'വിസ്പേഴ്സ് ഒഫ് എവരിഡേ തിങ്സ്'പ്രകാശനം

 
Literature

"ആ കാപ്പിക്കപ്പ് എന്തായിരിക്കും പറയുക?" കഥകളുമായി രേഷ്മയുടെ 'വിസ്പേഴ്സ് ഒഫ് എവരിഡേ തിങ്സ്', നിറം പകർന്ന് കുഞ്ഞ് നക്ഷത്ര

ഒരു കുട്ടിയെ ചിത്രകാരിയായി തിരഞ്ഞെടുക്കുക എന്നത് ബോധപൂർവമായൊരു തീരുമാനമായിരുന്നുവെന്ന് രേഷ്മ.

MV Desk

നിങ്ങളുടെ തലയിണയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് എന്തായിരിക്കും പറയുക? ഓരോ പ്രഭാതത്തിലും നമ്മോടൊപ്പം ഉണ്ടായിരുന്ന കാപ്പിക്കപ്പ് എന്തൊക്കെ നിമിഷങ്ങൾക്കാണ് സാക്ഷിയായിട്ടുണ്ടാകുക.. ഈ ചോദ്യങ്ങളാണ് ഡോ. രേഷ്മ എലിസബത്ത് തോമസിന്‍റെ ഏറ്റവും പുതിയ പുസ്തകമായ വിസ്പേഴ്സ് ഒഫ് എവരിഡേ തിങ്സ്: മോണോലോഗ്സ് എന്ന കൃതിയുടെ ഹൃദയം. വിസ്പേഴ്സ് ഒഫ് എവരിഡേ തിങ്സ് വസ്തുക്കളെക്കുറിച്ചുള്ള ഒരു പുസ്തകം മാത്രമല്ല. അതിന്‍റെ ഉള്ളറയിൽ അത് മനുഷ്യരെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും സാധാരണ ദിവസങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വികാരങ്ങളെക്കുറിച്ചുമുള്ള പുസ്തകമാണ്.

നമ്മൾ ശ്രദ്ധിക്കുകപോലും ചെയ്യാത്ത എത്രയോ വസ്തുക്കളുടെ നടുവിലാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. നാം ആരാണെന്നതിന്‍റെ എത്രയോ നിമിഷങ്ങൾക്ക് അവ നിശ്ശബ്ദമായി സാക്ഷിയാകുന്നു. അങ്ങനെയാണ് ഞാൻ ഈ വസ്തുക്കൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവ നമ്മെക്കുറിച്ച് എന്തായിരിക്കും പറയുക എന്ന് ചിന്തിച്ചതെന്ന് രേഷ്മ തോമസ് പറയുന്നു.

ഡോ. രേഷ്മ എലിസബത്ത് തോമസ്

ബാല്യത്തിൽ പിറന്നൊരു ആശയം

ബാല്യകാലത്ത് അമ്മ പറഞ്ഞൊരു തമാശയിൽ നിന്നാണ് ഈ പുസ്തകത്തെക്കുറിച്ചുള്ള ആശയം കിട്ടിയതെന്ന് എഴുത്തുകാരി ഓർത്തെടുക്കുന്നു. വീട്ടിലെ നിത്യോപയോഗ വസ്തുക്കളോട് സംസാരിക്കുന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു. ഒരിക്കൽ, “നമ്മുടെ ഫ്രിഡ്ജിന് വായുണ്ടായിരുന്നെങ്കിൽ അത് നമ്മളോട് ഉറക്കെ വഴക്കുപറഞ്ഞേനേ”എന്ന് അമ്മ തമാശയായി പറഞ്ഞു. ബാല്യത്തിലെ ആ രസകരമായ ഓർമ്മ പിന്നീട് വലിയൊരു ചോദ്യമായി വളർന്നു.. കാലം കടന്നപ്പോൾ ആ ചിന്തയുടെ ആഴം കൂടി.

“നമ്മൾ സ്നേഹിച്ച ഒരാളെ നഷ്ടപ്പെട്ടതിനുശേഷം, വളരെ സാധാരണമായ ഒരു വസ്തുപോലും പെട്ടെന്ന് അസാധാരണമായി മാറാറുണ്ട്. കാരണം അതിനുള്ളിൽ ആ വ്യക്തിയുടെ ഒരു ഓർമ്മയുണ്ടാകും,” രേഷ്മ തോമസ് പറയുന്നു. “ഒരു കാര്യം ഓർമ്മയായി മാറുന്നതുവരെ കാത്തിരിക്കാതെ, അത് നമ്മുടെ ജീവിതത്തിലുണ്ടായിരിക്കുമ്പോൾ തന്നെ അതിന്‍റെ മൂല്യം തിരിച്ചറിയണം എന്ന ബോധ്യമാണ് അത് എനിക്ക് നൽകിയത്.”

നക്ഷത്ര വിവേക്,  ഡോ. രേഷ്മ എലിസബത്ത് തോമസ്

ഓർമ്മയും വിസ്മയവും കണ്ടുമുട്ടുമ്പോൾ

എട്ടുവയസ്സുകാരിയായ നക്ഷത്ര വിവേക് വരച്ച ചിത്രങ്ങളാണ്‌ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് മറ്റൊരു സവിശേഷത. ഒരു കുട്ടിയെ ചിത്രകാരിയായി തിരഞ്ഞെടുക്കുക എന്നത് ബോധപൂർവമായൊരു തീരുമാനമായിരുന്നുവെന്ന് രേഷ്മ.

കുട്ടികളുടെ നിത്യജീവിതത്തോട് കാണിക്കുന്ന സ്വാതന്ത്ര്യവും ഭാവനയും പുസ്തകത്തിന്‍റെ ദൃശ്യലോകത്തും നിലനിൽക്കണമെന്ന് രേഷ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. സ്വാഭാവികവും നിയന്ത്രണങ്ങളില്ലാത്തതുമായ, അത്ഭുതബോധം നിറഞ്ഞ വരകളായിരുന്നു നക്ഷത്ര പുസ്തകത്തിനു വേണ്ടി വരച്ചത്.

“മുതിർന്നവർ ഒരു കസേരയെ നോക്കുമ്പോൾ ഒരു കസേര മാത്രമാണ് കാണുന്നത്. പക്ഷേ ഒരു കുട്ടിക്ക് അത് ഒരു സിംഹാസനമാകാം, ഒളിച്ചിരിക്കാനുള്ള ഇടമാകാം, ചിലപ്പോൾ ഒരു സാങ്കൽപ്പിക ലോകം തന്നെയാകാം,

എന്‍റെ വാക്കുകൾ ജീവിതത്തെ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും തിരിഞ്ഞുനോക്കുന്ന ഒരു മുതിർന്നയാളുടേതാണ്. അവളുടെ ചിത്രങ്ങൾ ലോകത്തെ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടേതും. ഞാൻ ഓർമ്മകൾ കൊണ്ടുവരുന്നു; അവൾ വിസ്മയം കൊണ്ടുവരുന്നു''.. രേഷ്മ ചിരിയോടെ കൂട്ടിച്ചേർക്കുന്നു. ‌

നക്ഷത്ര വിവേക്

വായനക്കാരനെയും കഥയുടെ ഭാഗം

വിസ്പേഴ്സ് ഒഫ് എവരിഡേ തിങ്സ് എന്ന പുസ്തകത്തിന്‍റെ മറ്റൊരു പ്രത്യേകത, ഓരോ വസ്തുവിന്‍റെയും ഏകഭാഷണം അതിന്‍റെ കഥ പറഞ്ഞ് അവസാനിക്കുന്നില്ല എന്നതാണ്. അവസാനം ആ വസ്തു വായനക്കാരനോട് ഒരു ചോദ്യം ചോദിക്കുന്നു. വായനയെ ആത്മപരിശോധനയിലേക്കും സ്വന്തം ഓർമ്മകളിലേക്കുമുള്ള യാത്രയാക്കുകയാണ് അതിന്‍റെ ലക്ഷ്യം. തിരക്കേറിയ ഈ കാലത്ത് പുസ്തകത്തിന്‍റെ സന്ദേശത്തിന് പ്രത്യേക പ്രസക്തിയുണ്ടെന്നാണ് കരുതുന്നതെന്ന് എഴുത്തുകാരി.

“നമ്മൾ എപ്പോഴും വലിയ കാര്യങ്ങൾക്കായി കാത്തിരിക്കുകയാണ് -വലിയൊരു നേട്ടം, വലിയൊരു ആഘോഷം, വലിയൊരു യാത്ര. ആ കാത്തിരിപ്പിനിടയിൽ, ഓരോ ദിവസവും നമ്മുടെ മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ നമ്മൾ കാണാതെ പോകുന്നു,”അവർ പറയുന്നു.

പബ്ലിക് പോളിസി വിദഗ്ധ, ആർട്ട് അഡ്വക്കേറ്റ്, ജെൻഡർ ഇക്വാലിറ്റി പ്രാക്ടീഷണർ, എഴുത്തുകാരി, കലാകാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. രേഷ്മ എലിസബത്ത് തോമസ് നയം, ജെൻഡർ, ഗവേഷണം, കലാധിഷ്ഠിത സാമൂഹിക ഇടപെടലുകൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം