പുലരിയിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ വന്നുപതിക്കുന്നതും സന്ധ്യക്ക് അവസാനത്തെ സൂര്യരശ്മി തങ്ങിനിൽക്കുന്നതും പച്മഡിയിലെ ധൂപ്ഗഢിലാണ്.
Metro Vaartha
ഭോപ്പാലിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ ഹിൽ സ്റ്റേഷനായ പച്മഡിയിലേക്കുള്ള യാത്ര. സത്പുര മലനിരകൾ, നർമദാ പരിക്രമ വിശ്വാസം, ഗ്രാമീണ മധ്യേന്ത്യയുടെ കാഴ്ചകൾ, സൈനിക കന്റോൺമെന്റ്, പാണ്ഡവ് കേവ്സ് എന്നിവയെക്കുറിച്ച്. വി.കെ. സഞ്ജു എഴുതിയ എട്ടു ഭാഗങ്ങളുള്ള മധ്യപ്രദേശ് യാത്രാവിവരണം. സാഞ്ചി സ്തൂപം, പച്മഡി, ധൂപ്ഗഢ്, ഭീംബേട്ക ഗുഹാചിത്രങ്ങൾ, ഭോപ്പാൽ ട്രൈബൽ മ്യൂസിയം, ഓംകാരേശ്വർ, മധ്യപ്രദേശിലെ മലയാളി സമൂഹം എന്നിവ ഉൾപ്പെടുന്ന, ടൂറിസം ബോർഡിന്റെ ക്ഷണപ്രകാരമുള്ള മാധ്യമ പര്യടനത്തിലെ അനുഭവങ്ങൾ.
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ സൈനിക കന്റോൺമെന്റാണ് പച്മഡി.
വി.കെ. സഞ്ജു
പത്രത്തിനു മധ്യ പ്രദേശ് എഡിഷൻ തുടങ്ങിയ കാലത്തെ ഭോപ്പാൽ യാത്രയുടെ ഓർമകൾ ഉണർത്തിക്കൊണ്ട് ബഡാ തലാബും ഛോട്ടാ തലാബുമൊക്കെ കടന്ന് അർബേനിയ മുന്നോട്ടു നീങ്ങി. അതിരാവിലെ തന്നെ പച്മഡിയിലേക്കാണ് യാത്ര. 190 കിലോമീറ്റർ അകലെയാണ് പച്മഡി- സത്പുരയുടെ രത്നം, മധ്യപ്രദേശിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷൻ. അവിടത്തെ ഉയരം കൂടിയ കൊടുമുടിയാണ് ധൂപ്ഗഢ്. ധൂപ് എന്നാൽ വെയിൽ, ഗഢ് എന്നാൽ കോട്ട. പുലരിയിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ വന്നുപതിക്കുന്നതും സന്ധ്യക്ക് അവസാനത്തെ സൂര്യരശ്മി തങ്ങിനിൽക്കുന്നതും ഈ മലമുകളിലാണ്. മലനിരകൾക്കു മുകളിൽ സൂര്യപ്രകാശം കോട്ടപോലെ തിളങ്ങിനിൽക്കുന്നതായി തോന്നും. സത്പുരയുടെ ഈ നെറുകയിൽ നിന്നുള്ള സൂര്യാസ്തമയദൃശ്യം ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്.
വിന്ധ്യക്കും സത്പുരയ്ക്കുമിടയിലൂടെ ഒഴുകുന്ന നർമദാ നദിയുടെ കഥകൾ കേട്ടാണ് യാത്ര. ഗൈഡും മധ്യ പ്രദേശുകാരായ സഹയാത്രികരും ദക്ഷിണേന്ത്യക്കാർക്ക് കഥ പറഞ്ഞു തരാനുള്ള മത്സരത്തിലാണ്. വിന്ധ്യ - സത്പുര പർവതനിരകൾ സംഗമിക്കുന്ന അമർകണ്ടക് എന്ന പീഠഭൂമിയാണ് നർമദയുടെ ഉദ്ഭവസ്ഥാനം. അവിടെ നർമദ മയ്യയെ ആരാധിക്കുന്ന പന്ത്രണ്ട് ക്ഷേത്രങ്ങളുണ്ട്. ഗംഗാ സ്നാനം പോലെ നർമദാ പരിക്രമവും പുണ്യമെന്ന് വിശ്വാസം. ഗംഗയിൽ മുങ്ങുന്നതാണ് പുണ്യമെങ്കിൽ, നർമദയെ പ്രദക്ഷിണം വച്ചാൽ മതിയത്രെ!
പോകുന്ന വഴിക്ക് മിർസാപുരിലെ വിന്ധ്യാവാസിനീ ക്ഷേത്രം ദൂരെനിന്നു കണ്ടു. വിന്ധ്യയിൽ വസിക്കുന്നവൾ ദുർഗയാണ്, കാളി. മഹിഷാസുര നിഗ്രഹത്തിനു ശേഷം ദേവി വസിക്കാൻ തെരഞ്ഞെടുത്ത ഇടമത്രെ വിന്ധ്യാചലം.
