കോന്നി - കൊക്കാത്തോട് റൂട്ടിൽ കല്ലേലി പാലത്തിൽ നിന്നുള്ള അച്ചൻകോവിലാറിന്‍റെ ദൃശ്യം.

 

VK Sanju

Literature

നാല് മൊഴിക്കാഴ്ചകളിൽ കൊക്കാത്തോട് | യാത്ര

മാപ്പിലെ മഞ്ഞ വര പിന്നെയും നീലയായി. ഊരാളി അപ്പൂപ്പന് അഭിമുഖമായി സ്വർഗവാതിൽ പോലെ മലയിടുക്ക്. അക്കരപ്പച്ച പോലെ പുൽമേടുകൾ. മനസിന്‍റെ താളം മുറുക്കിക്കൊണ്ട് ആവേശത്തിന്‍റെ കടുന്തുടികൾ.

VK SANJU

വി.കെ. സഞ്ജു

1. ഒന്നാം മൊഴി

ചപ്പാത്തിന് മുകളിലൂടെ പെരുമഴക്കാലം പാഞ്ഞൊഴുകുമ്പോൾ ഒറ്റപ്പെടുന്ന മലയോര ഗ്രാമം എന്നായിരുന്നു കൊക്കാത്തോടിനെ കുറിച്ചുള്ള ആദ്യത്തെ കേൾവി. ഒരേക്കർ എന്ന സ്ഥലത്ത് ഇക്കഴിഞ്ഞ ഇടവപ്പാതിക്കും ഉരുൾ പൊട്ടിയിരുന്നു.

കല്ലേലി തോട്ടത്തിലൂടെയുള്ള റോഡ്.

വടക്കുകിഴക്കൻ കാറ്റത്തും തുലാവർഷമേഘം പെയ്യാത്തെ വിതുമ്പി നിന്ന ഉച്ച നേരം. കാർ പോർച്ചിന് മുന്നിൽ ബൈക്ക് ഒതുക്കി ഹെൽമറ്റ് ഊരുമ്പോഴേക്ക് ആദ്യത്തെ മഴത്തുള്ളി മൂർദ്ധാവിലേക്ക് ഇറ്റുവീണിരുന്നു. മധുരമൂറുന്ന കാപ്പിയും കുടിച്ച് ഉമ്മറത്തിരിക്കുമ്പോൾ ഉള്ളിൽ ഓർമപ്പെരുങ്കടൽ പെയ്തുപെറുക്കി, മുറ്റത്ത് മഴ തിമിർത്തു. മൈസൂരിൽ നിന്ന് നേരിട്ടു കൊണ്ടുവന്ന മൈസൂർ പാക്കിന്‍റെ

രണ്ടാമത്തെ ഫ്‌ളേവർ എന്‍റെ നേരേ നീട്ടിക്കൊണ്ടാണ് ചോദ്യം, 'ബൈക്ക് ഇവിടെ വച്ചിട്ട് കാറെടുത്തങ്ങു പോയാലോ?'

എങ്ങോട്ടെന്ന് ഞാൻ.

''നീ പറഞ്ഞിടത്തോട്ട്.''

അതിനു ഞാനൊരിടവും പറഞ്ഞിരുന്നില്ല. ഇടുക്കിയിലെ പരുന്തുംപാറയിൽ വച്ച് ഒമ്പത് വർഷം മുൻപെടുത്തൊരു ഫോട്ടോ രാവിലെ വാട്ട്സാപ്പിൽ അയച്ചിരുന്നു, ഇന്ന് അതെവിടെയെങ്കിലും റീക്രിയേറ്റ് ചെയ്യാമെന്നു മറുപടി വന്നിരുന്നു, വരുമ്പോൾ ബൈക്ക് എടുക്കാമെന്നു മാത്രം ഞാനും പറഞ്ഞിരുന്നു.

കാറിന്‍റെ താക്കോൽ കൈയിലേക്ക് വച്ച് തരുമ്പോൾ ഞാൻ ചോദ്യം ആവർത്തിച്ചു, 'ശരിക്കും എന്തുവാ പരിപാടി?'

''ചുമ്മാ പോവാം.''

''പോവാം.... വഴിയറിയാവോ?''

''നിന്‍റെ വീടിന്‍റെ മുമ്പിക്കൂടെ. സെന്‍റ് ബെനഡിക്റ്റ്സ് ചർച്ച് കൊടുക്കട്ടെ, ലൊക്കേഷൻ?''

