ബോധോദയമാകുന്ന ഹൈക്കു
പ്രതീകാത്മക ചിത്രം- എഐ
അക്ഷരജാലകം| എം.കെ. ഹരികുമാർ
ജാപ്പനീസ് ഹ്രസ്വ കവിതയാണ് ഹൈക്കു. മൂന്നു വരികളാണ് ഉണ്ടാവുക. ഭാഷയ്ക്കുള്ളിൽ മറ്റൊരു നാടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വാക്കുകളുടെ അർഥത്തേക്കാൾ അതിന്‍റെ ധ്വനിയും ആന്തരിക വ്യാപ്തിയുമാണ് പ്രധാനം. മസോക്ക നെബൂറ (1867 -1902) എന്ന മസോക്ക ഷിക്കിയാണ് ഹൈക്കു എന്ന പേര് നൽകി ജാപ്പനീസ് ഹ്രസ്വ കവിതാ പാരമ്പര്യത്തെ നവീകരിച്ചത്.
ഇപ്പോൾ ഹൈക്കു ലോക കവിതയിലെ ഒരു ശാഖയാണ്. പ്രധാന ഭാഷകളിലെല്ലാം ഹൈക്കു കവിതകൾ എഴുതുന്നവരുണ്ട്. അതിവേഗതയിലും വ്യഗ്രതയിലും ആണ്ടുപോയ ഇന്നത്തെ ജനതയ്ക്ക് മൂന്നു വരിയിൽ അർഥസാന്ദ്രമായ, ആലോചിക്കാൻ വക നൽകുന്ന ഒരു ഹൈക്കു കവിത അഭികാമ്യമായി കരുതുന്നവരുണ്ട്.
മായ്ക്കുന്നു, എഴുതുന്നു
പ്രമുഖ ജാപ്പനീസ് ഹൈക്കു കവി മാറ്റ്സുവോ ബാഷോയുടെ ഒരു കവിത ഇങ്ങനെ:
"നിശബ്ദയായ ഒരു പഴയ തടാകം
അതിലേക്ക് ഒരു തവള ചാടുന്നു
സ്പാഷ്, വീണ്ടും നിശബ്ദത'.
കൊബായഷി ഇസയുടെ കവിത നോക്കൂ:
"മഞ്ഞു കണങ്ങളുടെ ഈ ലോകം ഓരോ കണത്തിനുള്ളിലും സംഘർഷത്തിന്‍റെ ലോകം'.
തടാകത്തെ മനസിനോട് ഉപമിക്കാം. മനസ് നിശബ്ദമായിരിക്കുമ്പോൾ പ്രതികരണത്തിന്‍റെ, അലങ്കോലത്തിന്‍റെ ഒരു തവള അവിടേക്ക് ചാടുന്നു. വീണ്ടും നിശബ്ദത. ചരിത്രത്തിലും ഈ നിശബ്ദതയുണ്ട്. നീണ്ടകാലത്തെ ആശയപരമായ അവ്യക്തതയ്ക്കും അപര്യാപ്തയ്ക്കും കോലാഹലങ്ങൾക്കും അപരിഷ്കൃതമായ ജീവിതത്തിനും ശേഷം ഒരു ക്രൂരനായ വില്ലൻ യുദ്ധവുമായി വരുന്നു. അതിനുശേഷം വീണ്ടും ശാന്തത.
കാട്സുഷിക ഹോകുസായ് എഴുതിയ കവിത ഇതാണ്:
"ഞാനെഴുതുന്നു, മായ്ക്കുന്നു,
വീണ്ടും എഴുതുന്നു.
വീണ്ടും മായ്ക്കുന്നു,
അതിനുശേഷം പോപ്പി പൂക്കുന്നു.'
