ആൻമേരി മാത്യു
അഞ്ജന ഹരി
കൊച്ചി: കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി ഇന്നു രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റു വാങ്ങി.
തൃശൂർ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാശേരിയിൽ എത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28നായിരുന്നു കാലിഫോർണിയയിൽ മലയാളികളെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് രണ്ടു കൊലപാതകങ്ങൾക്കും പിന്നിലെന്നാണ് കണ്ടെത്തൽ. തുടർന്ന് പോസ്റ്റ്മോർട്ടം, എംബാം ചെയ്യൽ, അമെരിക്കൻ വിദേശകാര്യ-ഇമിഗ്രേഷൻ വകുപ്പുകളുടെ അനുമതികൾ ഉൾപ്പടെയുള്ള സങ്കീർണമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേയ്ക്ക് അയച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റു വാങ്ങിയ അഞ്ജനയുടെ മൃതദേഹം തൃശൂർ മുടിക്കോട്ടെ വസതിയിലെത്തിച്ച ശേഷം ഇന്നു വൈകിട്ടോടെ വീട്ടു വളപ്പിൽ സംസ്കരിക്കും. ആൻ മേരിയുടെ മൃതദേഹം ഭർത്താവിന്‍റെ നാടായ കോട്ടയത്തേയ്ക്കു കൊണ്ടു പോയി നാളെ പന്നിമറ്റം ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.