അറസ്റ്റിലായ ദീപേഷ് രസ്തോഗി.
Dombivli, Maharashtra, India - Manpada police arrest youth Dipesh Rastogi for allegedly pouring petrol and setting fire to the entrance door of his former girlfriend's flat after she ended their seven-to-eight-year relationship.
ഡോംബിവ്ലി: പ്രേമം തീ പോലെയാണെന്നൊക്കെ പറയുമെങ്കിലും, അത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കുന്നവർ കുറവാണ്. പ്രണയത്തകർച്ച വിരഹം ഗാനം പാടിയോ പട്ടിണി കിടന്നോ മൂക്കു മുട്ടെ ഭക്ഷണം കഴിച്ചോ ഒക്കെ നേരിടുന്നവരുണ്ട്. എന്നാൽ, ഡോംബിവ്ലിയിലെ ഒരു യുവാവ് തെരഞ്ഞെടുത്തത് കൈ പൊള്ളിക്കുന്ന എക്സിറ്റ് പ്ലാനാണ്!
ഏഴോ എട്ടോ വർഷമായി നീണ്ടുനിന്ന പ്രണയബന്ധം മുൻ കാമുകി അവസാനിപ്പിച്ചതിന് പിന്നാലെ, അവരുടെ ഫ്ലാറ്റിന് തീവെക്കാൻ ശ്രമിച്ച യുവാവിനെ മൻപാട പൊലീസ് അറസ്റ്റ് ചെയ്തു. ദീപേഷ് രസ്തോഗിയാണ് പിടിയിലായത്. ഡോംബിവ്ലിയിലെ ഉയർന്ന വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തെ ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന യുവതിയുടെ വീടിന്റെ മുൻവാതിലിൽ വ്യാഴാഴ്ച ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സിനിമയെ വെല്ലുന്നൊരു ക്ലൈമാക്സാണ് ഇയാൾ ഉദ്ദേശിച്ചതെങ്കിലും തിരക്കഥ പാളി. തീ കണ്ട വീട്ടുകാർ ആദ്യം ഒന്ന് പകച്ചെങ്കിലും, അകത്തേക്ക് തീ പടരുന്നതിന് മുൻപ് തന്നെ വേഗത്തിൽ തീയണച്ച് വലിയൊരു അപകടം ഒഴിവാക്കി. ഭാഗ്യവശാൽ യുവതിക്കും മാതാപിതാക്കൾക്കും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാനായി.
പ്രണയത്തകർച്ചയുടെ ആഘാതം താങ്ങാനാകാതെ ദേഷ്യത്തിലാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കുടുംബത്തെ ഒന്നടങ്കം അപായപ്പെടുത്താൻ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
ദീപേഷ് രസ്തോഗിയെ അറസ്റ്റ് ചെയ്തതായും നവംബർ 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും മൻപാട പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെ സ്ഥിരീകരിച്ചു. അന്വേഷണം തുടരുകയാണ്. ചുരുക്കത്തിൽ, ഇനി ഒരു രണ്ടാം അവസരമോ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കിട്ടുകയോ ചെയ്യാത്ത 'എക്സ്' ആയി മാറിയിരിക്കുകയാണ് ഈ യുവാവ്.