എത്രയോ മഹനീയമായ ആശയമാണ് കവി മൂന്നു വരികളിൽ പറഞ്ഞിരിക്കുന്നത്! എഴുത്തിൽ എനിക്ക് ഏറ്റവും വലിയ ആദർശമായി തോന്നിയിട്ടുള്ളത് മായ്ക്കുക, എഴുതുക എന്നതാണ്. നമ്മുടേത് പലർ എഴുതി നിറച്ച ഒരു കടലാസാണ്. മറ്റുള്ളവർ എഴുതിയത് അതിൽ കാണാം. അതാണ് ചരിത്രം. അതിന് മുകളിൽ എഴുതരുത്. അത് മായ്ച്ചു കളയണം. മായ്ച്ചു കളയുന്നത് നമ്മുടേതായിട്ടുള്ള കുറച്ചു വരികൾ എഴുതാനാണ്. മറ്റുള്ളവർ കടന്നു കയറി നശിപ്പിക്കാത്ത ഭാവനയുടെ തോട്ടമാണ് നമ്മുടെ ലക്ഷ്യം. പലരും ചിന്തിച്ചത് അതേപടി എഴുതുന്നതിൽ മൗലികതയില്ല. വേറൊരു രീതിയിൽ ചിന്തിക്കണം. അപ്പോൾ ഫലത്തിൽ നാം മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. പഴയതിന്‍റെ ആവർത്തിക്കപ്പെട്ട ശബ്ദമാകരുത് എഴുത്ത്. എഴുതുക എന്നാൽ പുതിയതായി ഒരു പാഠമുണ്ടാക്കുക എന്നാണ് അർഥം. അതിന്‍റെ ആവശ്യത്തിനാണ് എഴുതുന്നത്. എഴുതുന്നത് എഴുതുന്നയാളാകാനല്ല, പുതുതായി സൃഷ്ടിക്കാനാണ്. ഈ ലോകത്തിന്‍റെ വായനയ്ക്ക് നിങ്ങളുടേതായ ഒന്നോ രണ്ടോ വരി പുതിയതായി നൽകുകയാണ്. അപ്പോൾ ഒരു ലോകമുണ്ടാകുന്നു. ഹോകുസായ് ഈ ആശയം എത്ര ഭംഗിയായി, ഹ്രസ്വമായി അവതരിപ്പിച്ചിരിക്കുന്നു.
പ്രേമം പുതിയ പരിത്യാഗം
മായ്ച്ചു കളഞ്ഞ് എഴുതുമ്പോൾ പോപ്പികൾ പൂവിടുകയാണ്. മനോഹരമായ ഒരു പുതിയ അനുഭവമാണുണ്ടാകുന്നത്. സാഹിത്യകലയിൽ മൗലികതയ്ക്കാണ് പ്രാധാന്യം. പുതിയ പ്രമേയം ചിലപ്പോൾ ഉണ്ടായില്ലെന്ന് വരാം. അപ്പോഴും പുതിയ ശൈലിയും ക്രാഫ്റ്റും ശില്പബോധവും അനിവാര്യമാണ്. പുതിയ ഭാഷ നമ്മെ ജീവിതത്തിലേക്ക് അമർത്തിവയ്ക്കുകയാണ്. സോണിയ സാഞ്ചസ് പ്രേമത്തെക്കുറിച്ചെഴുതിയ വരികൾ നോക്കുക:
"നമുക്കിടയിലെ പ്രേമം
സംഭാഷണവും ശ്വാസോച്ഛ്വാസവുമാണ്.
നിന്നെ പ്രേമിക്കുന്നത് ദൈർഘ്യമുള്ള
ഒരു നദി ഒഴുകുന്നത് പോലെയാണ്.'
പ്രേമം മധുരമാണ്. പ്രേമിക്കുന്നവർ പലപ്പോഴും ആ മധുരത്തെ അപമാനിക്കും. അവർ പ്രേമിക്കുന്നത് ചിലപ്പോൾ അകലാനാണ്. അവരുടെയുള്ളിലെ അസൂയ, കുശുമ്പ്, വെറുപ്പ് തുടങ്ങിയ വികാരങ്ങൾ അനവസരത്തിൽ കടന്നു വന്ന് പ്രേമത്തിന്‍റെ മാധുര്യം തട്ടിമറിക്കുന്നു.
