മുംബൈ മൺസൂൺ | മഴ പെയ്ത ആദ്യ ദിവസം | ഭാഗം 1

 
Literature

മുംബൈ മൺസൂൺ | മഴ പെയ്ത ആദ്യ ദിവസം | ഭാഗം 1 ‍

മുപ്പത് വയസായിരുന്നു കബീറിന്. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയിട്ട് ആറുമാസം. ബാന്ദ്രയിലെ ഒരു ഡിജിറ്റല്‍ മീഡിയ കമ്പനിയില്‍ ഫീച്ചര്‍ റൈറ്ററായി ജോലി. പക്ഷേ, ആ ജോലി അവന്‍റെ സ്വപ്‌നമല്ല.

Sarath Nath MS

എം.എസ്. ശരത് നാഥ്

മുംബൈയെ ആദ്യമായി കാണുന്നവര്‍ക്ക് അത് ഒരു നഗരം മാത്രമാണ്. അവിടെ വര്‍ഷങ്ങളായി ജീവിക്കുന്നവര്‍ക്ക് അത് ഒരു വികാരമാണ്. മഴക്കാലത്ത് മുംബൈ മറ്റൊന്നാണ്. അറബിക്കടലില്‍ നിന്ന് കറുത്ത മേഘങ്ങള്‍ നഗരത്തിലേക്ക് ഒഴുകിയെത്തുമ്പോള്‍, മറൈന്‍ ഡ്രൈവിലെ കല്ലുകളില്‍ തിരമാലകള്‍ അടിച്ചുതെറിക്കും. ലോക്കല്‍ ട്രെയിനുകള്‍ പതിവുപോലെ ഓടിക്കൊണ്ടിരിക്കും. ആളുകള്‍ കുട തുറന്ന് നടക്കും. ചിലര്‍ മഴയില്‍ നനയാതിരിക്കാന്‍ ഓടും. ചിലര്‍ മനഃപൂര്‍വം നനയും. മുംബൈയ്ക്ക് മഴയെന്നാല്‍ പ്രണയമല്ല. ഓർമയാണ്. ഓരോ മഴയ്ക്കും പറയാനുള്ള ഒരു കഥയുണ്ട്.

അന്ധേരിയിലെ ചെറിയ വാടക ഫ്‌ലാറ്റിന്‍റെ ജനല്‍ തുറന്ന് കബീര്‍ പുറത്തേക്ക് നോക്കി. മഴ പെയ്യുകയായിരുന്നു. ആകാശം നിറയെ ചാരനിറം. കയ്യിലിരുന്ന വെളുത്ത പേപ്പറിലേക്ക് അവന്‍ വീണ്ടും നോക്കി. പത്ത് വരികള്‍ എഴുതിയിരുന്നു. പിന്നെ നിര്‍ത്തി. പേന മേശപുറത്ത് വലിച്ചെറിഞ്ഞു. 'ഇതും നടന്നില്ല...' സ്വയം പറഞ്ഞു. മുപ്പത് വയസായിരുന്നു കബീറിന്. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയിട്ട് ആറുമാസം. ബാന്ദ്രയിലെ ഒരു ഡിജിറ്റല്‍ മീഡിയ കമ്പനിയില്‍ ഫീച്ചര്‍ റൈറ്ററായി ജോലി. ശമ്പളം മോശമല്ല. പക്ഷേ, ആ ജോലി അവന്‍റെ സ്വപ്‌നമല്ല. അവന് വേണ്ടിയിരുന്നത്... ഒരു നോവലിസ്റ്റിന്‍റെ ജീവിതം. പക്ഷേ എഴുതാന്‍ ഇരിക്കുമ്പോഴൊക്കെ വാക്കുകള്‍ അവനെ ഉപേക്ഷിക്കും. അന്നേ വൈകുന്നേരം അവന്‍റെ ഓഫീസിലെ എഡിറ്റര്‍ പറഞ്ഞു.

