ശിവതാണ്ഡവ സ്തോത്രം രാവണൻ എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു.

 

AI image

Literature

പത്തു തലയുള്ള കവി; പാതിയറിഞ്ഞ രാവണൻ

കൈലാസത്തിനടിയിൽ ഒരു കൈ ഞെരിഞ്ഞമരുമ്പോൾ മറുകൈകൊണ്ടെഴുതിയ ശിവതാണ്ഡവ സ്തോത്രം ഇന്നും ലോകം ഏറ്റുചൊല്ലുന്നു. അതെഴുതിയ കവിയെ ഓരോ വർഷവും നമ്മൾ അഗ്നിക്കിരയാക്കുന്നു.

വി.കെ. സഞ്ജു

''അറിഞ്ഞതിൽ പാതി പറയാതെ പോയി, പറഞ്ഞതിൽ പാതി പതിരായും പോയി'' എന്നു പറഞ്ഞതു പോലെയാണ് രാവണന്‍റെ കഥ. കൈലാസ പർവതത്തിനടിയിൽ ഞെരിഞ്ഞമർന്ന കൈയുടെ വേദന കടിച്ചുപിടിച്ചുകൊണ്ട് രാമായണത്തിലെ വില്ലൻ ഒരു സ്തോത്രമെഴുതിയിട്ടുണ്ട്. ജടയാകുന്ന വനത്തിൽനിന്ന് ഒഴുകിയിറങ്ങുന്ന ഗംഗയും, ഡമരുവിന്‍റെ ഡമഡ്ഡമഡ്ഡമ നാദവും, ചന്ദ്രക്കലയണിഞ്ഞ ശിരസ്സുമെല്ലാം വാക്കുകൾകൊണ്ടു തീർത്ത മഹാവിസ്മയങ്ങളായതിൽ താണ്ഡവമാടുന്നു.

ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ

ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം

ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവ്വയം

ചകോരചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം....

ശിവതാണ്ഡവ സ്തോത്രം രാവണൻ എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രാഹ്മണനായ വിശ്രവസ്സിന്‍റെയും രാക്ഷസിയായ കൈകസിയുടെയും പുത്രനായിരുന്നു ആ കൊടിയ വില്ലൻ; ലങ്കാധിപതി; അസുര ചക്രവർത്തി; കൈലാസ പർവതം ഇളക്കിയെടുത്ത് ലങ്കയിലേക്കു കൊണ്ടുപോകാൻ കച്ചകെട്ടിയവൻ; ശിവൻ കാൽവിരലൊന്നമർത്തിയപ്പോൾ കൈലാസത്തിനടിയിൽ കൈ കുടുങ്ങിയവൻ. ആ വേദനയിൽനിന്നുദ്ഭവിച്ച നിമിഷ കവിതയായിരുന്നു പോലും, പതിനാറക്ഷരങ്ങൾ വീതമുള്ള പഞ്ചചാമര വൃത്തത്തിൽ എഴുതിയ ശിവതാണ്ഡവ സ്തോത്രം. സംപ്രീതനായ ശിവൻ രാവണനെ മോചിപ്പിക്കുക മാത്രമല്ല, ചന്ദ്രഹാസം എന്ന വാളും നൽകി അനുഗ്രഹിച്ചുവത്രെ!

അമ്പലത്തിലെ പെൻ ഡ്രൈവിൽനിന്നായാലും മൊബൈൽ ഫോണിലെ റിങ് ടോണിൽനിന്നായാലും ശിവതാണ്ഡവ സ്തോത്രം കേൾക്കുമ്പോൾ പലരും അറിയാറില്ല - അറിഞ്ഞവർ ഓർക്കാറുമില്ല - ഈ കവിത ഒരു 'വില്ലന്‍റെ' തൊണ്ടയിൽനിന്നു പിറന്ന കഥ.

വീണയായിരുന്നു രാവണന്‍റെ കൊടിയടയാളം. കൈലാസത്തിനടിയിൽ കൈ കുടുങ്ങിയ സമയത്ത് മറുകൈകൊണ്ട് സ്വന്തം ശരീരത്തിലെ ഞരമ്പുകൾ വലിച്ചു മുറുക്കി തന്ത്രികളാക്കിയ രാവണഹസ്തമായിരുന്നു ആ വീണ എന്നുമുണ്ട് മറ്റൊരു കഥ.

