ഭോപ്പാൽ ട്രൈബൽ മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന കൃത്രിമ ചന്ദ്രൻ അടക്കമുള്ള ദൃശ്യങ്ങൾ.

 

Metro Vaartha

Literature

റൊട്ടി മറന്നതായിരിക്കും, കറി കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം...

മധ്യപ്രദേശ് യാത്രാ വിവരണം ഭാഗം 1 - ഭോപ്പാൽ ട്രൈബൽ മ്യൂസിയത്തിലെ ഗോണ്ട് ഗ്രാമവും ദ്രാവിഡ ഭാഷയും; ആദ്യ രാത്രിയും കിച്ച്ഡിയും. സാഞ്ചി മുതൽ ഭീംബേട്ക വരെ; ഭോപ്പാലും പച്മഡിയും ഉൾപ്പെടുന്ന യാത്ര

VK SANJU

ഭോപ്പാലിലെ ട്രൈബൽ മ്യൂസിയത്തിൽ ഗോണ്ട് ഗോത്രജീവിതം പുനഃസൃഷ്ടിച്ച ഗ്രാമം, ബഡാ ദേവും സജ വൃക്ഷവും, വിവാഹ വളകൾ, ദ്രാവിഡ കുടുംബത്തിലെ ഗോണ്ടി ഭാഷ എന്നിവയും ഭോപ്പാലിലെ ആദ്യ രാത്രിയിലെ കിച്ച്ഡി അനുഭവവും. വി.കെ. സഞ്ജു എഴുതിയ എട്ടു ഭാഗങ്ങളുള്ള മധ്യപ്രദേശ് യാത്രാവിവരണം. സാഞ്ചി സ്തൂപം, പച്മഡി, ധൂപ്ഗഢ്, ഭീംബേട്ക ഗുഹാചിത്രങ്ങൾ, ഭോപ്പാൽ ട്രൈബൽ മ്യൂസിയം, ഓംകാരേശ്വർ, മധ്യപ്രദേശിലെ മലയാളി സമൂഹം എന്നിവ ഉൾപ്പെടുന്ന, ടൂറിസം ബോർഡിന്‍റെ ക്ഷണപ്രകാരമുള്ള മാധ്യമ പര്യടനത്തിലെ അനുഭവങ്ങൾ.

ട്രൈബൽ മ്യൂസിയം വളപ്പിൽ നിന്നുള്ള ദൃശ്യം.

വി.കെ. സഞ്ജു

ഭോപ്പാലിൽ വിമാനമിറങ്ങുമ്പോൾ രാത്രി വൈകിയിരുന്നു. മലയാളികളെയെല്ലാം കൂടി ഒരു വണ്ടിയിലാക്കി ടൂറിസം ബോർഡ് ഉദ്യോഗസ്ഥരാണ് ഹോട്ടലുകളിലെത്തിച്ചത്. താമസ സ്ഥലത്തെ റസ്റ്ററന്‍റ് ക്ലോസ് ചെയ്തിരുന്നു. എങ്കിലും ഭക്ഷണം റൂമിലെത്തിക്കാമെന്ന് ഹോട്ടൽ സ്റ്റാഫ് ഉറപ്പ് തന്നു. പ്രധാന ഐറ്റങ്ങളൊക്കെ കഴിഞ്ഞു. ഹിന്ദിയിൽ എന്തോ ഓൾട്ടർനേറ്റീവ് ഒക്കെ അവർ പരസ്പരം സംസാരിച്ചു തീരുമാനിച്ചു.

''ചലേഗാ?''

അവരുടെ ചോദ്യത്തിന് ഓക്കെ പറഞ്ഞ് റൂമിലേക്ക്. ഒരു സാധാരണ ലോഡ്ജിന്‍റെ വിശാലമായ പതിപ്പ് പോലെ അവിടത്തെ ടൂറിസം വകുപ്പിന്‍റെ ഫൈവ് സ്റ്റാർ ഹോട്ടൽ. പഴയൊരു കൊട്ടാരം പുനരുദ്ധരിച്ച് ഹോട്ടലാക്കി മാറ്റിയതാണ്. ഹെറിറ്റേജ് ലുക്ക് നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ചിതലുകൾ വരെ സംഭാവന നൽകുന്നുണ്ട്.

കുളി കഴിഞ്ഞപ്പോഴേക്ക് ഭക്ഷണം റൂമിലെത്തി. പപ്പടവും കറിയും സാലഡും തൈരും അച്ചാറും. റൊട്ടി വയ്ക്കാൻ മറന്നതായിരിക്കും എന്നു കരുതി റിസപ്ഷനിൽ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. അടുത്ത റൂമിലുണ്ടായിരുന്ന സുഹൃത്തിനോടു ചോദിച്ചപ്പോൾ, അവിടെയും കിട്ടിയിരിക്കുന്നത് ഇങ്ങനെ തന്നെ. റൊട്ടിയുണ്ടാക്കാൻ പോയിട്ടേ ഉണ്ടാകൂ.

