മുംബൈ മൺസൂൺ | അകലം | നോവൽ - ഭാഗം 8

 
Literature

മുംബൈ മൺസൂൺ | അകലം | നോവൽ - ഭാഗം 8

മനുഷ്യര്‍ തമ്മിലുള്ള ഏറ്റവും വലിയ അകലം...കിലോമീറ്ററുകളല്ല. ഒരാള്‍ പറയാന്‍ ആഗ്രഹിക്കുന്ന വാക്ക് മറ്റൊരാള്‍ കേള്‍ക്കാന്‍ അനുവദിക്കാത്ത നിമിഷമാണ്... എം.എസ്. ശരത് നാഥ് എഴുതിയ ലഘുനോവൽ എട്ടാം ഭാഗം...

Sarath Nath MS

മനുഷ്യര്‍ തമ്മിലുള്ള ഏറ്റവും വലിയ അകലം...കിലോമീറ്ററുകളല്ല. ഒരാള്‍ പറയാന്‍ ആഗ്രഹിക്കുന്ന വാക്ക് മറ്റൊരാള്‍ കേള്‍ക്കാന്‍ അനുവദിക്കാത്ത നിമിഷമാണ്. മറൈന്‍ ഡ്രൈവിലെ ആ സായാഹ്നത്തിനുശേഷം... റിയയും കബീറും പരസ്പരം വിളിച്ചില്ല. സന്ദേശങ്ങളുമില്ല. മുംബൈയില്‍ മഴ പതിവുപോലെ പെയ്തു.

പക്ഷേ അവരുടെ ജീവിതത്തില്‍ ഒരു വിചിത്രമായ നിശബ്ദത പടര്‍ന്നു. കബീര്‍ ഓഫീസിലിരുന്നു.

ലാപ്‌ടോപ്പ് തുറന്നിരുന്നു. സ്‌ക്രീനില്‍ വെറും ഒരു വരി മാത്രം.

""അവളെ മറക്കാന്‍ ശ്രമിച്ച ഓരോ ദിവസവും... ഞാന്‍ അവളെ കൂടുതല്‍ ഓര്‍ത്തു.''

അതിനപ്പുറം എഴുതാന്‍ കഴിഞ്ഞില്ല. അവന്‍ ലാപ്‌ടോപ്പ് അടച്ചു. ജനലിലൂടെ പുറത്തേക്ക് നോക്കി. മുംബൈ ഓടിക്കൊണ്ടിരുന്നു. ഈ നഗരത്തിന് ആരുടെയും ഹൃദയവേദനയ്ക്കായി നില്‍ക്കാന്‍ സമയമില്ല.

അതേസമയം... റിയ കോളേജില്‍ ക്ലാസെടുത്തു. ഷേക്‌സ്പിയറിന്‍റെ Hamlet. വിദ്യാർഥികള്‍ ശ്രദ്ധയോടെ കേട്ടിരുന്നു.

""To be, or not to be...'' അവള്‍ വാചകം വായിച്ചു. പക്ഷേ... അടുത്ത വരി പറയുന്നതിനുമുമ്പ് അവളുടെ ശബ്ദം നിലച്ചു. ക്ലാസ് മുഴുവന്‍ അവളെ നോക്കി. ""Ma'm... Are you okay?'' റിയ പുഞ്ചിരിച്ചു. ""Yes... I'm sorry.''

പക്ഷേ അവള്‍ക്കറിയാമായിരുന്നു... പ്രശ്‌നം ഷേക്‌സ്പിയറിലായിരുന്നില്ല. ഓര്‍മ്മകളിലായിരുന്നു.

അന്ന് രാത്രി. റിയ വീട്ടിലെ ലൈബ്രറിയില്‍ ഒറ്റയ്ക്കിരുന്നു. മുന്നില്‍ പൂര്‍ത്തിയാകാത്ത നോവല്‍. പക്ഷേ... അവള്‍ക്ക് വായിക്കാന്‍ കഴിഞ്ഞില്ല. ജനലിലൂടെ കടലിനെ നോക്കി. പിന്നെ ഫോണ്‍ എടുത്തു.

കബീറിന്‍റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞു. വിളിക്കാന്‍ വിരല്‍ നീങ്ങി. അടുത്ത നിമിഷം അവള്‍ ഫോണ്‍ മേശപ്പുറത്ത് വെച്ചു. ""ഇല്ല...'' അവള്‍ സ്വയം പറഞ്ഞു. ""ഇനി വേണ്ട.''

രണ്ട് ആഴ്ചകള്‍ കടന്നുപോയി. ഓഫീസില്‍ കബീറിനെ വിളിച്ച് എഡിറ്റർ ഒരു കവര്‍ കൈമാറി.

''Congratulations.''

""എന്താണ്?''

കൊച്ചി ബ്യൂറോയില്‍ സീനിയർ ഫീച്ചർ എഡിറ്ററുടെ ഒഴിവുണ്ട്.''

കബീര്‍ അമ്പരന്നു.

""എന്നെയാണോ അയക്കുന്നത്?''