ശിവഭക്തനായിരുന്നു രാവണൻ. നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളും ആഴത്തിൽ പഠിച്ചവൻ, ജ്യോതിഷത്തിലും വൈദ്യത്തിലും പണ്ഡിതൻ. ശത്രുവിനെക്കൊണ്ടുപോലും 'അഹോ രൂപം! അഹോ ധൈര്യം!' എന്നു പറയിച്ച തേജോമയൻ. ഇന്ന് വെള്ളിത്തിരയിൽ വീണ്ടും രാവണൻ നിറയുമ്പോൾ, പാതി പറയാതെ പോയ ആ കഥകളിലേക്ക് ഒരിക്കൽക്കൂടി....

അമ്മയുടെ കണ്ണീർ

കൈകസിയുടെ കണ്ണീരായിരുന്നു രാവണ സിംഹാസനത്തിന്‍റെ അസ്ഥിവാരം.

രാവണന്‍റെ കഥ തുടങ്ങുന്നതൊരു പടക്കളത്തിലല്ല, അമ്മയുടെ മടിത്തട്ടിലാണ്. ഉറങ്ങിക്കിടക്കുന്ന മകന്‍റെ മുഖത്ത് കൈകസിയുടെ കണ്ണീര് വീണു. ഉണർന്നെഴുന്നേറ്റ മകൻ കണ്ണീരിനു കാരണം തേടി. തന്‍റെ അച്ഛന്‍റെ മകനായ കുബേരന്‍റെ പ്രതാപത്തിനു മുന്നിൽ തലകുനിച്ച തന്‍റെ അമ്മ. അവരുടെ വേദന രാവണന്‍റെ നെഞ്ചിലെ തീയിൽ എണ്ണ പകർന്നു. രാവണോദ്ഭവം കഥകളി ഈ കണ്ണീരിനെയാണ് ഒരു ചക്രവർത്തിയുടെ ജനനമായി അവതരിപ്പിക്കുന്നത്.

''ദശവദന, നിതാന്തം വാഞ്ചിതം തേ സ്തു സർവ്വം.''

ആഗ്രഹിക്കുന്നതെല്ലാം ദശവദനാ നിനിക്കു കിട്ടട്ടെ എന്ന് രാവണന്‍റെ തപസിനൊടുവിൽ വരമരുളുന്നുണ്ട് ബ്രഹ്മാവ്. ആ വരം ആയുധം കൊടുത്തത് ആസുരമായ അഹങ്കാരത്തിനായിരുന്നില്ല, അമ്മയുടെ കണ്ണീർ സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ മകന്‍റെ ദൃഢനിശ്ചയത്തിനായിരുന്നു.

ശത്രുവിന്‍റെ സാക്ഷ്യം

''അഹോ രൂപം! അഹോ ധൈര്യം!

അഹോ സത്ത്വം! അഹോ ദ്യുതിഃ!''

ശത്രുവിന്‍റെ വാക്കുകൾ തന്നെയാവണമല്ലോ ഒരാളുടെ മഹത്വത്തിന് ഏറ്റവും വിശ്വസനീയമായ തെളിവ്. എന്തൊരു രൂപം, എന്തൊരു ധൈര്യം, എന്തൊരു തേജസ് എന്ന് ആ രാക്ഷസരാജാവിനെ നോക്കി ഹനുമാൻ അദ്ഭുതപ്പെടുന്നത് രാമായണത്തിൽ വാല്മീകി വിശദീകരിക്കുന്നുണ്ട്.

യുദ്ധാവസാനം വീണുകിടക്കുന്ന രാവണനെക്കുറിച്ച് രാമൻ വിഭീഷണനോടു പറയുന്നതും ശ്രദ്ധേയമാണ്: 'മരണാന്താനി വൈരാണി', വൈരം മരണത്തോടെ അവസാനിക്കുന്നു. അദ്ദേഹം നിനക്കെന്നപോലെ എനിക്കും പ്രിയനാണ്, ഉചിതമായ അന്ത്യകർമങ്ങൾ ചെയ്യുക. ജയിച്ചവൻ തോറ്റവനെ ആദരിക്കുന്ന നിമിഷത്തിൽ രാവണൻ കൂടുതൽ വലുതാവുന്നു.