''ഏ... അതെവിടാ?''

''കൊക്കാത്തോട്....''

ആ സ്ഥലപ്പേര് തലേ ദിവസം ഞാൻ പറയും മുൻപേ മറുതലയ്ക്കൽ ഫോൺ കട്ടായിരുന്നല്ലോ എന്നോർത്തു.

2. രണ്ടാം മൊഴി

''കടുമഞ്ഞ തൻ ക്രോധവേഗം മെരുക്കി നീയെത്ര സൂര്യകാന്തികൾ തൊട്ടുണർത്തി'' എന്ന് വാൻഗോഗിനോടു ചോദിച്ച കവിയുടെ പേരിന്‍റെയറ്റത്തായിരുന്നു രണ്ടാമത്തെ കേൾവി. ''ചെംകിറുക്കാ നിൻ ശിരോലിഖിതമെൻ നാഡികളിൽ സൗര പ്രണയമായുദിക്കുന്നു'' എന്നെഴുതി വച്ച ബിജു കൊക്കാത്തോട്.

കൊക്കാത്തോട് ജംക്ഷനും കഴിഞ്ഞ് മലയോരത്തേക്ക് നീളുന്ന റോഡ്.

ബൈക്ക് വന്ന വഴിയേ കാർ തിരിച്ചോടി. പത്തനംതിട്ട ടൗണിനു നടുവിൽ പുതിയ ഫ്‌ളൈ ഓവറിന്‍റെ പണി തുടരുന്നു. അതിനടിയിൽ കൂടി പോകുമ്പോൾ ഓർമയിലെ പഴമകളൊന്നും ഗൃഹാതുരതയുടെ ഉപ്പു കാറ്റായില്ല. സന്തോഷത്തിന്‍റെ തുലാവർഷത്തുള്ളികൾ വൈപ്പറിനു തുടച്ചുനീക്കാൻ കഴിയുന്നതിലും വേഗത്തിൽ വിൻഡ് ഷീൽഡിൽ ആഞ്ഞു പതിച്ചുകൊണ്ടിരുന്നു. നാട് ഫ്രഷ് ആയിരിക്കുന്നു, അപ്പോ മനുഷ്യർക്കും റിഫ്രഷ് ആകാൻ പറ്റുമായിരിക്കുമല്ലോ എന്നു തോന്നി.

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം നാട്ടിൽ വരുമ്പോൾ പുതുമ തോന്നിയത് നാടിനാണോ കാഴ്ചകൾക്കാണോ എന്നൊന്നും വേർതിരിച്ചറിയാനായില്ല. രണ്ടായാലും തലേന്നു രാത്രിയിലെ ആകാശത്തിന് ആഴം കൂടുതലുണ്ടായിരുന്നു. രാവിലത്തെ വെയിലിന് തിളക്കവും കാറ്റിന് കുളിർമയും കൂടിയിരുന്നു. അഞ്ചാം ഗിയർ ഇല്ലാത്ത പഴയ ബൈക്കിന് പോലും പുതിയൊരു ഉന്മേഷമുണ്ടായിരുന്നു.

കുമ്പഴ ജംക്ഷനിൽ നിന്ന് നേരേ വീടിനു മുന്നിലൂടെയുള്ള റോഡിനു പകരം പഴയൊരു ഓർമയുടെ റൂട്ട് മാപ്പ് പിടിച്ച് വണ്ടി വലത്തേക്കു തിരിച്ചു. ബൊഗെയ്‌ൻ വില്ലകൾ പൂത്തുതളിർത്തോ എന്നറിയാൽ അതികാലത്തും അസ്മയ സന്ധ്യക്കും പണ്ട് ബൈക്ക് ഓടിയിരുന്ന വഴി. കോന്നി എത്തുമ്പോൾ പരിചിതമല്ലാത്ത ട്രാഫിക് ലൈറ്റ്. തോന്നിയ വഴിയൊക്കെ വണ്ടിയോടിയിരുന്ന കാലം എത്ര പിന്നിലായിരുന്നു എന്നോർത്തു.

