കൊച്ചിയിൽ 305 ഗ്രാം എംഡിഎംഎ പിടികൂടി; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കൊച്ചിയിൽ രണ്ട് കേസുകളിലായി 305 ഗ്രാം എംഡിഎംഎ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ചേർത്തല സ്വദേശി അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനി ജസ്ന സൂസൻ ജോബി (20) എന്നിവരിൽ നിന്ന് 198 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കലപ്പുരയ്ക്കൽ റോഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. ലഹരിമരുന്ന് വിൽപനയ്ക്കായാണ് ഇരുവരും കൊച്ചിയിൽ താമസിച്ചിരുന്നതെന്നാണ് പൊലീസിന്‍റെ സംശയം.
രണ്ടാമത്തെ കേസിൽ കൊച്ചി സ്വദേശിയായ വിഷ്ണു ബി. പൈ (34)യെ 107 ഗ്രാം എംഡിഎംഎയുമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇയാളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
പിടികൂടിയ ലഹരിമരുന്നിന്‍റെ ഉറവിടവും വലിയ അളവിലുള്ള എംഡിഎംഎ വിതരണം ചെയ്യുന്നതിനായാണോ പ്രതി കൊച്ചിയിലെത്തിയതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.