സി.വി. രാമൻ പിള്ളയുടെ പുന്നത്താനം വീട്.
തിരുവനന്തപുരം: മലയാള നോവൽ സാഹിത്യത്തിനു തന്‍റെ ചരിത്രാഖ്യായികകളിലൂടെ ഭാവനാസമ്പന്നമായ പുതിയ ദിശകൾ നൽകിയ സി.വി. രാമൻപിള്ളയുടെ ആറയിരൂർ ചരിത്രപ്രസിദ്ധമായ പുനത്താനം വീട് പുനർജനിക്കുന്നു. കാലപ്പഴക്കം ഏൽപ്പിച്ച ആഘാതങ്ങളിൽ നാശത്തിന്‍റെ വക്കിലായിരുന്ന ഈ പൗരാണിക ഭവനം അതിന്‍റെ പൂർണരൂപത്തിൽ വീണ്ടെടുക്കാനുള്ള ബൃഹത്തായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മേയ് 19-ന് ആരംഭിക്കും.
സി.വി. രാമൻപിള്ളയുടെ 168-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചരിത്രപരമായ സംരക്ഷണ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. നൂറ്റിമുപ്പതിലേറെ വർഷം പഴക്കമുള്ള പുനത്താനം വീട് കേരളീയ തച്ചുശാസ്ത്രത്തിന്‍റെ വിസ്മയമാണ്. പൂർണമായും തടിയിൽ തീർത്ത മനോഹരമായ കൊത്തുപണികളും നിർമാണ ശൈലിയും ഈ വീടിനെ വേറിട്ടു നിർത്തുന്നു.
മാർത്താണ്ഡവർമയും രാമരാജ ബഹദൂറും ധർമരാജാവും അടക്കം സിവിയുടെ വിഖ്യാത കൃതികളിലെ അക്ഷരക്കൂട്ടുകൾ വിരിഞ്ഞത് ഈ തറവാടിന്‍റെ തണലിലായിരുന്നു. മതിയായ സംരക്ഷണമില്ലാതെ ഈ ചരിത്രസ്മാരകം വിസ്മൃതിയിലേക്ക് ആണ്ടുപോകുമെന്ന അവസ്ഥയിലാണ് സി.വി. രാമൻപിള്ള സ്മാരക ട്രസ്റ്റും നിംസ് മെഡിസിറ്റിയും ചേർന്ന് പുനരുദ്ധാരണ ദൗത്യം ഏറ്റെടുത്തത്.
ഈ സാംസ്കാരിക ദൗത്യത്തിന് കരുത്തുപകർന്നു കൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ ധനസഹായം നിംസ് മെഡിസിറ്റി മാനെജിങ് ഡയറക്റ്റർ എം.എസ്. ഫൈസൽ ഖാൻ ട്രസ്റ്റ് ഭാരവാഹികൾക്കു കൈമാറി. ഏകദേശം 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ വീടിന്‍റെ പഴമ നിലനിർത്തിക്കൊണ്ടുള്ള അറ്റകുറ്റപ്പണികളാണ് ലക്ഷ്യമിടുന്നത്.
വരുംതലമുറയ്ക്കായി ഭാഷയുടെയും സാഹിത്യത്തിന്‍റെയും ഈ തിരുശേഷിപ്പിനെ കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
നാടിന്‍റെ സാംസ്കാരിക പൈതൃകമായ പുനത്താനം വീടിനെ സംരക്ഷിക്കാനുള്ള ഈ മഹത്തായ യാത്രയിൽ പങ്കുചേരാൻ എല്ലാ സുമനസ്സുകളുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ധനസഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഉടിയൻകുളങ്ങരയിലെ ധനലക്ഷ്മി ബാങ്ക് ശാഖയിൽ 'C.V. RAMAN PILLA SMARAKA TRUST PUNNATHANAM Ac No. 020405000002717 (IFSC: DLXB0000204)' എന്ന അക്കൗണ്ട് വഴി സഹായങ്ങൾ നൽകാവുന്നതാണ്.