എക്സിറ്റ് പോളും എക്സാക്റ്റ് പോളും
വിജയ് ചൗക്ക്|സുധീര്‍ നാഥ്
തെരഞ്ഞെടുപ്പു ഫലം നാളെ അറിയാം. ഏപ്രില്‍ 9ന് വോട്ടെടുപ്പു കഴിഞ്ഞതു മുതല്‍ സ്ഥാനാർഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും രാഷ്‌ട്രീയ തത്പരരും ഫലം ചര്‍ച്ച ചെയ്യുകയാണ്. വോട്ടുകള്‍ എണ്ണും മുന്‍പ് സങ്കല്‍പ്പ എണ്ണലുകള്‍ നടത്തുകയാണ്. ഫലം പ്രഖ്യാപിക്കും മുമ്പ് ആര്‍ക്കും ആരെയും ജയിപ്പിക്കാം എന്ന സ്ഥിതി ഇന്നുണ്ട്. മുഖ്യമന്ത്രിമാരാകാന്‍ തുനിഞ്ഞിറങ്ങിയവരുടെ വാര്‍ത്തകള്‍ നമ്മള്‍ കാണുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു പിന്നാലെ ഫലപ്രഖ്യാപനത്തിനു മുന്‍പേ വകുപ്പു വിഭജനം തൊട്ട് സെക്രട്ടറി നിയമനം വരെ ധാരണയിലെത്തിയ ചരിത്രം പിന്നാമ്പുറ വര്‍ത്തമാനങ്ങളിലുണ്ട്.
വിജയസാധ്യത ഉള്ളവരെയാണല്ലോ എല്ലാ പാര്‍ട്ടിക്കാരും നിര്‍ത്തുന്നത്. അതുകൊണ്ട് എല്ലാ പാര്‍ട്ടിക്കാര്‍ക്കും തങ്ങളുടെ സ്ഥാനാർഥി വിജയിക്കുമെന്ന് ആവേശത്തില്‍ പറയാനുള്ള സ്വാതന്ത്ര്യം എണ്ണുന്നതിനു മുമ്പുണ്ട്. അത് നിഷേധിക്കാവുന്നതല്ല. എന്നാല്‍ 4ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ യഥാർഥ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ മുമ്പു പറഞ്ഞ എല്ലാ വിജയികളും ജയിച്ചു കൊള്ളണമെന്നില്ല. പരാജയപ്പെടും എന്ന് പ്രഖ്യാപിക്കപ്പെട്ട പലരും ജയിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പു പ്രവചനങ്ങളുടെയും ഒപ്പീനിയന്‍ പോളുകളുടെയും ചരിത്രം ആരംഭിക്കുന്നത് അമെരിക്കയിലാണ്. വോട്ടര്‍മാരുടെ മനസ് മുന്‍കൂട്ടി അറിയാനുള്ള ശ്രമങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്‍റെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും വളര്‍ച്ചയ്ക്കൊപ്പം വികസിച്ചു. 1800കളുടെ തുടക്കത്തില്‍, 19ാം നൂറ്റാണ്ടില്‍, അമെരിക്കയില്‍ പത്രങ്ങളില്‍ വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് "സ്ട്രോ പോള്‍സ് ' എന്ന പേരില്‍ ഫലം പ്രവചിക്കാന്‍ ശ്രമിച്ചിരുന്നു.
1916 മുതല്‍ 1936 വരെയുള്ള ലിറ്റററി ഡൈജസ്റ്റ് കാലഘട്ടത്തില്‍ അമെരിക്കന്‍ മാസികയായ "ലിറ്റററി ഡൈജസ്റ്റ് ' വന്‍തോതില്‍ വോട്ടര്‍മാരോട് ചോദിച്ചു മനസിലാക്കി പ്രവചനം നടത്തിയിരുന്നു. എന്നാല്‍ 1936ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ഇവരുടെ പ്രവചനം തെറ്റിയതോടെ വിശ്വാസ്യത നഷ്ടപ്പെട്ടു. 1936ലാണ് ശാസ്ത്രീയ പോളിങ്ങിന് തുടക്കമായത് എന്ന് ചരിത്രം കുറിച്ചിടുന്നു. ജോര്‍ജ് ഗാലപ്പ് ശാസ്ത്രീയമായ സാംപിള്‍ രീതി ഉപയോഗിച്ച് പ്രവചനം നടത്തി വിജയിച്ചു. ലിറ്റററി ഡൈജസ്റ്റിന്‍റെ പരാജയത്തോടെ ശാസ്ത്രീയ പോളിങ് ജനപ്രിയമായി.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പു പ്രവചനങ്ങള്‍ സജീവമായത് 1960കള്‍ക്കും 70കള്‍ക്കും ശേഷമാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കുമ്പോള്‍, മാധ്യമങ്ങള്‍ വോട്ടര്‍ പ്രവണതകള്‍ പഠിക്കാന്‍ പോളുകള്‍ ഉപയോഗിക്കുന്നു. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്നവരോട് ചോദിക്കുന്ന എക്സിറ്റ് പോൾ രീതി 80കള്‍ക്ക് ശേഷം പ്രചാരത്തിലായി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പേരാണ് പ്രണോയ് റോയ്. എന്‍ഡിടിവി സ്ഥാപകനായ അദ്ദേഹമാണ് ആദ്യമായി ശാസ്ത്രീയമായ രീതികളും ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ചത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ കൂടുതല്‍ വിശ്വാസയോഗ്യവും ശാസ്ത്രീയവുമാക്കിയ വ്യക്തിത്വമാണ് അദ്ദേഹം. എന്‍ഡിടിവിയാണ് ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ ജനകീയമാക്കിയത് എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. ശാസ്ത്രീയ വിശകലനമായതുകൊണ്ടും രാഷ്‌ട്രീയ പക്ഷപാതമില്ലാത്തതുകൊണ്ടും എന്‍ഡിടിവി നടത്തിയ പ്രവചനങ്ങള്‍ യാഥാർഥ്യങ്ങളോട് വളരെ അടുത്തു നില്‍ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ എന്‍ഡിടിവി പ്രവചനങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വിശകലനം അഥവാ സെഫോളജി ഒരു ശാസ്ത്രീയ പഠനശാഖയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രണോയ് റോയ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. കേവലം ഊഹങ്ങളെക്കാള്‍ ഉപരിയായി ഡാറ്റാ അടിസ്ഥാനമാക്കി മുന്‍കാല വോട്ടിങ് ശതമാനങ്ങള്‍, സാമൂഹിക ഘടന, മണ്ഡലങ്ങളിലെ പ്രത്യേകതകള്‍ എന്നിവ വിശകലനം ചെയ്താണ് അദ്ദേഹം പ്രവചനങ്ങള്‍ നടത്തിയിരുന്നത്. 80കള്‍ മുതല്‍ 2000ത്തിന്‍റെ പകുതി വരെ തെരഞ്ഞെടുപ്പ് രാത്രികളില്‍ അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ വളരെ കൃത്യതയുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് കണക്കുകളെക്കുറിച്ച് അദ്ദേഹം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
പ്രണോയ് റോയുടെ പ്രവചന പരിപാടികള്‍ വന്‍ ഹിറ്റായതോടെ മറ്റു പലരും ഈ രംഗത്തേക്ക് കടന്നുവന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ വരെ സ്വതന്ത്രരായി തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തിത്തുടങ്ങി. വ്യക്തികളില്‍ നിന്നു മാറി കമ്പനികൾ പ്രവചന പരിപാടികള്‍ നടത്താന്‍ തുടങ്ങിയതോടെ ഈ പരിപാടിയുടെ സ്വഭാവം തന്നെ മാറി. ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും രാഷ്‌ട്രീയ നേതാക്കളും സ്വാധീനം ഉപയോഗിച്ച് ഓരോ പ്രവചന കമ്പനികള്‍ രൂപീകരിക്കുകയും അവര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പു പ്രവചനങ്ങള്‍ വളരെ മുന്‍കൂട്ടി തന്നെ ചെയ്യുകയും ചെയ്തു എന്നത് ചരിത്രമാണ്.
ഇന്ന് അഭിപ്രായ വോട്ടെടുപ്പ്, എക്സിറ്റ് പോളുകള്‍ എന്നിവ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി തങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഒരു പ്രത്യേക കാലയളവിലേക്ക് എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പുകളില്‍ നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് 2004ല്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 18 സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മിഷനും നിയമ മന്ത്രാലയത്തിനും മുന്നില്‍ ആവശ്യമുന്നയിച്ചിരുന്നു.
ആ ആവശ്യത്തെ മന്ത്രാലയം ഭാഗികമായി അംഗീകരിക്കുകയും 2010 ഫെബ്രുവരിയില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ 126(എ) എന്ന സെക്‌ഷന്‍ അവതരിപ്പിക്കുക വഴി എക്സിറ്റ് പോളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യാജമായി ഡാറ്റ അനലൈസ് ചെയ്ത് പ്രവചനങ്ങള്‍ നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ അഭിപ്രായ വോട്ടെടുപ്പു പ്രവചനങ്ങള്‍ ഇലക്‌ഷന്‍ കഴിഞ്ഞതിനു ശേഷം മതി എന്നുള്ള തീരുമാനത്തിലെത്തിയത് എടുത്തു പറയേണ്ട കാര്യമാണ്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍ നടക്കുന്നത്. എന്നിരുന്നാലും തെരഞ്ഞെടുപ്പിന്‍റെ ട്രെന്‍ഡുകള്‍ എന്ന പേരില്‍ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ പലരും വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലേക്ക് നീങ്ങുന്നു എന്നതും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഫലത്തിനു മുമ്പായി പലരും പ്രവചനങ്ങള്‍ നടത്തുകയും അത് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തിട്ടുള്ളത് കഴിഞ്ഞ കുറെ നാളുകളായി കാണുന്നുമുണ്ട്.
