വിജയ രാഹത്കർ

 

File photo

Women

'സിംഗിൾ' സ്ത്രീകളെ പിന്തുണയ്ക്കാൻ കഴിയണം: വനിതാ കമ്മിഷൻ

സഹതാപമല്ല, വിശ്വാസവും പിന്തുണയും അന്തസോടെ ജീവിക്കാനുള്ള അവസരങ്ങളുമാണ് ഒറ്റയ്ക്കു ജീവിക്കുന്നവർക്ക് ആവശ്യം

MV Desk

ന്യൂഡൽഹി: വൈവാഹിക പദവി നോക്കാതെ എല്ലാ സ്ത്രീകളെയും അംഗീകരിക്കാനും പിന്തുണയ്ക്കാനും സമൂഹത്തിന് കഴിയണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹത്കർ. അവിവാഹിതരോ ഒറ്റയ്ക്കു ജീവിക്കുന്നവരോ (സിംഗിൾ) ആയ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം, സുരക്ഷിതമായ പാർപ്പിടം, സാമൂഹിക സുരക്ഷ, നിയമസഹായം എന്നിവ ഉറപ്പാക്കണമെന്നും അവർ.

സിംഗിൾ സ്ത്രീകൾ നേരിടുന്ന നിയമപരവും സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ സാഹചര്യങ്ങളും ആവശ്യങ്ങളും വെല്ലുവിളികളും വ്യത്യസ്തമാണെന്ന് വിജയ രഹത്കർ ചൂണ്ടിക്കാട്ടി. സാമൂഹിക മുൻവിധികൾ, അവബോധമില്ലായ്മ, ഭരണപരമായ തടസങ്ങൾ എന്നിവ കാരണം അർഹമായ ആനുകൂല്യങ്ങൾ പലപ്പോഴും ഇവർക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ഇതിന് പരിഹാരമായി ഏകോപിതമായ സംവിധാനങ്ങൾ അനിവാര്യമാണ്.

സഹതാപമല്ല, വിശ്വാസവും പിന്തുണയും അന്തസോടെ ജീവിക്കാനുള്ള അവസരങ്ങളുമാണ് ഒറ്റയ്ക്കു ജീവിക്കുന്നവർക്ക് ആവശ്യം. ഒരു സ്ത്രീ ഒറ്റയ്ക്കായിരിക്കുമ്പോഴും നിസഹായയാകാത്ത, സ്വതന്ത്രയായിരിക്കുമ്പോഴും അരക്ഷിതയാകാത്ത, സാമൂഹിക സമ്മർദങ്ങളില്ലാതെ സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കർണാടക ഗവർണർ സുധാ യാദവ്, ഒരു സ്ത്രീയുടെ വ്യക്തിത്വവും ഭാവിയും നിർണയിക്കേണ്ടത് അവരുടെ വൈവാഹിക പദവിയല്ലെന്ന് അഭിപ്രായപ്പെട്ടു. 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്‍റ് സുഖ്ബീർ സിങ് യാദവിന്‍റെ ഭാര്യയായ സുധാ യാദവ്, തന്‍റേതടക്കമുള്ള കാർഗിൽ യുദ്ധവിധവകളുടെ അതിജീവനാനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.