ബൽജീത് കൗർ പർവതാരോഹണത്തിനിടെ (ഇടത്), രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരം ഏറ്റുവാങ്ങുന്ന ബൽജീത് കൗർ (വലത്)
അന്നപൂർണയുടെ മഞ്ഞുമലയിൽ 18 മണിക്കൂർ മരണത്തോട് പോരാടിയ വ്യക്തി. എവറസ്റ്റും കാഞ്ചൻജംഗയും ഉൾപ്പെടെ ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ ചരിത്രം കുറിച്ചു. വീട്ടുജോലികൾ ചെയ്തും ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകൾ നടത്തിയും സ്വപ്നങ്ങൾക്ക് പണം കണ്ടെത്തിയ ഹിമാചൽപ്രദേശുകാരി. ഒടുവിൽ രാജ്യത്തിന്റെ പരമോന്നത സാഹസിക കായിക ബഹുമതിയായ ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരവും. അതിജീവനത്തിന്റെയും അസാധാരണമായ ഇച്ഛാശക്തിയുടെയും കഥ പറയുന്ന ബൽജീത് കൗർ എന്ന പെൺപർവതാരോഹകയുടെ ജീവിതത്തെക്കുറിച്ച് അറിയാം.
സാധാരണ കുടുംബത്തിൽ നിന്ന് അസാധാരണ ഉയരങ്ങളിലേക്ക്
1995 നവംബർ 29ന് ഹിമാചൽപ്രദേശിലെ സോളൻ ജില്ലയിലാണ് ബൽജീത് കൗർ ജനിച്ചത്. പർവതങ്ങളോട് ചെറുപ്പം മുതലേ വലിയ ഇഷ്ടമായിരുന്നു. ഗ്രാമത്തിനടുത്തുള്ള ചെറിയ മലനിരകളിലൂടെയുള്ള നടത്തവും കയറ്റവുമായിരുന്നു സാഹസികതയിലേക്കുള്ള ആദ്യ ചുവടുകൾ.
സാമ്പത്തികമായി വലിയ സൗകര്യങ്ങളുള്ള കുടുംബമായിരുന്നില്ല ബൽജീത്തിന്റേത്. പിതാവ് അമരീക് സിങ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ ബസ് ഡ്രൈവറായിരുന്നു. മാതാവ് ശാന്തി ദേവി വീട്ടമ്മയും. കുടുംബത്തിലെ മൂന്ന് മക്കളിൽ ഒരാളായ ബൽജീത് പഠനത്തോടൊപ്പം വീട്ടുജോലികളിലും കൃഷിപ്പണികളിലും അമ്മയെ സഹായിച്ചു.
എൻസിസി ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് പർവതാരോഹണത്തോടുള്ള താൽപര്യം കൂടുതൽ ശക്തമായത്. അന്ന് ഏകദേശം 20 വയസായിരുന്നു. പർവതങ്ങൾ കേവലം കാഴ്ചയുടെ വിസ്മയങ്ങളല്ലെന്നും സ്വന്തം കഴിവുകൾ പരീക്ഷിക്കാനുള്ള ഇടങ്ങളാണെന്നും അവൾ തിരിച്ചറിഞ്ഞു.
എന്നാൽ ഒരു വലിയ സ്വപ്നം ഉണ്ടായതുകൊണ്ടുമാത്രം അത് യാഥാർഥ്യമാകില്ലല്ലോ. പർവതാരോഹണത്തിന് ആവശ്യമായ പരിശീലനത്തിനും യാത്രകൾക്കും ഉപകരണങ്ങൾക്കും വലിയ തുക വേണം. സാമ്പത്തിക പരിമിതികൾ ബൽജീത്തിന്റെ മുന്നിലുമുണ്ടായിരുന്നു.
സ്വന്തം സ്വപ്നങ്ങൾക്കായി മറ്റുള്ളവരുടെ വീടുകളിൽ ശുചീകരണജോലികളും പാചകജോലികളും ചെയ്തു. കോവിഡ് കാലത്ത് ഓൺലൈനായി ഫിറ്റ്നസ് ക്ലാസുകൾ നടത്തി വരുമാനമുണ്ടാക്കി. പർവതാരോഹണത്തിനുള്ള പണം കണ്ടെത്താൻ അമ്മയുടെ ആഭരണങ്ങൾ വരെ വിറ്റു. മകളുടെ സ്വപ്നത്തിനൊപ്പം അമ്മയും ഉറച്ചുനിന്നു. സാമ്പത്തിക പ്രതിസന്ധികളെയും പരിമിതികളെയും മറികടന്നാണ് ബൽജീത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിലേക്ക് യാത്ര തുടങ്ങിയത്.
