ജടായു എർത്ത്സ് സെന്റർ, ചടയമംഗലം, കൊല്ലം.
File photo
രാവണൻ ചിറകരിഞ്ഞ ജടായു വീണതായി നാട്ടുവിശ്വാസം പറയുന്ന ചടയമംഗലത്തെ പാറയിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജടായു ശില്പമുണ്ട്. 2018-ൽ സന്ദർശകർക്കായി തുറന്ന ഈ കേന്ദ്രം, നിതേഷ് തിവാരിയുടെ രാമായണ റിലീസോടെ വീണ്ടും ദേശീയ ശ്രദ്ധയിലെത്തി. ശില്പത്തിന്റെ കഥയും കേബിൾ കാർ അനുഭവവും സന്ദർശകർക്കുള്ള പ്രായോഗിക വിവരങ്ങളും ഈ ഫീച്ചറിൽ.
വി.കെ. സഞ്ജു
ഞാൻ ഗന്ധർവൻ; പി. പത്മരാജന്റെ സ്വപ്ന പദ്ധതിയായിരുന്നു ആ സിനിമ. വെളുത്ത പുകച്ചുരുളുകളുടെ പശ്ചാത്തലത്തിൽ വേണം ഗന്ധർവൻ ഭൂമിയിലേക്ക് ഇറങ്ങി വരാൻ. ഇന്നത്തെ ഗ്രാഫിക്സും അനിമേഷനും പോലുള്ള അത്യാധുനിക സന്നാഹങ്ങളൊക്കെ മലയാളം സിനിമയുടെ കൈയെത്താ ദൂരത്തായിരുന്ന കാലം. എന്തു ചെയ്താലും പുക മുകളിലേക്കല്ലേ പോകൂ! പക്ഷേ, സിനിമയുടെ കലാസംവിധായകൻ ആ വെല്ലുവിളി ഏറ്റെടുത്തു. കൂറ്റൻ ചില്ല് കൂട്ടിൽ വെള്ളം നിറച്ച്, മുകളിൽ നിന്ന് വെളുത്ത പെയിന്റ് ഒഴിച്ച്, പുകച്ചുരുളുകൾ താഴേക്കിറങ്ങുന്ന പ്രതീതി സൃഷ്ടിച്ചു. അതിനു മുന്നിൽ ദൂരദർശനിലെ മഹാഭാരതത്തിൽ കണ്ടുപരിചയിച്ച കൃഷ്ണൻ ഗന്ധർവ രൂപത്തിൽ അവതരിച്ചു.
നിതീഷ് ഭരദ്വാജിൽ ഗന്ധർവനെ കണ്ടവർ, പിന്നിലെ പുകച്ചുരുളുകളുടെ സ്രഷ്ടാവിനെ ഓർത്തിരിക്കില്ല. പിന്നീട് ബട്ടർഫ്ളൈസ്, കശ്മീരം തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ ആ കലാസംവിധായകന്റെ പേര് പോപ്പുലറായി. ശ്രദ്ധിക്കപ്പെടാതെ പോയ ഋഷിവംശം എന്ന സിനിമയ്ക്കു ശേഷം ഗുരു എന്ന മാസ്റ്റർപീസുമായി അയാൾ വന്നു. അയാളുടെ പേര് രാജീവ് അഞ്ചൽ.
പക്ഷേ, ആ പേര് സിനിമകളിൽ നിന്നകന്ന് വിശ്വാസങ്ങളിൽ മേൽവിലാസം കണ്ടെത്തുകയായിരുന്നു പിന്നീട്. ചടയമംഗലത്തിന്റെ വിശ്വാസങ്ങൾക്ക് സങ്കൽപ്പങ്ങളെക്കാൾ മൂർത്തമായ ഭാവം നൽകിയ ശിൽപ്പി എന്നതായിരിക്കും രാജീവ് അഞ്ചലിന് ഇപ്പോൾ കൂടുതൽ ഇണങ്ങുന്ന വിശേഷണം. ഏതു സിനിമയെക്കാളും അനശ്വരത അവകാശപ്പെടാവുന്ന നിർമിതിയാണ് ചടയമംഗലത്തെ ജടായു പാറയ്ക്കു മുകളിൽ അദ്ദേഹം യാഥാർഥ്യമാക്കിയത്. വിശ്വാസത്തിന്റെ കരിമ്പാറകളിൽനിന്നു സംസ്കാരത്തിന്റെ അടരുകൾ കണ്ടെത്തുന്നവനാണല്ലോ ശിൽപ്പി!
