മനുഷ്യനിർമിതമായവയ്ക്ക് പ്രാധാന്യം ഏറുന്നു.

 
Literature

എഐ യുഗത്തിലെ പ്രീമിയം പ്രോഡക്റ്റ്- 'മനുഷ്യൻ'! കേംബ്രിഡ്ജ് ഡിക്ഷനറി വർഷത്തെ വാക്കായി തെരഞ്ഞെടുത്തത് human

ഹ്യൂമൻ പ്രീമിയം എന്ന പ്രവണത; ട്യൂറിങ് ടെസ്റ്റ് വിജയിച്ച എഐ, മനുഷ്യനിർമിത സംഗീതത്തിന് ടൂൾ

VK SANJU

എഐ എല്ലായിടത്തും നിറഞ്ഞ വർഷത്തിൽ മനുഷ്യന്‍റെ സർഗാത്മകതയും ബന്ധങ്ങളും ആധികാരികതയും വീണ്ടും വിലമതിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേംബ്രിഡ്ജ് ഡിക്ഷണറി 'human' എന്ന വാക്കിനെ 2026-ലെ വേഡ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ഈ പ്രവണതയെ ചീഫ് എഡിറ്റർ കോളിൻ മക്ഇന്‍റോഷ് "ഹ്യൂമൻ പ്രീമിയം" എന്ന് വിളിച്ചു. 'analogue', 'agent', 'wholesome', 'chic' എന്നിവയായിരുന്നു ഹ്രസ്വപട്ടികയിലെ മറ്റു വാക്കുകൾ.

ന്യൂഡൽഹി: ജീവിതത്തിന്‍റെ സർവമേഖലകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) നിറഞ്ഞു നിൽക്കുന്ന വർഷത്തിൽ, ലോകം തിരിഞ്ഞുനോക്കിയത് മനുഷ്യനിലേക്കാണ്. കേംബ്രിഡ്ജ് ഡിക്ഷണറി 2026-ലെ വേഡ് ഓഫ് ദ ഇയറായി 'human' എന്ന വാക്ക് തെരഞ്ഞെടുത്തു. മനുഷ്യന്‍റെ സർഗാത്മകതയും ബന്ധങ്ങളും ആധികാരികതയും വീണ്ടും വിലമതിക്കപ്പെടുന്നതിന്‍റെ സൂചനയാണിതെന്ന് ഡിക്ഷണറി പറയുന്നു. "മൃഗങ്ങളോ യന്ത്രങ്ങളോ ദൈവങ്ങളോ അല്ലാത്ത, മനുഷ്യരുമായി ബന്ധപ്പെട്ട" എന്നാണ് വിശേഷണപദമായി ഡിക്ഷണറി ഇതിനെ നിർവചിക്കുന്നത്.

"human-written", "human-generated", "human-made" തുടങ്ങിയ സംയുക്തപദങ്ങൾ ഇപ്പോൾ, എഐ നിർമിച്ചതല്ല, മനുഷ്യൻ സൃഷ്ടിച്ചതാണ് എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതായി ഡിക്ഷണറിയുടെ ബ്ലോഗ് ചൂണ്ടിക്കാട്ടി. "എഐ വർഷങ്ങളായി സമൂഹത്തിൽ വളരുകയായിരുന്നു, പക്ഷേ, ഈ വർഷം അത് എല്ലായിടത്തുമുള്ളതായി തോന്നി," ചീഫ് എഡിറ്റർ കോളിൻ മക്ഇന്‍റോഷ് പറഞ്ഞു.

നാം ഉപയോഗിക്കുന്ന വസ്തുക്കളിലെ "മനുഷ്യ ഘടകത്തോടുള്ള പുതുക്കിയ വിലമതിപ്പ്" ആണ് 2026-ന്‍റെ സവിശേഷതയെന്നും കൂട്ടിച്ചേർത്ത അദ്ദേഹം "ഹ്യൂമൻ പ്രീമിയം" എന്നാണ് ഇതിനെ വിളിക്കുന്നത്.

ഇതിന് തെളിവായി ഡിക്ഷണറി ചൂണ്ടിക്കാട്ടിയത്:

  • ബിസിനസ്: എഐ ഉപയോഗിക്കുമ്പോൾ ഡിസ്ക്ലെയ്മർ ചേർത്തിരുന്ന കമ്പനികൾ ഇപ്പോൾ ജോലി മനുഷ്യൻ ചെയ്തതാണെന്ന് എടുത്തുപറയുന്നു.

  • വിനോദം: എൽട്ടൺ ജോൺ, കേറ്റ് ബുഷ് തുടങ്ങിയ കലാകാരന്മാരുടെ എതിർപ്പിനെത്തുടർന്ന്, പകർപ്പവകാശമുള്ള സൃഷ്ടികൾ അനുമതിയില്ലാതെ എഐ കമ്പനികൾക്ക് ഉപയോഗിക്കാൻ അനുവദിക്കാനുള്ള പദ്ധതി മാർച്ചിൽ ബ്രിട്ടീഷ് സർക്കാർ ഉപേക്ഷിച്ചു. ഏപ്രിലിൽ മ്യൂസിക് കമ്പനി ജാസ് ഈസ് ഡെഡ്, മനുഷ്യൻ സൃഷ്ടിച്ച സംഗീതം സാക്ഷ്യപ്പെടുത്താൻ 'പ്ലേയ്ഡ് ബൈ ഹ്യൂമൻസ്' എന്ന ടൂൾ അവതരിപ്പിച്ചു.

  • ജീവിതശൈലി: ഫിറ്റ്നസ് ട്രാക്കിങ്ങിലൂടെയും സപ്ലിമെന്‍റുകളിലൂടെയും പ്രകടനവും ദീർഘായുസ്സും തേടുന്ന "humanmaxxing", സ്ക്രീൻ ആശ്രയം കുറയ്ക്കാൻ ദൈനംദിന ജീവിതം അല്പം അസൗകര്യപ്രദമാക്കുന്ന "friction-maxxing".

  • കാലിഫോർണിയ യൂണിവേഴ്സിറ്റി പഠനം: ആദ്യമായി എഐ സംവിധാനങ്ങൾ ട്യൂറിങ് ടെസ്റ്റ് വിജയിച്ചതിന്‍റെ അനുഭവപരമായ തെളിവ്. 15 മിനിറ്റ് ടെക്സ്റ്റ് സംഭാഷണത്തിനുശേഷം 73 ശതമാനം കേസുകളിൽ GPT-4.5 മനുഷ്യനാണെന്ന് വിധിക്കപ്പെട്ടു.

ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച മറ്റു നാലു വാക്കുകൾ:

  • analogue (തുന്നൽ, പുസ്തകവായന, വിനൈൽ റെക്കോർഡ് കേൾക്കൽ പോലുള്ള സ്ക്രീൻരഹിത പ്രവർത്തനങ്ങളെയും ഇപ്പോൾ സൂചിപ്പിക്കുന്നു).

  • agent (മനുഷ്യ നിയന്ത്രണമില്ലാതെ സങ്കീർണമായി പ്രവർത്തിക്കാൻ കഴിയുന്ന എഐ സംവിധാനം).

  • wholesome

  • chic

Cambridge Dictionary has named "human" its Word of the Year for 2026, saying a year of AI appearing everywhere has made people value human creativity, connection and authenticity afresh. Chief Editor Colin McIntosh called the trend the "human premium". The dictionary cited a May UC San Diego study in which GPT-4.5 was judged human 73 per cent of the time, the rise of terms like "human-made", and shortlisted words "analogue", "agent", "wholesome" and "chic".