പ്രതീകാത്മക ചിത്രം

 
Lifestyle

20-30കളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല; പിന്നെ എപ്പോൾ?

ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ൽസിലെ ഗവേഷകർ ബയോളജിക്കൽ സൈക്യാട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം.

Sarath Nath MS

സിഡ്നി: ഇരുപതുകളിലും മുപ്പതുകളിലും കഞ്ചാവ് ഉപയോഗിക്കുന്നവരിൽ കഞ്ചാവ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് സൈക്കോസിസ് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രത്യക്ഷപ്പെടുന്നതായി പുതിയ പഠനം. 20കളുടെ മധ്യത്തോടെ തലച്ചോറിന്‍റെ വളർച്ച പൂർത്തിയാകുന്നതിനാൽ അതിന് ശേഷം കഞ്ചാവ് ഉപയോഗിക്കുന്നത് താരതമ്യേന സുരക്ഷിതമാണെന്ന ധാരണയെയും പഠനം ചോദ്യം ചെയ്യുന്നു.

സൈക്കോസിസിന് സാധ്യതയുള്ളവരിൽ 30കളിലെ കഞ്ചാവ് ഉപയോഗം സൈക്കോസിസ് ആരംഭിക്കുന്നത് ശരാശരി 6.3 വർഷം നേരത്തെയാക്കുമെന്നും ഗവേഷകർ പറയുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ൽസിലെ ഗവേഷകർ ബയോളജിക്കൽ സൈക്യാട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗം വർധിച്ചുവരികയാണ്. ഓസ്ട്രേലിയയിൽ മാത്രം ഓരോ വർഷവും 25 ലക്ഷത്തിലധികം പേർ നിയമപരമായോ നിയമവിരുദ്ധമായോ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. കഞ്ചാവിലെ ലഹരി ഘടകത്തിന്‍റെ അളവും വർധിച്ചുവരികയാണ്. എന്നാൽ പല ഉപയോക്താക്കളിലും കഞ്ചാവിന്‍റെ മാനസികാരോഗ്യപരമായ ദോഷങ്ങൾ അതിന്‍റെ വൈദ്യശാസ്ത്രപരമായ ഗുണങ്ങളെക്കാൾ കൂടുതലായിരിക്കാമെന്ന് ഗവേഷകർ പറഞ്ഞു. ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കഞ്ചാവ് ഫലപ്രദമാണെന്നതിന് തെളിവുകൾ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി.

എന്താണ് സൈക്കോസിസ്?

യാഥാർഥ്യബോധത്തിൽ വ്യതിയാനം ഉണ്ടാകുന്ന വിവിധ മാനസിക വൈകല്യങ്ങളുടെ ഒരു വിഭാഗമാണ് സൈക്കോസിസ്. ഇതിന്‍റെ ഗുരുതരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ രൂപമാണ് സ്കീസോഫ്രീനിയ.

സൈക്കോസിസ് ബാധിച്ച വ്യക്തിക്ക് ആശയക്കുഴപ്പം, മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, ഇല്ലാത്ത കാര്യങ്ങളെയോ വ്യക്തികളെയോ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഹാലൂസിനേഷൻ എന്നിവ അനുഭവപ്പെടാം. മറ്റുള്ളവർക്ക് മനസിലാകാത്ത രീതിയിൽ സംസാരിക്കാനും തെറ്റായ വിശ്വാസങ്ങൾ പുലർത്താനും സാധ്യതയുണ്ട്.

ഓസ്ട്രേലിയയിലെ ഏകദേശം 0.5 ശതമാനം ആളുകളെ സൈക്കോസിസ് ബാധിക്കുന്നതായി കണക്കാക്കുന്നു. സ്കീസോഫ്രീനിയയിലും സൈക്കോസിസിലും ജനിതക ഘടകത്തിന് വലിയ പങ്കുണ്ട്. കഞ്ചാവ് ഉപയോഗം ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സൈക്കോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പ്രത്യാഘാതങ്ങൾ കൂടുതൽ ഗുരുതരമായിരിക്കാമെന്നും മുൻ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2011ൽ ഗവേഷക സംഘം നടത്തിയ പഠനത്തിലും കഞ്ചാവ് ഉപയോഗം സൈക്കോസിസ് നേരത്തെ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. കഞ്ചാവും സൈക്കോസിസും തമ്മിലുള്ള ബന്ധം കൂടുതൽ ആശങ്കാജനകമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. കഴിഞ്ഞ 15 വർഷത്തിനിടെ നടന്ന 149 പഠനങ്ങളിലായി 71,000ത്തിലധികം ആളുകളുടെ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. പഠനങ്ങളിൽ ഭൂരിഭാഗവും യൂറോപ്പ്, വടക്കേ അമെരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സ്കിസോഫ്രീനിയ ബാധിച്ചവരെ ഉൾപ്പെടുത്തിയവയായിരുന്നു.

കഞ്ചാവ് ഉപയോഗിക്കുന്നവരിൽ സൈക്കോസിസ് ആരംഭിക്കുന്നത് ശരാശരി 2.5 വർഷം നേരത്തെയാണെന്ന് പഠനത്തിൽ കണ്ടെത്തി. 20കളുടെ അവസാനത്തിൽ കഞ്ചാവ് ഉപയോഗിച്ചവരിൽ രോഗത്തിന്‍റെ ആരംഭം ശരാശരി 4.4 വർഷം നേരത്തെയായിരുന്നു. 30 വയസോ അതിന് മുകളിലോ പ്രായമുള്ളവരിൽ ഇത് 6.3 വർഷത്തിലധികമായിരുന്നു. അതിനാൽ ഒരു പ്രായത്തിലും കഞ്ചാവ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഗവേഷകർ പറയുന്നു.

സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ലണ്ടനിലെ തെംസ് നദിയിൽ ഗംഗാ ആരതി നടത്തും; പൂക്കളും തിരികളുമൊഴുക്കില്ല

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ സിംഗപ്പൂർ പര്യടനത്തിന് തുടക്കമായി

വിചാരണയ്ക്കെത്തിച്ച ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈയിൽ നിന്ന് ഹെറോയിൻ പിടികൂടി