2 ലക്ഷം ബോണ്ട് നൽകി ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് യുവതി

 
Women

12 മണിക്കൂർ ജോലി, അവധിയില്ല; ഒടുവിൽ 2 ലക്ഷം ബോണ്ട് നൽകി ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് യുവതി

ജോലിക്കിടെ ശുചിമുറിയിൽ പോകാൻ ആവശ്യമായ ഇടവേളകൾ ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരമായ മൂത്രാശയ അണുബാധയും ബാധിച്ചു

Sarath Nath MS

ഉയർന്ന ശമ്പളവും ജോലി സുരക്ഷയും പ്രതീക്ഷിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കിൽ ചേർന്ന 31കാരിയായ യുവതി ഒടുവിൽ ജോലി ഉപേക്ഷിക്കാൻ നൽകിയത് രണ്ട് ലക്ഷം രൂപ. ദിവസവും 12 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വന്നെന്നും അവധി അനുവദിച്ചിരുന്നില്ലെന്നും ജോലി കഴിഞ്ഞ് കരയേണ്ട സാഹചര്യമായിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ബാങ്ക് ജോലിയിൽ താൻ നേരിട്ട ദുരിതങ്ങളെക്കുറിച്ച് പേര് വെളിപ്പെടുത്താത്ത യുവതി അക്കമിട്ട് വിശദീകരിച്ചത്.

പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി മാസ്റ്റർ ബിരുദത്തിന് ശേഷം രണ്ട് വർഷത്തോളം ഐബിപിഎസ് പരീക്ഷയ്ക്കായി തയ്യാറെടുത്താണ് ബാങ്കിൽ ജോലി നേടിയത്. 2022 ഒക്റ്റോബറിൽ കർണാടകത്തിലെ ഗ്രാമീണ മേഖലയിൽ ഒരു ബാങ്ക് ശാഖയിൽ ജോലിയിൽ പ്രവേശിച്ചു. ഒമ്പത് മാസത്തെ നിർബന്ധിത പരിശീലനവും പൂർത്തിയാക്കി.

തുടക്കത്തിൽ മാസം ഏകദേശം 70,000 രൂപ ശമ്പളം ലഭിച്ചിരുന്നു. വീട്ടുവാടക അലവൻസും ലഭിച്ചതിനാൽ താമസച്ചെലവിന്‍റെ കാര്യത്തിലും ആശങ്കയില്ലായിരുന്നു. എന്നാൽ ഉയർന്ന ശമ്പളത്തിനൊപ്പം കടുത്ത ജോലി സമ്മർദവും ആരംഭിച്ചതായി യുവതി പറയുന്നു.

2022 ഡിസംബറിലായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ വിവാഹത്തിന് വെറും നാല് ദിവസത്തിനകം തന്നെ പരിശീലനത്തിനായി തിരികെ പോകേണ്ടി വന്നു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവധി ലഭിച്ചില്ല. പിന്നീട് അവധി ലഭിക്കാത്ത സാഹചര്യം തുടർച്ചയായ അനുഭവമായി മാറിയെന്നും യുവതി പറയുന്നു.

ശുചിമുറിയിൽ പോകാൻ പോലും അനുവാദമില്ല

ജോലിക്കിടെ ശുചിമുറിയിൽ പോകാൻ ആവശ്യമായ ഇടവേളകൾ ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരമായ മൂത്രാശയ അണുബാധയായ ബാധിച്ചതായും യുവതി പറഞ്ഞു. കാഷ്യറായി ജോലി ചെയ്തിരുന്ന സമയത്ത് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ തുടർച്ചയായി ക്യാഷ് കൗണ്ടറിൽ ഇരിക്കേണ്ടി വന്നിരുന്നു. ഈ സമയത്ത് ശുചിമുറിയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. രണ്ട് മുതൽ മൂന്ന് മാസം വരെ ഗുരുതരമായ മൂത്രാശയ അണുബാധയും രക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ സിക്ക് ലീവ് പോലും അനുവദിച്ചില്ലെന്നും യുവതി പറയുന്നു.

ദിവസവും 12 മണിക്കൂറിലേറെ ജോലി

തുടർച്ചയായ 9 മുതൽ 5 വരെയുള്ള ജോലി എന്ന രീതിയിലായിരുന്നില്ല ബാങ്കിലെ ജോലി. രാവിലെ 8.30ന് ആരംഭിക്കുന്ന ജോലി ചില ദിവസങ്ങളിൽ രാത്രി 10.30ന് ശേഷവും നീണ്ടു. സാധാരണ ദിവസങ്ങളിലും രാത്രി 7 വരെ ജോലി ചെയ്യേണ്ടി വന്നിരുന്നു. ഞായറാഴ്ചകളിലും ബാങ്കിലെത്തേണ്ടി വന്നു. ഇതിനു പുറമെ രാത്രി 7ന് ജോലി അവസാനിച്ച ശേഷവും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ഗ്രാമപ്രദേശങ്ങളിൽ പോകേണ്ടി വന്നിരുന്നു. ഇൻഷുറൻസ് പോളിസികൾ വിൽക്കുകയും പുതിയ അക്കൗണ്ടുകൾ നേടുകയും ചെയ്യുകയായിരുന്നു അധിക ചുമതല. കന്നഡ സംസാരിക്കാൻ അറിയാത്ത തനിക്ക് ഗ്രാമത്തിൽ രാത്രിയിൽ ഒറ്റയ്ക്ക് പോയി ഉപഭോക്താക്കളെ സമീപിക്കുന്നത് സുരക്ഷാ ആശങ്കയുണ്ടാക്കിയെന്നും യുവതി പറയുന്നു.