30 ദിവസത്തിനുള്ളിൽ 5 എട്ടായിരം മീറ്റർ കൊടുമുടികൾ
2022 ബൽജീത് കൗറിന്റെ പർവതാരോഹണ ജീവിതത്തിലെ നിർണായക വർഷമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ പലതും 8,000 മീറ്ററിലധികം ഉയരമുള്ളവയാണ്. ഇവ കീഴടക്കുക എന്നത് പരിചയസമ്പന്നരായ പർവതാരോഹകർക്ക് പോലും വലിയ വെല്ലുവിളിയാണ്. ഓക്സിജന്റെ അളവ് കുറയുന്ന അന്തരീക്ഷം, അതിശൈത്യം, ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, അപകടകരമായ മഞ്ഞുപാതകൾ എന്നിവയെല്ലാം ഓരോ ചുവടിനെയും പരീക്ഷിക്കും. എന്നാൽ ബൽജീത് ഈ വെല്ലുവിളികളെ അതിജീവിച്ച് 2022ൽ വെറും 30 ദിവസത്തിനുള്ളിൽ അഞ്ച് 8,000 മീറ്ററിലധികം ഉയരമുള്ള കൊടുമുടികൾ കീഴടക്കി.
ഏപ്രിൽ 28ന് ലോകത്തിലെ പത്താമത്തെ ഉയരം കൂടിയ പർവതമായ അന്നപൂർണ (8,091 മീറ്റർ) കീഴടക്കി. മേയ് 12ന് ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കാഞ്ചൻജംഗ (8,586 മീറ്റർ) കീഴടക്കി ജൈത്രയാത്ര തുടർന്നു. തുടർന്ന് മേയ് 21ന് ഏറ്റവും ഉയരം കൂടിയ എവറസ്റ്റും (8,848 മീറ്റർ) 22ന് ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ ലോട്സെയും (8,516 മീറ്റർ) കീഴടക്കി. ഒടുവിൽ മേയ് 28ന് അഞ്ചാമത്തെ ഉയരം കൂടിയ മക്കാലുവും (8,485 മീറ്റർ) കീഴടക്കി ജൈത്രയാത്ര പൂർത്തിയാക്കി. കേവലം 25 മണിക്കൂർ കൊണ്ടാണ് എവറസ്റ്റും ലോട്സെയും കീഴടക്കിയത്.
അന്നപൂർണയിൽ മരണത്തെ മുഖാമുഖം കണ്ട 18 മണിക്കൂർ
ബൽജീത് കൗറിന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവങ്ങളിലൊന്ന് 2023 ഏപ്രിലിൽ അന്നപൂർണ പർവതത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും അപകടസാധ്യതയുള്ള പർവതാരോഹണ കേന്ദ്രങ്ങളിലൊന്നായ അന്നപൂർണയുടെ ഉയരം 8,091 മീറ്ററാണ്. ഓക്സിജന്റെ കുറവും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഇവിടെ പർവതാരോഹകരുടെ ജീവന് ഭീഷണിയാകാറുണ്ട്.
2023 ഏപ്രിൽ 17ന് ബൽജീത് ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ അന്നപൂർണയുടെ മുകളിലെത്തി. എന്നാൽ തിരിച്ചിറങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഏകദേശം 7,100 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ് നാലിലേക്ക് മടങ്ങുന്നതിനിടെ ബൽജീത്തും ഒപ്പമുണ്ടായിരുന്ന ഷെർപമാരും കടുത്ത ക്ഷീണവും ഭ്രമാത്മകമായ കാഴ്ചാനുഭവങ്ങളും നേരിട്ടു. തുടർന്ന് ഷെർപമാർ സഹായത്തിനായി ക്യാമ്പിലേക്ക് മടങ്ങി. ബൽജീത് മലമുകളിൽ ഒറ്റയ്ക്കായി.
