രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്മോഹം തുടിച്ചുണര്‍ന്നീടവേ...
MV Graphics
വാല്മീകി രാമായണത്തിൽ അഗസ്ത്യശാപത്താൽ നരഭോജിയായ രാക്ഷസിയാകുന്ന യക്ഷി താടകയെ, വയലാർ രാമവർമ്മ 'താടക എന്ന ദ്രാവിഡ രാജകുമാരി' എന്ന കവിതയിൽ രാമനോട് അനുരാഗത്തോടെ എത്തുന്ന ദ്രാവിഡ രാജകുമാരിയായി പുനർവ്യാഖ്യാനം ചെയ്യുന്നു. സൂര്യവംശത്തിന്റെ സിംഹാസനം ആര്യവംശത്തിന് അടിയറ വയ്ക്കുമോ എന്ന അവളുടെ ചോദ്യമാണ് വിശ്വാമിത്രന്റെ കൊലയ്ക്കുള്ള ആജ്ഞയിലേക്ക് നയിക്കുന്നത്. വാല്മീകിയിലെ വില്ലൊടിക്കൽ കണ്ടുമുട്ടലും തുളസീദാസിന്റെ രാമചരിതമാനസത്തിലെ പൂന്തോട്ട രംഗവുമായി താരതമ്യം ചെയ്യുന്ന ലേഖനം, കവിതയെ ചരിത്രപ്രബന്ധമായല്ല, ഭാവനാത്മക രൂപകമായി വായിക്കുന്നു. താടകയുടെ സ്വന്തം ശബ്ദം കവിതയിൽ ചുരുക്കമാണെന്നും അവളുടെ പ്രണയം ആത്മാർഥമോ രാഷ്ട്രീയ ഉപകരണമോ എന്ന അവ്യക്തത ശേഷിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
വി.കെ. സഞ്ജു
വാല്മീകി രാമായണത്തിൽ രാമനെ സീത ആദ്യമായി കാണുന്നത് ജനക രാജസഭയിൽ ഒരു മുട്ടൻ വില്ല് വലിച്ചൊടിക്കുമ്പോഴാണ്. ഹൗ അൺറൊമാന്റിക്!
രാമചരിതമാനസത്തിൽ എത്തുമ്പോൾ തുളസീദാസ് അവരുടെ ആദ്യ സമാഗമത്തെ കാൽപ്പനികമാക്കുന്നുണ്ട്. ഗൗരീപൂജയ്ക്കു വന്ന സീതയും, വിശ്വാമിത്രനു വേണ്ടി പൂവിറുക്കാൻ പോയ രാമനും ആദ്യകാഴ്ചയിൽ അനുരാഗനിബദ്ധരാകുന്ന രംഗം.
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ...
'താടക എന്ന ദ്രാവിഡ രാജകുമാരി' എന്ന കവിതയിൽ വയലാർ രാമവർമ എഴുതിയിരിക്കുന്നതും ശ്രീരാമന്റെ 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' മൊമെന്റിനെക്കുറിച്ചു തന്നെയാണ്. പക്ഷേ, അത് സീതയെ ആദ്യമായി കണ്ട നിമിഷത്തിന്റെ വർണനയല്ലെന്നു മാത്രം!
ഇവിടെയും ഗൗരീപൂജയ്ക്കു വരുന്ന രാജകുമാരി തന്നെയാണ് കഥാനായിക. പേര് സീതയെന്നല്ല, താടക എന്നാണ്. ''പാർവതീപൂജയ്ക്ക് പൂനുള്ളുവാൻ വന്ന ദ്രാവിഡ രാജകുമാരിയാം താടക''! ഗൗരിയുടെ പര്യായമായ പാർവതി എന്നാണ് വയലാറും ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തുളസീദാസിന്റെയും വയലാറിന്റെയും ഭാവനകളിൽ പൊതുവായി വരുന്ന മറ്റൊരു എലമെന്റാണ് വിശ്വാമിത്രൻ. കാമസ്വരൂപനെ കൊണ്ടുനടക്കുന്ന തപോധനനായി താടക കാണുന്നത് വിശ്വാമിത്രനെ തന്നെ.
