മുംബൈ മൺസൂൺ | മറൈന്‍ ഡ്രൈവിലെ സായാഹ്നം | നോവൽ - ഭാഗം 3
മുംബൈയില്‍ ശനിയാഴ്ചകള്‍ക്ക് ഒരു പ്രത്യേക താളമുണ്ട്. ഓഫീസുകള്‍ പകുതിയും ശൂന്യമാകും. കഫേകള്‍ നിറയും. മറൈന്‍ ഡ്രൈവിന്‍റെ നടപ്പാതയില്‍ പതിവിലധികം ആളുകളുണ്ടാകും. ആരൊക്കെയോ പ്രണയത്തിലാണ്. ആരൊക്കെയോ പ്രണയം നഷ്ടപ്പെട്ടവരാണ്. ചിലര്‍ വെറുതേ കടലിനെ നോക്കിയിരിക്കും. ആ സായാഹ്നം, കബീര്‍ മറൈന്‍ ഡ്രൈവില്‍ എത്തിയപ്പോള്‍ സമയം അഞ്ച് മണിയായിരുന്നു.
കടലിന് മുകളില്‍ ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞുനിന്നു. അറബിക്കടല്‍ പതിവിലധികം അസ്വസ്ഥനായി തോന്നി. ഫോണില്‍ ഒരു സന്ദേശം തെളിഞ്ഞു.
റിയ: 'I'm already here.'
കബീര്‍ ചുറ്റും നോക്കി. അല്‍പം അകലെയായി, പുസ്തകോത്സവത്തിന്‍റെ പ്രവേശന കവാടത്തിന് സമീപം അവള്‍ നിന്നിരുന്നു.
ഇളം ഐവറി നിറത്തിലുള്ള ജോര്‍ജറ്റ് സാരി. അതിന്‍റെ നേര്‍ത്ത കരയില്‍ വെള്ളിനൂലിന്‍റെ മിനുക്കുപണി. അതിന് ഒത്ത സ്ലീവ് ലെസ് ബ്ലൗസ്. തോളിലേക്കു മൃദുവായി വീണ മുടി. കറുത്ത വലിയ സണ്‍ഗ്ലാസ് തലമുടിയിലേക്ക് ഉയര്‍ത്തിവെച്ചിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലും അവളെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നില്ല. അവള്‍ക്ക് ചുറ്റുമുള്ളവര്‍ അവളെ നോക്കുന്നത് സൗന്ദര്യം കൊണ്ടു മാത്രമല്ല. അവള്‍ സ്വയം വഹിച്ചിരുന്ന ആത്മവിശ്വാസം കൊണ്ടുമായിരുന്നു.
കബീര്‍ അടുത്തെത്തിയപ്പോള്‍ റിയ പുഞ്ചിരിച്ചു. 'കൊച്ചിക്കാര്‍ സമയത്ത് എത്തുമോ എന്ന് സംശയമുണ്ടായിരുന്നു.''മഴയാണെങ്കില്‍ ഞങ്ങള്‍ നേരത്തേ ഇറങ്ങും.''അത് നല്ല ശീലമാണ്.' അവര്‍ ഒരുമിച്ച് പുസ്തകോത്സവത്തിനുള്ളിലേക്ക് നടന്നു. ഓരോ സ്റ്റാളിലും ആളുകളുടെ തിരക്ക്. പുതിയ നോവലുകള്‍. പഴയ പതിപ്പുകള്‍. ഒപ്പിടല്‍ ചടങ്ങുകള്‍. ചര്‍ച്ചകള്‍. കബീറിന്‍റെ കണ്ണുകള്‍ പുസ്തകങ്ങളിലൂടെ ഓടി. റിയ ഓരോ പുസ്തകവും എടുത്ത് അതിന്‍റെ പുറംചട്ട മാത്രം നോക്കാതെ ആദ്യ പേജുകള്‍ തുറന്ന് വായിക്കും.
""നിങ്ങള്‍ ഇങ്ങനെ ഓരോന്നും വായിച്ചാണോ വാങ്ങുന്നത്?'' കബീര്‍ ചോദിച്ചു.
""അതെ.''
""എന്തിന്?''
മനുഷ്യരെ പോലെ തന്നെയാണ് പുസ്തകങ്ങളും.
""അര്‍ഥം?''
""പുറത്തുള്ള സൗന്ദര്യം എല്ലായ്‌പ്പോഴും ഉള്ളിലുണ്ടാകണമെന്നില്ല.''
കബീര്‍ ചിരിച്ചു.
""ഇത് ആളുകള്‍ക്കും ബാധകമാണോ?''
റിയ അവനെ നോക്കി.
""എല്ലാവര്‍ക്കും.''
ആ മറുപടിയില്‍ എന്തോ പറയാതെ ബാക്കിയുണ്ടെന്ന് കബീറിന് തോന്നി. പക്ഷേ അവന്‍ ചോദിച്ചില്ല. ഒരു ചെറിയ സ്റ്റാളില്‍ നില്‍ക്കുമ്പോള്‍ റിയ ഒരു പുസ്തകം എടുത്തു. 'The Old Man and the Sea'. ""
ഇത് വായിച്ചിട്ടുണ്ടോ?'' അവള്‍ ചോദിച്ചു.
""രണ്ടുവട്ടം.''
""ഓരോ മനുഷ്യനും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പുസ്തകത്തിലെ വൃദ്ധനെപ്പോലെയാകും.''
""പരാജയപ്പെടുമെന്നാണോ?''
റിയ പതുക്കെ തലകുലുക്കി. ""അല്ല.''
""പിന്നെ?''
""പുറത്ത് തോറ്റുപോയതുപോലെ തോന്നിയാലും... ഉള്ളില്‍ തോല്‍ക്കാതിരിക്കാന്‍ പഠിക്കും.''
കബീര്‍ അവളുടെ മുഖത്തേക്ക് നോക്കി. ആ വാക്കുകള്‍ ഒരു പുസ്തകത്തെക്കുറിച്ചായിരുന്നില്ല. അത് അവളുടെ സ്വന്തം ജീവിതത്തെക്കുറിച്ചാണെന്ന് അവന് തോന്നി. മഴ പെട്ടെന്ന് ശക്തമായി. ആള്‍ക്കാര്‍ ഓടിത്തുടങ്ങി. റിയയും കബീറും അടുത്തുള്ള കഫേയിലേക്ക് കയറി. ജനലിനരികിലെ മേശ. പുറത്ത് മഴ. അകത്ത് കോഫിയുടെ മണം. വെയിറ്റര്‍ ഓര്‍ഡര്‍ ചോദിച്ചു.
""കാപ്പുച്ചീനോ,'' റിയ പറഞ്ഞു.
""ബ്ലാക്ക് കോഫി'' കബീര്‍.
""ഇത്ര ചെറുപ്പത്തില്‍ ഇത്ര കയ്പുള്ള കോഫിയോ?''
""മധുരമുള്ള കോഫി എനിക്ക് ഇഷ്ടമല്ല.'' റിയ ചിരിച്ചു.
""ജീവിതം മധുരമായതുകൊണ്ടാണോ?''
""അല്ല.''
കബീര്‍ ജനലിലേക്ക് നോക്കി.
""ജീവിതം കയ്പുള്ളതാണെന്ന് അംഗീകരിച്ചതുകൊണ്ട്.''
റിയ അവനെ കുറച്ചുനേരം നോക്കി. ആദ്യമായി... അവളുടെ കണ്ണുകളില്‍ ഒരു കൗതുകം തെളിഞ്ഞു.
""കൊച്ചി മിസ് ചെയ്യുന്നുണ്ടോ?'' അവള്‍ ചോദിച്ചു.
""എല്ലാ ദിവസവും.''
""എന്താണ് ഏറ്റവും കൂടുതല്‍ ഓര്‍മ്മ വരുന്നത്?''
""മഴ.''
റിയ അതിശയിച്ചു. ""മുംബൈയിലും മഴയുണ്ടല്ലോ.''
""ഉണ്ട്.'' കബീര്‍ പുഞ്ചിരിച്ചു.
""പക്ഷേ കൊച്ചിയിലേത് മഴ വീട്ടിലേക്ക് മടങ്ങാന്‍ പറയുന്ന മഴയാണ്.''
""മുംബൈയിലെ മഴ?''
""ഓടാന്‍ പഠിപ്പിക്കുന്ന മഴ.''
റിയ ഏറെ നേരം ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ പറഞ്ഞു.
""അതുകൊണ്ടായിരിക്കും ഞാന്‍ മുംബൈയെ ഇഷ്ടപ്പെടുന്നത്.''
""എന്തുകൊണ്ട്?''
""ഈ നഗരം ആരെയും നിര്‍ത്താന്‍ അനുവദിക്കില്ല.''
ആ വാചകം പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് ഒരു നിമിഷം ദുഃഖം മിന്നിപ്പോയി. കബീര്‍ അത് ശ്രദ്ധിച്ചു. അവളുടെ ജീവിതത്തില്‍ എന്തോ ഒളിഞ്ഞുകിടക്കുന്നു. കഫേയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മഴ കുറഞ്ഞിരുന്നു. അവര്‍ കടല്‍ത്തീരത്തെ നടപ്പാതയിലൂടെ പതുക്കെ നടന്നു. തിരമാലകള്‍ കല്ലുകളില്‍ ഇടിച്ചുതെറിച്ചു.
റിയ കടലിലേക്ക് നോക്കിനിന്നു.
""കബീര്‍...''
""പറയൂ.''
""പ്രായം എന്നത് നിനക്കെന്താണ്?''
അപ്രതീക്ഷിതമായ ചോദ്യം. കബീര്‍ കുറച്ചുനേരം ആലോചിച്ചു.
""കലണ്ടറിലെ ഒരു സംഖ്യ.''
""അത്രയേയുള്ളോ?''
""അതെ.''
""സമൂഹം അങ്ങനെ കരുതില്ല.''
""സമൂഹം എല്ലാ നല്ല കഥകളെയും ആദ്യം തെറ്റായി വായിക്കാറുണ്ട്.''
റിയ അവനെ നോക്കി. പിന്നെ മൃദുവായി ചിരിച്ചു. ആ ചിരി കബീര്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും സത്യസന്ധമായിരുന്നു.
""നിനക്കൊരു കാര്യമറിയാമോ?''
""എന്ത്?''
""ഇന്ന് നിന്നോട് സംസാരിച്ചതില്‍ എനിക്ക് ഒരുപാട് സമാധാനം തോന്നി.''
കബീര്‍ ഒന്നും പറഞ്ഞില്ല. അവന്‍ പറയാന്‍ ശ്രമിച്ചാല്‍ ആ നിമിഷം തകരുമെന്ന് തോന്നി. അവര്‍ വീണ്ടും നടക്കാന്‍ തുടങ്ങി. കടല്‍ത്തീരത്ത് വീശിയ കാറ്റില്‍ റിയയുടെ മുടിയിഴകള്‍ മുഖത്തേക്ക് വീണു. അവള്‍ അത് ഒതുക്കിവെച്ചു. ആ ചെറിയ നിമിഷം പോലും കബീറിന്‍റെ മനസില്‍ ഒരു ചിത്രമായി പതിഞ്ഞു. അവന്‍ മനസിലാക്കുകയായിരുന്നു... ചില ആളുകളെ നാം സ്‌നേഹിക്കാന്‍ തുടങ്ങുന്നത് അവരുടെ സൗന്ദര്യം കൊണ്ടല്ല. അവരോടൊപ്പം നിശബ്ദമായി നടക്കാന്‍ കഴിയുന്നതുകൊണ്ടാണ്. അവിടെ വാക്കുകള്‍ ആവശ്യമില്ല. മഴയും കടലും മതി.
(തുടരും)