മണിക്കൂറുകളോളം മഞ്ഞുമലയിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്നു. കടുത്ത തണുപ്പും വിശപ്പും ക്ഷീണവും ഉറക്കവും ഒരുപോലെ അവരെ വേട്ടയാടി. ഉറങ്ങിപ്പോയാൽ ഹൈപ്പോതെർമിയ മൂലം മരണം സംഭവിക്കാമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ഉറക്കം വരാതിരിക്കാൻ കൈകളിൽ കടിക്കുകയും മുഖത്ത് അടിക്കുകയും ഉറക്കെ വിളിക്കുകയും പ്രാർഥിക്കുകയും ചെയ്തു. മണിക്കൂറുകൾ കടന്നുപോയിട്ടും സഹായമെത്തിയില്ല.
അവസാനം കൈവശമുണ്ടായിരുന്ന ജിപിഎസ് സംവിധാനമുള്ള ഉപകരണത്തിലെ അടിയന്തര സഹായ ബട്ടൺ ഉപയോഗിച്ചു. ഇതോടെ രക്ഷാപ്രവർത്തകർക്ക് അവരുടെ സ്ഥാനം കണ്ടെത്താനായി. മോശം കാലാവസ്ഥയിലും ഹെലികോപ്റ്റർ രക്ഷാദൗത്യത്തിനായി എത്തി. ഹെലികോപ്റ്ററിൽ നിന്നുള്ള കേബിളിൽ സ്വയം ബന്ധിപ്പിച്ചാണ് ബൽജീത് രക്ഷപ്പെട്ടത്. ഏകദേശം 18 മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട ശേഷമാണ് അവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് നേപ്പാളിലെ ആശുപത്രിയിൽ ചികിത്സ തേടി. കടുത്ത തണുപ്പ് കാരണം ഇടതുകാലിലെ വിരലിലുണ്ടായ പരുക്കുകളും ചികിത്സിക്കേണ്ടിവന്നു.
ഈ സംഭവത്തോടെ പർവതാരോഹണ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് പലരും കരുതിയെങ്കിലും ബൽജീത് പിന്മാറിയില്ല. അപകടം അവരെ ഭയപ്പെടുത്തിയില്ലെന്നും മറിച്ച് പർവതങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രതയോടെ തീരുമാനങ്ങളെടുക്കാൻ പഠിപ്പിച്ചെന്നും അവർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
അന്നപൂർണയിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ബൽജീത് പർവതാരോഹണത്തിൽനിന്ന് വിട്ടുനിന്നില്ല. 2024ൽ വീണ്ടും എവറസ്റ്റ് കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ രണ്ടാമതും എത്തിയ അവർ ഇത്തവണ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ചു.
ഏഴ് കൊടുമുടികൾ; ദേശീയ പുരസ്കാരത്തിലേക്ക്
2022 മുതൽ 2024 വരെയുള്ള കാലയളവിൽ ബൽജീത് കൗർ 8,000 മീറ്ററിന് മുകളിൽ ഉയരമുള്ള ഏഴ് പർവതങ്ങൾ വിജയകരമായി കീഴടക്കിയിരുന്നു. എവറസ്റ്റ് (8,848 മീറ്റർ), അന്നപൂർണ (8,091 മീറ്റർ), ധൗളഗിരി (8,167 മീറ്റർ), മനാസ്ലു (8,163 മീറ്റർ), മകാലു (8,463 മീറ്റർ), ലോട്സെ (8,516 മീറ്റർ), കാഞ്ചൻജംഗ (8,586 മീറ്റർ) എന്നിവയാണ് ഈ പർവതങ്ങൾ. ഈ നേട്ടങ്ങളാണ് ബൽജീത്തിനെ രാജ്യത്തെ മികച്ച പർവതാരോഹകരുടെ നിരയിലേക്ക് ഉയർത്തിയത്. 2023ൽ ഇന്ത്യൻ മൗണ്ടനീയറിങ് ഫൗണ്ടേഷന്റെ പർവതാരോഹണത്തിലെ മികച്ച പ്രകടനത്തിനുള്ള സ്വർണ മെഡലും അവർക്ക് ലഭിച്ചിരുന്നു.
