ജീവിച്ചിരിക്കുന്നത് അദ്ഭുതം

 

പ്രതീകാത്മക ചിത്രം- എഐ

Literature

ജീവിച്ചിരിക്കുന്നത് അദ്ഭുതം

അറിവില്ലാത്ത പൈതങ്ങളാണ് നമ്മൾ എന്ന് ദൈവം തന്നെ പറഞ്ഞിരിക്കുന്നു

MV Desk

അക്ഷരജാലകം|എം.കെ.ഹരികുമാർ

ജീവിച്ചിരിക്കുന്നതു മഹാത്ഭുതമാണ്. യാതൊന്നിനും പകരം വയ്ക്കാനാവാത്ത അവസ്ഥ. കൊടിയ തെറ്റുകൾ ചെയ്തവർ പോലും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അത് നേട്ടമാണ്. രാജ്യങ്ങൾ ജീവന് അത്രമാത്രം വില കൊടുക്കുന്നുവെന്നു വ്യാഖ്യാനിക്കാം. മനുഷ്യൻ എന്തുകൊണ്ടാണ് തെറ്റ് ചെയ്യുന്നത്? ഇക്കാര്യത്തിൽ ദൈവത്തിന് എന്തെങ്കിലും ചെയ്യാനൊക്കുമോ? യേശുദേവൻ പറഞ്ഞ വാക്കുകൾ മുഴങ്ങുന്നു: "അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. അവരോട് പൊറുക്കേണമേ'. അറിയാതെ തെറ്റ് ചെയ്യുന്നവരെ ദൈവത്തിന് ശിക്ഷിക്കാൻ സാധിക്കില്ല എന്നല്ലേ ഇതിനർഥം? ഇക്കാര്യത്തിൽ ദൈവം പ്രതിസന്ധിയിലാണ്. ദൈവത്തിന്‍റെ ധർമം ദൈവത്തിനു തന്നെ വിനയായി തീരുന്നു.

ശക്തിയുള്ളവൻ ശക്തി കുറഞ്ഞവനെ അടിക്കുന്നു, തെറ്റ് ചെയ്യാത്ത കുട്ടികളെ കുറേ പേർ കൊന്നൊടുക്കുന്നു, ചിലർ അനീതി ചെയ്തുകൊണ്ടേയിരിക്കുന്നു. ദൈവത്തിന് എന്തു ചെയ്യാൻ കഴിയും? ദൈവത്തിന്‍റെ സംജ്ഞയിൽ ധർമം എഴുതിച്ചേർത്തിട്ടുണ്ട്. എന്നാൽ ഈ ധർമം ദൈവത്തിനു പോലും ഉപയോഗിക്കാനാവുന്നില്ല. കാരണം മനുഷ്യർ പാപികളും പതിതരും വിവരമില്ലാത്തവരുമാണ്. അതുകൊണ്ടാണ് അവർ പാപം ചെയ്യുന്നത്. ചെയ്യുന്ന തെറ്റിന്‍റെ വ്യാപ്തി അറിയാവുന്നവരും തെറ്റു ചെയ്യുന്നു!

അറിവില്ലാത്ത പൈതങ്ങളാണ് നമ്മൾ എന്ന് ദൈവം തന്നെ പറഞ്ഞിരിക്കുന്നു. ചെയ്യുന്നത് ക്രൂരതയാണെന്നു അറിയാതെ പ്രവർത്തിക്കുന്നവരാണ് ഭൂമിയിലാകെയുള്ളത്. അവരെ പിന്നെയും അതേ തെറ്റു ചെയ്യാൻ അനുവദിച്ചിരിക്കുന്നതിന്‍റെ ഉത്തരം അവരുടെ മനസിലാണുള്ളത്. അവർക്ക് യഥാർഥ അറിവില്ല. അതുകൊണ്ട് അവരോട്, നമ്മളോട് പൊറുക്കണമെന്ന ദൈവത്തിന്‍റെ സിദ്ധാന്തം നിലവിലുണ്ട്. നമുക്കു ചെയ്യാവുന്നത് വളരെ കുട്ടിക്കാലം മുതൽ നിയമം പഠിക്കുക എന്നുള്ളതാണ്. നിയമ പഠനത്തിനു പോകുന്നവർക്കാണല്ലോ നിയമത്തെക്കുറിച്ച് അറിയാവുന്നത്. നിയമ പഠനം നടത്തുന്നവർ വക്കാലത്ത് ഏറ്റെടുക്കുന്നു. എന്നാൽ വക്കാലത്തിനു വേണ്ടിയല്ലെങ്കിലും അഞ്ചാം ക്ലാസ് മുതലെങ്കിലും നിയമം പഠിപ്പിക്കണം. എന്തൊക്കെയാണ് ഇന്ത്യൻ ഭരണകൂടം കുറ്റകൃത്യമായി കണ്ടിട്ടുള്ളതെന്ന കാര്യം എന്തിനാണ് സർക്കാർ ജനങ്ങളിൽ നിന്നും വിദ്യാർഥികളിൽ നിന്നും മറച്ചുവയ്ക്കുന്നത്?

ഓരോ നിമിഷവും

നിയമ പഠനം സാർവത്രികമാകുന്നതോടെ പകുതി പ്രശ്നങ്ങൾ മിക്കവാറും തീരും. സ്വയം നിയന്ത്രിക്കാം. ജീവിച്ചിരിക്കുന്നതിന്‍റെ മഹത്വം പലർക്കും ഇനിയും മനസിലായിട്ടില്ല. അതുകൊണ്ട് ആ അനർഘ നിമിഷങ്ങളെ ആസ്വദിക്കുന്നതിനു പകരം അലമ്പുണ്ടാക്കി സമയം പാഴാക്കിക്കളയുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അത് പിന്നീട് ആവർത്തിക്കുന്നില്ല. ഓരോന്നും അതുല്യമാണ്. നാം കണ്ടുമുട്ടുന്ന മനുഷ്യരിൽ 99 ശതമാനത്തെയും പിന്നീട് കണ്ടെന്നു വരികയില്ല. സ്ഥിരമായി കാണുന്നവരെയും അടുത്ത സുഹൃത്തുക്കളെയും പരിചയക്കാരെയുമാണ് നമുക്ക് കണ്ടു എന്നുറപ്പിക്കാനാവുന്നത്. അവരെക്കുറിച്ചുള്ള ഓർമകൾ നമ്മെ പ്രചോദിപ്പിക്കും. എന്നാൽ എത്രയോ പേരെ നാം യാത്രകളിൽ, വിശ്രമ കേന്ദ്രങ്ങളിൽ, പ്രദർശന ശാലകളിൽ, ട്രെയ്നുകളിൽ കാണുന്നു. അവരെയൊന്നും നാം പിന്നീട് കാണുകയില്ല. അപ്പോൾ ആ നിമിഷങ്ങൾ അതുല്യമായ പ്രഭാവമുള്ളതല്ലേ? ഈ മഹാ പ്രപഞ്ചത്തിന്‍റെ യാദൃച്ഛികതയിൽ ഇത്തരം നിമിഷങ്ങൾ എന്തിനു കടന്നു വരുന്നു? അത് ജീവിതത്തിന്‍റെ മൂല്യമന്വേഷിക്കുന്നവർ ഓർക്കേണ്ടതാണ്. ഒരേ കാലത്ത് ജീവിക്കുന്നവരും ബന്ധപ്പെടുന്നവരും ഏതോ തരത്തിൽ ബന്ധിതരാണ്. നമ്മൾ എന്തുകൊണ്ട് ഈ കാലത്ത് പ്രത്യക്ഷപ്പെട്ടു? ഏതാനും ദശകങ്ങൾക്കു മുമ്പുണ്ടായിരുന്നവർ വേറൊരു സൗഹൃദ സംഘമായിരുന്നു. അവരുടെ കാലം അവരെ സൃഷ്ടിച്ചു.

ജീവിക്കുന്നത് മനുഷ്യർക്ക് മാത്രമല്ല, ഓരോ പ്രാണിക്കും അളക്കാനാവാത്ത മൂല്യമാണ്. അവ അതിജീവിച്ചത് ഒരു ഇതിഹാസ തുല്യമായ ആഖ്യാനത്തിൽ പോലും ഒതുങ്ങുന്നതല്ല. അവയുടെ ജന്മ പരമ്പരകൾ എത്ര ഭീതി ഉള്ളിൽ വഹിച്ചു! എത്രമാത്രം കണ്ണീർ ആരുമറിയാതെ ആ തലമുറകൾ പൊഴിച്ചു. വംശനാശം സംഭവിക്കുമോ എന്ന് എത്ര പ്രാവശ്യം ഉത്ക്കണ്ഠപ്പെട്ടിട്ടുണ്ടാവും.

"എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവെരിതിങ്' എന്ന പുസ്തകത്തിൽ ബിൽ ബ്രൈസൻ ഇങ്ങനെ എഴുതുന്നു: "നിങ്ങൾ ജീവിച്ചിരുപ്പുണ്ടെന്ന കാര്യം ഇടയ്ക്കിടെ ഓർക്കാൻ സമയം കണ്ടെത്തുക. ഇതൊരു നിസാര കാര്യമായി തോന്നാമെങ്കിലും സവിശേഷവും സംതൃപ്തി നൽകുന്നതുമായ ഈ സത്യത്തെക്കുറിച്ച് ചിന്തിക്കാൻ നാം എത്ര കുറച്ചു സമയം മാത്രമാണെടുക്കുന്നത് എന്നത് അദ്ഭുതകരമാണ്. അത്യദ്ഭുതകരമായ ഒരു ഭാഗ്യത്താൽ ഈ പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്‍റെ അതിസൂക്ഷ്മമായ ഒരു അംശം ഒത്തുചേർന്നാണ് നിങ്ങളെ സൃഷ്ടിച്ചത്. അനന്തതയുടെ മഹാ പ്രവാഹത്തിലെ ഏറ്റവും ചെറിയൊരു നിമിഷത്തേക്ക് നിലനിൽക്കാനുള്ള അതുല്യമായ ഭാഗ്യമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.'

അനന്തമായ സമയത്തിന്‍റെ

ഒരു കണം

ഈ പ്രപഞ്ചം അനന്തത എന്ന സർപ്പത്താൽ ചുറ്റിവരിയപ്പെട്ടിരിക്കുകയാണ്. പ്രപഞ്ചത്തിലെ അളക്കാനാവാത്ത ദ്രവ്യത്തിന്‍റെ സൂക്ഷ്മമായ അംശം കൊണ്ടാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യം മുൻകൂട്ടി തീരുമാനിച്ചതോ അനശ്വരതയിൽ ഒട്ടിച്ചേർന്നതോ അല്ല.

ഇത് നൈമിഷികമായ പിറവിയാണ്. അനന്തമായ സമയത്തിന്‍റെ ചെറിയ അംശമാണ് ഉപയോഗിക്കുന്നത്. മറ്റൊന്നും നമുക്കറിയില്ല. രണ്ടും രണ്ടും നാല് എന്ന് കണ്ടുപിടിച്ചതാണ്. കണ്ടുപിടിച്ചത് കൊണ്ട് രണ്ടും നാലുമുണ്ട്. രണ്ടിന് പുറത്ത്, നാലിന് പുറത്ത് അനന്തതയാണുള്ളത്. രേഖീയമായ ബോധത്തിൽ ക്രമപ്പെടുത്തിയ കാര്യങ്ങളേ മനസിലാക്കാനാവൂ. മറ്റെല്ലാം നിഗൂഢവും അവ്യക്തവുമായി ശേഷിക്കുന്നു. ഈ നിമിഷം നമുക്ക് നിലനിൽക്കാൻ ഭാഗ്യം കിട്ടിയിരിക്കുന്നു. ഇത് സംവത്സരങ്ങൾക്ക് മുമ്പുള്ള നിമിഷമല്ല; ഇനി ആവർത്തിക്കുന്നതല്ല. അതുകൊണ്ട് ഈ നിമിഷം അനന്തമായ മൂല്യത്തെ ഉൾക്കൊള്ളുന്നു.

നാം വിചിത്രവും വിസ്മയകരവുമായ സാന്നിധ്യമാണ്. മാഞ്ഞുപോകുന്ന സാന്ധ്യവർണം പോലെ നൈമിഷികമാണെങ്കിലും അതിന് സൗന്ദര്യമുണ്ട്. ആർക്കും പൂർണമായി പിടിച്ചെടുക്കാനാവാത്ത സൗന്ദര്യം. ആ സൗന്ദര്യത്തിന്‍റെ ഒരു കണമാണ് ഡാവിഞ്ചി "മോണാലിസ' ചിത്രത്തിൽ ആവിഷ്കരിച്ചത്. "മോണാലിസ'യ്ക്ക് വെളിയിൽ സൗന്ദര്യത്തിന്‍റെ അനന്ത വിസ്തൃതി അജ്ഞാതമായി കിടക്കുകയാണ്. അത് ഡാവിഞ്ചിക്ക് ഉൾക്കൊള്ളാനായില്ല. അസ്തിത്വത്തിന്‍റെ സൗന്ദര്യത്തിന്‍റെ മാഞ്ഞുപോകുന്ന കണമാണ് കലാകാരൻ പിടിച്ചെടുക്കുന്നത്. നാം എന്നാൽ പേരും വിലാസവും പദവിയും ചിന്തയുമാണ്.

ശരീരത്തിലെ കോശങ്ങൾക്ക്, അവയവങ്ങൾക്ക് നമ്മുടെ ജീവിതത്തെ അറിയില്ല; വ്യഥകളും ലക്ഷ്യങ്ങളും അവയ്ക്കറിയില്ല. ബിൽ ബ്രൈസൻ എഴുതുന്നു: "എന്നാൽ ഒരു കോശത്തിന് എന്താണ് ജീവിതം? നിലനിൽക്കാനും ജീവിക്കാനുമുള്ള അതിന്‍റെ പ്രേരണ നമ്മുടേതു പോലെ തന്നെ ശക്തമാണ്. ജീവിതം കേവലം നിലനിൽക്കാൻ ആഗ്രഹിക്കുന്നു'.

അത് കോശത്തിന്‍റെ രൂപത്തിലും പ്രാണിയുടെയും പുഴുവിന്‍റെയും മരത്തിന്‍റെയും രൂപത്തിലും ഒന്നുതന്നെയാണ്. ഇന്ന് നമുക്ക് കിട്ടിയിരിക്കുന്ന ഈ ജീവിതത്തിൽ നാം അറിയുന്നത്, നുണയുന്നത്, ആസ്വദിക്കുന്നത് ഇന്നുണ്ടായതല്ല; അത് ജീവന്‍റെ സുദീർഘമായ ഒരു യാത്രയുടെ ഫലമാണ്. പലരുടെയും അനുഭവങ്ങളുടെയും പിഴവുകളുടെയും ആകെത്തുകയാണ് ഈ ആസ്വാദന മൂലകങ്ങൾ.