കൊക്കാത്തോട്ടിലെ മോഹന ദൃശ്യങ്ങളിൽ, കാടിനും മീതെ തലയെടുത്തുനിൽക്കുന്ന കൊമ്പനെപ്പോലെ കട്ടത്തിപ്പാറയുണ്ടെന്ന് കെട്ടിട്ടുണ്ട്. പക്ഷേ, ട്രെക്കിങ്ങിനു പറ്റിയ സന്ദർഭവമല്ല. കാട്ടിൽ ഒളിഞ്ഞു തിമിർക്കുന്ന ഒരേക്കർ വെള്ളച്ചാടം തേടിപ്പോകാനുള്ള സമയവുമല്ല. നേരത്തെ ഇറങ്ങേണ്ടതായിരുന്നു. എങ്കിൽ അടവിയും ചെങ്ങറയുമൊക്കെ കണ്ടുകണ്ടങ്ങ് പോകാമായിരുന്നു.

എലിയറയ്ക്കൽ കഴിഞ്ഞ് ഇടത്തേക്ക് അച്ചൻകോവിൽ റൂട്ട്. ഞായറാഴ്ച ആയിരുന്നിട്ടും വൈബുള്ളാരു പെട്ടിക്കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. മഴ അപ്പോഴും പൊടിയുന്നുണ്ടായിരുന്നു. ഒരാവശ്യവുമില്ലാതെ ഓരോ ചായയും കുടിച്ച് കല്ലേലി തോട്ടമെത്തുമ്പോഴേക്ക് കാടിന്‍റെ ചൂരടിച്ച് തുടങ്ങി. തുറന്നിട്ട ജനാലകളിലൂടെ ചീവീടുകളുടെയും കിളികളുടെയും ശബ്‌ദം ഉച്ചത്തിലായി. റോഡ് സ്മൂത്താണ്. പക്ഷേ, ആരോടോ ഉള്ള വാശിക്കെന്ന പോലെ കൃത്യം ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലം അളന്ന് ടാറിട്ട്, ഇരു വശവും കാന പോലെ കുഴി തോണ്ടി വച്ചിട്ടുണ്ട്. എതിരേ വണ്ടി വന്നാൽ രണ്ടു വണ്ടിയും പപ്പാതി കുഴിയിൽ ഇറക്കേണ്ടി വരും. കുറച്ചങ്ങു ചെല്ലുമ്പോൾ ആ വരവ് കൂടിക്കൂടി വന്നു.

3. മൂന്നാം മൊഴി

കല്ലേലിയും കോട്ടപ്പാറയും ഊരാളിയും അപ്പൂപ്പനും നിറയുന്ന പ്രഭാപൂരങ്ങൾക്കു നടുവിൽ ഭൂതകാലം ബാക്കിവച്ച ആദിമ ചോദനകളിലായിരുന്നു കൊക്കാത്തോടിന്‍റെ മൂന്നാം കേൾവി. കാടിനു നടുവിലെ കൽഭിത്തികൾക്കു നടുവിൽ കത്തിയാളുന്ന തീപ്പന്തം പോലെ ഉറയുന്ന ഊരാളി.

കല്ലേലി പാലം.

ഗൂഗിൾ മാപ്പിലെ നീല വര മഞ്ഞയായി തുടങ്ങി. കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എന്തോ വിശേഷമുണ്ട്. ആദിദ്രാവിഡ ഗോത്ര രീതിയിലാണ് ആചാരങ്ങൾ. 999 മലകളുടെ അധിപനായ ഊരാളി അപ്പൂപ്പൻ അവിടത്തെ പ്രതിഷ്ഠ. തൊട്ടരികിൽ കല്ലേലി അമ്മൂമ്മ. വെറ്റില മുറുക്കും വെള്ളം കുടിയുമൊക്കെ ഇഷ്ട വഴിപാടുകൾ.

മാപ്പിലെ മഞ്ഞ വര പിന്നെയും നീലയായി. റോഡ് പിന്നെയും ചെറുതായി. ഊരാളി അപ്പൂപ്പന് അഭിമുഖമായി സ്വർഗവാതിൽ പോലെ മലയിടുക്കുകൾ. വെട്ടിയിറക്കിയ പ്ലാന്‍റേഷൻ മരങ്ങളുടെ സ്ഥാനത്ത് അക്കരപ്പച്ച പോലെ പുൽമേടുകൾ. മനസിന്‍റെ താളം മുറുക്കിക്കൊണ്ട് ആവേശത്തിന്‍റെ കടുന്തുടികൾ.

''ഇത് കൊള്ളാലോ...''