ബൽജീത് കൗറിന്റെ നേട്ടങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ദേശീയ അംഗീകാരമാണ് ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരം. 2024ലെ പുരസ്കാരത്തിനാണ് ബൽജീത് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം 2026 സെപ്റ്റംബർ രണ്ടിനാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഭൂമിയിലെ സാഹസിക കായിക ഇനങ്ങളിലെ അസാധാരണ നേട്ടങ്ങൾ പരിഗണിച്ചുള്ള ലാൻഡ് അഡ്വഞ്ചർ വിഭാഗത്തിലാണ് ബൽജീത് പുരസ്കാരത്തിന് അർഹയായത്. 2026 നവംബർ 13ന് ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ബൽജീതിന് പുരസ്കാരം സമ്മാനിച്ചു. വെങ്കല പ്രതിമ, സർട്ടിഫിക്കറ്റ്, 15 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.
രാജ്യത്തെ സാഹസിക കായികരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ബഹുമതികളിലൊന്നാണിത്. 1994 മുതൽ എല്ലാ വർഷവും നൽകിവരുന്ന പുരസ്കാരം നാല് വിഭാഗങ്ങളിലായാണ് സമ്മാനിക്കുന്നത്. ലാൻഡ് അഡ്വഞ്ചർ, വാട്ടർ അഡ്വഞ്ചർ, എയർ അഡ്വഞ്ചർ, ലൈഫ് ടൈം അച്ചീവ്മെന്റ് എന്നിവയാണ് വിഭാഗങ്ങൾ.
2026ൽ പുരസ്കാരം ലഭിച്ചതോടെ ബൽജീത്തിന്റെ സാഹസിക ജീവിതത്തിന് ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിച്ചു. ഒരു പർവതത്തിന്റെ മുകളിൽ എത്തുന്നതുകൊണ്ടുമാത്രം ഒരു പർവതാരോഹണ ദൗത്യം പൂർത്തിയാകുന്നില്ല. സുരക്ഷിതമായി തിരിച്ചെത്തുമ്പോഴാണ് ദൗത്യം പൂർണമാകുന്നത് എന്നതാണ് ബൽജീത്തിന്റെ അനുഭവങ്ങൾ നൽകുന്ന വലിയ പാഠം.
സാധാരണ കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരിമിതികൾക്കിടയിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലേക്ക് യാത്ര നടത്തിയ ബൽജീത് കൗർ ഇന്ന് ഇന്ത്യൻ പർവതാരോഹണ രംഗത്തെ ശ്രദ്ധേയമായ പേരാണ്.
വീട്ടുജോലികൾ ചെയ്ത് സ്വപ്നങ്ങൾക്ക് പണം കണ്ടെത്തിയ പെൺകുട്ടി, അമ്മയുടെ ആഭരണങ്ങൾ വിറ്റ് തന്റെ യാത്രകൾക്ക് കരുത്തുപകർന്ന കുടുംബത്തിന്റെ പിന്തുണയോടെ ലോകത്തിന്റെ നെറുകയിലെത്തി. ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ട അതേ പർവതത്തിൽ നിന്ന് അതിജീവിച്ച് തിരിച്ചെത്തി വീണ്ടും പുതിയ കൊടുമുടികൾ കീഴടക്കി.
അന്നപൂർണയിലെ 18 മണിക്കൂർ നീണ്ട അതിജീവനവും എവറസ്റ്റിലെ നേട്ടങ്ങളും ഒടുവിൽ രാഷ്ട്രപതിയുടെ കൈകളിൽ നിന്ന് ലഭിച്ച ദേശീയ പുരസ്കാരവും ബൽജീത് കൗറിന്റെ ജീവിതത്തെ അസാധാരണമായ ഒരു പോരാട്ടചരിത്രമാക്കി മാറ്റുന്നു.
കൊടുമുടികൾ കീഴടക്കുക എന്നതിലുപരി, വീഴ്ചകളിൽ നിന്ന് വീണ്ടും ഉയർന്നുവരിക എന്നതാണ് ബൽജീത് കൗർ എന്ന പർവതാരോഹകയുടെ ജീവിതം നൽകുന്ന ഏറ്റവും വലിയ സന്ദേശം.