സീതയെ അപഹരിച്ചവൻ എന്ന കുറ്റം മറക്കാവതല്ല. പക്ഷേ, അശോകവനിയിൽ കൊണ്ടു ചെന്നു നിർത്തി കരയിച്ചപ്പോഴും സീതയെ അയാൾ അഹിതമായി സ്പർശിച്ചിട്ടില്ല. എന്നിട്ടും മര്യാദാപുരുഷോത്തമനെന്ന വിശേഷണം ചെന്നു ചേരുന്നതോ, സംശയദൃഷ്ടിയോടെ സീതയ്ക്ക് രണ്ടു വട്ടം അഗ്നിപരീക്ഷ നിർദേശിച്ച ശ്രീരാമനിൽ!

ജനതയുടെ രക്ഷകനായിരിക്കുമ്പോഴും, മുൻകോപവും അഹങ്കാരവും ആസുരഭാവം നൽകിയ മനുഷ്യനായിരുന്നു രാവണൻ; ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും കൊടിയ വില്ലൻമാരിൽ ഒരാളായിരിക്കുമ്പോഴും ദുരന്തനായകന്‍റെ പരിവേഷവും അയാൾക്കു യോജിക്കുന്നു.

വില്ലനാരെന്ന് തീരുമാനിക്കുന്നതാര്?

ഡോ. ബി.ആർ. അംബെദ്കർ, പെരിയാർ ഇ.വി. രാമസ്വാമി.

തമിഴകത്ത് പെരിയാർ ഇ.വി. രാമസ്വാമി രാമായണത്തെ വടക്കിന്‍റെ സാംസ്കാരിക ആധിപത്യത്തിന്‍റെ കഥയായി വായിച്ചു. രാവണനെ ദക്ഷിണദേശത്തിന്‍റെ, ദ്രാവിഡരുടെ പ്രതീകമായി കണ്ടു. വേദ പണ്ഡിതൻ, കുടുംബ രക്ഷകൻ, ധീരൻ എന്നിങ്ങനെ വാല്മീകി പറയുന്ന ഗുണങ്ങൾ തന്നെയാണ് പെരിയാർ എടുത്തുകാട്ടിയത്. ഈ വ്യാഖ്യാനത്തിന് വിമർശനങ്ങൾ ഏറെയാണെങ്കിലും ഒരു ജനതയുടെ ആത്മാഭിമാനത്തിന്‍റെ പ്രതീകമായി രാവണനെ പരിവർത്തനം ചെയ്യാൻ പെരിയാറിനു സാധിച്ചിരുന്നു.

'ദ റിഡിൽ ഓഫ് രാമ ആൻഡ് കൃഷ്ണ' എന്ന പേരിൽ ഡോ. ബി.ആർ. അംബേദ്കർ രാമന്‍റെ ആദർശ പരിവേഷത്തെ ചോദ്യം ചെയ്യുന്നുണ്ട്. സീതാപരിത്യാഗവും ശംബൂകവധവും ബാലിവധവും ഉയർത്തി, ദൈവികതയുടെ കണ്ണടയില്ലാതെ കഥയെ കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു. രാവണനെ നേരിട്ട് പുകഴ്ത്തുന്നില്ലെങ്കിലും, അംബേദ്കർ അതിലൊരു ചോദ്യമുയർത്തുന്നുണ്ട്- ''ആരാണ് നായകൻ, ആരാണ് വില്ലൻ എന്ന് തീരുമാനിക്കേണ്ടത് ആരാണ്?''

രാമനെ ഇകഴ്ത്താനുള്ള ന്യായങ്ങളാകണമെന്നില്ല ഇതൊന്നും. ഒരു കഥയ്ക്ക് ഒന്നിലധികം വായനകൾ ഉണ്ടാകാം എന്നു മാത്രമാണ് ഇതൊക്കെ ഓർമിപ്പിക്കുന്നത്. ഇന്ത്യയിൽ നൂറുകണക്കിന് രാമായണങ്ങളുണ്ട്. ചിലതിൽ രാവണൻ ഭക്തനാണ്, ചിലതിൽ പണ്ഡിതൻ, ചിലതിൽ ജനനായകൻ. ജയന്തിയാഘോഷം പോലെ ഇന്നും രാവണനെ പൂജിക്കുന്ന ക്ഷേത്രങ്ങളും ഗ്രാമങ്ങളും വടക്കേ ഇന്ത്യയിൽപ്പോലുമുണ്ട്, ശ്രീലങ്കയിൽ ധാരാളമുണ്ട്.