''അതേ, റൂട്ടിലാണ് കാര്യം എന്ന് കേട്ടപ്പഴും ഇത്രേം പ്രതീക്ഷിച്ചില്ല.''

ഇടത് വശത്ത് ലക്ഷണമൊത്ത കോട്ടമതിൽ പോലെ റോഡിന് അതിരിട്ട് കുത്തനെ നിൽക്കുന്ന കരിമ്പാറക്കെട്ടുകൾ. വലതുവശത്ത് കുത്തിയൊഴുകുന്ന കാട്ടരുവി. ഇടയിലൂടെ ഞങ്ങൾ. മുറ്റി വളർന്ന കാട്ടുമരങ്ങളെ കെട്ടിവരിഞ്ഞ് കരയിലെ കിനാവള്ളികൾ.

മുന്നിൽ വീണ്ടും ചെറിയൊരു മാർഗതടസം. ഒരു സംഘം ബൈക്കർമാരാണ്.

''ഇവിടെ എന്തുവേലും കാണും.''

''ആ... കല്ലേലിപ്പാലം. പണ്ടിവിടെ ചപ്പാത്താരുന്നു. ബസും ജീപ്പുമൊക്കെ ആറ്റിലെറങ്ങിക്കേറി പോയിരുന്നത് ഇതിലേയാ.''

അള്ളുങ്കൽ എത്തിയപ്പോൾ മറ്റൊരു ചെറിയ പാലം. പിരിഞ്ഞൊഴുകുന്ന തോട് പോലെ അച്ചൻകോവിലാറിന്‍റെ രണ്ട് കൈവഴികൾ. നടുവിൽ കാട്ടുകല്ലുകൾ നിരയൊപ്പിച്ച് ഭംഗിയിൽ കെട്ടിവച്ച കൈയാല. ഓരോ ചായയ്ക്ക് കൂടി മോഹം തെളിഞ്ഞിരുന്നു. വൈബുള്ള കടകളും ബഹുവിധം. പക്ഷേ, ഇരുട്ട് കനക്കും മുൻപേ ഡെസ്റ്റിനേഷൻ പിടിക്കണം - കൊക്കാത്തോടിന് ഇനിയും ദൂരമുണ്ട്.

ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വണ്ടിക്ക് കൈ കാണിച്ച ഉദ്യോഗസ്ഥ മുന്നറിയിപ്പ് തന്നു: ''ആനയുണ്ടാവും, മെല്ലെ പോണം. സ്പീഡിൽ പോയാൽ ഇടിച്ചു കഴിഞ്ഞേ അറിയൂ....''

പറഞ്ഞത് നന്നായി; മുന്നറിയിപ്പിന്‍റെ രൂപത്തിലാണെങ്കിലും കാട്ടാനയെ കാണാനുള്ള സാധ്യത മുന്നോട്ടു വച്ച ഉദ്യോഗസ്ഥയ്ക്ക് നന്ദി പറഞ്ഞ് വണ്ടിയെടുത്തു, അവർ പറഞ്ഞതിനെക്കാൾ മെല്ലെ....

4. നാലാം മൊഴി

'പ്രാന്തുണ്ടെങ്കിൽ പോയാ മതി' എന്നു പറഞ്ഞ് പണ്ടൊരിക്കൽ കല്ലേലിപ്പാലത്തിന്‍റെ ഫോട്ടോ അയച്ച് കൊതിപ്പിച്ച പ്രാന്തത്തിയുടെ വർത്തമാനങ്ങളിൽ നാലാമത്തെ കേൾവി. പാലത്തിലിറങ്ങിയപ്പോൾ എടുത്ത പടം തിരിച്ചയച്ച് ആ കടവും വീട്ടണം.

കല്ലേലിയിലെ പാർട്ടി ഓഫിസ്.