താടകയുടെ അപ്രോച്ച് കണ്ട് അപകടം മണത്ത വിശ്വാമിത്രൻ ഹൊറർ മ്യൂസിക്കിട്ട് ഒരു ഇൻട്രോ സീൻ കൊടുക്കുന്നുണ്ട് വയലാറിന്റെ കവിതയിൽ, നിശാചരി എന്നാണ് അതിലെ വിശേഷണം, രാക്ഷസി!
രാവണപുത്രി എന്ന കവിതയിൽ സീതയെ രാവണന്റെ മകളായി അവതരിപ്പിച്ച വയലാർ, 'താടക എന്ന ദ്രാവിഡ രാജകുമാരി' എന്ന കവിതയിലാണ് താടകവധത്തിന് ഇത്തരത്തിൽ വ്യത്യസ്തമായൊരു വ്യാഖ്യാനം നൽകിയിട്ടുള്ളത്.
വാല്മീകി രാമായണത്തിന്റെ ബാലകാണ്ഡത്തിൽ ഉൾപ്പെടുന്നതാണ് താടകയുടെ കഥ. അതിൽ ആയിരം ആനകളുടെ കരുത്തുമായി ജനിച്ച യക്ഷപുത്രിയാണവൾ. സുന്ദന്റെ ഭാര്യ, മാരീചന്റ അമ്മ. സുന്ദൻ അഗസ്ത്യമുനിയുടെ ശാപത്താൽ മരിക്കുന്നു. പ്രതികാരം ചെയ്യാൻ വരുന്ന താടകയെ മുനി സ്വീകരിക്കുന്നത് റീച്ചാർജ് ചെയ്തു വച്ച ശാപത്തിന്റെ ബാറ്ററിയുമായാണ്- സുന്ദരിയായ താടക നരഭോജിയായ രാക്ഷസിയായി മാറുന്നു. ഇതോടെ താടക ഏറെക്കുറെ ഹൾക്കിന്റെ ഫീമെയിൽ വെർഷനായി മാറിയെന്ന് വാല്മീകി ഭാഷ്യം.
പക്ഷേ, വയലാറിന്റെ രാമൻ കാണുന്ന താടക ഹൾക്കല്ല, സിൻഡ്രെല്ലയാണ്. രാമനെ കണ്ട് സലജ്ജം സകാമം സവിസ്മയം നിൽക്കുകയാണവൾ. അങ്ങനെ റിലേ പോയി നിൽക്കുന്ന ചിക്കിനെ കണ്ട മാത്രയിലാണ് രാമനിൽ രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് മോഹം തുടിച്ചുണര്ന്നതെന്ന് വയലാർ എഴുതുന്നു. പിന്നീടങ്ങോട്ട് പ്രണയവും കാമവുമെല്ലാം മുനികോപത്തിനു വഴിമാറുകയാണ്. കൊല്ലാനാണ് ആജ്ഞ. ദശരഥന്റെ സദസിൽ പോയി ക്വൊട്ടേഷൻ കൊടുത്ത് കൊണ്ടുവന്ന പിള്ളേരാണല്ലോ വിശ്വാമിത്രന് രാമ-ലക്ഷ്മണന്മാർ!
യക്ഷിണിയായാലും രാക്ഷസിയായാലും താടക ഒരു സ്ത്രീയാണ്; സ്ത്രീകളെ ആക്രമിക്കുന്നത് ധർമമല്ലെന്നൊക്കെ രാമനറിയാം. പക്ഷേ, വിശ്വാമിത്രന്റെ നിർബന്ധത്തിനു വഴങ്ങി അതും ചെയ്യേണ്ടിവരുന്നു. അതോടെ കവിതയിലെ സ്വത്വ രാഷ്ട്രീയവും രാകി മിനുക്കുകയാണ് വയലാർ.