എന്നാല്‍ സമീപകാലത്ത് നടക്കുന്ന എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടാണ് വോട്ടെണ്ണല്‍ കഴിഞ്ഞുള്ള ഫലം ഉണ്ടാകുന്നത്. എന്നാല്‍ ചില ട്രെന്‍ഡുകള്‍ ഈ ഫലങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്. എന്തായാലും തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ചിലര്‍ക്ക് ആശ്വാസവും സമാധാനവും ഉണ്ടാക്കുന്നു എന്നുള്ളത് ഒരു വലിയ കാര്യമായി തന്നെ പരിഗണിക്കാം. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രവചിക്കുന്നവര്‍ മൗനം പാലിക്കുന്നത് കൗതുകമുളവാക്കുന്ന ഒന്നാണ്. തെരഞ്ഞെടുപ്പ് ട്രെൻഡുകളായാലും പ്രവചനമായാലും ഇപ്പോള്‍ ഒട്ടും വിശ്വാസയോഗ്യമല്ല എന്ന് പറയേണ്ടിയാരിക്കുന്നു.
ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുപ്രവചനങ്ങള്‍. എന്‍ഡിഎയുടെ മുദ്രാവാക്യമായായിരുന്നു "ഇസ് ബാര്‍ ചാർ സൗ പാര്‍'. ആ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായ പോളുകള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. പലതും എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുകയും ചിലര്‍ "ചാർ സൗ (400) പാര്‍' ഫലം പ്രവചിക്കുകയും ചെയ്തു. വോട്ടെണ്ണല്‍ ദിവസത്തിന് മുന്നോടിയായി ഈ പ്രവചനങ്ങള്‍ രാഷ്‌ട്രീയ സന്ദേശങ്ങളെയും വിപണി വികാരത്തെയും രൂപപ്പെടുത്തി.
യഥാർഥ ഫലങ്ങള്‍ കുത്തനെ മാറി. എന്‍ഡിഎ 293 സീറ്റുകള്‍ നേടി ഫിനിഷ് ചെയ്തു. അതേസമയം ബിജെപിക്ക് 240 സീറ്റുകള്‍ മാത്രം. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയില്ല. ഇന്ത്യാ ബ്ലോക്കിന്‍റെ 235 സീറ്റുകള്‍ പ്രവചനങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരം കൂടുതല്‍ അടിവരയിടുന്നു. ഇത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് പിഴവുകളില്‍ ഒന്നാക്കി മാറ്റി.
ഇന്ന് ഡിജിറ്റല്‍ യുഗമാണ്. ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) എന്നിവ ഉപയോഗിച്ചാണ് പ്രവചനങ്ങള്‍ നടത്തുന്നത്. എങ്കിലും, പ്രവചനങ്ങള്‍ പലപ്പോഴും തെറ്റാറുമുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വികസനപരമായ ചര്‍ച്ചകളും രാഷ്‌ട്രീയ മാറ്റങ്ങളും ഈ പ്രവചനങ്ങളെ സ്വാധീനിക്കുന്നു. കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ എത്രയെല്ലാം ശരിയാകും എന്നത് 24 മണിക്കൂറിനുള്ളില്‍ നാം അറിഞ്ഞു തുടങ്ങും. യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ അണികളില്‍ ഒരു ആരവം ഉണ്ടായിട്ടുണ്ട് എന്നു വ്യക്തം.
വനവാസത്തിന് പോകും, തല മൊട്ടയടിക്കും, രാഷ്‌ട്രീയ പ്രവര്‍ത്തനം നിര്‍ത്തും തുടങ്ങി എത്ര എത്ര പ്രഖ്യാപനങ്ങളാണ് നടന്നിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനത്തോടെ പ്രവചനങ്ങള്‍ ആ വഴിക്കു തന്നെയാണ് നീങ്ങുന്നത്. അതുകൊണ്ടു തന്നെ സര്‍ക്കാരിനെ നയിക്കാനുള്ള മുഖ്യമന്ത്രിക്കുപ്പായം എത്രയോ പേര്‍ തയ്ച്ചു കഴിഞ്ഞിരിക്കുന്നു. യഥാർഥത്തില്‍ കേരളമാര് ഭരിക്കും എന്ന് നമുക്ക് നാളെ അറിയാമല്ലോ. എക്സിറ്റ് പോളും എക്സാക്റ്റ് പോളും എന്തായിരിക്കും എന്നത് നാളെ ചര്‍ച്ച ചെയ്യാമല്ലോ..!