മുംബൈ മൺസൂൺ | രണ്ടാമത്തെ കണ്ടുമുട്ടല്‍ | നോവൽ - ഭാഗം 2

 
Literature

മുംബൈ മൺസൂൺ | രണ്ടാമത്തെ കണ്ടുമുട്ടല്‍ | നോവൽ - ഭാഗം 2

"ചിലപ്പോഴൊക്കെ ഈ നഗരം ചില മനുഷ്യരെ വീണ്ടും കണ്ടുമുട്ടാൻ തീരുമാനിക്കും''. റിയ ചെറുതായി ചിരിച്ചു. "Maybe, it's Mumbai's plan''... എം.എസ്. ശരത് നാഥ് എഴുതിയ ലഘുനോവൽ രണ്ടാം ഭാഗം...

Sarath Nath MS

മുംബൈയില്‍ മനുഷ്യരെ വീണ്ടും കാണുക എളുപ്പമല്ല. ദിവസവും കോടിക്കണക്കിന് ആളുകള്‍ പരസ്പരം കടന്നുപോകുന്നു. ചിലര്‍ ഒരിക്കലും വീണ്ടും കണ്ടുമുട്ടുന്നില്ല. ചിലരെ വിധി വീണ്ടും മുന്നിലെത്തിക്കും. റിയ മേനോനെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് കബീര്‍ അടുത്ത ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. ജോലി കഴിഞ്ഞാല്‍ രാത്രി വൈകും വരെ അവന്‍ നഗരത്തിലൂടെ നടക്കും. മറൈന്‍ ഡ്രൈവ്, ബാന്ദ്ര, ജുഹു, കാര്‍ട്ടര്‍ റോഡ്... ഓരോ സ്ഥലവും അവന് ഓരോ കഥകള്‍ പറഞ്ഞു കൊടുക്കുന്നതുപോലെ തോന്നും. പക്ഷേ... അവന്‍ എഴുതുന്ന കഥകള്‍ക്ക് ഇപ്പോഴും ഒരു ആത്മാവില്ലായിരുന്നു. അവന് അത് മനസിലായിരുന്നു. റിയ നല്‍കിയ നോട്ട്ബുക്ക് അവന്‍ എല്ലാ ദിവസവും തുറന്ന് നോക്കും. 'Never wait for the perfect beginning.' ആ വാചകം പതിയെ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുകയായിരുന്നു. ആ രാത്രി അവന്‍ വീണ്ടും എഴുതി. പതിനഞ്ച് പേജുകള്‍. രാവിലെ വായിച്ചു. കീറിക്കളഞ്ഞില്ല. അത് തന്നെ അവന്‍റെ ആദ്യ വിജയമായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം. മുംബൈയില്‍ മഴ ഒന്ന് ശമിച്ചിരുന്നു. ഓഫീസിലെ ജോലിക്കിടയില്‍ എഡിറ്റര്‍ ഒരു മെസേജ് അയച്ചു. 'Interview postponed. You can leave early.'

വൈകുന്നേരം അഞ്ചര. കബീര്‍ അറിയാതെ തന്നെ ടാക്‌സിയെടുത്ത് ഫോര്‍ട്ടിലേക്ക് പോയി. അവന്‍റെ കാലുകള്‍ നേരെ എത്തിയത് ഡേവിഡ് സസൂണ്‍ ലൈബ്രറിയുടെ മുന്നിലായിരുന്നു. 'ഞാന്‍ എന്തിനാണ് ഇവിടെ വന്നത്?' സ്വയം ചോദിച്ചു. ഉത്തരം കിട്ടിയില്ല. ലൈബ്രറിയിലെ പഴയ മരവാതില്‍ പതുക്കെ തുറന്നു.

അകത്ത് പതിവുപോലെ നിശബ്ദത. പഴയ പുസ്തകങ്ങളുടെ മണം. മഴ നനഞ്ഞ മരത്തിന്‍റെ ഗന്ധം. അവന്‍ ഇംഗ്ലിഷ് സാഹിത്യ വിഭാഗത്തിലേക്ക് നടന്നു. ഷെല്‍ഫില്‍ നിന്ന് മാർക്കേസിന്‍റെ ലവ് ഇൻ ദി ടൈം ഒഫ് കോളറ എടുത്തു. അതേ നിമിഷം മറ്റൊരു കൈയും അതേ പുസ്തകത്തിലേക്ക് നീണ്ടു. രണ്ടുപേരും ഒരുമിച്ച് പുസ്തകത്തില്‍ തൊട്ടു. ""ഓ... സോറി.'' കബീര്‍ തല ഉയര്‍ത്തി. റിയ. അവള്‍ ചിരിച്ചു.

""വീണ്ടും കണ്ടല്ലോ.'' കബീർ ചിരിച്ചു. ""അതെ, വീണ്ടും യാദൃച്ഛികമായി''.

റിയ ജനലിലൂടെ പുറത്തേക്ക് നോക്കി.

""ചിലപ്പോഴൊക്കെ ഈ നഗരം ചില മനുഷ്യരെ വീണ്ടും കണ്ടുമുട്ടാൻ തീരുമാനിക്കും''.. കബീർ ചോദിച്ചു. 'അപ്പോൾ?.' റിയ ചെറുതായി ചിരിച്ചു.

""Maybe ... it's Mumbai's plan''.

""ഈ പുസ്തകം നിങ്ങള്‍ വായിച്ചിട്ടുണ്ടോ?'' അവള്‍ ചോദിച്ചു.

