തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം നടൻ രജനികാന്ത്.

 
Election

തമിഴ്നാടും ബംഗാളും വിധിയെഴുതുന്നു

പശ്ചിമ ബംഗാളിൽ ആദ്യഘട്ടം വോട്ടെടുപ്പ്, തമിഴ്‌നാട്ടിൽ ഒറ്റഘട്ടം

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക പോരാട്ടമായി മാറുന്നു. ബംഗാളിൽ 294ൽ 152 സീറ്റുകളിലും തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. തൃണമൂൽ-ബിജെപി നേർക്കുനേർ പോരാട്ടം, ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ പരമ്പരാഗത മത്സരം, വിജയിന്റെ ടിവികെയുടെ അരങ്ങേറ്റം എന്നിവ തെരഞ്ഞെടുപ്പിന് പുതിയ തീവ്രത നൽകുന്നു.

കൊൽക്കത്ത/ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യഘട്ടമാണ് വ്യാഴാഴ്ച നടക്കുന്നത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വിധിയെഴുത്ത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു.

ബംഗാളിൽ അഭിമാന പോരാട്ടം

ബംഗാളിലെ 294 സീറ്റുകളിൽ 152 എണ്ണത്തിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്‍റെ നാലാമൂഴവും സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള ബിജെപിയുടെ കഠിനശ്രമവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ബംഗാളിൽ. വടക്കൻ ബംഗാളിലെ 54 സീറ്റുകൾ ഉൾപ്പെടുന്ന ഈ ഘട്ടം ഇരു പാർട്ടികൾക്കും നിർണായകമാണ്.

3.60 കോടി പേർ ഈ ഘട്ടത്തിൽ വോട്ടുരേഖപ്പെടുത്തും. 2.5 ലക്ഷം കേന്ദ്രസേനാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 8,000 ബൂത്തുകൾ അതീവ ജാഗ്രതയിലാണ്. സുവേന്ദു അധികാരി (ബിജെപി), അധീർ രഞ്ജൻ ചൗധരി (കോൺഗ്രസ്), ഉദയൻ ഗുഹ (ടിഎംസി) തുടങ്ങിയവർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.

ഒമ്പതു ലക്ഷത്തോളം വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ബംഗാൾ ബൂത്തിലെത്തുന്നത്. യുവാക്കളും സ്ത്രീകളും വൻതോതിൽ വോട്ടുരേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

തമിഴ്‌നാട്ടിൽ പുതിയ ധ്രുവീകരണം

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. ഡിഎംകെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും അണ്ണാ ഡിഎംകെ നയിക്കുന്ന എൻഡിഎ സഖ്യവും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിനു പുറമെ, വിജയ് നയിക്കുന്ന ടിവികെ (തമിഴക വെട്രി കഴകം) കൂടി രംഗത്തെത്തിയതോടെ ഇത്തവണ മത്സരത്തിന് പുതിയ ആവേശം കൈവന്നിട്ടുണ്ട്.

അണ്ണാ ഡിഎംകെ തലവൻ എടപ്പാടി പളനിസ്വാമി, കോൺഗ്രസ് നേതാവ് പി. ചിദംബരം, തമിഴിസൈ സൗന്ദരരാജൻ (ബിജെപി), സീമൻ (എൻടികെ) തുടങ്ങിയവർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. നടൻ വിജയ്, കേന്ദ്രമന്ത്രി എൽ. മുരുകൻ എന്നിവരും വോട്ട് ചെയ്തു.

300 കമ്പനി കേന്ദ്രസേനയെയും 83,000-ത്തിലധികം സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഏപ്രിൽ 29-നാണ് ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ്. മെയ് 4-നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടത്തുക.

ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

പശ്ചിമ ബംഗാൾ വോട്ടെടുപ്പ്: 2 മണിക്കൂറിൽ 18.76% പോളിങ്

പോളിങ് സമയം നീട്ടണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

പാറമേക്കാവിന്‍റെ പടക്കനിർമാണശാലയിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന്; ഉടമയ്‌ക്കെതിരേ കേസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ‍്യനിലയിൽ പുരോഗതി