വിദൂര ഭൂതകാലത്തിൽ നിർത്തിയിട്ടിരിക്കുന്ന നീല നിറമുള്ള പ്രൈവറ്റ് ബസ് ഇരുട്ടത്ത് ആളൊഴിഞ്ഞു കിടന്നു. ഇരുളിന്‍റെ കടലിനു നടുവിൽ വെളിച്ചത്തിന്‍റെ തുരുത്ത് പോലെ ഗുരുമന്ദിരത്തിന്‍റെ പ്രഭാപൂരം. അവിടെ കാലത്തിന്‍റെ പുസ്തകത്തിൽ ഒരധ്യായം പൂർണം. പക്ഷേ, വഴി പിന്നെയും രണ്ടായി പിളർന്ന് നീണ്ടു. മാസ്മരികമായ പൗരാണികതയുടെ പച്ചപ്പണിഞ്ഞ സെമിത്തേരി. അഭിമുഖമായി കുന്നിൻ ചെരിവിലെ കൽഭിത്തികളിൽ തലയെടുത്തു നിൽക്കുന്നതാണ് ഗൂഗിൾ മാപ്പ് കാണിച്ചു തന്ന ലൊക്കേഷൻ- സെന്‍റ് ബെനഡിക്റ്റ്സ് ചർച്ച്.

റോഡിന് പിന്നെയും വീതി കുറഞ്ഞിരിക്കുന്നു, ടാറിളകി മെറ്റൽ തെളിഞ്ഞു കിടക്കുന്നു, കയറ്റത്തിന്‍റെ ആക്കം കൂടി വരുന്നു. പക്ഷേ, ആന്തരികമായൊരു ചോദനയിലെന്ന പോലെ വണ്ടി പിന്നെയും മുന്നോട്ട് ഉരുണ്ടു‌

''ഇനി പോണോ?''

''ആ മലേടെ മണ്ട വരെ.''

''മോളിലോട്ട് റോഡില്ല.''

''എന്നാൽ അടുത്ത വളവ് വരെ.''

വളവുകൾ പലതു കഴിഞ്ഞു. വണ്ടി തിരിക്കാൻ സ്ഥലമുള്ളതു വരെ എന്നായി അടുത്ത ന്യായം. വീടുകളോ കടകളോ ഇല്ലാത്ത വിജന പാത. കയറ്റം കഴിഞ്ഞെന്നു തോന്നി. വാഹനങ്ങൾ പാർക്ക് ചെയ്ത് വീതി കൂടിയതെന്നു തോന്നിച്ച സ്ഥലത്ത് വണ്ടി നിർത്തി. ഇന്ത്യയിൽ എവിടെയെങ്കിലും കോൺഗ്രസിന് ഇത്രയും കാൽപ്പനിക ഭംഗിയുള്ള ഒരു പാർട്ടി ഓഫിസ് ഉണ്ടാകുമോ എന്നു തോന്നലുണർത്താൻ പ്രേരിപ്പിക്കുന്ന കെട്ടിടം. കരിങ്കല്ലിൽ തീർത്ത മതിൽ, വശത്തുകൂടി മുകളിലേക്ക് പടിക്കെട്ടുകൾ. മുൻവശത്ത് നിരത്തി കെട്ടിവച്ച പാർട്ടി പതാകകൾ. ആളൊഴിഞ്ഞ അകത്തളങ്ങളിലെവിടെയോ പഴയ മുദ്രാവാക്യങ്ങളുടെ പ്രതിധ്വനികൾ മുഴങ്ങുന്ന പോലെ....

അഭിമുഖമായി റോഡിനപ്പുറം വലിയ താഴ്ചയാണ്. ശക്തമായി വെള്ളമൊഴുകുന്ന ശബ്ദം കേൾക്കാം. കാഴ്ചകൾ ഇരുണ്ട് തുടങ്ങിയിരുന്നു. കിളികൾക്കു മീതേ ചീവീടുകളുടെ ആധിപത്യം. വണ്ടി തിരിച്ചു മടങ്ങുമ്പോൾ വഴിയിൽ നായകളല്ലാതെ മറ്റു ജീവികളൊന്നുമില്ല. ചായ കുടിക്കാൻ നോക്കിവച്ച വൈബ് കടകളൊക്കെ അടച്ചു കഴിഞ്ഞിരുന്നു. ഗുരുമന്ദിരത്തിനു മുന്നിൽ അവസാന സർവീസിന് ഒരു യാത്രക്കാരനെയെങ്കിലും പ്രതീക്ഷിച്ച് ക്ഷമയോടെ ഒരു ബസ് കാത്തുകിടന്നു. നൂറേക്കർ, അള്ളുങ്കൽ, കല്ലേലി, കോന്നി....

