തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, ഷോക്ക് അടിപ്പിച്ചു; ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാക്കൾക്ക് ക്രൂര പീഡനം

 
Crime

തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, ഷോക്ക് അടിപ്പിച്ചു; ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാക്കൾക്ക് ക്രൂര പീഡനം

ഉത്തർപ്രദേശ് ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്‍റെ വീട്ടിൽ വച്ചാണ് അതിക്രൂരമായി പീഡിപ്പിച്ചത്

Manju Soman

മൊറാദാബാദ്: മോഷണക്കുറ്റം ആരോപിച്ച് ബിജെപി എംഎൽഎയുടെ വീട്ടിൽ‌ മൂന്ന് പേരെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പരാതി. ഉത്തർപ്രദേശ് ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്‍റെ വീട്ടിൽ വച്ചാണ് അതിക്രൂരമായി പീഡിപ്പിച്ചത്. ഇവരെ തലകീഴായി കെട്ടിത്തൂക്കിയെന്നും ഇലക്‌ട്രിക് ഷോക്ക് നൽകിയെന്നുമാണ് ആരോപണം.

എംഎൽഎയുടെ വീട്ടിലെ ജോലിക്കാരായ അതുൽ കശ്യപ്, ലാവിഷ് കശ്യപ് ഇവരുടെ അയൽവാസിയായ രാമു കശ്യപ് എന്നിവരാണ് ക്രൂരപീഡനത്തിന് ഇരയായത്. ഇതിൽ രാമുവിന്‍റെ നില ഗുരുതരമാണ്. രാമുവിന്‍റെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

എംഎൽഎയുടെ മകന്‍റെ സ്വർണ വള മോഷണം പോയി എന്ന് ആരോപിച്ചാണ് പീഡനം നടന്നത്. എംഎൽഎയുടെ സഹായികളാണ് പീഡനത്തിന് നേതൃത്വം നൽകിയത്. അതുലും ലാവിഷും സ്വർണ വള മോഷ്ടിച്ച് രാമുവിന് നൽകി എന്നാരോപിച്ചായിരുന്നു പീഡനം. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി മൂന്ന് യുവാക്കളേയും കെട്ടിത്തൂക്കി ക്രൂരമായി തല്ലിച്ചതച്ചു. കൂടാതെ ഇവരുടെ മുറിവുകളിൽ ഉപ്പു പുരട്ടിയെന്നും ഇലക്‌ട്രിക് ഷോക്ക് നൽകിയെന്നുമാണ് രാമുവിന്‍റെ അമ്മ ആരോപിക്കുന്നത്. ഇരകൾക്ക് നീതി നൽകണമെന്നും ഉത്തരവാദികളായവർക്കെതിരേ കർശന നടപടി വേണമെന്നും സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടു.