മുംബൈ മൺസൂൺ | ഒരു മഴയും ഒരു അസൂയയും | നോവൽ - ഭാഗം 5

 
Literature

മുംബൈ മൺസൂൺ | ഒരു മഴയും ഒരു അസൂയയും | നോവൽ - ഭാഗം 5

"നിനക്ക് അറിയാമോ, നമ്മളെക്കുറിച്ച് ആളുകള്‍ എന്ത് പറയും?'' "എന്ത്?'' "ഒരു മുപ്പത് വയസുകാരനും ഒരു നാല്‍പ്പത്തഞ്ച് വയസുകാരിയും...''... എം.എസ്. ശരത് നാഥ് എഴുതിയ ലഘുനോവൽ അഞ്ചാം ഭാഗം...

Sarath Nath MS

ജന്മദിനത്തിന് ശേഷം റിയ മാറിയിരുന്നു. അല്ല... മാറിയത് അവരുടെ ബന്ധമായിരുന്നു. ഇപ്പോഴും അവര്‍ എല്ലാ ദിവസവും സംസാരിച്ചിരുന്നില്ല. പക്ഷേ ഓരോ ദിവസവും എന്തെങ്കിലും പങ്കു വച്ചിരുന്നു. ഒരു പുസ്തകത്തിലെ ഒരു വരി. ഒരു കവിത. മുംബൈയിലെ മഴയുടെ ഒരു ചിത്രം. അല്ലെങ്കില്‍ വെറും... ""Hope you're writing.'' റിയയുടെ ആ ചെറിയ സന്ദേശം മതി. ആ ദിവസം കബീര്‍ എഴുതും.

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക്. ഓഫീസില്‍ ഇരിക്കുമ്പോഴാണ് റിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഫോണില്‍ തെളിഞ്ഞത്. ഒരു സാഹിത്യ അവാര്‍ഡ് ചടങ്ങ്. റിയ വേദിയില്‍ നില്‍ക്കുന്നു. അവളുടെ അടുത്ത് പ്രശസ്തനായ ഒരു നോവലിസ്റ്റ്. അദ്ദേഹം റിയയുടെ തോളില്‍ കൈ വച്ച് ചിരിക്കുകയാണ്. താഴെ നൂറുകണക്കിന് കമന്‍റുകള്‍. ""Most beautiful professor'', ""Grace personified'', ""Still stunning at 45''..

കബീര്‍ ഫോണ്‍ ഓഫ് ചെയ്തു. എന്തുകൊണ്ടോ... അവന് അസ്വസ്ഥത തോന്നി. 'എനിക്ക് എന്താണ് സംഭവിക്കുന്നത്?'സ്വയം ചോദിച്ചു. അവന് ഉത്തരം അറിയാമായിരുന്നു. പക്ഷേ അത് സമ്മതിക്കാന്‍ മനസില്ലായിരുന്നു. വൈകുന്നേരം. റിയയുടെ സന്ദേശം.

""Coffee?''

കബീര്‍ മറുപടി അയച്ചില്ല. അഞ്ച് മിനിറ്റ്. പത്ത് മിനിറ്റ്. ഇരുപത് മിനിറ്റ്. വീണ്ടും മെസേജ്. ""Everything okay?''

അവന്‍ ചെറിയൊരു മറുപടി മാത്രം അയച്ചു.

""Work.''

അതിന് ശേഷം ഫോണില്‍ നിശബ്ദത. രണ്ട് ദിവസം. റിയയില്‍ നിന്ന് ഒരു സന്ദേശവുമില്ല. ആദ്യമായിട്ടായിരുന്നു അത്. ഞായറാഴ്ച രാത്രി. കബീറിന് ഒടുവില്‍ സഹിക്കാനായില്ല. ""Sorry... Busy ആയിരുന്നു.''

അഞ്ച് മിനിറ്റിനുള്ളില്‍ മറുപടി. ""Busy ആയിരുന്നില്ല.''

കബീര്‍ ഞെട്ടി. ""പിന്നെ?''

റിയ ടൈപ്പ് ചെയ്യുന്നത് സ്‌ക്രീനില്‍ തെളിഞ്ഞു. വീണ്ടും മാഞ്ഞു. വീണ്ടും തെളിഞ്ഞു. അവസാനം ഒരു വരി മാത്രം വന്നു.

""നീ എന്നെ ഒഴിവാക്കുകയായിരുന്നു.''

കബീര്‍ മറുപടി നല്‍കിയില്ല. ഫോണ്‍ റിങ് ചെയ്തു.

""ഹലോ, കബീര്‍...''

അവളുടെ ശബ്ദം പതിവുപോലെ ശാന്തമായിരുന്നു.

""ഒരു ചോദ്യം ചോദിക്കട്ടെ?''

""ചോദിക്കൂ.''

""ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ?''

""ഇല്ല.''

""പിന്നെ എന്തിനാണ് അകന്നുനില്‍ക്കുന്നത്?ട'

കബീര്‍ കണ്ണുകള്‍ അടച്ചു. അവന് കള്ളം പറയാന്‍ കഴിഞ്ഞില്ല.

""നിങ്ങളുടെ ഫോട്ടോ കണ്ടു.''

""ഏത് ഫോട്ടോ?''

""Instagram.''

റിയ കുറച്ചുനേരം മിണ്ടിയില്ല.

പിന്നെ...ചെറുതായി ചിരിച്ചു.

""നിനക്ക് അസൂയ തോന്നിയോ?''

കബീര്‍ മൗനം പാലിച്ചു. ആ മൗനം തന്നെ മറുപടിയായിരുന്നു.

""കബീര്‍...'' റിയയുടെ ശബ്ദം വളരെ മൃദുവായിരുന്നു. ""എന്‍റെ ജീവിതത്തില്‍ പലരും വന്നിട്ടുണ്ട്, പലരും പോയിട്ടുമുണ്ട്, പക്ഷേ...'' അവള്‍ ഒരു നിമിഷം നിര്‍ത്തി. ""...നീ എന്നെ വിലയിരുത്താതെ കേള്‍ക്കുന്ന ആദ്യ മനുഷ്യനാണ്.''

കബീറിന്‍റെ തൊണ്ട വരണ്ടു. ""ഞാന്‍...''

""എനിക്ക് അറിയാം.''റിയ അവനെ തടഞ്ഞു.

""വികാരങ്ങള്‍ തെറ്റല്ല പക്ഷേ അവയെ മനസ്സിലാക്കാന്‍ സമയം കൊടുക്കണം.''

അടുത്ത ദിവസം. റിയ കബീറിനെ ബാന്ദ്രയിലേക്ക് വിളിച്ചു. സന്ധ്യ. കടല്‍ പ്രക്ഷുബ്ധമായിരുന്നു. കാറ്റ് ശക്തമായി വീശി. റിയ വെള്ള നിറത്തിലുള്ള ലിനന്‍ സാരിയില്‍ നിന്നു. മുടി കാറ്റില്‍ പറക്കുകയായിരുന്നു.

""ഞാന്‍ സുന്ദരിയാണെന്ന് നീ കരുതുന്നുണ്ടോ?''

അപ്രതീക്ഷിതമായ ചോദ്യം. കബീര്‍ ചിരിച്ചു.

""അത് ചോദിക്കേണ്ട കാര്യമാണോ?''

""ഉത്തരം പറയൂ.''

""അതെ.''

""എന്തുകൊണ്ട്?''

കബീര്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.

""നിങ്ങള്‍ സുന്ദരിയായതുകൊണ്ടല്ല.''

""പിന്നെ?''

""നിങ്ങള്‍ നിങ്ങളായിരിക്കുന്നതുകൊണ്ട്.''

റിയയുടെ മുഖത്ത് ഒരു അപൂര്‍വ പുഞ്ചിരി വിരിഞ്ഞു.

""നന്ദി.''

അവര്‍ കടല്‍ത്തീരത്ത് ബെഞ്ചില്‍ ഇരുന്നു. സൂര്യന്‍ മേഘങ്ങള്‍ക്കുള്ളിലേക്ക് മറഞ്ഞു. ആകാശം ഓറഞ്ചും ചാരനിറവും കലര്‍ന്ന ഒരു ചിത്രമായി മാറി.

""കബീര്‍...''

""പറയൂ.''

""നിനക്ക് അറിയാമോ, നമ്മളെക്കുറിച്ച് ആളുകള്‍ എന്ത് പറയും?''

""എന്ത്?'

""ഒരു മുപ്പത് വയസുകാരനും ഒരു നാല്‍പ്പത്തഞ്ച് വയസുകാരിയും...''

അവള്‍ വാക്കുകള്‍ പൂര്‍ത്തിയാക്കിയില്ല.

കബീര്‍ ശാന്തമായി പറഞ്ഞു. ""ആളുകള്‍ക്ക് കഥയുടെ ആദ്യ പേജ് വായിച്ചാല്‍ തന്നെ അവസാനം പറയാന്‍ ഇഷ്ടമാണ്.''

റിയ അവനെ നോക്കി.""പക്ഷേ അവര്‍ മുഴുവന്‍ പുസ്തകവും വായിക്കാറില്ല.''

ആ നിമിഷം...അവള്‍ ആദ്യമായി കബീറിന്‍റെ കൈയില്‍ മൃദുവായി കൈവെച്ചു. പ്രണയം പറയാനല്ല. വിശ്വാസം അറിയിക്കാനായിരുന്നു. കടലില്‍ തിരമാലകള്‍ പതിവുപോലെ കരയെ തേടി ഓടിയെത്തി. മുംബൈയുടെ രാത്രി വീണ്ടും മഴയെ വിളിച്ചുവരുത്തുകയായിരുന്നു. ആ മഴ... ഇനി അവരുടെ ജീവിതത്തില്‍ എന്തൊക്കെയോ മാറ്റാന്‍ പോകുന്ന മഴയായിരുന്നു.

(തുടരും)