ആഡംബര കാർ സമ്മാനം, ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച 13കാരന് ദാരുണാന്ത്യം

 
Crime

ആഡംബര കാർ സമ്മാനം! ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച 13കാരന് ദാരുണാന്ത്യം

ലോക്കൽ ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാ​ഗമായാണ് ചലഞ്ച് നടത്തിയത്

Manju Soman

ബഗ്ദാദ്: എനർജി ഡ്രിങ്ക് ചലഞ്ചിൽ പങ്കെടുത്ത 13 വയസുകാരന് ദാരുണാന്ത്യം. ഇറാഖിലെ ഡിയാല പ്രവശ്യയിലുള്ള ദുൽഫിക്കാർ വലീദാണ് മരിച്ചത്. ആഡംബര കാർ സമ്മാനമായി ലഭിക്കുന്നതിനുള്ള എനർജി ഡ്രിങ്ക് ചലഞ്ചിലാണ് കുട്ടി പങ്കെടുത്തത്. ഒന്നിനു പുറകേ ഒന്നായി ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ചതാണ് മരണത്തിന് കാരണമായത്.

ലോക്കൽ ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാ​ഗമായാണ് ചലഞ്ച് നടത്തിയത്. ആഡംബര കാറോ പണമോ ആണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.

ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് ദുൽഫിക്കാർ കുറഞ്ഞ സമയം കൊണ്ട് ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിക്കുകയായിരുന്നു. പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. വളരെ വേ​ഗത്തിലാണ് ആരോ​ഗ്യം വഷളായത്. ഉടനെ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇത് ആദ്യമായല്ല എനർജി ഡ്രിങ്ക് അമിതമായി കുടിച്ച് മരണം സംഭവിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ അകത്തുചെല്ലുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്.