ഭാരത ഭൂമിയിലേക്കുള്ള ആര്യൻ അധിനിവേശത്തിന്റെ മൂർച്ചയാണ് കവിയുടെ വാക്കുകളിൽ വെട്ടിത്തിളങ്ങുന്നത്. ആര്യഗോത്രക്കാർ ദക്ഷിണേന്ത്യയിലേക്ക് വന്ന് തനതു സംസ്കാരമൊക്കെ തിരുത്തിയെഴുതിയെന്ന ആരോപണം കവി ആദ്യം ഉന്നയിക്കുന്നു. തുടർന്നിങ്ങോട്ട്, ആര്യ-ദ്രാവിഡ സംഘർഷത്തിന്റെ ഗൂഢ വ്യാഖ്യാനങ്ങൾ പേറുന്ന കഥകളോരോന്നായി ചുരുങ്ങിയ വാക്കുകളിൽ ഇതൾ വിരിയുന്നു. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനൻ മുതൽ, അച്ഛന്റെ വാക്കു കേട്ട് അമ്മയുടെ കഴുത്തറുത്ത പരശുരാമൻ വരെയുണ്ടതിൽ.
വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍ വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള് എന്നൊക്കെ കുറിക്കുമ്പോൾ, പരശുരാമന്റെ അമ്മയായ രേണുകയെ മാത്രമല്ല, തെക്കേയിന്ത്യയിൽ നിലനിന്ന ശാക്തേയ സമ്പ്രദായത്തിലുള്ള അമ്മ ദൈവത്തെ തന്നെ ഇല്ലാതാക്കി ബ്രാഹ്മണ ശൈലിയിലുള്ള ആരാധനാ രീതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നാണ് സൂചന.
ഇവിടെ, 'കേവലം' ഒരു പെണ്ണായി അവതരിപ്പിച്ചിരിക്കുന്ന താടകയെ വിശ്വാമിത്രൻ ഇത്ര ഭയക്കുന്നതെന്തിനെന്നും വിശദീകരിക്കുന്നുണ്ട് വയലാർ. ആര്യവംശാധിപത്യത്തിനെ ആട്ടിയകറ്റിയ രാജകുമാരി എന്ന നിലയിലാണത്രെ താടകയെ വിശ്വാമിത്രൻ കാണുന്നത്.
മൂലകഥയിൽ നിന്നു വേറിട്ട്, ആദ്യ കാഴ്ചയിൽ നടക്കേണ്ട കൊലപാതകം അന്നു രാത്രിയിലേക്കു മാറ്റിവയ്ക്കുകയാണ് കവി. ഉറങ്ങിക്കിടക്കുന്ന രാമന്റെയടുത്ത് അനുരാഗപരവശയായി എത്തുന്ന താടക. തളിർത്താമര മൊട്ടു പോലുള്ള കൈവിരലുകൾ കൊണ്ട് രാമനെ തലോടുന്നവൾ. ആദ്യത്തെ മാദകചുംബനത്തില്‍ രാമന്റെ കണ്ണുകള്‍ പൂത്തുവിടര്ന്നുവെന്നാണ് വയലാർ എഴുതിവച്ചിരിക്കുന്നത്.
പക്ഷേ, അവിടെയൊരു ട്വിസ്റ്റുണ്ട്. ''വിൽ യൂ മാരീ മീ?'' എന്നൊന്നുമല്ല രാമനോടു താടക ചോദിക്കുന്നത്. നിങ്ങൾ സൂര്യവംശക്കാരുടെ സിംഹാസനം, എങ്ങാണ്ടുന്നു വന്ന ആര്യവംശത്തിനു മുന്നിൽ അടിയറ വയ്ക്കാൻ പോകുകയാണോ എന്നാണ്. ആ ചോദ്യം രാമനെയല്ല, ഋഷിമാരെയാണ് ഞെട്ടിക്കുന്നത്. അവിടെ വച്ചാണ് വിശ്വാമിത്രൻ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറിടുന്നത്:
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,
രാമാ, കൊല്ലൂ നിശാചരി താടകയാണവള്‍.
അങ്ങനെ, ആദ്യമായിട്ടൊരു സൈഡ് വലിവ് തോന്നിയ ആളുടെ നെഞ്ചത്തേക്കു തന്നെ രാമൻ ഒരു മിസൈലങ്ങ് വിക്ഷേപിച്ചു.
ആദ്യമായി രാമന്റെ മന്മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു
എന്നാണ് വയലാറിന്റെ ഭാവന. അതുകണ്ട് വിന്ധ്യാചലം പോലും സ്തംഭിച്ചു നിന്നുപോലും. ഭാരതത്തെ ഉത്തര - ദക്ഷിണ ഭാഗങ്ങളായി വേർതിരിക്കുന്ന വിന്ധ്യനെ തന്നെ വയലാർ ഇവിടെ കൊണ്ടു വന്നു നിർത്തിയത് വെറും യാദൃച്ഛികത ആകാൻ തരമില്ലല്ലോ, മേൽപ്പറഞ്ഞ പൊളിറ്റിക്സൊക്കെ ഇത്രയും വ്യക്തമായി ഇതിൽ തന്നെ എഴുതി വച്ചിരിക്കുന്ന സാഹചര്യത്തിൽ!
അതേസമയം, വയലാർ ഇതൊരു ചരിത്രപ്രബന്ധമായല്ല, ഒരു ഭാവനാത്മക രൂപകമായാണ് ഉപയോഗിക്കുന്നത്. കവിതയുടെ ശക്തി ചരിത്രത്തിലോ സിദ്ധാന്തങ്ങളിലോ അല്ല, കാൽപ്പനികതയിലാണ്. താടകയുടെ സ്വന്തം ശബ്ദം പോലും ഈ കവിതയിൽ വളരെ ചുരുക്കമാണ്. അവളുടെ ദുഃഖം നമ്മൾ കേൾക്കുന്നത് രാമന്റെ മോഹത്തിലൂടെയാണ്. അവളുടെ പ്രണയം ആത്മാർഥമാണോ അതോ ഒരു പൊളിറ്റിക്കൽ ടൂൾ ആണോ എന്ന അവ്യക്തത കവിതയിൽ അവശേഷിപ്പിക്കുന്നു. തലോടലിനു പിന്നാലെ വരുന്ന ചോദ്യം ഇതിന് ഉദാഹരണം.
ഏതായാലും, ആര്യാധിനിവേശ സിദ്ധാന്തത്തിനു മേൽ ഇനിയും അവസാനിക്കാത്ത വാദപ്രതിവാദങ്ങളുടെ എരിതീയിലേക്ക് വിവാദങ്ങളുടെ എണ്ണ പകരാൻ പോന്ന പെണ്ണായിരുന്നു വയലാറിന്റെ താടക. അതേസമയം, രാവണപുത്രിയെപ്പോലെ താടക എന്ന ദ്രാവിഡ രാജകുമാരിയും വയലാറിന്റെ അനശ്വര കവിതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ വായിച്ചും കേട്ടും മുറിവേറ്റവർക്ക് ചിലപ്പോൾ 'അശ്വമേധം' അൽപ്പം ആശ്വാസം പകർന്നിട്ടുമുണ്ടാവും.
Vayalar Rama Varma’s poem “Thataka Enna Dravida Rajakumari” reimagines Thataka, a yakshi who becomes a flesh-eating rakshasi after Agastya’s curse in Valmiki’s Ramayana, as a Dravidian princess who comes to Rama in love and is killed on Vishwamitra’s command after asking whether the Suryavamsha throne will be surrendered to the Aryan clan. The article compares this with the bow-breaking first meeting of Rama and Sita in Valmiki and the garden scene in Tulsidas’s Ramcharitmanas, and reads the poem as an imaginative metaphor rather than historical argument. It notes that Thataka’s own voice is rare in the poem and that her love remains ambiguous between sincerity and politics.