കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന് സാഹിത്യ നോബേൽ

 
Literature

കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന് സാഹിത്യ നോബേൽ

76കാരിയായ ആൻ കഴ്സൻ കനേഡിയൻ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ്

MV Desk

സ്റ്റോക്ക്ഹോം: 2026ലെ സാഹിത്യ നോബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോട് ചേർന്നു നിന്നുകൊണ്ട് സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച വൈവിധ്യമാർന്ന എഴുത്തി രീതിയാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് സ്വീഡിഷ് അക്കാദമി കുറിച്ചു.

76കാരിയായ ആൻ കഴ്സൻ കനേഡിയൻ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ്. കവി, പണ്ഡിതത, വിവർത്തക, ക്ലാസിസിസ്റ്റ്, പ്രൊഫസർ, ഉപന്യാസക തുടങ്ങിയ നിലകളിൽ ശ്രദ്ധേയയാണ്. പുരാതന ഗ്രീക് പുരാവൃത്തങ്ങൾക്ക് തന്‍റെ എഴുത്തുകളിലൂടെ പുതിയ മാനം നൽകാൻ ആന് കഴിഞ്ഞു. കവിത, ഉപന്യാസം, തത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചു ചേർത്തുള്ള ആനിന്‍റെ എഴുത്തുകൾ പരമ്പരാഗത സാഹിത്യത്തിന്‍റെ അതിർവരമ്പുകൾ ലംഘിക്കുന്നതാണ്.

ഗ്രീക്ക്, ലാറ്റിൻ ഇതിഹാസങ്ങളെയും മഹാരഥരായ എഴുത്തുകാരുടെ രചനകളെയും ആൻ വിവർത്തനം ചെയ്തിട്ടുണ്ട്. കൈൻഡ്സ് ഓഫ് വാട്ടർ, ഇറോസ് ദ് ബിറ്റർസ്വീറ്റ്, ഷോർട്ട് ടോക്സ്, ഗ്ലാസ്, ഐറണി ആൻഡ് ഗോഡ്, ഓട്ടോബയോഗ്രഫി ഓഫ് റെഡ്, ദ് ബ്യൂട്ടി ഓഫ് ദ് ഹസ്ബൻഡ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. കനേഡിയൻ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചുകൊണ്ട് സർക്കാർ മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.