ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സംവാദത്തിൽ അശോകൻ ചരുവിൽ സംസാരിക്കുന്നു.

 
Literature

കരുത്തും ദൗർബല്യവും നാടുമായുള്ള ആത്മബന്ധം: അശോകൻ ചരുവിൽ | Video

ജർമൻ സന്ദർശനത്തിന്‍റെ വിവരണം എഴുതിയപ്പോൾ 'ഇതിലെവിടെ ജർമനി? ഇത് കാട്ടൂർ തന്നെയല്ലേ' എന്നാണ് വായനക്കാർ ചോദിച്ചത്.

ഷാർജ: വിപുലമായ പരിചയങ്ങളെക്കാളും ബന്ധങ്ങളെക്കാളും നാടുമായുള്ള ആത്മബന്ധമാണ് തന്‍റെ കരുത്തും ദൗബല്യവുമെന്ന് മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ അശോകൻ ചരുവിൽ. നാടിനെയും നാട്ടുകാരെയും അറിയുമെന്നത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതേസമയം എഴുത്തിൽ ആവർത്തനം വരുന്നുവെന്നതാണ് ഇതിന്‍റെ ന്യൂനത. ജർമൻ സന്ദർശനത്തിന്‍റെ വിവരണം എഴുതിയപ്പോൾ 'ഇതിലെവിടെ ജർമനി? ഇത് കാട്ടൂർ തന്നെയല്ലേ' എന്നാണ് വായനക്കാർ ചോദിച്ചത്.

നാടിന്‍റെ അതിരുകൾ ഭേദിച്ച് ഒരു പുസ്തകം എഴുതുന്നുണ്ടെന്നും ഉടൻ പൂർത്തിയാവുമെന്നും അശോകൻ ചരുവിൽ പറഞ്ഞു.

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "മണ്ണിൽ വേരൂന്നിയ കഥകൾ: മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതത്തിന്‍റെയും ആഖ്യായികൾ' എന്ന ശീർഷകത്തിൽ നടന്ന സംവാദത്തിൽ അംബികാസുതൻ മാങ്ങാടിനൊപ്പം സംസാരിക്കുകയായിരുന്നു അശോകൻ ചരുവിൽ.

മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തിരിച്ചറിയുന്നത് എഴുത്തുകാരനാണെന്ന് അശോകൻ ചരുവിൽ പറഞ്ഞു. ഇതിന് നിരീക്ഷണം ആവശ്യമാണ്. സഹജീവിയെ തിരിച്ചറിയാനുള്ള കഴിവാണ് എഴുത്തുകാരന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അസ്വതന്ത്രമായ പരിമിതമായ ജീവിത സാഹചര്യങ്ങൾ ഒരു സാധാരണ മനുഷ്യന് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. എന്നാൽ എഴുത്തുകാരന് അത് സാധിക്കും. അതിനെയാണ് പ്രതിഭ എന്ന് വിളിക്കുന്നതെന്ന് അശോകൻ ചരുവിൽ പറയുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൂടുതൽ ജനകീയമായത് 1930 കളിൽ കർഷകരും തൊഴിലാളികളും അതിന്‍റെ ഭാഗമായപ്പോഴാണ്. അതിന് കാരണം രബീന്ദ്രനാഥ ടഗോർ, പ്രേംചന്ദ് തുടങ്ങിയ എഴുത്തുകാരുടെ രചനകളാണ്.

തന്‍റെ ജീവിതം എഴുത്തിൽ കാണുമ്പോൾ ആവേശഭരിതരായി സാമൂഹ്യ മാറ്റത്തിന് വേണ്ടി കർഷകരും തൊഴിലാളികളും മുന്നോട്ട് വരുന്നു എന്നതാണ് വസ്തുതയെന്ന് അശോകൻ ചരുവിൽ വിശദീകരിച്ചു.

പണ്ട് കാലത്തെ കുടുംബബന്ധങ്ങൾ മികച്ചതായിരുന്നു എന്ന് ഇക്കാലത്ത് പലരും പറയുന്നത് കേൾക്കാറുണ്ട്. എന്നാണ് മലയാളിക്ക് കുടുംബം ഉണ്ടായതെന്ന് ആലോചിക്കണമെന്ന് അശോകൻ ചരുവിൽ ആവശ്യപ്പെട്ടു. കടുത്ത ഏകാധിപത്യ പ്രവണത നിലനിന്നിരുന്ന ഒരിടമായിരുന്നു കുടുംബം. മക്കൾക്ക് അച്ഛന്‍റെ അടുത്തുപോലും പോകാൻ സാധിക്കാതിരുന്ന കാലം. അതിനെയാണ് കേരളീയ നവോത്ഥാനം തകിടം മറിച്ചത്. അത് സ്നേഹമെന്ന രാഷ്ട്രീയ സന്ദേശം ഉയർത്തിപിടിച്ചുകൊണ്ടായിരുന്നു. നവോത്ഥാനത്തിന്‍റെ യഥാർത്ഥ മൂല്യം സ്നേഹമായിരുന്നുവെന്ന് അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടി.

മറ്റ് മതങ്ങളിൽ ഉള്ളവരെ വെറുക്കാനാണ് മതരാഷ്ട്ര വാദികൾ ആവശ്യപ്പെടുന്നത്. അതിൽ വശംവദരാകുന്നവർ ക്രമേണ സ്വന്തം മതത്തിൽ ഉള്ളവരെ വെറുക്കാൻ തുടങ്ങും. പിന്നെ അയൽക്കാരെയും വീട്ടുകാരെയും വെറുക്കും. അന്തിമമായി സ്വയം വെറുക്കും. കാരണം വെറുക്കാൻ തുടങ്ങിയാൽ പിന്നെ അവസാനിപ്പിക്കാൻ പറ്റില്ലെന്ന് അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറം മനുഷ്യബന്ധങ്ങളുടെ മൂല്യത്തെ തിരിച്ചുകൊണ്ടുവരിക എന്നതാണ് എഴുത്തുകാരൻ ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു.

സ്വാതന്ത്ര്യ സമരക്കാലത്ത് രൂപപ്പെട്ട ദേശീയത, മതേതരത്വം തുടങ്ങിയ മൂല്യങ്ങളാണ് ഇന്ത്യയുടെ നിലനിൽപ്പിന് ആധാരം. അത് ഉപേക്ഷിച്ചാൽ നാം ഛിന്നഭിന്നമായി പോകുമെന്ന് അശോകൻ ചരുവിൽ മുന്നറിയിപ്പ് നൽകി. അധ്യാപകൻ കെ. രഘുനന്ദനൻ മോഡറേറ്ററായിരുന്നു.