പ്രേമത്തിനു സ്വയം ഒഴുകാനാവാത്ത അവസ്ഥയുണ്ടാവുന്നു. വാസ്തവത്തിൽ പ്രേമം നമ്മളിൽ നിന്നുതന്നെയുള്ള ഒരു വിടുതലാണ്. അത് പുതിയ ഒരു ഐഹിക സന്യാസമല്ലേ? ആ സന്യാസത്തിൽ പ്രേമവും അനുരാഗവും ഭയവും ഓർമയും ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ്. പഴയ ജീവിതത്തിൽ നിന്ന് പടം പൊഴിച്ച് പുതിയ ഒരു ധാരയിലേക്ക് പ്രവേശിക്കുന്നവരുടെ മതമാണ് പ്രേമം. അത് പുതിയ പരിത്യാഗമാണ്, പുതിയ പരിവ്രാജകത്വമാണ്. അതിനു ഭൗതിക മോഹങ്ങളില്ല. എന്നാൽ ആർദ്രവും അഹിംസാത്മകവുമായ സ്വപ്നങ്ങളുണ്ട്. ഉറങ്ങുന്നവരെ ഉണർത്താതെ, അലട്ടാതെ വിടാനുള്ള സൗമനസ്യമാണത്. പ്രേമത്തിൽ എപ്പോഴും ഒരു കുട്ടി ഉറങ്ങുന്നുണ്ട്. ആ കുട്ടിയെ ഉണർത്താതിരിക്കുമ്പോൾ പ്രേമം ഒഴുകും. നദിയിലേക്ക് നോക്കി നിന്നാൽ പ്രേമത്തിന്‍റെ അനുസ്യൂതമായ ഒഴുക്ക് അനുഭവപ്പെടണം. ഒഴുക്കിനടിയിൽ വെള്ളം വെള്ളത്തോട് ചേർന്നു ഒഴുകുന്നു, വേർപിരിയാതെ, ദുഃഖിക്കാതെ.
ഒച്ച് സാവധാനം
കൊബായഷി ഇസയുടെ ഞെട്ടിക്കുന്ന ഒരു ഹൈക്കു വായിക്കൂ:
"അല്ലയോ ഒച്ച്,
ഫുജി പർവതത്തിലേക്ക് കയറൂ,
പക്ഷേ മന്ദം മന്ദം.'
ഒരു ഒച്ചിനു സാവധാനത്തിലാണ് സഞ്ചരിക്കാനാവുക. അതറിയുന്ന കവി അതിനെ ഫുജി പർവതം കയറാൻ ആഹ്വാനം ചെയ്യുന്നു. ഒച്ചിനും അവിടെ കയറാം. പർവതം ആരുടെയും സ്വന്തമല്ല. ഒച്ച് അതിലേക്ക് ഇഴയുന്നത് ആരും അറിയുന്നുമില്ല. ഈ ലോകത്ത് ആർക്കും കാണാൻ നേരമില്ലാത്ത എത്രയോ ചലനങ്ങളണ്ട്. ആ ചലനങ്ങളുടെ ഭംഗി ആസ്വദിക്കാൻ അറിയണമെന്ന് കവി സൂചിപ്പിക്കുന്നു. ഒച്ചിന് വേഗത്തിൽ എങ്ങും പോകാനില്ല. സാവധാനം പോകുമ്പോഴും അതിനു സ്വന്തം വേഗമുണ്ട്. ഫുജി പർവതമാകട്ടെ അവിടെത്തന്നെയുണ്ട്. വേഗതയില്ലാത്തവരെയും അത് ഉൾക്കൊള്ളുന്നു. പ്രകൃതിയിൽ നാം ജീവിക്കുന്നു, പ്രകൃതിയുടെ ദുരൂഹ ലയമാണത്.
