വിവാഹവേദിയിൽ ഡാൻസും റീൽസുമായി വധു; വരനും കുടുംബവും ഇറങ്ങിപ്പോയി, കല്യാണം മുടങ്ങി|Video

 
Wedding Bells

വിവാഹവേദിയിൽ ഡാൻസും റീൽസുമായി വധു; വരനും കുടുംബവും ഇറങ്ങിപ്പോയി, കല്യാണം മുടങ്ങി|Video

ചടങ്ങ് വൈകിയതിനെത്തുടർന്ന് വരന്‍റെ സഹോദരനും പിതാവും ഇക്കാര്യം ചോദ്യം ചെയ്തു.

നീതു ചന്ദ്രൻ

കൈതൽ: വിവാഹത്തിന് വധുവും വരനും ഡാൻസ് ചെയ്ത് ആഘോഷിക്കുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. പക്ഷേ ഹരിയാനയിൽ വധു വിവാഹവേദിയിൽ ഡാൻസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരു വിവാഹം തന്നെ മുടങ്ങി. കൈതൽ ജില്ലയിലാണ് സംഭവം. ചുവന്ന ലെഹങ്ക അണിഞ്ഞാണ് വധു വിവാഹവേദിയിലേക്കെത്തിയത്. വധുവും വരനും പരസ്പരം മാലയണിയിക്കുന്ന ജയ്മാല ചടങ്ങിന് എത്തുന്നതിനു പകരം വധു നൃത്തം ചെയ്യുകയും റീൽസ് എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതാണ് വരനെയും ബന്ധുക്കളെയും പ്രകോപിതരാക്കിയത്. ചടങ്ങ് വൈകിയതിനെത്തുടർന്ന് വരന്‍റെ സഹോദരനും പിതാവും ഇക്കാര്യം ചോദ്യം ചെയ്തു. ഇരു കുടുംബത്തിലുള്ളവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ വരനും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചു കൊണ്ട് വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

വധുവിന്‍റെ എൻട്രി ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കല്യാണം നടന്നില്ലെങ്കിലും വൈറലാകണമെന്ന ആഗ്രഹം സഫലമായല്ലോ എന്നാണ് ഒരാൾ വിഡിയോക്കു താഴെ കുറിച്ചിരിക്കുന്നത്. അവൾ അവളുടെ വിവാഹമാണ് ആഘോഷിക്കുന്നത്, അതിലെന്താണ് തെറ്റെന്നും ചിലർ ചോദിക്കുന്നു. ഇരുവരും രക്ഷപെട്ടു എന്നാണ് മറ്റൊരാളുടെ അഭിപ്രായം.