രാവണവിജയം കഥകളിയിൽ രംഭാപ്രവേശത്തിലെ ശൃംഗാരസ്വരൂപനെ കണ്ട് കോരിത്തരിക്കുന്ന മലയാളികളുണ്ട്. നിലാവ് നിറഞ്ഞൊഴുകിയ ലങ്കയിലെ മാളികകളിൽ, പൊന്നിൻനൂൽ പോലൊഴുകുന്ന സൗന്ദര്യത്തെ കവിതയിലേക്ക് പകർത്തുന്ന രസികനാണ് കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്‍റെ രാവണൻ.

ചന്ദ്രികാവിശദസൗധരാജിതേ

മന്ദിരേ സുഖമുവാസ രാവണഃ

എന്നാണ് വിശേഷണം. ആ നിലാവിൽ തിളങ്ങിയത് ചന്ദ്രഹാസത്തിന്‍റെ വായ്ത്തലയല്ല, ശൃംഗാരത്തിന്‍റെ ചന്ദ്രബിംബമായിരുന്നു.

വെള്ളിത്തിരയിലെ രാവണൻ

അഹങ്കാരത്തിന്‍റെ ശിരോരേഖകൾ കത്തിയമരുമ്പോൾ കവിതകൾ മാത്രം ബാക്കിയാവും.

രാജ്യം മുഴുവൻ രാവണന്‍റെ കോലം കത്തിച്ച ദസറക്കാലത്തിനു പിന്നാലെ, സീതാസമേതനായി ശ്രീരാമൻ ‍അയോധ്യയിൽ തിരിച്ചെത്തിയ ദീപാവലിക്കാലത്ത്, ഒരു വലിയ ബോളിവുഡ് രാമായണം വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്നുണ്ട്. കണ്ടിറങ്ങിയവരുടെ ചർച്ച യഷിന്‍റെ രാവണനെക്കുറിച്ചാണ്. സംവിധായകൻ നിതേഷ് തിവാരി പറഞ്ഞത്, രാവണന്‍റെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ കാണിക്കുമെന്നാണ്. അതിനൊർഥമുണ്ട്; കാരണം ഒറ്റവായനയിൽ ഒതുങ്ങുന്നൊരു കഥാപാത്രമല്ല രാവണൻ.

രാമബാണമേറ്റെരിയുന്ന പത്തു തലകളിലൊന്നിലെ സംഗീതമൊരു രുദ്രവീണയിലേക്കു പകർന്നിരുന്നു; രണ്ടാമതൊന്നിലെ ശാസ്ത്ര കൗതുകം രാവണസംഹിതയായി അക്ഷരരൂപം പൂണ്ടിരുന്നു; മറ്റൊന്നിലെ കവിയൊരു സ്തോത്രമെഴുതി ശിവപ്രീതി തേടിയിരുന്നു.

അഹങ്കാരത്തിന്‍റെ ശിരോരേഖകൾ കത്തിയമരുമ്പോൾ കവിതകൾ മാത്രം ബാക്കിയാവും. പറയാതെ പോയ പാതി പൂർത്തിയാക്കാം, പതിരായ പകുതി പാറ്റിക്കളയാം. അറിവിനെ പ്രോജ്വലിപ്പിക്കുന്ന രാമബാണങ്ങളെയ്യാം, അന്ധകാരം തുടച്ചുനീക്കുന്ന അഗ്നിവർഷങ്ങളാം.

ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവ്വയം…

ആ ഡമരു നിശബദ്മാകുന്നില്ല, എട്ട് ദിക്കിലും മാറ്റൊലിക്കൊണ്ടുകൊണ്ട് അതിനിയും മുഴങ്ങിക്കൊണ്ടിരിക്കും....