I
Literature

കളം നിറഞ്ഞ് ദേശീയ നേതാക്കൾ, പോരാട്ടത്തിന് തീച്ചൂട്

#എം.ബി. സന്തോഷ്

തിരുവനന്തപുരം: ദേശീയ നേതാക്കളെല്ലാം കളം നിറഞ്ഞതോടെ 10 ദിവസം ശേഷിക്കുന്ന സംസ്ഥാന വോട്ടെടുപ്പിന്‍റെ പ്രചാരണം കനത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരൊക്കെ സംസ്ഥാനത്തെ പോരാട്ടത്തിന് തീച്ചൂട് പകരുന്നു.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂർ കുന്നംകുളത്തായിരുന്നു ആദ്യ പൊതുയോഗം. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് ഇന്നലെ എത്തിയത്.

സിപിഎമ്മുകാർ സഹകരണ ബാങ്കുകളിലൂടെ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചുവെന്ന് കുറ്റപ്പെടുത്തിയ മോദി തട്ടിപ്പുകാരുടെ 90 കോടി രൂപ ഇഡി പിടിച്ചെടുത്തത് നിക്ഷേപകർക്ക് കൈമാറുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയിൽ സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണവും പരാമർശിച്ചു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി 100 കോടിയുടെ അഴിമതി നടത്തിയെന്ന അദ്ദേഹത്തിന്‍റെ ആരോപണവും വരും നാളുകളിൽ കത്തിപ്പടരും.

മലയാളം ഹിന്ദിയേക്കാൻ ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് വയനാട്ടിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന ബിജെപി സങ്കൽപം നാടിനോടുള്ള അവഹേളനമാണെന്ന് കുറ്റപ്പെടുത്തി. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് സമ്മതിച്ച അദ്ദേഹം രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അവകാശപ്പെട്ടു. അതേസമയം, സുൽത്താൻ ബത്തേരിയിൽ റോഡ് ഷോ നടത്തിയിട്ടും "ഗണപതിവട്ടം' പേരുമാറ്റൽ വിവാദത്തിൽ രാഹുൽ പ്രതികരിച്ചില്ല.

കൊടികളില്ലാതെയായിരുന്നു ഇന്നലത്തെയും രാഹുലിന്‍റെ റോഡ് ഷോ. കോണ്‍ഗ്രസിന്‍റെയോ മുസ്‌ലിം ലീഗിന്‍റെയോ കൊടികള്‍ ഉണ്ടായിരുന്നില്ല. ബലൂണുകളും രാഹുലിന്‍റെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളുംമാത്രം. മുസ്‌ലിം ലീഗിന്‍റെ പതാകയെ കഴിഞ്ഞ തവണ പാകിസ്ഥാൻ കൊടിയെന്ന് ബിജെപി ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചതിനാൽ ഇത്തവണ കൊടികളേ വേണ്ടെന്നാണു തീരുമാനം. ഇതിനെ എൽഡിഎഫ് വിമർശിച്ചിരുന്നു.

ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡ, അമിത്ഷാ, നിർമല സീതാരാമൻ, എസ്. ജയശങ്കർ, സ്മൃതി ഇറാനി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ എന്നിങ്ങനെ ദേശീയ നേതാക്കളുടെ വലിയ നിരയാണ് സംസ്ഥാനത്ത് എൻഡിഎയ്ക്കായി പ്രചാരണരംഗത്തുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യുഡിഎഫ് നിരയ്ക്ക് സംസ്ഥാനത്ത് ആവേശം പകരുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി എന്നിവരൊക്കെ സംസ്ഥാനത്തുണ്ടെങ്കിലും എൽഡിഎഫ് പ്രചാരണത്തിന്‍റെ കടിഞ്ഞാൺ മുഖ്യമന്ത്രി പിണറായി വിജയനിലാണ്.

മാരീച വേഷത്തിൽ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു വിചാരിക്കരുതെന്നാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. കേരളത്തിൽ നിന്ന് ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാം സ്ഥാനത്തു പോലും ഉണ്ടാവില്ല. ലോക നിരവാരത്തിലുള്ള കേരളത്തെ യുപിയുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, തന്നെയും മകളെയും പരാമർശിച്ച മോദിയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല.

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

ലോറിക്ക് പിന്നിൽ ബസിടിച്ചു; തമിഴ്‌നാട്ടിൽ 4 മരണം; 15-ലധികം പേർക്ക് പരുക്ക്

ഇനി മഴക്കാലം; കേരളത്തിൽ മേയ് 31 ഓടെ കാലവർഷമെത്തും

മംഗലപ്പുഴ പാലം അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം; വിശദാംശങ്ങൾ