പാർക്കിൽ വച്ച് പുകവലിച്ച 20കാരനെ കുത്തിക്കൊന്നു

 

representative image

Crime

പാർക്കിൽ വച്ച് പുകവലിച്ച 20കാരനെ കുത്തിക്കൊന്നു; അഞ്ച് പേർ പിടിയിൽ

പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്

Sarath Nath MS

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപുരിൽ പാർക്കിൽ വച്ച് പുകവലിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 20 വയസുകാരനെ കുത്തിക്കൊന്ന കേസിൽ അഞ്ച് പേരെ പിടികൂടി. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുബ്‌ഹാൻ ആണ് കൊല്ലപ്പെട്ടത്. അമൻ ഖാൻ (21), അഫ്സൽ ഖാൻ (18), ഷൊയ്ബ് മിർസ (18), 17 വയസുള്ള രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരാണ് പിടിയിലായത്.

സെൻട്രൽ പാർക്കിൽ സുബ്‌ഹാൻ തന്‍റെ സുഹൃത്തിനൊപ്പം ഇരുന്ന് പുകവലിക്കവേ പ്രതികൾ ഇതിനെ എതിർത്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സുബ്‌ഹാന് കുത്തേൽക്കുകയുമായിരുന്നു. സുബ്‌ഹാനെ ഉടൻ ജെപിസി ആശുപത്രിയിലും തുടർന്ന് ജിടിബി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.