നിലനിൽപ്പിന്‍റെ രഹസ്യം

വീണ്ടും ബ്രൈസന്‍റ വാക്കുകൾ: "നിങ്ങളുടെ പൂർവികരിൽ ഒരാൾ പോലും ചതഞ്ഞരഞ്ഞിട്ടില്ല, മറ്റൊരു ജീവിയാൽ വിഴുങ്ങപ്പെട്ടിട്ടില്ല, മുങ്ങിമരിച്ചിട്ടില്ല, പട്ടിണി കിടന്നിട്ടില്ല, ഒറ്റപ്പെട്ടിട്ടില്ല, എവിടെയും കുടുങ്ങിപ്പോയിട്ടില്ല, അകാലത്തിൽ മുറിവേറ്റിട്ടില്ല; അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ തങ്ങളുടെ ജീവിതലക്ഷ്യത്തിൽ നിന്ന് വഴി തിരിച്ചു വിടപ്പെട്ടിട്ടില്ല. ശരിയായ സമയത്ത് ശരിയായ പങ്കാളിയിലേക്ക് ജനിതക വസ്തുക്കളുടെ ഒരു ചെറിയ അംശം എത്തിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് വഴിമാറിപ്പോയിട്ടില്ല. അതുവഴി ഒടുവിൽ അതിശയകരമായി എന്നാൽ വളരെ കുറച്ച് സമയത്തേക്ക് മാത്രമായി നിങ്ങളിലേക്ക് നയിച്ചേക്കാവുന്ന പാരമ്പര്യ സംയോജനങ്ങളുടെ ആ ഒരേയൊരു സാധ്യതയുള്ള ക്രമം നിലനിർത്തപ്പെട്ടു.''

ഈ കാരണങ്ങൾ കൊണ്ടാണ് നാം ഒരു അസ്തിത്വമായിരിക്കുന്നത്. പൂർവികർ നിലനിന്നത് കൊണ്ടു മാത്രം നാം നിലനിൽക്കുന്നു. അതുകൊണ്ട് നിലനിൽപ്പിന് വലിയ അർഥവും പ്രസക്തിയുമുണ്ട്. പാരമ്പര്യങ്ങളുടെ വിവിധ സംയോജനങ്ങൾ ദ്രവ്യത്തിന്‍റെ അംശമായി ഒന്നിച്ചു കൂടി നിങ്ങൾ എന്ന അസ്തിത്വമായി പരിണമിച്ചിരിക്കുന്നു. ഇതാണ് അദ്ഭുതം. ഇത് അദ്ഭുതമാണെങ്കിൽ സൗന്ദര്യവുമാണ്. ജീവിതത്തിൽ എവിടെയും സൗന്ദര്യമാണ്. നിങ്ങൾ വൃദ്ധനാണോ, എങ്കിൽ സന്തോഷിക്കുക. സ്വാമി വിവേകാനന്ദനും കീറ്റ്സിനും ആദി ശങ്കരാചാര്യർക്കും ചങ്ങമ്പുഴയ്ക്കും ലഭിക്കാത്ത അപൂർവ ഭാഗ്യമാണത്. വാർധക്യം നിങ്ങളെ ജ്ഞാനിയാക്കിയിരിക്കുന്നു. അത് തിരിച്ചറിഞ്ഞ് ദോഷൈകദൃക്കാകാതിരിക്കുക. നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നതെല്ലാം സൗന്ദര്യമാണ്. അതെല്ലാം നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ സൗഭാഗ്യമാണ്.

സമാന്തര രേഖകൾ

1) ടി. പദ്മനാഭൻ പുതിയൊരു മത്സരമുഖം തുറന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ അദ്ദേഹത്തിന്‍റെ അഭിമുഖത്തിന്‍റെ ചില ഭാഗങ്ങൾ കണ്ടു. അദ്ദേഹം പറയുന്നത് എം.ടി. വാസുദേവൻ നായർ വിട പറയുന്നതിന് കാൽ നൂറ്റാണ്ട് മുന്നേ എഴുത്തു നിർത്തിയെന്നാണ്. പദ്മനാഭൻ ഇപ്പോഴും എഴുതുന്നുണ്ടല്ലോ. തനിക്ക് എം.ടിക്ക് കിട്ടുന്നതിനേക്കാൾ 9 വർഷം മുമ്പ് എഴുത്തച്ഛൻ പുരസ്കാരം കിട്ടിയെന്നും സൂചിപ്പിക്കുന്നു. ഇതൊക്കെ ഒരു മത്സരമായിട്ട് എടുക്കേണ്ടതുണ്ടോ എന്ന് വായനക്കാർ സംശയിക്കുന്നത് സ്വാഭാവികം. ഒരു പുരസ്കാരം കിട്ടുന്നതും കിട്ടാതിരിക്കുന്നതും ചരിത്രത്തിൽ വലിയ കാര്യമല്ല. കസൻദ്സാക്കിസ്, ടോൾസ്റ്റോയ്, മഹാത്മാ ഗാന്ധി എന്നിവർക്കു നൊബേൽ സമ്മാനം കിട്ടിയിട്ടില്ല എന്നാരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടോ? അങ്ങനെ പറയുന്നത് നിരർഥകമാണ്. മൺമറഞ്ഞവരുമായുള്ള മത്സരം ഒഴിവാക്കുകയാണ് സാഹിത്യ സംസ്കാരത്തിന്‍റെ ഭാവിക്കു നല്ലത്.

2) ഡോ. അച്യുത് ശങ്കർ ചെയ്യാൻ പോകുന്ന ഒരു പ്രഭാഷണത്തിന്‍റെ ടൈറ്റിൽ കണ്ടു: "നിർമിതബുദ്ധിയുടെ കാലത്ത് ബുദ്ധിജീവികൾ എന്ത് ചെയ്യുന്നു?' ഇതുപോലുള്ള വ്യർഥമായ വിഷയങ്ങളാണ് അക്കാദമിക് രംഗത്തുള്ളവർ ചർച്ച ചെയ്യുന്നത്. ബുദ്ധിജീവികൾ ശമ്പളം വാങ്ങി സേവിച്ചുകൊണ്ടു തന്നെയിരിക്കും. സാധാരണ ജനങ്ങൾ അവരുടെ മുമ്പിലില്ലല്ലോ. ചില ബുദ്ധിജീവികൾ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അന്ധമായി മൗനം പാലിച്ച് കാലം കഴിച്ചുകൊള്ളും.

3) സാറാ ജോസഫ് തന്നെ "സാംസ്കാരിക നായിക' എന്നു വിളിക്കരുതെന്ന് ആവശ്യപ്പെട്ടതായി ഫെയ്സ്ബുക്കിൽ ഒരാൾ എഴുതി കണ്ടു. അങ്ങനെ ആരും വിളിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ സാംസ്കാരിക നായകരോ നായികമാരോ ഇല്ല. ഇവിടത്തെ "നായികാനായകർ' സ്വന്തം കരിയർ മാത്രം നോക്കി നടക്കുന്നവരാണ്. ആരെന്ത് വൃത്തികെട് കാണിച്ചാലും മിണ്ടാതിരിക്കുക, തങ്ങളുടെ നേട്ടത്തിനു വേണ്ടി മാത്രം ചില പ്രശ്നങ്ങളിൽ ഇടപെട്ടതായി വരുത്തിത്തീർത്ത് ഒപ്പുശേഖരണം നടത്തി പത്രത്തിൽ പരസ്യം ചെയ്യുന്നതല്ലാതെ വേറെ എന്താണ് ഇവരുടെ റോൾ? സത്യസന്ധതയുടെ ഒരു കണം പോലും കാണാനില്ല.

4) കുഞ്ഞിക്കണ്ണൻ വാണിമേൽ എഴുതിയ "തിരക്കൂട്ട് ' (ചലച്ചിത്ര ലേഖനങ്ങൾ, ഫിംഗർ ബുക്സ്) പ്രസിദ്ധീകരിച്ചു. ഗൊദാർദ്, ആറ്റൻബറോ, ഹെർസോഗ്, കിംകി ഡുക്ക് തുടങ്ങി വിദേശ സംവിധായകരെയും കെ.എസ്. സേതുമാധവൻ, ഐ.വി. ശശി തുടങ്ങിയവരെയും പഠിക്കുന്ന ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

5) "ഖസാക്കിന്‍റെ ഇതിഹാസ'ത്തെ അനുകരിച്ചുകൊണ്ടും, ആ നോവൽ വീണ്ടും വായിക്കുന്നതിന്‍റെ സൂചനകൾ നൽകിക്കൊണ്ടും ഏതാനും കഥകൾ സമീപകാലത്ത് പ്രത്യക്ഷപ്പെട്ടതോർക്കുന്നു. എന്നാൽ സത്യം പറയട്ടെ, ഒരു കഥയുടെ മാന്ത്രികമായ അനുഭവം തരാൻ ഒന്നിനും കഴിഞ്ഞില്ല. ആക്ഷേപഹാസ്യം, ആത്മനിന്ദ, പുച്ഛം എന്നീ വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് ആ കഥകളിൽ കണ്ടത്. സീനിയർ എഴുത്തുകാർ പോലും ഇന്നു മികച്ച കഥ എഴുതുന്നില്ല.

6) ഇന്ന് ആളുകളെ മാനുഷികമായ വികാരങ്ങളുടെയും ആന്തരികമായ ചിന്തകളുടെയും പശ്ചാത്തലത്തിൽ നവീകരിക്കാൻ കഥാകാരന്മാർക്ക് കഴിയുന്നില്ല. എന്നാൽ "ബെത്‌ലഹേം കുടുംബ യൂണിറ്റ്, ഹൃദയപൂർവം തുടങ്ങിയ സിനിമകൾ ആളുകളെ സ്വാധീനിക്കുന്നതായി തിയെറ്റർ പ്രതികരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

രജതരേഖകൾ

1) ഫ്രാൻസ് കാഫ്ക

അമെരിക്ക, ദ് ട്രയൽ തുടങ്ങിയ നോവലുകളെഴുതിയ ഫ്രാൻസ് കാഫ്ക തിരക്കൊഴിയുന്ന നേരത്താണ് എഴുതുക. അദ്ദേഹത്തിനു തീവ്രമായ ഏകാന്തത വേണം. രാത്രി 11 മണിക്ക് തുടങ്ങി പുലർച്ചെ 6 വരെ അത് നീളും.

2) വിക്റ്റർ യൂഗോ

"നോത്രദാമിലെ കൂനൻ' എന്ന നോവൽ മൂന്നുമാസത്തിനുള്ളിൽ തീർക്കേണ്ടതുണ്ടായിരുന്നതു കൊണ്ട് വിക്റ്റർ യൂഗോ അതിനു വേണ്ടി കഠിനമായ നിയമങ്ങൾ സ്വയം അടിച്ചേൽപ്പിച്ചു. ഒരു കുപ്പി മഷി വാങ്ങിവച്ചു. മുറി അകത്തുനിന്നു പൂട്ടി. കാര്യമായി വസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. ഒരു ഷാൾ കരുതിയിരുന്നു. അദ്ദേഹം നോവൽ കൃത്യസമയത്ത് എഴുതി തീർത്തു. അതിന് ആദ്യം അദ്ദേഹം കൊടുത്ത പേര് ഇതായിരുന്നു: "ഒരു കുപ്പി മഷിയിൽ നിന്ന് എന്താണു പുറത്തു വരിക?'

3) അലക്സാണ്ടർ ഡുമാ

"ദ് കൗണ്ട് ഓഫ് മൊണ്ടി ക്രിസ്റ്റോ' എന്ന വിഖ്യാത നോവൽ രചിച്ച അലക്സാണ്ടർ ഡ്യൂമായ്ക്ക് കഥയെഴുതാൻ നീല നിറമുള്ള കടലാസ് വേണമായിരുന്നു. എന്നാൽ കവിതയെഴുതാൻ അദ്ദേഹം ഉപയോഗിച്ചത് മഞ്ഞനിറമുള്ള കടലാസാണ്; ലേഖനങ്ങളെഴുതാൻ പിങ്ക് നിറമുള്ള കടലാസും.