ആരുടെയും ശ്രദ്ധയാകർഷിക്കാതെ, സ്വന്തം നിറവിനും അനുഭൂതിക്കുമായി നിശബ്ദമായി യാത്ര ചെയ്യുന്നവരുടെ മറ്റൊരു ലോകവും ഇവിടെയുണ്ട്. മനുഷ്യന്‍റെ അതിശീഘ്രഗതിയിലുള്ള യാത്രയുടെ മറുവശമാണിത്. മനുഷ്യർക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് ഒരു കർമത്തിൽ തന്നെ പല ക്ലേശങ്ങളും വന്നു ചേരുന്നു. അതുകൊണ്ട് മന്ദമായി പോകുന്നതിന്‍റെ സുഖം കിട്ടണമെന്നില്ല. വേഗത്തിൽ പോകുന്നവർക്ക് പ്രത്യേക സുഖം കിട്ടും. അപ്പോൾ സാവധാനം പോകുന്നതിന്‍റെ സുഖമില്ല. ഒരു സായം സന്ധ്യയിൽ കിളികൾ അസ്തമയ സൂര്യന്‍റെ കുങ്കുമ പാടത്തേക്ക് പറന്നു പോകുന്നത് അതിവേഗത്തിൽ സഞ്ചരിച്ചു കൊണ്ട് കാണാനാവില്ല. അതിനു ഏകാന്തതയുടെ പ്രശാന്തത വേണം. മനസിലേക്ക് ആ ബിംബത്തെ ഉൾക്കൊണ്ട് ഓർമിക്കുമ്പോൾ ലോകഗതിയുടെ അദ്വൈതത്തിലേക്കാവും നാമുണരുക.
ഗോസാൻ (ഐദ ബുന്നോസുകെ) എഴുതിയ വരികൾ പ്രചോദിപ്പിക്കും, ജീവിത നൈമിഷികതയുടെ സൗന്ദര്യമോർത്ത്.
'ഇന്നലെത്തെ മഞ്ഞുകട്ടകൾ
ചെറിപ്പൂക്കളെ പോലെ
പൊഴിയുകയായിരുന്നു.
വീണ്ടും അത് വെള്ളമായിരിക്കുന്നു. "
മഞ്ഞുകട്ടകൾക്ക് മഞ്ഞായിരിക്കാൻ നിവൃത്തിയില്ല. അത് വെള്ളമാകാൻ പോവുകയാണ്. ചെറിപ്പൂക്കളോ? അത് അനശ്വരമല്ല. മഞ്ഞ് മഞ്ഞായിരിക്കുമ്പോഴും, ചെറിപ്പൂക്കൾ ചെറിപ്പൂക്കളായിരിക്കുമ്പോഴും പ്രകൃതിയുടെ ഒരു നിസംഗതയുണ്ട്. അപ്പോഴാണ് അതിന് സൗന്ദര്യം. ആ സൗന്ദര്യം ഏറ്റുവാങ്ങാൻ അതിന് അനശ്വരത വേണമെന്നില്ല. കാണിയും കാണപ്പെടുന്ന വസ്തുവും സുന്ദരമാണ്. കാണിക്കും കാണപ്പെടുന്ന വസ്തുവിനും ഹ്രസ്വ ജീവിതമാണുള്ളത്. പ്രകൃതിയുടെ ഈ സൗന്ദര്യമാണ് പ്രഹേളിക. അത് മായുന്നതാണെന്ന് അറിഞ്ഞുകൊണ്ട് ആസ്വദിക്കുമ്പോൾ ലോകത്ത് നന്മയുണ്ടാകുന്നു. ലോകത്തെ സ്നേഹിക്കാൻ തോന്നും.
ഒരു നദി എന്തിനാണ് ഒഴുകുന്നത്? നദിയായി നിലനിൽക്കണമെന്നല്ല ആഗ്രഹം; കടലിൽ ലയിക്കാനാണ്. ജോൺ സാൻഡ്‌വിച്ച് എഴുതിയ വരികൾ ഭൂമിയിലെ അസ്തിത്വത്തിന്‍റെ മറിഞ്ഞിരിക്കുന്ന സൗന്ദര്യം കാണിച്ചു തരുന്നു.
"സ്വന്തം പേരുപേക്ഷിച്ച്
ഒരു നദി
കടലിലേക്ക് പ്രവേശിക്കുന്നു.'
