് ചെലവ് കൂടുതലാകുന്നതെന്നും അവർ പറഞ്ഞു. വേ പ്രോട്ടീൻ, ഗ്രീക്ക് യോഗർട്ട്, പനീർ തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരുമിച്ച് നടത്തിയ യാത്രകൾക്കായി ചെലവഴിച്ച തുകയുടെ ശരാശരിയാണ് പ്രതിമാസം 75,000 രൂപയായി കണക്കാക്കിയിരിക്കുന്നത്. ചെലവുകൾ കൃത്യമായി രേഖപ്പെടുത്താൻ പ്രത്യേക സംവിധാനങ്ങളുടെ ആവശ്യമില്ലെന്നും ഫോണിലെ നോട്ട്സ്, എക്സൽ ഷീറ്റ്, മണി മാനേജർ തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാമെന്നും ശുഭി പറഞ്ഞു.
ചെലവുകൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഓരോരുത്തരും എത്ര രൂപ ചെലവാക്കി, ആരാണ് ആർക്കു പണം നൽകാനുള്ളത് എന്നൊന്നും കൃത്യമായി കണക്കാക്കാറില്ലെന്നും അവർ വ്യക്തമാക്കി. പണം എവിടെയാണ് ചെലവാകുന്നതെന്ന് മനസിലാക്കി കൂടുതൽ ആസൂത്രിതമായി ചെലവഴിക്കുകയാണ് ലക്ഷ്യമെന്നും ശുഭിയുടെ വാക്കുകൾ.