ടെക്സസിൽ ജമാൽ ഹോവാർഡിന്‍റെ വധശിക്ഷയാണ് നടപ്പാക്കിയത്

 
Crime

പരാജയപ്പെട്ട വധശിക്ഷയ്ക്കു പിന്നാലെ വീണ്ടും വധശിക്ഷ നടപ്പാക്കി യുഎസ്

ടെക്സസിൽ ജമാൽ ഹോവാർഡിന്‍റെ വധശിക്ഷയാണ് നടപ്പാക്കിയത്, ഇത് വര്‍ഷം അമേരിക്കയില്‍ നടപ്പാക്കിയ മുപ്പതാമത്തെ വധശിക്ഷ

Reena Varghese

ഹണ്ട് സ്വിൽ: ക്രിസ്റ്റ പൈക്കിന്‍റെ പരാജയപ്പെട്ട വധശിക്ഷയ്ക്ക് ഒരാഴ്ചയ്ക്കു ശേഷം അമെരിക്കയിൽ വീണ്ടും വധശിക്ഷ നടപ്പാക്കി. ടെക്സസിൽ കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ ജമാൽ ഹോവാർഡിനെയാണ് ബുധനാഴ്ച രാത്രി പെന്‍റോബാർബിറ്റൽ കുത്തിവച്ച് വധിച്ചത്. 46കാരനായ ഹോവാർഡിന്‍റെ മരണം രാത്രി 8.03ന് സ്ഥിരീകരിച്ചു. ഈ വര്‍ഷം അമേരിക്കയില്‍ നടപ്പാക്കിയ മുപ്പതാമത്തെ വധശിക്ഷയാണിത്.

രണ്ടായിരത്തിൽ ടെക്സസിലെ സിൽസ്ബീയിൽ കട കൊള്ള ചെയ്യവേയാണ് 42കാരിയായ വിക്കി സ്വാർട്ടൗട്ടിനെ ഹോവാർഡ് വെടിവച്ചു കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി. അന്ന് 20 വയസുണ്ടായിരുന്ന ഹോവാര്‍ഡ് 114 ഡോളറും ഒരു കാര്‍ട്ടണ്‍ സിഗരറ്റും കവര്‍ന്നശേഷമാണ് സ്വാര്‍ട്ടൗട്ടിനെ വെടിവച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് ഇരയുടെ കുടുംബത്തോട് ഹോവാര്‍ഡ് ക്ഷമാപണം നടത്തി.

"എന്‍റെ ക്ഷമാപണം സ്വീകരിക്കണമെന്നും എന്നോട് ക്ഷമിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു'- ഹോവാര്‍ഡിന്‍റെ അവസാന വാക്കുകളായിരുന്നു ഇത്. കുടുംബാംഗങ്ങളോടും നന്ദി അറിയിച്ച അദ്ദേഹം സമാധാനം കണ്ടെത്താനുള്ള മനഃസ്ഥിതിയിലാണെന്നും വ്യക്തമാക്കി. മരുന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ഏതാനും തവണ ശ്വാസമെടുത്ത ശേഷം ഹോവാര്‍ഡ് ശബ്ദത്തോടെ ശ്വസിക്കുകയും ചുമയ്ക്കുകയും ചെയ്തു. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ ശരീരചലനം നിലച്ചു. 19 മിനിറ്റിന് ശേഷമാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഹാവാര്‍ഡ് ബൗദ്ധിക വൈകല്യമുള്ള വ്യക്തിയാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇയാളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്‍റെ ഗുണനിലവാരത്തെക്കുറിച്ചും അഭിഭാഷകര്‍ സംശയം ഉന്നയിച്ചു. എന്നാല്‍ ടെക്‌സസ് ക്രിമിനല്‍ അപ്പീല്‍സ് കോടതിയും യുഎസ് സുപ്രീം കോടതിയും വധശിക്ഷ തടയാനുള്ള അപേക്ഷകള്‍ നിരസിച്ചു.