അലക്സാണ്ട്രിയ ഒകാസിയോ കോർട്ടസ്
വാഷിങ്ടൺ: 2028ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അടുത്ത രാഷ്ട്രീയ നീക്കങ്ങൾ ആലോചിക്കുന്നതിനിടെ താൻ അണ്ഡങ്ങൾ ശീതീകരിക്കുകയാണെന്ന് യുഎസ് കോൺഗ്രസ് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടസ്. സ്വന്തം ജീവിതത്തിൽ കൂടുതൽ നിയന്ത്രണം അനുഭവിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഒകാസിയോ കോർട്ടസ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. യുഎസ് രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായ 36കാരിയായ ഒകാസിയോ കോർട്ടസ് അവിവാഹിതയാണ്.
ഭാവിയിൽ കുട്ടികൾ വേണമെന്ന കാര്യത്തിൽ വ്യക്തമായ നിലപാട് അവർ വ്യക്തമാക്കിയിട്ടില്ല. കുടുംബത്തെക്കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയുന്നത് രാഷ്ട്രീയപരമായി അപകടസാധ്യതയുള്ള തീരുമാനമാണെന്നും അവർ പറഞ്ഞു. 2028ൽ പ്രസിഡന്‍റ് സ്ഥാനത്തേക്കോ ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഫ്ലോർ ലീഡറായ ചക്ക് ഷൂമർ വഹിക്കുന്ന യുഎസ് സെനറ്റ് സീറ്റിലേക്കോ മത്സരിക്കുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും അവർ ഞായറാഴ്ച എബിസിയുടെ ‘ദിസ് വീക്ക്’ പരിപാടിയിൽ വ്യക്തമാക്കി.
രാഷ്ട്രീയത്തിലും മറ്റ് മേഖലകളിലും സ്ത്രീകൾ അവരുടെ കുടുംബപശ്ചാത്തലത്തിന്‍റെ പേരിൽ നേരിടുന്ന വ്യത്യസ്ത മാനദണ്ഡങ്ങളും നിരീക്ഷണങ്ങളും സംബന്ധിച്ച ചർച്ചകൾ സാധാരണപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഒകാസിയോ കോർട്ടസ് പറഞ്ഞു. ഗർഭച്ഛിദ്രാവകാശം മുതൽ ആരോഗ്യകരമായ ഗർഭധാരണം സാധ്യമാക്കുന്നതിനുള്ള പരിചരണം വരെ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രത്യുത്പാദന ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച നയങ്ങളെയും അവർ ചൂണ്ടിക്കാട്ടി.
നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം ഗർഭച്ഛിദ്രാവകാശത്തെ എതിർക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങൾ നേതാക്കൾ തുറന്നുപറയേണ്ടത് പ്രധാനമാണെന്ന് അവർ പറഞ്ഞു. 2022ൽ യുഎസ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സ്ഥാപിച്ചിരുന്ന ‘റോ വേഴ്സസ് വേഡ്’ വിധി റദ്ദാക്കിയിരുന്നു. ട്രംപ് ആദ്യ ഭരണകാലത്ത് സുപ്രീം കോടതിയിലേക്ക് നിയമിച്ച ജഡ്ജിമാരാണ് ആ വിധി മാറ്റുന്നതിനാവശ്യമായ ഭൂരിപക്ഷത്തിന് വഴിയൊരുക്കിയത്. അതേസമയം, ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിനായി 2025ൽ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു.
ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി സഭ നിയന്ത്രിച്ചിരുന്ന 2022ൽ ഒകാസിയോ കോർട്ടസ് ഗർഭച്ഛിദ്രാവകാശം ഫെഡറൽ നിയമമായി സംരക്ഷിക്കുന്നതിനുള്ള ബില്ലിന് നേതൃത്വം നൽകിയിരുന്നു. രാഷ്ട്രീയത്തിലും മറ്റ് തൊഴിൽ മേഖലകളിലും സ്ത്രീകൾ നേരിടുന്ന ഇരട്ട മാനദണ്ഡങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. പുരുഷന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴോ ജോലിക്കുള്ള അഭിമുഖത്തിന് പോകുമ്പോഴോ അവരുടെ പ്രായവും കുടുംബം തുടങ്ങാനുള്ള സാധ്യതയും ആളുകൾ ഇതേ രീതിയിൽ പരിഗണിക്കാറില്ലെന്നും ഒകാസിയോ കോർട്ടസ് ചൂണ്ടിക്കാട്ടി. ന്യൂയോർക്കിൽ നിന്നുള്ള യുഎസ് പ്രതിനിധി സഭ അംഗമാണ് ഒകാസിയോ കോർട്ടസ്.