ഓരോന്നും യാത്രയിലാണ്. അത് സ്വന്തം പേരും രൂപവും ഉപേക്ഷിക്കുന്ന യാത്രയിലാണ്. ആ യാത്രയിൽ അത് മറ്റൊന്നാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ബാല്യം ഉപേക്ഷിക്കുന്ന നാം കൗമാരത്തിലൂടെ തുടർന്ന് യൗവനത്തിലും മധ്യവയസിലും വാർധക്യത്തിലും എത്തുന്നു. ഒന്നും ഒരിടത്തും കാത്തുനിൽക്കുന്നില്ല. നദിയായിട്ടല്ല നദി നിൽക്കുന്നത് ;അത് കടലായിട്ടും ജീവിക്കുന്നു.
കൊബായഷി ഇസ എഴുതുന്നു:
"ഞാൻ മൃദുല വികാരത്തോടെ
സ്പർശിക്കുന്നതെല്ലാം മുള്ളുകളുള്ള
കാട്ടുചെടിയെ പോലെ കുത്തുന്നു'
എത്ര സുന്ദരമായ വസ്തുവിനെയും അകലെ നിന്നേ സ്നേഹിക്കാവൂ. എടുത്ത് ഓമനിച്ചാൽ ചിലപ്പോൾ കുത്തും. സാർപ്പിക സൗന്ദര്യമാണത്. സൗന്ദര്യം നമ്മെ സംരക്ഷിക്കുകയില്ല. അതിനു നമ്മളുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. മനോഹരമായി പൂത്തുലഞ്ഞു നിൽക്കുന്ന വലിയ വൃക്ഷത്തിനു താഴെ നിന്നാൽ സുരക്ഷിതമായി എന്നു കരുതണ്ട. അതിന്മേൽ വലിയ കാറ്റ് വീശിയാൽ ശിഖരം ഒടിഞ്ഞു തലയിൽ വീഴും. പ്രകൃതിക്ക് നമ്മുടെ സൗന്ദര്യത്തിലോ ഭവനയിലോ ഒരു താൽപര്യവുമില്ല. അത് വ്യക്തി നിരപേക്ഷമായ യാത്രയിലാണ്. സ്നേഹിക്കുമ്പോൾ മുറിവേൽക്കാം. വർധിച്ച മമതയോടെയാകാം സ്പർശിക്കുന്നത്; എന്നാൽ അതിനു മറുപടിയായി ഒരു ചുംബനം ആയിരിക്കില്ല ഉണ്ടാവുക, ഒരു കാട്ടുചെടിയുടെ മുള്ള് കൊണ്ടുള്ള കുത്തായിരിക്കും.
മാന്ത്രികത
യോസാ ബാസുൻ എഴുതിയ വരികൾ ഹൈക്കുവിന്‍റെ മാന്ത്രികത അനുഭവിപ്പിച്ചു.
"ഒരു മെഴുകുതിരിയുടെ നാളം മറ്റൊരു മെഴുകുതിരിയിലേക്ക് പകരുന്നു - അതൊരു വസന്തകാല സന്ധ്യയായി മാറുന്നു.'
ഒരു തിരിയിൽ നിന്ന് മറ്റൊന്നിലേക്ക് മാത്രമല്ല, അനേകം തിരികളിലേക്ക് ദീപം പകരാം. ഓരോ ദീപവും ഓരോ പൂർണതയാണ്. സന്ധ്യയിൽ ആ ദീപങ്ങൾ പകരുമ്പോൾ അത് സാന്ധ്യദീപ്തിയായി മാറുന്നു. അത് അനേകരുടെ വെളിച്ചമായി മാറുന്നു. മനുഷ്യർ ഒറ്റയ്ക്ക് വളരെ പരിമിതിയുള്ളവരായിരിക്കാം. എന്നാൽ അവരൊന്നിച്ചാൽ അത് ലോകത്തെ കുറച്ചു നേരത്തേക്കെങ്കിലും പ്രകാശപൂർണമാക്കാം. ഹൈക്കു നമ്മുടെയുള്ളിലേക്ക് അർഥത്തിന്‍റെ ഒരു മുത്ത് നിക്ഷേപിക്കുകയാണ്. ബോധോദയമാണ് ഓരോ ഹൈക്കുവും സാക്ഷാത്കരിക്കുന്നത്.
