സീതയോട് തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്ന രാവണനെയാണ് വയലാർ രാമവർമ ചിത്രീകരിച്ചിട്ടുള്ളത്.
AI
ശൂർപ്പണഖയ്ക്കു വേണ്ടി പ്രതികാരം ചെയ്യാനിറങ്ങിയ രാവണനെയാണ് വാല്മീകി രാമായണത്തിലും ഇപ്പോഴിറങ്ങിയ 'രാമായണ' സിനിമയിലുമെല്ലാം കാണാനാവുക. അഹങ്കാരത്തിനൊപ്പം സീതയോടുള്ള മോഹവും വളർന്ന രാവണൻ സ്വന്തം സാമ്രാജ്യവും ഒടുവിൽ ജീവൻ തന്നെയും അതിന്റെ പേരിൽ ത്യജിച്ചെന്നത് ഏറ്റവും പ്രചാരം നേടിയ കഥ. എന്നാൽ, രാവണൻ സീതയെ തട്ടിക്കൊണ്ടു പോയത് കാമമോഹതിനായല്ല എന്നൊരു വകഭേദം കൂടിയുണ്ട് ഇക്കഥയ്ക്ക്.
ജൈന രാമായണം അടക്കമുള്ള പല പ്രാദേശിക വകഭേദങ്ങളിലും രാവണന്റെ മകളാണ് സീത. മകളോടുള്ള വാത്സല്യത്താൽ അവളെ കാട്ടിൽ നിന്നു 'രക്ഷിച്ച്' ലങ്കയുടെ സമൃദ്ധികളിലേക്ക് വിമാനത്തിൽ കൊണ്ടിറക്കിയ പുത്രീ വാത്സല്യമാണ് ഈ കഥയിലെ രാവണനിൽ കാണാനാവുക. രാവണപുത്രി എന്ന പ്രശസ്തമായ കവിതയിൽ വയലാർ രാമവർമ ചിത്രീകരിച്ചിരിക്കുന്നതും രാവണന്റെ പുത്രീവാത്സല്യത്തെയാണ്. വേദവതി എന്ന മുനികുമാരിയെ ബലാത്സംഗം ചെയ്ത രാവണനു കിട്ടിയ ശാപമത്രെ സീത എന്ന മകൾ കാരണമുള്ള മരണം.
യുദ്ധഭൂമിയിൽ രാമസായകമേറ്റു തളർന്നു കിടന്ന ലങ്കേശൻ ആ പഴയ വേദവതിയെ ഓർക്കുന്ന രംഗം വയലാർ ചിത്രീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ
കണ്ടു നടന്ന മദാലസ യൗവനം
അന്നാദ്യമെത്തിപിടിച്ചു കശക്കിയ
മന്ദാരപുഷ്പത്തെ ഓർത്തുപോയ് രാവണൻ
വേദവതിയെ, മലർശരസായകം
വേദനിപ്പിക്കാത്ത പൂജാ മലരിനെ.
എന്നിൽ പിറക്കുന്ന മകൾ കാരണം നീ മരിക്കും എന്നു രാവണനെ ശപിക്കുന്നുണ്ട് വേദവതി:
എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
നീ മരിക്കും നിനക്കെന്നിൽ ജനിക്കും പെൺകിടാവിനാൽ.
ഈ കഥയിൽ, വേദവതിക്കു ജനിക്കുന്ന പെൺകുഞ്ഞിനെ പെട്ടകത്തിലാക്കി കടലിലൊഴുക്കിയാണ് രാവണൻ ആ ശാപത്തിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുന്നത്. പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ എന്നാണ് ആ ദിവസത്തിനു നൽകിയിരിക്കുന്ന വിശേഷണം.
എന്നാൽ, യാഗത്തിനു നിലമുഴുത മിഥിലയിലെ ജനക മഹാരാജാവിന് ഈ പെട്ടകം കിട്ടുന്നു. സീതയെ ജനകൻ സ്വന്തം മകളായി വളർത്തുന്നു. ഈ വിവരമെല്ലാം പിന്നീട് രാവണൻ അറിയുന്നുണ്ട്, നാരദ മഹർഷിയിലൂടെ. അപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ മകളെ അപകടത്തിലാക്കുന്ന രാക്ഷസനായല്ല രാവണനെ വയലാർ ചിത്രീകരിച്ചിട്ടുള്ളത്. മറിച്ച്, പശ്ചാത്താപവിവശനായ ഒരു അച്ഛനായാണ്:
പൊന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിക്കുവാൻ
ആ മണിച്ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ....
വയലാർ രാമവർമ.
മരണാസന്നനായി യുദ്ധഭൂമിയിൽ കിടക്കുമ്പോഴും കുറ്റബോധം അയാളെ വേട്ടയാടുന്നുണ്ട്.
ഓമനേ ഭീരുവാണച്ഛൻ, അല്ലെങ്കിൽ നിൻ
പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
എന്നാണ് ആ സമയത്ത് രാവണൻ പരിതപിക്കുന്നതെന്ന് വയലാർ ഭാവനയിൽ കാണുന്നുണ്ട്.
സീതയെ പുഷ്പകവിമാനത്തിൽ ലങ്കയിൽ കൊണ്ടുവന്ന്, അശോകത്തണൽ വിരിപ്പിൽ കൊണ്ടു ചെന്നു നിർത്തി കരയിച്ച നാൾ മുതൽ സഹിച്ച അപവാദങ്ങളും നാശങ്ങളുമെല്ലാം തന്റെ മനഃശാന്തിക്കു വേണ്ടിയായിരുന്നു എന്ന് രാവണൻ അവിടെ കിടന്ന് ഓർക്കുന്നു.
ഒടുവിൽ, മകളെക്കണ്ട്, മനസ് തുറന്ന്, കാല് പിടിച്ച് മാപ്പ് പറഞ്ഞാണ് കവിതയിലെ രാവണൻ രാമനുമായുള്ള അന്തിമ യുദ്ധത്തിനു പുറപ്പെടുന്നത്. സീതയുടെ കണ്ണീർ രാവണന്റെ നെഞ്ചിൽ വീണതിനെക്കുറിച്ചും അവിടെ സൂചിപ്പിച്ചിരിക്കുന്നു.
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത
കണ്ണീരിനുള്ളിൽ പിതൃത്വം തളിർത്തു പോയ്
വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ
വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ.
രാജകുമാരിയായി ജീവിക്കേണ്ട തന്റെ മകൾ കാട്ടിൽ നരകിക്കുന്നതു കണ്ട് അവളെ രക്ഷിക്കാൻ ശ്രമിച്ച രാവണന് മരണസമയത്തു പോലും ആശ്വാസം കിട്ടുന്നില്ലെന്ന സൂചനയോടെയാണ് വയലാർ തന്റെ കവിത അവസാനിപ്പിക്കുന്നത്.
സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ
ഊതിപ്പിടിപ്പിച്ചു വാനര സേനകൾ
ജീവിതത്തിലെ കൂടുതൽ കടുത്ത പരീക്ഷകളിലേക്ക് ആ മകൾ നടന്നു കയറുന്നതു കാണാൻ വിധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങുന്ന നിസഹായനായ അച്ഛനായാണ് രാവണപുത്രിയിൽ വയലാർ രാവണനെ അവതരിപ്പിച്ചിരിക്കുന്നത്.