""കബീര്‍... ഇന്ന് വൈകിട്ട് ബാന്ദ്രയില്‍ ഒരു ലിറ്റററി ഫെസ്റ്റുണ്ട്. കവര്‍ ചെയ്യണം.''

കബീറിന് താത്പര്യമില്ലായിരുന്നു. എങ്കിലും പോയി. മുംബൈയിലെ എഴുത്തുകാരെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷ മാത്രം.

വൈകിട്ട് ആറുമണി. ബാന്ദ്രയിലെ പഴയ ഹെറിറ്റേജ് കെട്ടിടം. പുറത്ത് മഴ. അകത്ത് പുസ്തകങ്ങളുടെ മണം. ചായയുടെ സുഗന്ധം. മൃദുവായ പിയാനോ സംഗീതം. സദസിലെ ലൈറ്റുകള്‍ പതിയെ മങ്ങി. അവതാരകന്‍ പ്രഖ്യാപിച്ചു.

""പ്ലീസ് വെൽകം... പ്രൊഫസർ റിയ മേനോന്‍''...

കയ്യടി ഉയര്‍ന്നു. വേദിയിലേക്ക് നടന്നുവന്ന സ്ത്രീയെ കണ്ടപ്പോള്‍ കബീറിന്‍റെ കണ്ണുകള്‍ അറിയാതെ നിശ്ചലമായി. ആഴമേറിയ എമറാള്‍ഡ് പച്ച നിറത്തിലുള്ള ഷിഫോണ്‍ സാരി. അതിന് ഒത്ത ലളിതമായ സ്ലീവ് ലെസ് ബ്ലൗസ്. തോളിലേക്ക് മൃദുവായി വീണ മുടി. മുഖത്ത് അതിരുകടന്ന മേക്കപ്പില്ല. ചെറിയ ഡയമണ്ട് കമ്മലുകള്‍ മാത്രം. മുംബൈയിലെ പ്രശസ്തമായ ഒരു സ്വകാര്യ കോളെജിലെ ഇംഗ്ലിഷ് സാഹിത്യ അധ്യാപിക. ഷേക്‌സ്പിയറിനെയും വിര്‍ജീനിയ വൂള്‍ഫിനെയും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെയും കുറിച്ച് മണിക്കൂറുകളോളം സംസാരിക്കാന്‍ സാധിക്കുന്നവള്‍. ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്ക് അവള്‍ ഒരു പ്രൊഫസര്‍ മാത്രമായിരുന്നില്ല. പുസ്തകങ്ങള്‍ക്കപ്പുറമുള്ള ജീവിതം വായിക്കാന്‍ പഠിപ്പിക്കുന്ന ഒരു വഴികാട്ടിയായിരുന്നു. സൗന്ദര്യം അവളുടെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ അവളെ കൂടുതല്‍ ആകര്‍ഷണീയയാക്കിയത് ആത്മവിശ്വാസവും പക്വതയും സംസാരിക്കുന്ന കണ്ണുകളുമായിരുന്നു. മലയാളി കുടുംബത്തിൽ മുംബൈയിൽ ജനിച്ചുവളർന്ന ആളാണ് റിയ.

ആഡംബരമല്ല.... ആത്മവിശ്വാസം. അതാണ് റിയയെ കണ്ടപ്പോള്‍ ആദ്യം കബീറിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. വേദിയിലേക്ക് കടന്നുവന്ന സ്ത്രീയ്ക്ക് നാല്‍പ്പത്തിയഞ്ച് വയസുണ്ടെന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പക്ഷേ അവളുടെ കണ്ണുകള്‍ പറഞ്ഞിരുന്നു. ജീവിതം അവളെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ടെന്ന്. റിയ മൈക്കിന് മുന്നില്‍ നിന്നു. പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.

""ഒരു നല്ല എഴുത്തുകാരന്‍ കഥകള്‍ എഴുതുന്നില്ല... മനുഷ്യരെയാണ് എഴുതുന്നത്.''