സമകാലിക രേഖകൾ
1) വിമർശകൻ പ്രൊഫ. എം. തോമസ് മാത്യുവിനെ കഴിഞ്ഞദിവസം കൊച്ചി ചാവറ സെൻററിൽ മലയാളഭാഷാ വാരാചാരണത്തിൽ പ്രസംഗിക്കാൻ ചെന്നപ്പോൾ കണ്ടു. അദ്ദേഹം വീണു പരുക്കേറ്റ് സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്ന് അറിഞ്ഞത് അപ്പോഴാണ്. ഇപ്പോൾ സുഖമായി. തോമസ് മാത്യുവിന്‍റെ വീഴ്ചയുടെ വിവരമറിഞ്ഞ് അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ച കാര്യം എം.വി. ബെന്നി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്.
2) പ്രശാന്ത് ചിറക്കരയുടെ കഥകളുടെ സമാഹാരം "നിശബ്ദം' (സിദ്ധാർഥ പബ്ലിക്കേഷൻസ്, കൊല്ലം) നവാനുഭൂതി പകരുകയാണ്. പ്രശാന്ത് അധികം എഴുതാറില്ല. പത്രപ്രവർത്തനത്തിന്‍റെയും മറ്റു ജോലികളുടെയും ഇടവേളകളിൽ എഴുതുന്നു. പലരും ചൂണ്ടിക്കാണിച്ച വഴിയെ പോകാത്ത പ്രശാന്ത് തന്‍റെ നേരനുഭവങ്ങൾക്ക് കാതോർക്കുകയാണ്. ഖസാക്കിലെ ഉരഗം, തീവണ്ടികൾ ആത്മഹത്യ ചെയ്യുന്നത്, ആകാശത്തിന്‍റെ അതിരുകൾ, നൃത്തം ചെയ്യുമ്പോൾ തുടങ്ങിയ കഥകളിൽ അദ്ദേഹം പുതിയ നിരീക്ഷണങ്ങളും സമീപനങ്ങളുമാണ് പങ്കുവയ്ക്കുന്നത്. ഒരു നവപരിപ്രേക്ഷ്യം ഈ കഥാകൃത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
2) കഴിഞ്ഞ ദിവസം എം.കെ. സാനു മാഷിന്‍റെ രണ്ടു പെൺമക്കളെയും മകനെയും ചാവറ കൾച്ചറൽ സെന്‍ററിൽ കണ്ടു. അവർ പ്രസംഗം കേൾക്കാൻ വന്നതായിരുന്നു. മകൻ രഞ്ജിത്ത് സാനു മാഷിനെക്കുറിച്ച് എഴുതിയ ലേഖനത്തെ പ്രശംസിച്ചു സദാശിവൻ നായർ എരമല്ലൂർ (പ്രഭാതരശ്മി) ഇങ്ങനെ കുറിക്കുന്നു: ഒരു അധ്യാപകന് ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായത് ഓർമശക്തിയും വാഗ്മിതയും തന്നെയാണ്.
3) "ആത്രേയകം' നോവലിനു വയലാർ അവാർഡ് കൊടുക്കരുതെന്നും ഇതിൽ ചില ക്രമക്കേടുകൾ നടന്നവെന്നും ആരോപിച്ച് വിനയശീ എന്ന എഴുത്തുകാരി പത്രസമ്മേളനം നടത്തിയതായി കണ്ടു. എന്നാൽ പിറ്റേ ദിവസം പ്രസ്തുത അവാർഡ് സമ്മാനിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ആധികാരികമായ ഒരഭിപ്രായം പറയാൻ കെല്പുള്ള എഴുത്തുകാർ മലയാള സാഹിത്യത്തിൽ ഇപ്പോഴില്ല.