കാത്തിരുന്ന് മടുത്ത് പപ്പടം പൊട്ടിച്ചു കഴിച്ചു തുടങ്ങി. സാലഡ് കഴിച്ചു തീർത്തു. കറി ടേസ്റ്റ് ചെയ്തു നോക്കിയപ്പോൾ, സംഗതി കൊള്ളാം. രണ്ടാമത്തെ സ്പൂൺ വായിലെത്തിയപ്പോൾ മനസിലായി, ഇതു കറിയല്ല, അരിയും പരിപ്പുമൊക്കെയുള്ള എന്തോ ഐറ്റമാണ്. ഇനി ഇതായിരിക്കുമോ മെയിൻ ഡിഷ്.... യാത്രാ വിവരം അന്വേഷിക്കാൻ കോൽക്കത്തയിൽനിന്നൊരു സുഹൃത്ത് വിളിച്ചത് കൃത്യസമയത്താണ്. ഡിന്നർ വിശേഷം പറഞ്ഞ് ഫോട്ടൊയും അയച്ചപ്പോൾ ഒറ്റ വാക്കിൽ ദുരൂഹത നീങ്ങി- ''എടാ അത് കിച്ച്ഡിയാണ്!''

അ‌ടുത്ത ദിവസം ട്രാവൽ മാർട്ടിൽ പങ്കെടുക്കണം. അതിനു മുൻപ് ഭോപ്പാലിലെ ട്രൈബൽ മ്യൂസിയത്തിൽ പോകണം. വലിയ താത്പര്യം തോന്നിയില്ല. പക്ഷേ, ചെന്നു കയറിയപ്പോൾ കഥ മാറി. ചതുരച്ചുവരുകളിലെ ചില്ലുകൂടുകളിൽ അടച്ചുവച്ച പ്രദർശനങ്ങളുടെ വിരസതയായിരുന്നില്ല ആ മ്യൂസിയം. ഗോണ്ടുകളുടെ ആദിമ ഗോത്ര ജീവിതത്തിനു നടുവിലേക്ക് എടുത്തെറിയപ്പെട്ട പ്രതീതി. ഇരുളടഞ്ഞ ഗ്രാമീണ രാത്രിയിൽ പൂർണ ചന്ദ്രൻ തിളങ്ങി നിൽക്കുന്നു. വള്ളിപ്പടർപ്പുകളും വൻമരങ്ങളും ആദിവാസിക്കുടിലുകളുമെല്ലാമായി ഒരു സമ്പൂർണ ഗ്രാമത്തിനുള്ളിൽ നിൽക്കുന്നതു പോലെ.

മധ്യപ്രദേശിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം നോക്കിയാൽ ഗോണ്ടി ഭാഷയ്ക്ക് ദേവനാഗരി ലിപിയുമായി സാമ്യമുണ്ടാകാനാണ് സാധ്യത. എന്നാൽ, ഉത്തരേന്ത്യയിലെ ഒരു ഭാഷയുമായും അതിനു സാമ്യമില്ലെന്നു മാത്രമല്ല, ദ്രാവിഡ കുടുംബത്തിൽപ്പെടുന്ന ഭാഷയാണ് ഗോണ്ടി എന്നതാണ് അദ്ഭുതം!

പക്ഷേ, കേരളത്തിലെ ആദിവാസി ഊരുകളിൽ കണ്ടിട്ടുള്ളതു പോലെയല്ല ഗോണ്ട് ഗ്രാമത്തിലെ ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയിരുന്നത്. കൂടുതൽ വലുപ്പമുള്ള, വിശാലമായ വീടുകൾ. പ്രകൃതിദത്തമായ വസ്തുക്കൾകൊണ്ടു തന്നെയാണ് നിർമാണമെങ്കിലും ചിലത് ഇരുനിലയാണ്. മൺപാത്രങ്ങൾക്കും മണ്ണുകൊണ്ടുള്ള മറ്റു നിർമിതികൾക്കും ആധുനികമെന്നു തോന്നിക്കുന്ന സങ്കീർണത.

ഗോണ്ട് വൃക്ഷം ഇവിടത്തെ ഒരു പ്രധാന പ്രദർശന വസ്തുവാണ്. ഗോത്ര സംസ്കൃതിയിൽ മരങ്ങൾ കേവലം സസ്യങ്ങളല്ല, ആത്മീയ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു തന്നെയാണ്. തങ്ങളുടെ പ്രധാന ദൈവമായ 'ബഡാ ദേവ്' വസിക്കുന്നത് 'സജ' എന്നറിയപ്പെടുന്ന ഗോണ്ട് വൃക്ഷത്തിലാണെന്ന് ഗോണ്ട് ജനത വിശ്വസിക്കുന്നു.

ബസിനോളം വലുപ്പമുള്ള ഒരു വള ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗോണ്ട് വിവാഹ ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ള വസ്തുവാണിത്. വധുവിന് നൽകുന്ന അനുഗ്രഹം. ഓടുകൊണ്ട് നിർമിക്കുന്ന വളകളിൽ കാർഷിക ജീവിതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ കൊത്തിവെച്ചിട്ടുണ്ടാകും. കിണർ, ഗോവണി, കലപ്പ, കാളകൾ, കർഷകൻ, വയൽ എന്നിവയുടെ ചിത്രങ്ങൾ ഇതിൽ കാണാം. സൂക്ഷ്മമായ കൊത്തുപണികൾ സന്ദർശകർക്ക് വ്യക്തമായി കാണാനാണ് മ്യൂസിയത്തിൽ ഇവയുടെ ഭീമൻ പതിപ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

(തുടരും)