അസദുദ്ദീൻ ഒവൈസി, ചന്ദ്രശേഖർ ആസാദ്
ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ച് ഓൾ ഇന്ത്യ മജ്‌ലിസ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും. മുസ്‌ലിം -ദളിത് വോട്ടുകൾ സമാഹരിക്കാനാണ് ഇവരുടെ നീക്കം. ഇതോടെ സംസ്ഥാനത്ത് മൂന്നാമതൊരു മുന്നണി കൂടി സജീവമാകും. പ്രതിപക്ഷ വോട്ടുകൾ ഈ സഖ്യത്തിലൂടെ ഭിന്നിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ മുന്നണിയിൽ ചേരാനുള്ള ഒവൈസിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ചന്ദ്രശേഖർ ആസാദിനൊപ്പം പുതിയ സഖ്യമെന്ന ആശയത്തിലേക്കെത്തിയത്. ആസാദ് ആയിരിക്കും സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലയുടെ ഉന്നമനമാണ് സഖ്യത്തിന്‍റെ ലക്ഷ്യമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ആസാദ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം, മികച്ച ആശുപത്രികൾ, യുവാക്കൾക്ക് ജോലി എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പത്തു വർഷമായി സംസ്ഥാനത്ത് ബിജെപി ഭരണമാണ്. സമാജ്വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തിരിച്ചു വരവിനുള്ള ശ്രമം തുടരുകയാണ്.
ഒവൈസിയും ആസാദും തമ്മിലുള്ള സഖ്യം പ്രതിപക്ഷത്തിന്‍റെ വോട്ടു ബാങ്കിൽ വിള്ളൽ ഉണ്ടാക്കിയേക്കാം. ഉത്തർപ്രദേശിൽ 20 ശതമാനം പേരും മുസ്ലിങ്ങളാണ്. 21 ശതമാനം ദളിത് വിഭാഗവുമുണ്ട്. ഈ രണ്ടു വിഭാഗങ്ങളുടെയും വോട്ടുകൾ തെരഞ്ഞെടുപ്പിൽ നിർണായകമാണ്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 58 മണ്ഡലങ്ങളിലാണ് ബിജെപി പരാജയപ്പെട്ടത്. ഇതിൽ കൂടുതൽ മുസ്ലിം, ദളിത് വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളായിരുന്നു. ഈ മണ്ഡലങ്ങളിൽ ഒവൈസി- ആസാദ് കൂട്ടുകെട്ട് കാര്യമായ സ്വാധീനം ചെലുത്താമെന്ന് നിരീക്ഷകർ പറയുന്നു.