""രണ്ടുതവണ''

""മൂന്നാമതും വായിക്കാം.''

""എന്തിന്?'

റിയ പുസ്തകം അവന്‍റെ കൈയില്‍ വെച്ചു.

""ഓരോ പ്രായത്തിലും ചില പുസ്തകങ്ങള്‍ പുതിയ അര്‍ഥമാണ് പറയുന്നത്''.

ആ മറുപടി കേട്ടപ്പോള്‍ കബീറിന് തോന്നി... ഈ സ്ത്രീ പുസ്തകങ്ങള്‍ വായിക്കുന്നില്ല. ജീവിതത്തെയാണ് വായിക്കുന്നത്. അവര്‍ ലൈബ്രറിയിലെ ജനലിനരികിലുള്ള മേശയില്‍ ഇരുന്നു. ഇരുവരുടെയും മുന്നില്‍ ഓരോ പുസ്തകം. പക്ഷേ വായിച്ചതിനേക്കാള്‍ സംസാരിച്ചതാണ് കൂടുതല്‍.

""നിങ്ങള്‍ കൊച്ചിയില്‍ നിന്നല്ലേ?'' റിയ ചോദിച്ചു.

കബീര്‍ അതിശയിച്ചു. ""എങ്ങനെ മനസിലായി?''

""ഇന്നലെ നിങ്ങള്‍ എഴുതിയ ലേഖനം വായിച്ചു.''

""എന്‍റെ ലേഖനം?''

""അതെ.''

""നിങ്ങള്‍ വായിച്ചോ?''

""എഴുത്തുകാരനാകണമെന്ന് പറയുന്ന ഒരാളുടെ എഴുത്ത് വായിയിക്കാതിരിക്കുമോ?''

കബീര്‍ കുറച്ചുനേരം മിണ്ടാതെ ഇരുന്നു. അവന്‍റെ ലേഖനം ആരെങ്കിലും ശ്രദ്ധിച്ച് വായിക്കുമെന്ന് അവന്‍ ഒരിക്കലും കരുതിയിരുന്നില്ല. റിയ തുടര്‍ന്നു.

""നിങ്ങള്‍ നല്ല നിരീക്ഷകനാണ്, പക്ഷേ നല്ല എഴുത്തുകാരനല്ല.അത് നിങ്ങള്‍ തീരുമാനിക്കണ്ട.''

""അപ്പോള്‍?''

""സമയം തീരുമാനിക്കട്ടെ''.

ലൈബ്രറി അടയ്ക്കാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കി. റിയ പുസ്തകം അടച്ചു.

""കബീര്‍...''

""പറയൂ.''

""നിങ്ങള്‍ക്ക് ഏറ്റവും പേടിയുള്ളത് എന്താണ്?''

ചോദ്യം അപ്രതീക്ഷിതമായിരുന്നു. അവന്‍ കുറച്ചുനേരം ആലോചിച്ചു.

""പരാജയം.''

റിയ തലകുലുക്കി.

""അല്ല.''

പിന്നെ?''

""നിങ്ങള്‍ക്ക് പേടി പരാജയത്തെയല്ല'', അവള്‍ ഒരു നിമിഷം നിര്‍ത്തി. ""നിങ്ങളുടെ ഏറ്റവും നല്ല കഥ പോലും ആരും വായിക്കാതെ പോകുമോ എന്നതാണ്.''

കബീര്‍ ഞെട്ടി. അത് അവന്‍ ആരോടും പറഞ്ഞിട്ടില്ല. സ്വയം പോലും സമ്മതിച്ചിട്ടില്ല. റിയ എങ്ങനെ അത് മനസിലാക്കി?

അവള്‍ പുഞ്ചിരിച്ചു.

""ഓരോ എഴുത്തുകാരനും ആ പേടി ഉണ്ടാകും.''

പുറത്തിറങ്ങിയപ്പോള്‍ വീണ്ടും മഴ തുടങ്ങിയിരുന്നു. റിയയുടെ ഡ്രൈവര്‍ കാര്‍ മുന്നിലെത്തിച്ചു. അവള്‍ കാറില്‍ കയറാന്‍ പോകുമ്പോള്‍ തിരിഞ്ഞു.

""ഈ ശനിയാഴ്ച സമയം ഉണ്ടോ?''

""ഉണ്ട്.''

""മറൈന്‍ ഡ്രൈവില്‍ ഒരു പുസ്തകോത്സവമുണ്ട്.''

""നിങ്ങള്‍ പോകുന്നുണ്ടോ?''

""അതെ.''

""അപ്പോള്‍...''കബീര്‍ വാക്കുകള്‍ തിരഞ്ഞു.

""ഞാനും വരാം.''റിയ ചിരിച്ചു.

""നല്ലത്.''

കാര്‍ പതിയെ മഴയിലേക്ക് മറഞ്ഞു. കബീര്‍ ഏറെ നേരം അവിടെ തന്നെ നിന്നു.

മുംബൈയില്‍ വന്നിട്ട് ആദ്യമായാണ് ഈ നഗരം അവന് അന്യമായി തോന്നാതിരുന്നത്. കാരണം... ഈ നഗരത്തില്‍ ഇപ്പോള്‍ അവന് കാത്തിരിക്കാനുള്ള ഒരാള്‍ ഉണ്ടായിരുന്നു. അത് പ്രണയമായിരുന്നില്ല. അല്ലെങ്കില്‍...അത് പ്രണയമാകാന്‍ ഇനിയും സമയമുണ്ടായിരുന്നു.

(തുടരും)