4) ഇളവൂർ ശ്രീകുമാർ എഴുതിയ നോവൽ "ഇസാന്‍റ' (കറൻറ് ബുക്സ്) ഒരു ചെറിയ രാഷ്‌ട്രത്തിന്‍റെ രാഷ്‌ട്രീയമായ അപ്രത്യക്ഷമാകലും അതിന്‍റെ പിന്നിലെ നാടകീയതകളും അനാവരണം ചെയ്യുന്ന സാങ്കല്പിക കഥയാണ്. അവിടെ എല്ലാവരും പ്രജകളാണ്, ഭരണവർഗമില്ല. ചില ഉത്തരവാദിത്വങ്ങൾ അവർ ഏറ്റെടുക്കുന്നു എന്നേയുള്ളൂ. ഇസാന്‍റ ഒരു രാജ്യമല്ല, ഭൂവിഭാഗവും ജനതയുമാണ്. വളരെ എഡിറ്റ് ചെയ്ത്, കൃത്യമായ ഒരു ഭാഷയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. അപൂർവ ഭംഗിയുള്ള ഒരു വിഷയം തിരഞ്ഞെടുക്കുകയും അത് ചരിത്രപരമായ ഗവേഷണങ്ങളോടെ, കാലികജീവിതത്തിന്‍റെ കലുഷിതമായ സംഭവങ്ങളുടെ ഓർമപ്പെടുത്തലുകളോടെ ആവിഷ്കരിക്കുകയാണ്.
5) ഷാന്‍റി ഡേവിസ് എഴുതിയ കവിതകളുടെ സമാഹാരം "അന്തര്യാമി' (ബ്രൗൺസ് പബ്ലിക്കേഷൻസ്, തിരുവനന്തപുരം) നഷ്ടപ്പെട്ട ചില ഓർമകളെ തിരികെ കൊണ്ടുവരുന്നു. ഇത് ഈ കവിതകളുടെ വിധിയാണ്. മനുഷ്യകുലത്തെ സാന്മാർഗികമായും സാംസ്കാരികമായും ഉണർത്തുകയാണ് കവിയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോൾ കാണുന്ന തടസങ്ങൾ കവി വിവരിക്കുന്നു. "ഒട്ടൊന്നു തിരിച്ചു പോകാം നമുക്ക് ധാത്രിതൻ മടിത്തട്ടിലേക്ക് ' എന്ന് ഒരു കവിതയിൽ എഴുതുന്നുണ്ട്.
6) സുരേഷ് പേങ്ങാട് എഴുതിയ വിമർശനലേഖനങ്ങളുടെ സമാഹാരമാണ് "ജലത്തിന്‍റെ പരിണാമം' (റേഡിയസ് ബുക്സ് അരീക്കാട്). ഖസാക്കിന്‍റെ ആകാശവും ഭൂമിയും, വി. രാജകൃഷ്ണന്‍റെ ആളൊഴിഞ്ഞ അരങ്ങ്, സംഗീതവും അർഥബോധവും, യാഥാർഥ്യത്തിന്‍റെ സ്വപ്നമുഖം തുടങ്ങിയ ഗൗരവപൂർണമായ ലേഖനങ്ങൾ ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
രജത രേഖകൾ
1) മേതിൽ രാധാകൃഷ്ണൻ
മേതിൽ രാധാകൃഷ്ണന്‍റെ ഒരു പ്രസ്താവന വായിച്ചു: "ലോകചരിത്രത്തിൽ ഒരു വിപ്ലവത്തിനും കഴിയാത്ത മാറ്റം ഉണ്ടാക്കിയത് സാങ്കേതിക വിദഗ്ധരാണ്. അത് ബുദ്ധിജീവികളും ചരിത്രകാരന്മാരും ഒന്നും സമ്മതിക്കില്ലെന്നു മാത്രം.' പിന്നെ എന്തിനാണ് മേതിൽ എഴുത്തുകാരനായത്? സാങ്കേതിക വിദഗ്ധനായാൽ മതിയായിരുന്നല്ലോ. മേതിലിന് എന്നും കലയോട് പുച്ഛമാണ്; അതേസമയം കലാകാരനാവുകയും വേണം. ലോകത്ത് വിപ്ലവം വേണ്ട, മാറ്റം വേണ്ട, സാങ്കേതിക ഉപകരണങ്ങൾ മാത്രം മതി എന്ന വാദം വിഡ്ഢിത്തമാണ്. വ്യാസനു വെൽഡു ചെയ്യാൻ അറിയില്ല, അതുകൊണ്ട് വ്യാസനു പ്രസക്തിയില്ലെന്ന് പറയുന്ന ഈ "ബുദ്ധി' വളരെ പ്രാകൃതമാണ്.
