റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

 
Women

''ഭാരം കുറയുന്നതല്ല പ്രധാനം, കരുത്ത് നേടണം''; 40 കഴിഞ്ഞ സ്ത്രീകളോട് റിമി ടോമി

കഴിഞ്ഞ എട്ട് വർഷമായി തന്‍റെ ശരീരഭാരം ഏറെക്കുറെ ഒരേ പരിധിയിൽ തുടരുകയാണെന്നും ശരീരത്തെ കരുത്തുറ്റതാക്കുന്നതാണ് പ്രധാനമെന്നും റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി

Sarath Nath MS

ശരീരഭാരം കുറയ്ക്കുക എന്നതിലുപരി കരുത്തും ആരോഗ്യവും ആത്മവിശ്വാസവും നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ഗായികയും അവതാരകയുമായ റിമി ടോമി. കഴിഞ്ഞ എട്ട് വർഷമായി തന്‍റെ ശരീരഭാരം ഏറെക്കുറെ ഒരേ പരിധിയിൽ തുടരുകയാണെന്നും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ശരീരത്തെ കരുത്തുറ്റതാക്കുന്നതാണ് പ്രധാനമെന്നും റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

പരുക്കുകൾ, തിരക്കേറിയ സംഗീത പരിപാടികൾ, യാത്രകൾ, പതിവ് വ്യായാമത്തിൽ നിന്നുള്ള ഇടവേളകൾ തുടങ്ങിയവ കാരണം ശരീരഭാരത്തിൽ മാറ്റങ്ങൾ വരാറുണ്ട്. എന്നാൽ പിന്നീട് പതിവ് വ്യായാമത്തിലേക്ക് മടങ്ങിയെത്തുമെന്നും അതാണ് ജീവിതമെന്നും റിമി കുറിച്ചു.

പ്രത്യേകിച്ച് നാൽപ്പതുകളിലും അതിനുശേഷവുമുള്ള സ്ത്രീകൾക്ക് കരുത്ത് വർധിപ്പിക്കുന്ന വ്യായാമങ്ങൾ ഏറെ പ്രധാനമാണെന്നും റിമി ഓർമിപ്പിച്ചു. ജിമ്മിൽ ഭാരമുയർത്തുന്നതോ നടത്തം, കാർഡിയോ, യോഗ, നീന്തൽ തുടങ്ങിയ ഇഷ്ടമുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ആകട്ടെ, ശരീരത്തെ സജീവമായി നിലനിർത്താൻ ഓരോരുത്തരും ശ്രമിക്കണമെന്നും റിമി പറയുന്നു.

റിമിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്‍റെ പൂർണരൂപം

കഴിഞ്ഞ എട്ട് വർഷത്തോളമായി എന്‍റെ ശരീരഭാരം ഏറെക്കുറെ ഒരേ പരിധിയിലാണ് തുടരുന്നത്. തീർച്ചയായും, അതിൽ ഉയർച്ചകളും താഴ്ചകളുമുണ്ട്. പരുക്കുകൾ, തിരക്കേറിയ സംഗീത പരിപാടികൾ, യാത്രകൾ, പതിവ് വ്യായാമത്തിൽ നിന്നുള്ള ഇടവേളകൾ എന്നിവയ്ക്കുശേഷം ചിലപ്പോൾ എന്‍റെ ഭാരം കൂടാറുണ്ട്. പിന്നീട് ഞാൻ വീണ്ടും പതിവ് ദിനചര്യയിലേക്ക് മടങ്ങും. അതാണ് ജീവിതം.

ഞാൻ പലപ്പോഴും കേൾക്കുന്ന ഒരു അഭിപ്രായമുണ്ട്: “ഓ, ഓരോ ദിവസവും നിന്‍റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ!” എന്നാൽ സത്യം അതല്ല. എല്ലാ ദിവസവും ശരീരഭാരം കുറയ്ക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ചിലപ്പോൾ എന്‍റെ തൂക്കത്തിലെ അക്കം കൂടുകപോലും ചെയ്യും.

കാരണം, ശരീരഭാരം കൂടുന്നു എന്നതുകൊണ്ട് എല്ലായ്പ്പോഴും ശരീരത്തിലെ കൊഴുപ്പ് കൂടുന്നു എന്നർഥമില്ല. ശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനൊപ്പം പേശികൾ വളരുകയും ചെയ്യാം. തൂക്കത്തിലെ അക്കം മാത്രം നോക്കിയാൽ ശരീരത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും മനസിലാക്കാനാവില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഫിറ്റ്നസ് എന്നത് മെലിഞ്ഞതായി കാണപ്പെടുകയോ തൂക്കത്തിലെ അക്കം കുറയ്ക്കുകയോ മാത്രമല്ല. കരുത്ത് വളർത്തുക, പേശികൾ നിലനിർത്തുക, ശാരീരികശേഷി മെച്ചപ്പെടുത്തുക, ഉള്ളിൽ നിന്ന് കരുത്തുള്ളതായി അനുഭവപ്പെടുക എന്നിവയെല്ലാം അതിന്‍റെ ഭാഗമാണ്.

പ്രത്യേകിച്ച് നാൽപ്പതുകളിലും അതിനുശേഷവുമുള്ള സ്ത്രീകൾക്ക് സ്വയം പരിപാലിക്കുന്നതിൽ കരുത്ത് വർധിപ്പിക്കുന്ന വ്യായാമങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ജിമ്മിൽ ഭാരം ഉയർത്തുന്നതാകട്ടെ, നടത്തം, കാർഡിയോ, യോഗ, നീന്തൽ എന്നിവയാകട്ടെ, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും പ്രവർത്തനമാകട്ടെ, ശരീരത്തെ ചലനാത്മകമായി നിലനിർത്താനുള്ള വഴി കണ്ടെത്തുക.

നമ്മുടെ പുരോഗതിയെ തൂക്കത്തിലെ അക്കങ്ങൾകൊണ്ട് മാത്രം വിലയിരുത്തുന്നത് അവസാനിപ്പിക്കാം. നമ്മുടെ ശരീരത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുന്നു, നമുക്ക് എത്രത്തോളം കരുത്ത് അനുഭവപ്പെടുന്നു, സ്വന്തം ആരോഗ്യത്തെ എത്ര നന്നായി പരിപാലിക്കുന്നു എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

കുറഞ്ഞ ഭാരം നേടുക മാത്രമല്ല ലക്ഷ്യം. ഓരോ വർഷം കഴിയുന്തോറും കൂടുതൽ കരുത്തും ആരോഗ്യവും ആത്മവിശ്വാസവും നേടുക എന്നതായിരിക്കണം ലക്ഷ്യം.

ഒരു അക്കത്തിനു പിന്നാലെ മാത്രം പോകരുത്. നിങ്ങളുടെ കരുത്ത് വളർത്തുക. ആരോഗ്യം സംരക്ഷിക്കുക. നിങ്ങളുടെ യാത്രയെ സ്നേഹിക്കുക.