""നീ സമ്മതിച്ചാല്‍.'' അവന്‍ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

കൊച്ചി... വീട്... അമ്മ... മഴ... എല്ലാം മനസ്സിലൂടെ കടന്നുപോയി. ഒടുവില്‍ അവന്‍ പറഞ്ഞു.

""ഞാന്‍ പോകാം.''

ആ രാത്രി, കബീര്‍ ഒടുവില്‍ റിയയ്ക്ക് ഒരു സന്ദേശം അയച്ചു.

''Can we meet once?''

മറുപടി വന്നത് പത്ത് മിനിറ്റിനുശേഷം.

""Tomorrow.''

""Where?''

""David Sassoon Library.''

അടുത്ത ദിവസം. വൈകുന്നേരം അഞ്ചുമണി. അവര്‍ ആദ്യമായി യാദൃച്ഛികമായി കണ്ടുമുട്ടിയ അതേ ലൈബ്രറി. അതേ ജനല്‍. അതേ മരമേശ. പക്ഷേ... അവര്‍ പഴയ ആളുകളായിരുന്നില്ല. കബീര്‍ ആദ്യം സംസാരിച്ചു.

""റിയ...എനിക്ക് ഒരു കാര്യം പറയാനുണ്ട്''.

""എന്താണ്''.

""എനിക്ക് കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി''.

റിയ കുറച്ചുനേരം മിണ്ടാതെ നിന്നു.

""എപ്പോള്‍?''.

""അടുത്തയാഴ്ച.'' റിയ ചെറുതായി തലകുലുക്കി.

""കൊച്ചി നിന്നെ സന്തോഷിപ്പിക്കും.''

കബീര്‍ പുഞ്ചിരിച്ചില്ല. ""മുംബൈയും സന്തോഷിപ്പിച്ചിരുന്നു.''

റിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കിയില്ല.

""കബീര്‍...''

""ഹും?''

""എന്നെ വെറുക്കരുത്.''

ആ വാക്കുകള്‍ കേട്ടപ്പോള്‍ അവന്‍റെ ഹൃദയം മുറിഞ്ഞു.

""എന്തിനാണ് അങ്ങനെ പറയുന്നത്?''

""കാരണം...'' അവള്‍ ദീര്‍ഘനിശ്വാസമെടുത്തു. ""...നിന്നെ അകറ്റിയത് ഞാനാണ്.''

കബീര്‍ പതുക്കെ ചിരിച്ചു.

""അല്ല.''

""പിന്നെ?''

""നമ്മളെ അകറ്റിയത് പേടിയാണ്.''

കുറച്ചുനേരം രണ്ടുപേരും മിണ്ടിയില്ല. ലൈബ്രറിയിലെ പഴയ ക്ലോക്കിന്‍റെ ടിക്... ടിക്... മാത്രം. റിയ തന്‍റെ ബാഗില്‍ നിന്ന് ഒരു പുസ്തകം പുറത്തെടുത്തു. പുതിയ ഹാര്‍ഡ്കവര്‍. ആദ്യ പേജ് തുറന്നു. അകത്ത് എഴുതിയിരുന്നു.

"കബീറിന്...ജീവിതത്തില്‍ ചില മനുഷ്യരെ നമുക്ക് സ്വന്തമാക്കാന്‍ കഴിയില്ല. പക്ഷേ അവര്‍ നമ്മളെ മികച്ച മനുഷ്യരാക്കി മാറ്റും.'-റിയ.

കബീര്‍ ആ വരികള്‍ ഏറെ നേരം നോക്കി. പിന്നെ പുസ്തകം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ലൈബ്രറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ മഴ തുടങ്ങിയിരുന്നു. വാതിലിന് മുന്നില്‍ അവര്‍ നിര്‍ത്തി.

""Good bye'' റിയ പറഞ്ഞു.

കബീര്‍ നിഷേധത്തോടെ തലകുലുക്കി. ""ഇല്ല.''

""പിന്നെ?''

""എനിക്ക് good bye'' എന്ന വാക്ക് ഇഷ്ടമല്ല.''

റിയ ആദ്യമായി പൊട്ടിച്ചിരിച്ചു.

""അപ്പോള്‍?''

കബീര്‍ കൈ നീട്ടി. ""See you...''

റിയ അവന്‍റെ കൈ പിടിച്ചു. ""See you... Kabir.''

അവര്‍ കൈ വിട്ടു. രണ്ടുപേരും രണ്ട് ദിശകളിലേക്ക് നടന്നു. ഒരാളും തിരിഞ്ഞുനോക്കിയില്ല. കാരണം... തിരിഞ്ഞുനോക്കിയാല്‍ ആരെങ്കിലും തിരികെ നടക്കുമെന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നു. ആ സായാഹ്നം മുംബൈയില്‍ മഴ വളരെ ശക്തിയായി പെയ്തു. എന്നാല്‍ അതിലും ശക്തമായി...രണ്ട് ഹൃദയങ്ങള്‍ പറയാതെ കരഞ്ഞുകൊണ്ടിരുന്നു.

(തുടരും)