4) തകഴി

തകഴി ശിവശങ്കരപ്പിള്ള സാഹിത്യ രചന നടത്തിയിരുന്നത് നോട്ട് ബുക്കിലാണ്. പെൻസിൽ കൊണ്ടാണ് എഴുതുക. മായ്ച്ചുകളയാനും തിരുത്താനും അദ്ദേഹത്തിന് അതാവശ്യമായിരുന്നു. എഴുതിയത് മായ്ച്ചുകളഞ്ഞാൽ മറ്റൊന്ന് എഴുതാനുള്ള കടലാസ് ലാഭം.

5) വില്യം ഫോക്നർ

"ദ് സൗണ്ട് ആൻഡ് ദ് ഫ്യൂറി' എന്ന നോവലിന്‍റെ കർത്താവ് വില്യം ഫോക്നർ എഴുതുന്നതിനിടയിൽ വിസ്കി കഴിക്കുമായിരുന്നു. ഷെർവുദ് ആൻഡേഴ്സൻ എന്ന സുഹൃത്തിനോടൊപ്പം കഴിഞ്ഞ കാലത്താണ് വിസ്കി സേവിച്ചുകൊണ്ട് എഴുതുന്നതിന്‍റെ "ഗുണഫലങ്ങൾ' അദ്ദേഹം കണ്ടെത്തിയത്!

6) ലിവിസ് കരോൾ

"ആലിസിന്‍റെ അദ്ഭുതലോകം' എന്ന നോവലെഴുതിയ ലിവിസ് കരോൾ നിന്നുകൊണ്ടാണ് എഴുതിയിയത്. അതിനു വേണ്ടി ഒരു സ്റ്റാൻഡ് പണികഴിപ്പിച്ചിരുന്നു. (എം.എൻ. വിജയനും ഇത് പരിശീലിച്ചിരുന്നു). ഓക്സ്ഫഡിൽ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം പർപ്പിൾ നിറമുള്ള മഷിയാണ് കുട്ടികളുടെ നോട്ട് ബുക്ക് തിരുത്താൻ ഉപയോഗിച്ചിരുന്നത്. അത് അദ്ദേഹത്തെ സ്വാധീനിച്ചു. കഥയെഴുതാനും പർപ്പിൾ നിറമുള്ള മഷിയാണ് ഉപയോഗിച്ചത്.

7) ഹെമിംഗ്‌‌വേ

"വൃദ്ധനും കടലും' എന്ന പ്രശസ്ത നോവൽ എഴുതിയ ഹെമിംഗ്‌വേ ചിട്ടകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. എല്ലാ ദിവസവും രാവിലെ 500 വാക്കുകൾ എഴുതുമായിരുന്നു. രാവിലെ എഴുതുമ്പോഴുള്ള തണുപ്പും ഉന്മേഷവും അദ്ദേഹത്തിനു മറ്റൊരു സമയത്തും കിട്ടുമായിരുന്നില്ല.

8) ബൽസാക്ക്

ബൽസാക്കിന് എന്തെങ്കിലും എഴുതണമെങ്കിൽ കോഫി നിർബന്ധമായിരുന്നു. പ്രധാനപ്പെട്ട രചനകളുടെ വേളയിൽ ഒരു ദിവസം 50 കപ്പ് കോഫി വരെ കഴിക്കുമായിരുന്നത്രേ. "ഹ്യൂമൻ കോമഡി' എന്ന ബൃഹദ് ഗ്രന്ഥം എഴുതിയപ്പോൾ അദ്ദേഹത്തിന് ഉറക്കമില്ലായിരുന്നു, അത്രമാത്രം കോഫി ഉളളിൽ ചെന്നിരുന്നു.