എല്ലാ ദിവസവും കരച്ചിൽ

ജോലിയിലെ സമ്മർദം തന്‍റെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും കാര്യമായി ബാധിച്ചു. ജോലി കഴിഞ്ഞ് എല്ലാ ദിവസവും താൻ കരഞ്ഞിരുന്നു. വല്ലാതെ ക്ഷീണിതയായിരുന്നു. സ്ഥിരമായ സമ്മർദവും ക്ഷീണവും കാരണം മാതാപിതാക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും ഒഴിവാക്കി. താൻ വളരെ അസ്വസ്ഥയും പ്രകോപിതയുമായിരുന്നതിനാൽ മാതാപിതാക്കളോട് സംസാരിച്ചാൽ അവരോട് ദേഷ്യപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു മനസിൽ.

പെൺകുട്ടികളെ ബാങ്കിൽ ജോലിക്ക് എടുക്കരുത്

തന്‍റെ നേരിട്ടുള്ള മേലുദ്യോഗസ്ഥനല്ലാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് വാക്കാലുള്ള അധിക്ഷേപവും നേരിട്ടു. “നീ ഒരു പെൺകുട്ടിയാണ്; പെൺകുട്ടികളെ ബാങ്കിൽ ജോലിക്ക് എടുക്കാൻ പാടില്ല” എന്ന തരത്തിലായിരുന്നു പരാമർശം. തുടർന്ന് മുംബൈയിലെ എച്ച്ആർ വിഭാഗത്തിൽ പരാതി നൽകി.

സുഹൃത്തിന്‍റെ വിവാഹത്തിന് പോകാൻ കഴിയാതെ വന്നതോടെ രാജി

2024 ഫെബ്രുവരിയിലാണ് ജോലി ഉപേക്ഷിക്കാനുള്ള നിർണായക സാഹചര്യം ഉണ്ടായതെന്ന് യുവതി പറഞ്ഞു. സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മൂന്ന് മാസം മുൻപ് തന്നെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ വിവാഹത്തിന് പോകാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ ഓഡിറ്റ് നടക്കുന്നതിനാൽ അവധി അനുവദിക്കാനാകില്ലെന്ന് മേലുദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ഓഡിറ്റ് നടക്കുമ്പോഴും ചില മുതിർന്ന ജീവനക്കാർക്ക് അവധി അനുവദിച്ചിരുന്നു. തുടർന്ന് 2024 മാർച്ചിൽ രാജിക്കത്ത് നൽകി. കൂടാതെ ജോലി ഉപേക്ഷിക്കുന്നതിനായി 2 ലക്ഷം രൂപ ബോണ്ട് തുകയായി നൽകേണ്ടി വന്നതായും യുവതി വ്യക്തമാക്കി.

പുതിയ ജോലിയിൽ ശമ്പളം പകുതിയായി

ബാങ്കിലെ ജോലി ഉപേക്ഷിച്ച ശേഷം പുതിയ ജോലി കണ്ടെത്തുന്നതിനായി നിരവധി സ്ഥാപനങ്ങളിലേക്ക് നേരിട്ട് അപേക്ഷകൾ അയച്ചു. ഒടുവിൽ ബെംഗളൂരു ആസ്ഥാനമായ ഒരു സ്റ്റാർട്ടപ്പിൽ ജോലി ലഭിച്ചു. എന്നാൽ ബാങ്കിൽ ലഭിച്ചിരുന്ന 70,000 രൂപ ശമ്പളത്തിന് പകരം 35,000 രൂപ മാത്രമായിരുന്നു പുതിയ ജോലിയിൽ ലഭിച്ചത്. അതായത് ശമ്പളം പകുതിയായി കുറഞ്ഞു. എന്നാൽ സാമ്പത്തിക നഷ്ടത്തിനേക്കാൾ പ്രധാനപ്പെട്ടത് മാനസിക സമാധാനമാണെന്നാണ് പിന്നീട് ബോധ്യപ്പെട്ടത്.

ഇപ്പോൾ വീട്ടിലിരുന്ന് 60,000 രൂപ ശമ്പളം

നിലവിൽ സീനിയർ കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന യുവതി ഹൈദരാബാദിൽ ഭർത്താവിനൊപ്പം താമസിക്കുകയാണ്. വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സ്റ്റാർട്ടപ്പിൽ ചേർന്ന സമയത്തെ 35,000 രൂപ ശമ്പളം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉയർന്ന് ഇപ്പോൾ 60,000 രൂപ ആയെന്നും യുവതി പറഞ്ഞു.

ശമ്പളത്തേക്കാൾ പ്രധാനപ്പെട്ടത് മാനസിക സമാധാനം

ബാങ്കിൽ നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നെങ്കിലും അത് തന്‍റെ മാനസിക സമാധാനത്തിന് പകരമാകില്ലായിരുന്നുവെന്ന് യുവതി പറയുന്നു. ബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് കടുത്ത വിഷാദവും ആത്മഹത്യാ ചിന്തകളും ഉണ്ടായിരുന്നു. പുതിയ ജോലിയിൽ ബാങ്കിലുണ്ടായിരുന്ന അത്ര ഉയർന്ന ശമ്പളം ഇല്ലെങ്കിലും അവധി എപ്പോൾ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മാനസിക സമാധാനം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും മാത്രം മതിയാകില്ലെന്നതാണ് തന്‍റെ അനുഭവം പഠിപ്പിച്ചതെന്നും യുവതിയുടെ വാക്കുകൾ.