ബസിന്‍റെ ബോർഡിൽ കണ്ട റൂട്ടിൽ തന്നെയാണ് കാർ ഓടേണ്ടിയിരുന്നത്. ഇടയ്ക്കെവിടെയോ തെറ്റി. പക്ഷേ, ചായക്കട കിട്ടി. ജംക്ഷനൊന്നുമല്ല, ഏറ്റവുമടുത്ത സ്ട്രീറ്റ് ലൈറ്റ് അര കിലോമീറ്റർ അപ്പുറത്താണ്. ഗ്യാസടുപ്പോ മണ്ണെണ്ണയോ പോലുമുള്ള ലക്ഷണമില്ല. മറ്റേതോ യുഗത്തിൽ നിന്നെന്ന പോലെ ഇരട്ടത്തു നിന്നിറങ്ങി വന്ന കടക്കാരൻ നീണ്ട താടി തടവി.

''ചായയുണ്ട്'', ചോദിക്കാത്ത ചോദ്യത്തിനു മറുപടി കിട്ടി.

'' സ്ട്രോങ്ങായിട്ട് രണ്ടെണ്ണം.''

സമോവറൊന്നുമില്ലാതെ വിറകടുപ്പിൽ ഇത്ര വേഗം ചായ തിളച്ചതെങ്ങനെയെന്നറിയില്ല. ഈ രാത്രി അതുവഴി വരാൻ ഒരു സാധ്യതയുമില്ലാതിരുന്ന രണ്ടു പേർക്കു വേണ്ടി കാത്തിരുന്ന് നീട്ടിയടിച്ച് പതപ്പിച്ച, നല്ല നിറമുള്ള ചായ. ഇനിയാരും വരാനില്ലാത്ത പോലെ തീ കെടുത്തിയ അടുപ്പിൽ നിന്ന് കോടമഞ്ഞ് പോലെ പുക പൊങ്ങി അന്തരീക്ഷത്തിൽ കലർന്ന് ദൂരെയൊരു വിളക്കു കാൽ ലക്ഷ്യമാക്കി സഞ്ചരിച്ചു. കല്ലേലിപ്പാലം പകുതിയായപ്പോൾ അടുപ്പിലെ കോട പാലത്തിന്‍റെയറ്റത്ത് വെളിച്ചത്തിന്‍റെ വെളുപ്പ് പോലെ വിളക്കുകാലിനെ മൂടി. ഇങ്ങോട്ടുള്ള യാത്രയിൽ കൂട്ടുവന്ന മഴ അതിനപ്പുറം കാത്തുനിന്നു....

കല്ലേലി പാലത്തിൽ നിന്നുള്ള രാത്രി കാഴ്ച.

കൊക്കാത്തോട് പ്രാഥമിക വിവരങ്ങൾ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലുള്ള മലയോര ഗ്രാമം. പുറം ലോകം അധികം അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത അജ്ഞാത സൗന്ദര്യം. കോന്നിയിൽനിന്ന് വനത്തിലൂടെ ഏകദേശം 12 കിലോമീറ്റർ ദൂരം. കോന്നി ആനക്കൂട്, അടവി, ചെങ്ങറ തുടങ്ങിയ പ്രദേശങ്ങൾ കൂടി ചേർത്ത് ഒരു മുഴുവൻ ദിവസ യാത്ര പ്ലാൻ ചെയ്യാം. മൂന്ന് വട്ടം ശബ്ദം പ്രതിധ്വനിക്കുന്ന ട്രിപ്പിൾ എക്കോ പ്രതിഭാസമുള്ള കട്ടത്തിപ്പാറ എന്ന കൂറ്റൻ പാറക്കെട്ട് ഇവിടത്തെ ഒരു പ്രധാന ആകർഷണം.

ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച 33 സൈനികർക്ക് അര നൂറ്റാണ്ട് മുൻപ് കൃഷിക്കും താമസത്തിനുമായി അഞ്ചേക്കർ വീതം ഭൂമി സർക്കാർ പതിച്ചുനൽകിയ സ്ഥലം. മലവേടന്മാർ ഉൾപ്പെടെ ആദിവാസി കോളനികളുമുണ്ട്.

കോന്നിയിൽ നിന്ന് കല്ലേലി, ഒരേക്കർ, അള്ളുങ്കൽ വഴി ഇവിടെ എത്തിച്ചേരാം. കുമ്മണ്ണൂർ വനമേഖല വഴിയും കൊക്കാത്തോട്ടിലേക്ക് എത്താം. പൊതുഗതാഗത സൗകര്യം പരിമിതം.