സദസ് നിശബ്ദമായി.

ആ ഒരു വാചകം കബീറിന്‍റെ ഉള്ളില്‍ എവിടെയോ പതിഞ്ഞു. അവന്‍ നോട്ട്ബുക്കില്‍ കുറിച്ചു. ""A writer doens't write stories. A writer writes people''.

പ്രഭാഷണം ഒരു മണിക്കൂര്‍ നീണ്ടു. ഷേക്‌സ്പിയര്‍, വിര്‍ജീനിയ വുള്‍ഫ്, മാധവിക്കുട്ടി, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വസ്. എഴുത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ റിയയുടെ ശബ്ദത്തില്‍ ഒരു പ്രത്യേക താളമുണ്ടായിരുന്നു. അത് പുസ്തകങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരാളുടെ ശബ്ദമല്ല. ജീവിതത്തെ വായിച്ചറിഞ്ഞ ഒരാളുടെ ശബ്ദമായിരുന്നു. പരിപാടി അവസാനിച്ചു.

എല്ലാവരും റിയയെ ചുറ്റിപ്പറ്റി. ഓട്ടോഗ്രാഫുകള്‍. സെല്‍ഫികള്‍. കബീര്‍ അകലെ നിന്നു. അവന് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്ത് പറയണമെന്ന് അറിയില്ല. അവന്‍ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

""Excuse me...''

പിന്നില്‍ നിന്ന് ഒരു സ്ത്രീശബ്ദം. കബീര്‍ തിരിഞ്ഞുനോക്കി. റിയ. അവള്‍ പുഞ്ചിരിച്ചു. ""നിങ്ങളല്ലേ മുഴുവന്‍ സമയവും കുറിപ്പെടുത്തിരുന്നത്?''

""അതെ.''

""ജേര്‍ണലിസ്റ്റാണോ?''

""അതെ... പക്ഷേ ഒരുദിവസം നോവലിസ്റ്റാകണം.''

റിയ കുറച്ചുനേരം അവനെ നോക്കി.

""അങ്ങനെയെങ്കില്‍...''

അവള്‍ അവന്‍റെ കയ്യിലെ നോട്ട്ബുക്ക് വാങ്ങി. ആദ്യ പേജില്‍ ഒരു വരി എഴുതി. "Never wait for the perfect beginning' താഴെ ഒപ്പിട്ടു. നോട്ട്ബുക്ക് തിരികെ നല്‍കി.

""നാളെ രാവിലെ ഈ വാചകം വായിച്ചിട്ട് എഴുതാന്‍ തുടങ്ങൂ.''

""നല്ലതായില്ലെങ്കില്‍?'' റിയ ചിരിച്ചു.

""ആദ്യമഴ ഒരിക്കലും സമ്പൂര്‍ണമാകില്ല, കബീര്‍... പക്ഷേ അതാണ് മണ്‍സൂണിന്‍റെ തുടക്കം.'' കബീര്‍ അതിശയിച്ചു.

""എന്‍റെ പേര്...?''

""നിങ്ങളുടെ പ്രസ് കാര്‍ഡില്‍ എഴുതിയിട്ടുണ്ട്.''

രണ്ടുപേരും ചിരിച്ചു. പുറത്ത് മഴ ഇപ്പോഴും പെയ്യുകയായിരുന്നു. റിയ തന്‍റെ കാറിലേക്കു നടന്നു. കബീര്‍ കുടയില്ലാതെ മഴയിലേക്ക് ഇറങ്ങി. അവൻ നനയുന്നത് ആദ്യമായിരുന്നില്ല. പക്ഷേ... ആ രാത്രി ആദ്യമായി, മഴ തണുപ്പല്ലെന്ന് അവന് തോന്നി. അതിന് വാക്കുകളുടെ ചൂടുണ്ടായിരുന്നു. അവന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. ആ മഴയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന്‍റെ ആദ്യവരി എഴുതിയതെന്ന്.

(തുടരും)