200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ജടായു ശിൽപ്പം ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപ്പമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പുറംകാഴ്ചയ്ക്കുള്ള വെറും പ്രദർശനവസ്തുവല്ല ഇത്. ശിൽപ്പത്തിനുള്ളിൽ മൾട്ടിഡൈമൻഷൻ തിയെറ്ററും മ്യൂസിയവുമെല്ലാമുണ്ട്. ജടായുവും രാവണനും തമ്മിലുള്ള യുദ്ധത്തിന്റെ അനിമേഷൻ ഷോ അവിടെ കാണാം. കല്ലിൽ കൊത്തി വച്ച വീരഗാഥ ശിൽപ്പത്തിനുള്ളിൽ ചലിക്കുന്ന ചിത്രങ്ങളായി കൺമുന്നിൽ പിന്നെയും പറന്നുവെട്ടുന്ന കാഴ്ച.
വിശ്വാസവും ചരിത്രവും
ആദ്യമായി വിമാനത്തിൽ കയറുന്ന കുട്ടിയുടെ കൗതുകമായിരുന്നിരിക്കില്ല സീതയ്ക്ക്. ലംഘിക്കപ്പെട്ട ലക്ഷ്മണരേഖയ്ക്കപ്പുറം, മുറുകിയ ബലിഷ്ഠകരങ്ങളിൽ ഞെരിഞ്ഞമർന്ന കണ്ണീർക്കാഴ്ചയായിരുന്നിരിക്കണം അവൾ ആകാശത്തുനിന്നു കണ്ട ഭൂമി. പൗരാണിക ഭാവനയുടെ ആകാശവിശാലതയിൽ അതിനകം ഒരു യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. പത്ത് തലയും ഇരുപത് കൈയുമുള്ള വൈമാനികൻ പുഷ്പകം നിയന്ത്രിക്കുന്നതിനിടെയാവും ചന്ദ്രഹാസമെടുത്ത് വീശിയത്. തടയാൻ വന്ന ഭീമാകാരനെ വെറുമൊരു പക്ഷിയായി അയാൾ അവഗണിച്ചിരിക്കില്ല. വിമാനത്തിലെ ബന്ദിയെക്കൂടി അയാൾക്ക് ലങ്കയിലെത്തിക്കണമായിരുന്നല്ലോ.
ചുണ്ടും നഖവും കൊണ്ട് ആക്രമിച്ച പക്ഷിയുടെ ഇടത്തേച്ചിറകിൽ വെള്ളിടി പോലെ ചന്ദ്രഹാസം പതിച്ചത് ഒരിക്കലും അപ്രതീക്ഷിതമാവില്ല. ഒറ്റച്ചിറകിന്റെ പടഹധ്വനിയിൽ പുഷ്പക വിമാനം മാത്രമല്ല, മേഘജാലങ്ങൾ പോലും പ്രകമ്പനം കൊണ്ടിരിക്കും. പക്ഷേ, ഒറ്റച്ചിറകുള്ള പക്ഷിക്കു പറക്കാനാവില്ലല്ലോ. അതു ഭൂമിയിലേക്ക് പതിക്കുക തന്നെ ചെയ്യും.
ഇത്രയും കഥയാണ്, ഇതിഹാസമാണ്, പക്ഷേ, ഇന്നതൊരു ദേശത്തിന്റെ മേൽവിലാസം കൂടിയാണ്. നാടിന്റെ വിശ്വാസങ്ങളിൽ അവൻ വന്നു വീണത് കേരളത്തിൽ, കൊല്ലം ജില്ലയിൽ, ചടയമംഗലമെന്ന ദേശത്തൊരു കരമ്പാറക്കുന്നിനു മുകളിലാണെന്ന വിശ്വാസമാണ് ആ മേൽവിലാസം.
