വിവാഹം നടത്താൻ 45 ലക്ഷം രൂപ ലോൺ എടുക്കണമെന്ന് മാതാപിതാക്കൾ; അരുതെന്ന് സോഷ്യൽമീഡിയ
AI image
വിവാഹം നടത്താൻ വേണ്ടി മാതാപിതാക്കൾ തന്നോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള യുവാവിന്‍റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. വിവാഹം നടത്താൻ 50 ലക്ഷം രൂപ ചെലവാകുമെന്നും അതു കൊണ്ട് 45 ലക്ഷം രൂപ വായ്പയെടുക്കണമെന്നുമാണ് മാതാപിതാക്കൾ തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഏറെകാലമായി പ്രണയിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനായാണ് മാതാപിതാക്കൾ ഈ ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. അത്രയും പണം ഇപ്പോൾ എടുക്കാനില്ലെങ്കിൽ രണ്ട് വർഷം കൂടി വിവാഹം നീട്ടിക്കൊണ്ടു പോകാമെന്ന് മാതാപിതാക്കൾ തന്നോട് പറഞ്ഞുവെന്നും യുവാവ് പറയുന്നു.
തന്‍റെ അച്ഛന് നിലവിൽ 50 ലക്ഷം രൂപയുടെ കടമുണ്ടെന്നും എന്നാൽ സ്ഥലം വിറ്റ് ആ കടം വീട്ടാമെന്നാണ് അച്ഛൻ പറയുന്നതെന്നും യുവാവ് കുറിച്ചിരിക്കുന്നു. സ്ഥലം വിൽക്കാൻ ഇപ്പോൾ സാങ്കേതിക പ്രശ്നമുണ്ട്. സ്ഥലം വിൽക്കുമ്പോൾ യുവാവിന്‍റെ വായ്പ തിരിച്ചടക്കാമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ സ്ഥലം വിൽക്കുന്നതിനായി യാതൊന്നും ചെയ്തതായി തനിക്കറിയില്ലെന്ന് യുവാവ് പറയുന്നു.
തങ്ങളുടെ കുടുംബത്തിൽ വലിയ ആർഭാടമായി ഒരു വിവാഹവും നടന്നിട്ടില്ല. അതു കൊണ്ടു തന്നെ വലിയ ആഘോഷമായി വിവാഹം നടത്തണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. വധു അന്യമതത്തിൽ നിന്നുള്ളതായതു കൊണ്ട് ആർഭാടം കുറയ്ക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. എന്നാൽ വളരെ കുറഞ്ഞ ചെലവിൽ വിവാഹം നടത്തിയാൽ മതിയെന്നാണ് വധുവും അവളുടെ കുടുംബവും പറയുന്നതെന്നും യുവാവ് കുറിച്ചിട്ടുണ്ട്.
പോസ്റ്റിനു താഴെ എല്ലാവരും തന്നെ യുവാവിനെ വായ്പയെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവാഹവും ആർഭാടവും കുറച്ചു മണിക്കൂറുകൾ മാത്രമേ നീണ്ടു നിൽക്കൂ. പക്ഷേ ലോൺ 20 വർഷമെങ്കിലും അടയ്ക്കേണ്ടി വരും. വലിയ ആർഭാടമായി നടത്തിയ ആനന്ദ് അംബാനിയുടെ വിവാഹം പോലും ഇപ്പോൾ നാട്ടുകാർ മറന്ന മട്ടാണ്. അതു കൊണ്ട് വായ്പയെടുക്കരുതെന്നാണ് ഒരാൾ ഉപദേശിച്ചിരിക്കുന്നത്. മകൻ പ്രണയിച്ച് വിവാഹം കഴിക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്തതിനാലാണ് മാതാപിതാക്കൾ ഇങ്ങനെയൊരു നിബന്ധന വച്ചിരിക്കുന്നതെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
നിങ്ങൾ സമ്പന്നനാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുന്നതാണ് ദരിദ്രനാകാനുള്ള ഏറ്റവും നല്ല വഴിയെന്നും ഒരാൾ കുറിച്ചിട്ടുണ്ട്.