ആഷ്ന

 
Election

കൈയിൽ വെറും 40 രൂപ, ആസ്തി 84 രൂപ പക്ഷേ നാടിന്‍റെ മുക്കും മൂലയും കാണാപ്പാഠം; 26ാം വയസിൽ ആഷ്ന മത്സരിക്കുന്നത് മന്ത്രിക്കെതിരേ

പൊതുജനങ്ങളിൽ പിന്ന് പിരിവെടുത്താണ് പ്രചാരണത്തിനുള്ള പണം പോലും കണ്ടെത്തുന്നത്.

Local Desk

ബിനീഷ് മള്ളൂശേരി

കോട്ടയം: കൈയിൽ വെറും 40 രൂപയേ ഉള്ളൂ, 26 വയസേ ആയിട്ടുള്ളൂ, പക്ഷേ ഏറ്റുമാനൂരിന്‍റെ മുക്കും മൂലയും, അവിടത്തെ പ്രശ്നങ്ങളും ആഷ്നയ്ക്ക് പരിചിതമാണ്. അതു തന്നെയാണ് രാഷ്‌ട്രീയത്തിലെ അതികായന്മാർക്കെതിരേ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാകാൻ ആഷ്നയെ ശക്തയാക്കുന്നതും. സംസ്ഥാനത്തെ തന്നെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥി, പക്ഷേ സമരോർജത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും മറ്റെല്ലാവരെയും പുറകിലാക്കുന്നുണ്ട് ഈ പെൺകുട്ടി. നിലവിൽ മൂന്ന് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മണ്ഡലമാണ് ഏറ്റുമാനൂർ. മന്ത്രി വി.എൻ. വാസവൻ തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ എൽഡിഎഫിന്‍റെ സ്ഥാനാർഥി. കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ആണ് മുഖ്യ എതിരാളി. ആ മണ്ഡലത്തിലാണ് എസ്‌യുസിഐ സ്ഥാനാർഥിയായി ആഷ്ന പോരിനിറങ്ങിയിരിക്കുന്നത്.

സത്യവാങ്മൂലം പ്രകാരം ആഷ്നയുടെ കൈവശം 40 രൂപയും അക്കൗണ്ടിൽ 44 രൂപയുമാണുള്ളത്. ആസ്തിയായി രേഖപ്പെടുത്തിയത് 84 രൂപ. സത്യമായും കൈയിൽ അത്ര തന്നെയേ ഉള്ളൂ, മറ്റുള്ളവരുടെ സങ്കടം കണ്ട് എനിക്ക് ജീവിക്കാൻ കഴിയില്ല. അവർക്കൊപ്പം നിന്ന് അവർക്കായി ജീവിക്കുന്നതാണ് രാഷ്ട്രീയം. അതു കൊണ്ടാണ് ആസ്തി കുറവായിട്ടു പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് തീരുമാനിച്ചതെന്ന് ആഷ്ന. സ്വന്തമായി ജോലിയില്ല, കാര്യമായ സമ്പാദ്യങ്ങളുമില്ല. പൊതുജനങ്ങളിൽ പിന്ന് പിരിവെടുത്താണ് പ്രചാരണത്തിനുള്ള പണം പോലും കണ്ടെത്തുന്നത്. അധികാരത്തിലേറിയാൽ ഈ മണ്ഡലത്തിൽ സാധ്യമാകാതെ പോയ പല കാര്യങ്ങളും സാധ്യമാക്കാനാകും എന്ന ഉറപ്പുണ്ട് ആഷ്നയ്ക്ക്.

അധികാരത്തിലേറിയാൽ നടപ്പാക്കുന്നതിനായി വാഗ്ദാനങ്ങളുടെ ഒരു വലിയ പട്ടിക തന്നെ ആഷ്ന തയാറാക്കിയിട്ടുണ്ട്.

  • മണ്ഡലത്തിലുള്ള കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്‌റ്റർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കും. മെഡിക്കൽ കോളെജിലെ ബാധ്യതകൾ അവസാനിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തും.

  • കോട്ടയം മെഡിക്കൽ കോളെജിനെ ഇന്നത്തെ കെട്ടിടങ്ങളുടെ കൂമ്പാരം എന്നതിലുപരി ഇന്ത്യയിലെ ഒന്നാം നമ്പർ ആരോഗ്യ കേന്ദ്രമാക്കി മാറ്റും. മെഡിക്കൽ കോളെജിൽ സമ്പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കും.

  • നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. നെല്ല് സംഭരണം സമയോചിതമായി പൂർത്തീകരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും.

  • മണ്ഡലത്തിലെ കുടിവെള്ള ക്ഷാമവും വെള്ളക്കെട്ടുകളും പരിഹരിക്കും.

  • പണി തീരാത്ത വഴികൾ, പാലങ്ങൾ യോഗ്യമാക്കും.

  • കുമരകത്തെ ജലഗതാഗത സർവീസുകൾ മെച്ചപ്പെടുത്തും. കാലാനുസൃതമായ, പരിഷ്കൃതമായ പുതിയ ബോട്ടുകൾ അനുവദിക്കും.

  • ജനങ്ങളോട് ചേർന്ന് നിന്ന് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അതിനുള്ള പ്രശ്നപരിഹാരങ്ങൾ ഉറപ്പായും ചെയ്യും.

കോട്ടയം പ്രസ് ക്ലബ് സ്കൂൾ ഓഫ് ജേണലിസം പിജി ഡിപ്ലോമ റാങ്ക് ജേതാവായിരുന്നു ആഷ്‌ന. എസ്‌യുസിഐ മീഡിയ കോഓര്‍ഡിനേറ്റർ, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നുണ്ട്. ആശ വർക്കർമാരുടെ സമരത്തീ പാറുന്ന സമയം തിരുവനന്തപുരത്ത് അവർക്കൊപ്പം മുടി മുറിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജനകീയ സമര രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. ഒറ്റപ്പെടുന്നവർക്കൊപ്പം നാടിന്‍റെ വികസനത്തിനായി താനെന്നുമുണ്ടാകുമെന്നും ആഷ്ന.

കോലി തന്നെ കിങ്; ആർസിബി തലപ്പത്ത്

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച വിമത എംഎൽഎമാർക്കെതിരേ നടപടി

രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

മുപ്പതോളം മിസൈൽ കേന്ദ്രങ്ങളെ സജീവമാക്കി നിർത്തി ഇറാൻ

മുഖ‍്യമന്ത്രി പ്രഖ‍്യാപനം വരും മുൻപേ നെട്ടൂരിൽ സതീശനു വേണ്ടി ഫ്ലക്സ്