ചടയമംഗലം എന്ന പേരിൽത്തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട് ആ പക്ഷിയുടെ പേര്- ജടായു. ഇവിടം പണ്ട് ജടായുമംഗലമായിരുന്നു എന്നും, അതു ലോപിച്ച് ചടയമംഗലമായെന്നുമാണ് ഭാഷ്യം. അവസാനത്തെ തൂവലൊന്നിളകിയടങ്ങും മുൻപ് ഒരു ദൗത്യം കൂടി ബാക്കിയുണ്ടായിരുന്നു ജടായുവിന്- സീതയെ തേടിവരുന്ന ശ്രീരാമനോട് നടന്നതെല്ലാം പറയണം. രാവണൻ സീതയുമായി ദക്ഷിണ ദിക്കിലേക്കു പറന്നു എന്നു രാമനെ അറിയിച്ച ശേഷമായാരിന്നു ജടായുവിന്റെ അന്ത്യം. ശ്രീരാമൻ ആ പാറപ്പുറത്ത് ഒറ്റക്കാലിൽ നിന്ന് ജടായുവിന് മോക്ഷം നൽകിയെന്നും, ആ കാൽപ്പാട് ഇന്നും അവിടെയുണ്ടെന്നും വിശ്വാസികൾ പറയുന്നു. മരണവെപ്രാളത്തിൽ ജടായു കൊത്തിക്കുഴിച്ചുണ്ടായത് എന്നു പറയുന്ന ജലാശയം ഇന്ന് 'ജടായുതീർഥം' എന്നറിയപ്പെടുന്നു.
വിശ്വാസങ്ങൾ ചിലപ്പോൾ മനസുകളിൽ ചരിത്രത്തെക്കാൾ വേരോട്ടമുണ്ടാക്കിയെന്നിരിക്കും. അത്തരമൊരു വിശ്വാസമാണ് ചടമംഗലത്തുകാർക്ക് ജടായുപ്പാറ.
ചിറക് മുളച്ച പക്ഷി
ശിൽപ്പിയും ശിൽപ്പവും - ജടായു ശിൽപ്പത്തിനു മുന്നിൽ രാജീവ് അഞ്ചൽ.
ആകാശത്തേക്ക് ചുണ്ട് കൂർപ്പിച്ച ജടായുവിലേക്കുള്ള വഴി രണ്ടാണ്: തീർഥാടകന്റെ വഴിയും സഞ്ചാരിയുടെ വഴിയും. തീർഥാടകനു നടന്നു കയറാം, 826 പടികളുള്ള നടപ്പാതയിലൂടെ. ഓരോ പടിയും ജടായുവിന്റെ പ്രതിരോധത്തിലേക്കുള്ള ഓർമക്കുറിപ്പുകൾ പോലെ. വിനോദസഞ്ചാരിക്ക് ആകാശമാർഗം കുന്നുകയറാം. എട്ട് പേർക്കിരിക്കാവുന്ന 16 കേബിൾ കാറുകൾ 129 മീറ്റർ ഉയരത്തിലേക്ക്, 560 മീറ്റർ ദൂരം താണ്ടും. ഇതും കേരളത്തിന് ഒരു അപൂർവത തന്നെ. താഴെ പച്ചപ്പിനു നടുവിൽ കാട്ടാനയെപ്പോലെ കരിമ്പാറ, മുകളിൽ ആകാശം. ഒരു ചരിവിൽ ഒറ്റച്ചിറകുള്ള ജടായു. മുകളിലെത്തിയാൽ ചുറ്റും മലനിരകൾ കാണാം, ദിഗന്തങ്ങളോളം നീളുന്ന കാഴ്ചയുടെ ചക്രവാളം. ശിൽപ്പത്തിന്റെ മുന്നിൽ ചിലർ നിശ്ശബ്ദരായെന്നിരിക്കും, കാറ്റ് നിർത്താതെ വീശിക്കൊണ്ടിരിക്കും.
പുതിയൊരു വിസ്മയമല്ല ജടായുപ്പാറ. 2018-ൽ തന്നെ സന്ദർശകർക്കായി തുറന്നു കൊടുത്തതാണിത്. പദ്ധതിയുടെ ഭാഗമായ അഡ്വഞ്ചർ സോൺ 2017 ഡിസംബറിൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. വർഷങ്ങളായി കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണിത്. ഇപ്പോൾ നിതേഷ് തിവാരിയുടെ രാമായണ സിനിമ തിയെറ്ററുകളിൽ നിറഞ്ഞോടുമ്പോൾ, ജടായു എന്ന പേര് രാജ്യമെമ്പാടും വീണ്ടും മാറ്റൊലിക്കൊള്ളുമ്പോൾ, ജടായുപ്പാറയും കൂടുതൽ ശ്രദ്ധിക്കപ്പെടുകയാണ്.
ചിത്രം കണ്ടശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ അഖിലലോക സഞ്ചാരികളെയാകെ ജടായുവിന്റെ നാട്ടിലേക്കു ക്ഷണിച്ചു. ഭാരതീയതയിൽ വേരാഴ്ത്തിയ ഇതിഹാസത്തെ സിനിമ വീണ്ടും ഉണർത്തുകയായിരുന്നു. അതിൽനിന്നുയർന്ന ഒറ്റച്ചിറകടിയുടെ ഹുങ്കാരം, ഉറങ്ങാതെ കിടക്കുന്ന ഒരു നാടിനെ വീണ്ടും ഓർമിപ്പിക്കുകയായിരുന്നു. ഇതിഹാസങ്ങൾ പുസ്തകങ്ങളിലും വെള്ളിത്തിരയിലും അവസാനിക്കാറില്ല. അവ മണ്ണിലേക്ക് കൂടുതൽ വേരാഴ്ത്തിക്കൊണ്ടിരിക്കും, ആകാശത്തേക്ക് കൂടുതൽ പന്തലിച്ചുകൊണ്ടിരിക്കും.
രാവണൻ സീതയുമായി ലങ്കയിലേക്കു പറന്നു. രാമസേതുവിലൂടെ വാനരസേന സാഗരം താണ്ടി, അഗ്നിപരീക്ഷ അതിജീവിച്ച സീത തിരിച്ചുവന്നു. രാമായണത്തിൽ ഹനുമാനാണ് ചിരഞ്ജീവി. ഇവിടെ, കൊല്ലം ജില്ലയിലെ ഈ പാറയിൽ, ഒരു ശിൽപ്പത്തിലൂടെ ജടായുവും ഓർമകളിലെ ചിരഞ്ജീവിയായി വീണ്ടും ചിറകൊതുക്കി കിടക്കുന്നു....
യാത്രയ്ക്ക് മുമ്പ് അറിയാൻ
എവിടെ: ജടായു എർത്ത്സ് സെന്റർ, ചടയമംഗലം, കൊല്ലം ജില്ല (പിൻ 691534). കൊല്ലം ടൗണിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ. തിരുവനന്തപുരം–കൊച്ചി എംസി റോഡിനോട് ചേർന്നാണ് സ്ഥാനം.
എത്തിച്ചേരാൻ: റോഡ് മാർഗം ബസിലാണെങ്കിൽ ചടയമംഗലം ജംഗ്ഷനിൽ ഇറങ്ങാം. ജടായു നേച്ചർ പാർക്ക് റോഡിലൂടെയാണ് എത്തിച്ചേരേണ്ടത്. ട്രെയിനിൽ വരുന്നവർക്ക് കൊല്ലം ജംഗ്ഷൻ ആണ് ഏറ്റവും വലിയ സ്റ്റേഷൻ. വിമാനമാർഗം വരുന്നവർക്ക് ഏറ്റവും അടുത്തത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ; വാരാന്ത്യങ്ങളിലും ഉത്സവദിനങ്ങളിലും 6 വരെ, നടപ്പാത വഴിയുള്ള പ്രവേശനം വൈകിട്ട് 4.30 വരെ. മഴയും ശക്തമായ കാറ്റും ഉള്ളപ്പോൾ കേബിൾ കാർ നിർത്തിവയ്ക്കാറുണ്ട്. ശിൽപ്പം, മ്യൂസിയം, തിയെറ്റർ, കാഴ്ച എല്ലാം കാണാൻ മൂന്ന് മണിക്കൂറെങ്കിലും ആവശ്യമാണ്.
ടിക്കറ്റ്: ശിൽപ്പ സന്ദർശനവും കേബിൾ കാർ യാത്രയും ചേർന്ന് ഏകദേശം 555 രൂപ, നടപ്പാത വഴി ഏകദേശം 325 രൂപ. ഔദ്യോഗിക വെബ്സൈറ്റിൽ ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കാം.
നല്ല സമയം: രാവിലെ എത്തുന്നതാണ് ഉത്തമം. വാരാന്ത്യങ്ങളിൽ 11 മണി കഴിഞ്ഞാൽ കേബിൾ കാറിനു വേണ്ടിയുള്ള ക്യൂ നീളും. സിനിമയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ തിരക്ക് കൂടിയിട്ടുണ്ട്.
ക്ഷേത്രദർശനം: ചടയമംഗലത്തെ ജടായു കോദണ്ഡരാമ ക്ഷേത്രം സന്ദർശിക്കാം. പാറമുകളിലെ ശ്രീരാമന്റെ കാൽപ്പാടിന്റെ കഥയും ഈ ദേശവുമായി ചേർന്നു കിടക്കുന്നതാണ്.