ഉത്തരേന്ത്യക്കാരുടെ വിശ്വാസ തീവ്രതയിലേക്ക് ഗുജറാത്തികളുടെ ആത്മീയ സംഭാവനകൾ കൂടി കലർന്നു തുടങ്ങിയപ്പോഴേക്കും വണ്ടി പച്ചപ്പ് നിറഞ്ഞ ടിപ്പിക്കൽ മധ്യേന്ത്യൻ ഗ്രാമങ്ങളിലൂടെ ഓടിത്തുടങ്ങിയിരുന്നു. നീണ്ടുനിവർന്നു കിടക്കുന്ന കോൺക്രീറ്റ് റോഡുകളാണ് പലയിടത്തും. പച്ചവിരിച്ച പാടങ്ങൾ. ഹെൽമറ്റ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നു തോന്നിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ. സ്കൂട്ടറുകളുടെ സീറ്റിന്റെ മുൻഭാഗം വരെ സാധനങ്ങൾ കെട്ടിയടുക്കി, ഏറ്റവും പിന്നിലിരുന്ന് സാഹസികമായി റൈഡ് ചെയ്യുന്നവരെയും കാണാം.
വെറുതേ പൊരിവെയിലത്ത് കുത്തിയിരുന്ന് വിശ്രമിക്കുന്നവരും, റോഡ് സൈഡ് ബാർബർ ഷോപ്പുകളായി പരിണമിച്ച തണൽ മരങ്ങളും ഏറെ. ആൽമരച്ചുവടുകളിൽ ഒറ്റമുറിയിൽ തീർത്ത ചെറിയ അമ്പലങ്ങൾ യാത്രയിലുടനീളം കാണാം. ഭോപ്പാലിന്റെ നഗരപ്പകിട്ടിൽനിന്ന് ഗ്രാമീണ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്കാണ് വണ്ടിയോടുന്നത്.
ഹൈറേഞ്ച് കയറുന്തോറും റോഡിന്റെ സ്വഭാവം മാറിത്തുടങ്ങി. പക്ഷേ, ഹെയർപിൻ വളവുകളാണെങ്കിലും ഡ്രൈവിങ് അത്ര ദുഷ്കരമല്ലെന്നു തോന്നി. ഇടുക്കിയും വയനാടും ഒക്കെയായി താരതമ്യം ചെയ്താൽ, കൊടും വളവുകളും കുത്തുകയറ്റങ്ങളുമൊന്നുമില്ല ഇവിടെ.
ഇന്ത്യൻ ഗൗർ, അഥവാ ബൈസൺ എന്നറിയപ്പെടുന്ന കാട്ടുപോത്ത്. പച്മഡിയിൽ നിന്നുള്ള കാഴ്ച.
പച്മഡിയിലേക്ക് അടുക്കുന്തോറും അന്തരീക്ഷമാകെ മാറിമറിഞ്ഞു. മധ്യപ്രദേശിലെ ഏറ്റവും കൂടുതൽ മഴയും മഞ്ഞും ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. ഗൂഢമായ നിശ്ശബ്ദത പടർന്ന നിത്യഹരിത വനങ്ങൾ. വെള്ളം വലിച്ചെടുക്കുന്ന സാൻഡ് സ്റ്റോണുകളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ കടുത്ത വേനലിലും ഈ പ്രദേശം പച്ചപ്പോടെയും തണുപ്പോടെയും നിലനിൽക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ സൈനിക കന്റോൺമെന്റാണ് പച്മഡി. അതുകൊണ്ടു തന്നെയാവാം കേരളത്തിലേതു പോലെയൊന്നും വേറേ ഹിൽ സ്റ്റേഷനുകൾ ഇല്ലാതിരുന്നിട്ടും പച്മഡിയിലേക്കുള്ള റോഡ് സൗകര്യം മോശമല്ല. ഇന്ന് ഇന്ത്യൻ ആർമിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണിത്.
താമസ സ്ഥലത്തെത്തി, വൈകുന്നേരത്തോടെ ഉച്ചഭക്ഷണം കഴിച്ച്, തുറന്ന ജീപ്പിൽ ധൂപ്ഗഢിലേക്ക്. പോകുന്ന വഴി പാണ്ഡവ് കേവ്സ്. പഞ്ച പാണ്ഡവർ താമസിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന അഞ്ച് ഗുഹകളുടെ സമുച്ചയം. വലിയൊരു പാറക്കുന്ന് തുരന്നുണ്ടാക്കിയ ഗുഹകൾ. എഡി ഒന്നാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ നിർമിക്കപ്പെട്ടതാണ് ഈ ഗുഹകളെന്നും അതിനാൽ പാണ്ഡവർ വസിച്ചിരുന്നു എന്നു കരുതാൻ കഴിയില്ലെന്നും ഗൈഡ് ഇർഫാൻ ഞങ്ങൾക്കു പറഞ്ഞു തന്നത് മോഹിത്തിന് തീരെ ദഹിച്ചില്ല.
പാണ്ഡവ് കേവ്സ്.
''ഇക്കണക്കിന് ഭീംബേട്കയിൽ ഭീമൻ വന്നിട്ടേയില്ലെന്ന് ഇയാള് പറയുമല്ലോ....''
ത്രിപാഠിയോട് മോഹിത്ജി തന്റെ അതൃപ്തി പരസ്യമായി തന്നെ പങ്കുവയ്ക്കുന്നതു കേട്ട് ഞാനും സുഹൃത്തും പരസ്പരം നോക്കി, ചിരിക്കണോ എന്നു സംശയിച്ചു. പിന്നെ, പാറക്കെട്ടിനു മുകളിൽ കെട്ടിത്തിരിച്ച ഭാഗത്തേക്കു ചൂണ്ടി, സീരിയസായി ഒരു സംശയം ഉന്നയിച്ചു:
''ദ്രൗപതി കുളിച്ച കുളമല്ലേ ഇത്?''
(തുടരും)