2) മാടമ്പ് കുഞ്ഞുക്കുട്ടൻ
വേദത്തിലും ഭാരതീയ പുരാണങ്ങളിലും ആഴത്തിൽ വേരുപിടിപ്പിച്ച മാടമ്പിന്‍റെ കൃതികൾ ആ രീതിയിൽ വായിച്ച് ആസ്വദിച്ച് എഴുതാൻ അറിയുന്നവർ കുറവാണ്, ഇത് ഖേദകരമാണ്. അവിഘ്നമസ്തു, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അമൃതസ്യ പുത്രഃ തുടങ്ങിയ നോവലുകൾ ഉദാഹരണം.
3) സിബി മലയിൽ
കിരീടം, ചെങ്കോൽ എന്നീ ചിത്രങ്ങൾ മതി സംവിധായകൻ സിബി മലയിലിന്‍റെ കരിയറിൽ നിത്യമായ അടയാളങ്ങളായി നിലകൊള്ളാൻ. ഈ ചിത്രങ്ങളിൽ മോഹൻലാലിനെ മാക്സിമം പിഴിഞ്ഞെടുത്തിരിക്കുകയാണ് സംവിധായകൻ.
4) സി.പി. ശ്രീധരൻ
എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സി.പി. ശ്രീധരന്‍റെ പ്രസംഗങ്ങൾ ഒരു പ്രത്യേക താളത്തെ ആവാഹിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ബിന്ദുവിൽ നിന്ന് തുടങ്ങി ഏതൊക്കെയോ ഉയരങ്ങൾ താണ്ടി, സമതലത്തിലൂടെ അലഞ്ഞ് പിന്നീടൊരു ചാടിക്കയറ്റമാണ്! അത് ഒരു വിശേഷപ്പെട്ട വാസ്തുശില്പമായിരുന്നു.
5) വൈക്കം ചന്ദ്രശേഖരൻ നായർ
വൈക്കം ചന്ദ്രശേഖരൻ നായരുടെ പ്രസംഗം ഒരു ഗാനാലാപനത്തിന്‍റെ ഡയനാമിക്ക് സവിശേഷതയാണ് ഉൾക്കൊള്ളുന്നത്. പ്രസാദവും മധുരവും പ്രതീക്ഷയും നൽകിയ അതുപോലൊരു പ്രസംഗം വേറെ കേട്ടിട്ടില്ല. വൈക്കത്തിന്‍റെ സിദ്ധി പൂർണമായി ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. നമുക്ക് കിട്ടിയിട്ടുള്ളത് "സ്മൃതികാവ്യം' പോലെയുള്ള ചില കൃതികൾ മാത്രമാണ്.
6) കാക്കനാടൻ
കാക്കനാടൻ പറഞ്ഞു, തന്നെ ഏറ്റവും സ്വാധീനിച്ച, തനിക്ക് ഏറ്റവും ആദരവ് തോന്നിയ എഴുത്തുകാരൻ എംടിയാണെന്ന്. ഹൃദയത്തിലേക്ക് സ്വാഭാവികമായി വരുന്ന ജന്മസിദ്ധമായ ഭാഷയാണ് എം.ടിയുടേത് - അദ്ദേഹം പറഞ്ഞു.
7) പി.എൻ. ദാസ്.
മലയാളത്തിൽ സെൻ ബുദ്ധമതത്തിനും സെൻ കഥകൾക്കും സെൻ ചിന്തകൾക്കും ഏറ്റവും കൂടുതൽ പ്രചാരം നൽകിയത് പി.എൻ. ദാസ് എന്ന എഴുത്തുകാരനാണ്. അദ്ദേഹം ധ്യാനത്തെ, സാമ്പ്രദായിക ലോകത്തുനിന്ന് മാറ്റിനിർത്തിയാണ് പരിശോധിച്ചത്.