ക്രിസ്റ്റ പൈക്കിന് ബോധം തെളിഞ്ഞു

 
Crime

വധശിക്ഷാ ശ്രമം പരാജയപ്പെട്ടു ചികിത്സയിലായിരുന്ന ക്രിസ്റ്റ പൈക്കിന് ബോധം തെളിഞ്ഞു

1995ല്‍ സഹപാഠിയായ 19കാരി കോളീന്‍ സ്ലെമ്മറെ അസൂയ മൂത്ത് തന്‍റെ ആൺസുഹൃത്തുമൊത്ത് പീഡിപ്പിച്ചു കൊന്ന കേസിലാണ് പൈക്കിനു വധശിക്ഷ വിധിച്ചത്

Reena Varghese

ടെന്നസി: യുഎസിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിൽ ഗുരുതര പിഴവുകൾ സംഭവിച്ചതിനു പിന്നാലെ അത്യാസന്ന നിലയിലായ യുവതിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തി. വധശിക്ഷാ ശ്രമത്തിനു പിന്നാലെ ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്കിന് ബോധം വീണതായി അവരുടെ അഭിഭാഷകർ അറിയിച്ചു. സെപ്റ്റംബർ 30 ന് നാഷ്വില്ലിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ടു ഡോസ് പെന്‍റോബോർബിറ്റൽ നൽകിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

തുടർന്നു ഗുരുതരാവസ്ഥയിലായ പൈക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും താൽക്കാലികമായി വെന്‍റിലേറ്ററിന്‍റെ സഹായം നൽകുകയും ചെയ്തു. 50 കാരിയായ പൈക്കിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും പൂർണമായി സുഖപ്പെടാൻ ഏറെ സമയം വേണ്ടിവരുമെന്ന് അഭിഭാഷകർ പറഞ്ഞു.

കൊല്ലപ്പെട്ട

കോളീന്‍ സ്ലെമ്മർ 

1995ല്‍ 19കാരിയായ കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. സഹപാഠിയായ കോളീനെ അസൂയ മൂത്ത് തന്‍റെ ആൺസുഹൃത്തുമൊത്ത് പീഡിപ്പിച്ചു കൊന്നു എന്നാണ് കേസ്.

അവസാന നിമിഷം വരെ നടന്ന നിരവധി നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് മരുന്ന് കുത്തിവച്ച് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെന്‍റോബോർബിറ്റൽ കുത്തി വയ്ക്കുന്നതിനിടെ പൈക്ക് കടുത്ത വേദനയാൽ കരയുകയും ഞരങ്ങുകയും ശക്തമായി ശ്വാസം എടുത്തു വലിക്കുകയും ചെയ്തതായി അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ഒരു ഘട്ടത്തിൽ തന്‍റെ കൈ പൊട്ടിത്തെറിക്കുന്നതു പോലെ തോന്നുന്നു എന്നും പൈക്ക് പറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ട

കോളീന്‍ സ്ലെമ്മർ 

രണ്ട് ഡോസ് മാരക മരുന്ന് നല്‍കിയിട്ടും ജീവനോടെ രക്ഷപ്പെട്ട പൈക്ക് ഇപ്പോഴും ചികിത്സയിലാണ്. കൈകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിലെ കിടക്കയില്‍ കൈവിലങ്ങോടെയാണ് കഴിയുന്നതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

പൈക്കിനെ മനുഷ്യനെന്ന നിലയില്‍ പരിഗണിച്ച് മികച്ച ചികിത്സ നല്‍കിയ ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ക്കും അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചതായും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രാര്‍ഥനകളും പിന്തുണയും അറിയിച്ച ആയിരക്കണക്കിന് ആളുകള്‍ക്കും നന്ദിയുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. ടെന്നസിയിലെ മരണശിക്ഷാ പട്ടികയിലുള്ള ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്.

ഐവി സ്ഥാപിക്കാന്‍ കുറഞ്ഞത് ഏഴ് സൂചികള്‍ ഉപയോഗിച്ചെന്നും അതിലൊന്ന് പുറത്തെടുക്കുമ്പോള്‍ 90 ഡിഗ്രി വളഞ്ഞ നിലയിലായിരുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു.പെന്‍റോബോർബിറ്റൽ ശരീരത്തിനുള്ളിൽ ചെന്നാൽ പൊള്ളലുണ്ടാക്കാൻ സാധ്യതയുള്ള ശക്തമായ രാസ സ്വഭാവമുള്ള മരുന്നാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

ആശുപത്രിയിലെത്തുമ്പോൾ പൈക്കിന്‍റെ ഇരു കൈകളും വീർത്തും പൊള്ളലേറ്റും കുമിളകൾ ഉണ്ടായ നിലയിലുമായിരുന്നു എന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. മാരക കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയയാക്കിയ ശേഷം ജീവനോടെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് പൈക്കെന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അറിയിച്ചു.