ജനങ്ങൾക്കു രാഷ്‌ട്രീയം മടുക്കുന്നത് കോൺഗ്രസ് നിലപാടു മൂലം: വി. മുരളീധരൻ

 
Election

ജനങ്ങൾക്കു രാഷ്‌ട്രീയം മടുക്കുന്നത് കോൺഗ്രസ് നിലപാടു മൂലം: വി. മുരളീധരൻ

ജനങ്ങള്‍ രാഷ്‌ട്രീയത്തെ അവമതിയോടെ കാണേണ്ടിവരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്.

MV Desk

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് എട്ടാം നാളായിട്ടും കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ ആശശങ്കയുണ്ടെന്നു കഴക്കൂട്ടത്തു നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍.

കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള കാലതാമസത്തിനു കാരണം. ജനങ്ങള്‍ രാഷ്‌ട്രീയത്തെ അവമതിയോടെ കാണേണ്ടിവരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരേസമയം തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും പുതിയ സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുകയോ അതിനുള്ള തീയതി പ്രഖ്യാപിക്കുകയോ ചെയ്‌തു. കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത് അധികാര വടംവലിയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്‍റെ ഈ അവസ്ഥ ഏറെ ദുഃഖകരമാണ്.

കോണ്‍ഗ്രസിന്‍റെ ഈ നിലപാടാണ് ജനങ്ങള്‍ അവര്‍ക്കു ഭരണം നല്‍കാന്‍ വിമുഖത കാണിക്കുന്നതിനു പിന്നില്‍. ജനങ്ങളോടു കൂറുള്ള കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും ഉണ്ടെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ നടപടി എടുക്കണം. കേവലം 3 എംഎല്‍എമാരില്‍ തുടങ്ങി ബംഗാളില്‍ ഭരണം പിടിക്കാന്‍ എന്‍ഡിഎയ്ക്കു10 കൊല്ലമാണ് എടുത്തത്. അതിലും കുറഞ്ഞ സമയം കൊണ്ടു തങ്ങള്‍ കേരളത്തില്‍ ഭരണം പിടിക്കും.

കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗിന് മുന്‍പില്‍ പണയം വച്ചിരിക്കുകയാണോയെന്ന് ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ വ്യക്തമാക്കണം. കോണ്‍ഗ്രസ് കക്ഷി നേതാവിനെ തെരഞ്ഞെടാൻ അവരുടെ എംഎല്‍എമാരുമായി ചര്‍ച്ചയ്ക്കെത്തിയ കേന്ദ്ര നിരീക്ഷകരെ ലീഗ് നേതാക്കള്‍ ക്ഷണമില്ലാതെയാണു കാണാന്‍ പോയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ രാജ്യത്തെ ഇന്ധന പ്രതിസന്ധിയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരും പരിഭ്രാന്തരാവേണ്ടതില്ല. എണ്ണ വിതരണക്കാരുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്‌ചയായി സംസ്ഥാനത്തു സര്‍ക്കാരില്ല. അതിനാല്‍ മഴക്കാല പൂര്‍വ ശുചീകരണം, മാലിന്യ പ്രശ്‌നം തുടങ്ങിയവ ചര്‍ച്ച ചെയ്‌തു പരിഹരിക്കാന്‍ കാലതാമസം നേരിടുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇത്രയും താമസിച്ചാല്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് ഉള്‍പ്പടെയുള്ള വകുപ്പുതല നടപടികള്‍ വൈകുമോ എന്ന് ആശങ്കയുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മേയറുമായി അടുത്ത ദിവസം യോഗം നടത്തും.

അധികാരത്തില്‍ വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ അവരുടെ നയം വ്യക്തമാക്കണം. ആചാര സംരക്ഷണ സമരത്തിന്‍റെ ഭാഗമായി ബിജെപി നേതാക്കളടക്കം ഒട്ടനവധി ആളുകളുടെ പേരില്‍ കേസുകളുണ്ട്. പുതിയ സര്‍ക്കാര്‍ ഭരണമേറ്റാലുടന്‍ ഈ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്